അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ ദേശവിരുദ്ധ സമരങ്ങളെന്നാക്ഷേപിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി നേതാക്കളെയും പരോക്ഷമായി തിരുത്തി സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ജീവവായുവാണെന്ന ശ്രദ്ധേയമായ അഭിപ്രായപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദു രാജ്യം, മുസ്‌ലിം രാജ്യം എന്നീ ആശയങ്ങളെ തള്ളിയെന്നു പറഞ്ഞ അദ്ദേഹം, ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്നു മനസിലാക്കണമെന്നും വ്യക്തമാക്കി. ജസ്റ്റിസ് പി.ഡി ദേശായിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിലായിരുന്നു സുപ്രിംകോടതി ജഡ്ജിയുടെ വാക്കുകള്‍. എതിരഭിപ്രായത്തെ രാജ്യവിരുദ്ധമെന്ന് വിളിക്കുമ്പോള്‍ അടിയേല്‍ക്കുന്നത് ജനാധിപത്യ സങ്കല്‍പ്പത്തിന്റെ നെഞ്ചിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന നാനാത്വത്തിലെ ഏകത്വമാണ് പറയുന്നത്. ഒരാള്‍ക്കോ സംഘടനയ്‌ക്കോ ഇന്ത്യയില്‍ പരമാധികാരം സ്ഥാപിക്കാനാകില്ലെന്നും ബഹുസ്വരത കാത്തുസൂക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധങ്ങളെ രാജ്യവിരുദ്ധമെന്നാക്ഷേപിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
നിയമത്തിന്റെ പരിധിയില്‍നിന്നുള്ള പ്രതിഷേധങ്ങളെയും അഭിപ്രായങ്ങളെയും പ്രോത്സാഹിപ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രാജ്യത്തിനുമേല്‍ കുത്തകാവകാശമുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment