മലപ്പുറം: മുസ് ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. സ്‌കീം ഫോര്‍ പ്രൊവൈഡിങ് എജ്യുക്കേഷന്‍ ഇന്‍ മദ്‌റസ മൈനോരിറ്റീസ് (Scheme for Providing Quality Education in Madrasas (SPQEM) and Infrastructure Development of Minority Institutes – IDMI) എന്ന പദ്ധതിയാണ് നിര്‍ത്തലാക്കിയത്.
മദ്‌റസകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള കേന്ദ്ര നവീകരണ പദ്ധതി (എസ്.പി.ക്യു.ഇ.എം), ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം (ഐ.ഡി.എം.ഐ) എന്നിവയ്ക്കാണ് പദ്ധതി വഴി ഫണ്ട് അനുവദിച്ചിരുന്നത്. ഇവയാണ് കേന്ദ്രം പൂര്‍ണമായി നിര്‍ത്തലാക്കിയത്.
202- 223 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ എസ്.പി.ഇ.എം.എം പദ്ധതികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അണ്ടര്‍ സെക്രട്ടി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഫണ്ട് നിര്‍ത്തലാക്കിയതായി സ്ഥിരീകരിച്ച് ഇന്നലെ കത്തയച്ചു. ഇനി ഫണ്ടുകള്‍ക്കായുള്ള അനുമതിതേടേണ്ടെന്നാണ് നിര്‍ദേശം.
സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്‌കൂള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരുന്നത്. ഇത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്കുമുമ്പ് ദേശീയ ബാലാവകാശ കമ്മിഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മദ്‌റസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് വകുപ്പ് നേരത്തെ കത്തയച്ചിരുന്നു. തുടര്‍ന്ന് ഫണ്ട് നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ ന്യൂനപക്ഷ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.
ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെല്ലാം എടുത്തുകളയുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര, ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മദ്‌റസരീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കേന്ദ്രസഹായം കൊണ്ടാണ് ഇവ നടന്നുവരുന്നത്. ഫണ്ട് മുടങ്ങുന്നതോടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും മദ്‌റസകളിലെത്തുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ഉപരിപഠനം മുടങ്ങുകയും ചെയ്യും.
കേരളത്തില്‍ നേരത്തെ നിര്‍ത്തി
201011ലാണ് കേരളത്തിലെ മദ്‌റസകള്‍ക്ക് അവസാനമായി ഫണ്ട് ലഭിച്ചത്. ആദ്യം ഫണ്ട് മുടങ്ങുകയും പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കുകയുമായിരുന്നു. കേരളത്തിലെ മദ്‌റസകള്‍ മദ്‌റസ മാനേജിങ് കമ്മിറ്റികളുടെ സഹായത്തോടെ വിവിധ മത സംഘടനകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
Be the first to comment