(ഇസ്ലാമിലെ സൂഫിസം/ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട് സയ്യിദ് ഹുസൈന്‍ നസ്റുമായി കലീം ഹുസൈന്‍ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളുടെ ആശയസംഗ്രഹമാണിത്)
കലീം: സ്പിരിച്ച്വാലിറ്റി (ആത്മീയത) എന്ന പദം ജീവിതത്തിന്‍റെ വിവിധ തലങ്ങളുമായും വ്യത്യസ്ത വിശ്വാസ പാരമ്പര്യവുമായും ബന്ധപ്പെട്ട് ഉപയോഗിക്കുന്നതായി നമുക്ക് കാണാവുന്നതാണ്.യഥാര്‍ത്ഥത്തില്‍ സ്പിരിച്ച്വാലിറ്റി എന്നതിന്‍റെ വിവക്ഷ എന്താണ്? വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളെയും അടിസ്ഥാനമാക്കി ഇസ്മാലിക രീതിശാസ്ത്രത്തില്‍ സ്പരിച്ച്വാലിറ്റിയെ നമുക്ക് എങ്ങനെ മനസ്സിലാക്കാം?
നസ്ര്‍: പാശ്ചാത്യ ഭാഷകളില്‍ സ്പിരിച്ച്വാലിറ്റി എന്ന പദം വ്യാപകമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടോടെയാണ്. څസ്പിരിച്ച്വലൈറ്റ്چ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് സ്പിരിച്ച്വാലിറ്റി എന്ന പദം ഇംഗ്ലീഷിലേക്ക് കടന്നുവന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ആദ്യം ചില കത്തോലിക്കക്കാര്‍ ഈ പദം ഉപയോഗിച്ചതായി കാണാനാകുന്നതാണ്. മതത്തിനെതിരെ പാശ്ചാത്യലോകത്തിന്‍റെ പല കോണുകളില്‍ നിന്നും ആളുകള്‍ രംഗത്ത് വരാന്‍ തുടങ്ങിയതോടെയാണ് ഈ വാക്ക് കൂടുതല്‍ ജനകീയമായി മാറിയത്.
ഇക്കാലത്ത് മതത്തിന്‍റെ ആഴത്തിലുള്ള അധ്യാപനങ്ങളെ വിശദീകരിക്കാനും സൂചിപ്പിക്കുന്നതിനും വേണ്ടിയാണ് സ്പിരിച്ച്വാലിറ്റി എന്ന വാക്കിനെ പലരും സമീപിച്ചതും ഉപയോഗിച്ചതും. ഇനി ഇസ്ലാമുമായി ബന്ധപ്പെട്ടുകൊണ്ട് സ്പരിച്ച്വാലിറ്റി എന്ന പദത്തെ നമുക്ക് വിലയിരുത്താം. ഇന്ന് നമ്മില്‍ അധിക പേരും സംസാരിക്കുന്നതും എഴുതുന്നതും ഇംഗ്ലീഷിലാണ്.അതുകൊണ്ട് നാമും മതത്തിന്‍റെ ആത്മീയ വശങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍ സ്പരിച്ച്വാലിറ്റി എന്ന പദത്തെ ഉപയോഗിക്കുകയും ഇസ്ലാമിക് സ്പരിച്ച്വാലിറ്റിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഇസ്ലാമിക് സ്പിരിച്ച്വാലിറ്റിയെക്കുറിച്ച് ഞാന്‍ വലിയ രണ്ടു വോള്യങ്ങള്‍ എഡിറ്റു ചെയ്തു പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് ഇംഗ്ലീഷില്‍ ഇതുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ സമഗ്രമായ പഠനങ്ങള്‍ ഇതല്ലാത്ത മറ്റു കൂടുതല്‍ ഇല്ലെന്നു തന്നെ പറയാം. സ്പിരിച്ച്വാലിറ്റി(ആത്മീയത)യെ ഇസ്ലാമികമായി വിശദീകരിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട് അറബിയിലും പേര്‍ഷ്യനിലും ഉള്ള വാക്കുകളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഉര്‍ദു,ടര്‍ക്കിഷ്, സ്വാഹിലി തുടങ്ങിയ ഇസ്ലാമുമായി ബന്ധമുള്ള മറ്റു പല ഭാഷകളുമുണ്ടെങ്കിലും അടിസ്ഥാനപരമായി അറബിയും പേര്‍ഷ്യനുമാണ് ഉപയോഗിക്കപ്പെടുന്നത്. അറബി ഭാഷയില്‍ സ്പിരിച്ച്വാലിറ്റിക്ക് പകരമായി ഉപയോഗിക്കപ്പെടുന്ന പദങ്ങളാണ് റൂഹാനിയ്യ/റൂഹിയ്യ എന്നീ വാക്കുകള്‍. ആത്മാവ് എന്ന അര്‍ത്ഥത്തിലുളള റൂഹ് എന്ന പദത്തില്‍ നിന്നുമാണ് ഈ വാക്കുകള്‍ കടന്നുവന്നിട്ടുളളത്. ഈ രീതിയില്‍ ഖുര്‍ആനിലും നമുക്ക് കണ്ടെത്താനാകുന്നതാണ്. സ്പിരിച്ച്വാലിറ്റി എന്ന പദവും തുടങ്ങുന്നത് സ്പിരിറ്റ്(ആത്മാവ്) എന്നതു കൊണ്ടാണ്.
ലാറ്റിന്‍ ഭാഷയിലെ സ്പിരിറ്റസ് എന്നതില്‍ നിന്നുമാണ് സ്പിരിറ്റ് എന്ന പദമുണ്ടായത്. അറബിയിലെ റൂഹ് എന്ന പദത്തിനോട് തുല്യമായതാണ് ഇത്. പേര്‍ഷ്യന്‍ ഭാഷയില്‍ മഅ്നവിയ്യ: എന്ന വാക്കാണ് ഈയര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത്. അറബിയിലെ മഅ്ന എന്ന വാക്കില്‍ നിന്നും പേര്‍ഷ്യനിലെ മഅ്നു എന്ന വാക്കില്‍ നിന്നുമാണ് മഅനവിയ്യ എന്ന വാക്ക് കടന്നുവന്നിട്ടുള്ളത്. څആന്തരിക വശങ്ങള്‍چ എന്നതാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. ബാഹ്യരൂപങ്ങളെക്കുറിച്ചും ആന്തരികാര്‍ത്ഥങ്ങളെക്കുറിച്ചും കവിശ്രേഷ്ടന്‍ ജലാലുദ്ദീന്‍ റൂമി എപ്പോഴും പാടാറുണ്ടായിരുന്നു.
മഅനവിയ്യ എന്ന പദം ഇസ്ലാമിക പാരമ്പര്യത്തിന്‍റെ വിശാമായ വശത്തെ ഉള്‍ക്കൊളളിക്കുന്നുണ്ട്. അറബിയിലും പേര്‍ഷ്യനിലുമെല്ലാം ആത്മീയതക്കും ആദ്ധ്യാത്മികതക്കും മുമ്പ് ഉദ്ധൃത വാക്കുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇന്ന് അറബികളും പേര്‍ഷ്യക്കാരുമെല്ലാം ഇസ്ലാമിക് സ്പരിച്ച്വാലിറ്റി എന്നുപയോഗിക്കാനാണ് താല്‍പര്യപ്പെടുന്നത്.
കലീം: ഇസ്ലാമിന്‍റെ ആത്മീയ പാരമ്പര്യത്തിന്‍റെ വികാസത്തിലും വ്യാപനത്തിലും പണ്ഡിതന്മാരും സൂഫികളും വഹിച്ച പങ്കിനെകുറിച്ച് അല്‍പം വിശദീകരിച്ചാലും?
നസ്ര്‍: പരിശുദ്ധ ദീനിന്‍റെ ആന്തരികവും ബാഹ്യവുമായ മുഴുവന്‍ വ്യവസ്ഥിതികളും ഇരുപത്തിമൂന്ന് വര്‍ഷത്തിനുളളില്‍ സ്രഷ്ടാവായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് ഖുര്‍ആനിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ആത്മാവിന്‍റെ ശുദ്ധീകരണവും ആന്തരിക വിജ്ഞാനീയങ്ങളുമടക്കമുളള മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും ഇതില്‍പെടുന്നതാണ്. അനന്തരാവകാശങ്ങളുമായി ബന്ധപ്പെട്ട ആയത്തുകള്‍ ഖുര്‍ആനില്‍ കാണുന്നതുപോലെത്തന്നെ ശുദ്ധമായ ആത്മീയതയെക്കുറിച്ചുള്ള വചനങ്ങളും ഖുര്‍ആനിലുണ്ട്.
നീ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്‍റെ വജ്ഹിനെ നിനക്കെത്തിക്കാന്‍ സാധിക്കുന്നതാണ് എന്നു ഖുര്‍ആനില്‍ കാണാവുന്നതാണ്. നോക്കുക.ഞാനും നിങ്ങളും ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് തിരിയാറുണ്ട്. പക്ഷെ നമുക്ക് അല്ലാഹുവിന്‍റെ വജ്ഹിനെ കാണാന്‍ സാധിക്കുന്നില്ല. ഇവിടെ പല കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിന്‍റെ ആദ്യകാലത്ത് പ്രവാചകന്‍ (സ) ബാഹ്യമായ തലങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയതോടൊപ്പം തന്നെ ആന്തരികമായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ഉപദേശനിര്‍ദേശങ്ങളും നല്‍കിയിരുന്നു. ജിബ്രീല്‍(അ) വഴി എത്തുന്ന വഹ്യിന്‍റെ ആന്തരികാര്‍ത്ഥങ്ങളെക്കുറിച്ചന്വേഷണം നടത്തിയിരുന്ന ചില സഹാബികള്‍ക്ക് മാത്രമായിരുന്നു
നബി(സ) ഈ രീതിയിലുള്ള ബോധനം നല്‍കിയിരുന്നത്. അലി(റ),അബൂബക്കര്‍(റ),സല്‍മാനുല്‍ ഫാരിസി(റ),അബൂദറുല്‍ ഗഫാരി(റ) തുടങ്ങിയ സ്വഹാബികളായിരുന്നു ഇവരില്‍ പ്രമുഖര്‍. ഇസ്ലാമിക പാരമ്പര്യത്തില്‍ ബാഹ്യ തലങ്ങളിലെ വായനക്കപ്പുറം ആന്തരികവും മറഞ്ഞുകിടക്കുന്നതുമായ വിഷയങ്ങളെ കൈമാറ്റം ചെയ്യപ്പെട്ടത് മഹാനായ അലി(റ)വിലൂടെയാണെന്ന് ഇസ്ലാമിന്‍റെ പില്‍ക്കാല ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇത് ശിയാക്കളുടെ വാദം മാത്രമല്ല. സുന്നീ പണ്ഡിതരുടെ വീക്ഷണവും ഇതുതന്നെയാണ്.
ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ട് അലി(റ) വിന്‍റെ ഇടപെടലുകള്‍ക്ക് പ്രബല സ്ഥാനമാണ് ഇസ്ലാമിക ചരിത്രത്തിലുള്ളത്. ശേഷകാലത്ത് ആത്മീയ രംഗത്ത് പ്രോജ്ജ്വലിച്ചു നിന്ന നിരവധിയാളുകളെ നമുക്ക് കാണാനാകുന്നതാണ്. ഇമാം ഗസ്സാലി(റ),ഇമാം ഖാസിമുല്‍ ഖുശൈരി(റ),ഇമാം ശിബ്ലി(റ),ജുനൈദുല്‍ ബഗ്ദാദി(റ) വിനെപോലോത്ത നിരവധി പരിവ്രാജകരും സൂഫികളും ഇസ്ലാമിക ആദ്ധ്യാത്മികതയെ പുഷ്കലമാക്കിയവരില്‍ പ്രധാനികളാണ്. ബാഹ്യപ്രപഞ്ചത്തിന്‍റെ പുറംമോടികള്‍ക്കപ്പുറം അര്‍ത്ഥഗര്‍ഭമായ ആന്തരിക യാഥാര്‍ത്ഥ്യങ്ങളിലേക്ക് തുറന്നുവെച്ച കണ്ണാടികളായിരുന്നു ഇവരുടെ ജീവിതങ്ങള്‍. ജീവിതത്തിന്‍റെ നിഗൂഢതകളിലൂടെ ആത്മാവിന്‍റെ സ്വതന്ത്രമായ സഞ്ചാരത്തിന് മാത്രം അവര്‍ സമയം കണ്ടെത്തി.
ആത്മാവിന്‍റെ ശുദ്ധീകരണവും മോചനവും അവരുടെ പരമമായ ലക്ഷ്യമായിരുന്നു. ലോകത്തിലെ മറ്റുള്ളതെല്ലാം ആ ലക്ഷ്യപൂര്‍ത്തീകരണത്തിന്‍റെ വഴികളിലേക്കുള്ള കാല്‍വെപ്പുകളായിരുന്നു. ഗദ്യപദ്യ സമ്മിശ്ര രൂപത്തില്‍ ആത്മീയതയില്‍ ആറാടി ജീവിതത്തിന്‍റെ ആന്തരികാര്‍ത്ഥങ്ങളെക്കുറിച്ച് പാടിയും പറഞ്ഞും ഇവര്‍ രസം കണ്ടെത്തി. ഉദ്ധൃത ആദ്ധ്യാത്മികാചാര്യന്മാര്‍ കത്തിച്ചു വെച്ച വിളക്കുകളായിരുന്നു. ആ വെളിച്ചത്തില്‍ നിന്നും കൈത്തിരികള്‍ സ്വീകരിക്കാന്‍ ചരിത്രത്തിലുടനീളം നിരവധി ആളുകള്‍ രംഗത്തുവന്നു. അങ്ങനെ ഇസ്ലാമിക ലോകത്ത് ആത്മീയതയുടെ പ്രഫുല്ലമായ ഒരന്തരീക്ഷം നിലനിന്നു.
ദൈനംദിന ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും ആത്മാവിന്‍റെ നിഗൂഢമായ ജ്ഞാനങ്ങളില്‍ ലയിച്ചു ചേര്‍ന്നതോടെ ബാഹ്യലോകത്തെ മാസ്മരികതക്കപ്പുറം സൂക്ഷ്മമായ ആന്തരികാര്‍ത്ഥങ്ങളുടെ ആവാച്യമായ അനുഭൂതിയില്‍ ആനന്ദം കണ്ടെത്തുന്നവരുടെ ആള്‍ബലം മുസ്ലിം ലോകത്ത് കൂടിവന്നു. ആദ്ധ്യാത്മികതയോടൊപ്പം ചേര്‍ന്നുനടക്കാന്‍ സാധാരണക്കാര്‍ സൂഫികള്‍ സമര്‍പ്പിച്ച വഴികളെ പിന്‍പറ്റുകയും ദലാഇലുല്‍ ഖൈറാത്തിനെ പോലെയുള്ള സൂഫീരചനകളെ ജീവിതത്തോടു ചേര്‍ത്തുവെക്കുകയും ചെയ്തു. കലകള്‍,കവിതകള്‍,സംഗീതം,വാസ്തുശില്‍പം,കലിഗ്രഫി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ആത്മീയതയുടെ പ്രഭാവവും സ്വാധീനവും പ്രകടമാകുകയുണ്ടായി.
കലീം: സ്പിരിച്ച്വാലിറ്റി എന്ന പദത്തോട് തുല്യമായി ഇന്ന് പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് തസ്വവ്വുഫ് എന്നത്. ഇത് രണ്ടും തമ്മിലെ ബന്ധത്തെക്കുറിച്ചെന്തെങ്കിലും?
നസ്ര്‍: തസവ്വുഫ് എന്നത് ഇസ്ലാമിലെ ആത്മീയതയുടെ ഏറ്റവും ഉദാത്തമായ അവസ്ഥയുടെ വിളിപ്പേരാണ്. എന്നാല്‍ ഇന്ന് നാം ഉപയോഗിക്കുന്ന ആത്മീയത എന്ന വാക്ക് തന്നെയാണ് ഇസ്ലാമിലെ തസവ്വുഫ് എന്നു പറയുന്നത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരിയായിക്കൊള്ളണമെന്നില്ല. തസ്വവ്വുഫ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ആധികാരികമെന്ന് വിളിക്കപ്പെടുന്നതിനെ മാത്രമാണ്. ഇന്ന് തസ്വവ്വുഫിന്‍റെ പേരില്‍ നിരവധി വ്യാജന്മാരും കള്ളനാണയങ്ങളും നിലനില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഇംഗ്ലണ്ടടക്കമുളള യൂറോപ്പിലെ വിവിധ നാടുകളില്‍ ഇത്തരക്കാരുടെ സാന്നിധ്യമുള്ളതായി നമുക്കറിയാവുന്ന വസ്തുതയാണല്ലോ. ശരീഅത്തിന്‍റെ വഴികളെ പൂര്‍ണ്ണമായി പിന്‍പറ്റുന്നതോടൊപ്പം ആദ്ധ്യാത്മിക രംഗങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് യഥാര്‍ത്ഥ തസവ്വുഫിന്‍റെ ആചാര്യന്മാര്‍ ചെയ്യുന്നത്. ശരീഅത്തില്ലാത്ത തസവ്വുഫ് അപൂര്‍ണ്ണവും ലക്ഷ്യങ്ങളില്‍ നിന്നും വഴിമാറിയതുമാണ്.
ഇസ്ലാമിക് സ്പിരിച്ച്വാലിറ്റി എന്നത് തസ്വവ്വുഫിന്‍റെ നേരെ അര്‍ത്ഥമല്ല. ഇസ്ലാമിക് സ്പരിച്ച്വാലിറ്റിയുടെ വ്യത്യസ്തമായ വശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഇസ്ലാമിക് ഫിലോസഫി,ഇസ്ലാമിക് സയന്‍സ് തുടങ്ങിയവയെല്ലാം ഉപയോഗിക്കപ്പെടുന്നത് പോലെയാണ് ഇസ്ലാമിക് സ്പിരിച്ച്വാലിറ്റി എന്ന വാക്കും ഉപയോഗിക്കുന്നത്.
കലീം: ശൈഖ് അബ്ദുല്‍ ഖാദില്‍ ജീലാനി(റ),ശൈഖ് അഹ്മദ് രിഫാഈ(റ),മൗലാനാ ജലാലുദ്ദീന്‍ റൂമി തുടങ്ങിയവരെപോലെയുള്ള സൂഫികള്‍ സ്ഥാപിച്ച ആത്മീയ വഴി(ത്വരീഖത്തുകള്‍)കളെക്കുറിച്ചും അതിന്‍റെ സ്ഥാപനത്തെക്കുറിച്ചും ചെറിയൊരു വിശദീകരണം?
നസ്ര്‍: ആദ്യ കാലത്ത് സൂഫിസത്തിന്‍റെ സാന്നിധ്യം അതിന്‍റെ ആചാര്യന്മാരുടെ സ്വന്തം വൃത്തത്തിലൂടെയാണ് അനുഭവവേദ്യമായിരുന്നത്.അറബിയില്‍ ഇതിനെ ഹല്‍ഖകള്‍ എന്നുവിളിക്കുന്നു. ജുനൈദ്(റ), ഖുശൈരി(റ)അബൂസൈദ് അബുല്‍ ഖൈര്‍(റ) ദുന്നൂറുല്‍ മിസ്രി(റ) തുടങ്ങിയ പ്രമുഖര്‍ ഈ രീതിയില്‍ ആത്മജ്ഞാനത്തിന്‍റെ അഗാധതകളിലേക്ക് ഊളിയിടുകയും തങ്ങള്‍ നേടിയെടുത്തത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഇങ്ങനെ അറിവ് നേടിയവരും ആത്മജ്ഞാനത്തിന്‍റെ അകക്കാമ്പ് ദര്‍ശിക്കുകയും സൂഫീലോകത്തെ നിത്യഹരിത സാന്നിധ്യങ്ങളായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു.
സൂഫീ പ്രമുഖന്‍ ജുനൈദ്(റ) വില്‍ നിന്നും ശിഷ്യത്വം സ്വീകരിച്ച് ഈ രംഗത്ത് വിശ്രുതനായി മാറിയ വ്യക്തിത്വമായിരുന്നു മഹാനായ ഹല്ലാജ്(റ). ഗുരുവിനേക്കാള്‍ വലുതായ നിരവധി ശിഷ്യډാരെ ഈ രംഗത്ത് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇങ്ങനെ ആദ്ധ്യാത്മികതയുടെ പ്രകാശ കിരണങ്ങള്‍ ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് കൈവഴികളായി മുസ്ലിം ലോകത്ത് പടര്‍ന്നുപന്തലിച്ചു.പിന്നീട് കാലാന്തരത്തില്‍ സൂഫീചിന്താധാരകളെ പ്രത്യേക ചിട്ടവട്ടങ്ങളിലൂടെ സംഘടിത രൂപത്തില്‍ ക്രമപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സമൂഹത്തിനിടയില്‍ ഉടലെടുക്കുകയുണ്ടായി. സൂഫീലോകത്ത് ശൈഖ് അഹ്മദ് രിഫാഇ(റ), അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) എന്നീ രണ്ടു പ്രമുഖര്‍ വിരാജിക്കുന്ന കാലമായിരുന്നു അത്.
അങ്ങനെ ഇവര്‍ രണ്ടുപേരും അവരുടേതായ തസ്വവ്വുഫിന്‍റെ വഴികള്‍(ത്വരീഖകള്‍) വികസിപ്പിച്ചെടുത്തു.അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഇറാന്‍റെ തെക്കുഭാഗത്തുളള ജീലാന്‍ എന്ന പ്രദേശത്തുകാരനായിരുന്നു.ഇദ്ദേഹം പിന്നീട് ഇറാഖിലേക്ക് കുടിയേറുകയും അവിടെവെച്ചു തന്നെ ഇഹലോക വാസം വെടിയുകയും ചെയ്തു. ബഗ്ദാദിലാണ് മഹാന്‍റെ മഖ്ബറയുള്ളത്. ശൈഖ് അഹ്മദ് രിഫാഈ(റ) വടക്കേ ഇറാഖുകാരനാണ്. ഇവര്‍ രണ്ടുപേരുമാണ് ത്വരീഖത്തുകള്‍ എന്ന പേരില്‍ വ്യവസ്ഥാപിതമായി തസവ്വുഫിനെ ജനസമക്ഷം സമര്‍പ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്. ഇസ്ലാമിലെ ആദ്യത്തെ ത്വരീഖത്തുകളായ ഖാദിരിയ്യ,രിഫാഇയ്യ എന്നിവകളാണ് ഇവര്‍ സ്ഥാപിച്ചത്. ഇതു രണ്ടും മുസ്ലിം ലോകത്തുടനീളം ഏറെ പ്രചുരപ്രചാരം നേടിയ രണ്ടു ത്വരീഖത്തുകളാണ്. ലോകത്തെ ഏത് പ്രദേശത്തും ഈ രണ്ടു ത്വരീഖത്തുകളുടെ സാന്നിധ്യവും സാധ്വീനവും നമുക്ക് പ്രകടമാകുന്നതാണ്.
പിന്നീട് ഈ രീതിയില്‍ നിരവധി സൂഫികള്‍ കടന്നുവരികയും തങ്ങളുടേതായ ത്വരീഖത്തുകള്‍ സ്ഥാപിക്കുകയും ചെയ്തു. ശൈഖ് സുഹ്റവര്‍ദി(റ)യും മുഈനുദ്ദീന്‍ ചിഷ്തി(റ)യും ശൈഖ് അബുല്‍ ഹസന്‍ അശ്ശാദുലി(റ)യും സുഹ്റവര്‍ദി, ചിഷ്തി, ഷാദുലി തുടങ്ങിയ സൂഫീസരണികള്‍ രൂപീകരിക്കുകയുണ്ടായി. നഖ്ശബന്ദി,നിഅ്മത്തില്ലാഹിയ എന്നീ ധാരകളും ഈ രംഗത്ത് ഏറെ പ്രസ്താവ്യമാണ്. അല്ലാഹുവുമായി അടുത്ത് ഭൂമിയില്‍ പരിവ്രാജകരായി ജീവിതം നയിച്ച സൂഫികളുടെ മനസ്സില്‍ അല്ലാഹു തോന്നിപ്പിക്കുന്നതിനനുസരിച്ചാണ് ഇവര്‍ സ്വന്തം സരണികളുമായി രംഗത്തുവന്നത്.
അല്ലാഹുവിന്‍റെ തന്നെ നിശ്ചയപ്രകാരമാണ് ഇത് സംഭവിക്കുന്നത്. ആഫ്രിക്കന്‍ നാടുകളിലും ഇങ്ങനെ നിലനില്‍ക്കുന്ന നിരവധി ത്വരീഖത്തുകളുണ്ട്. ശൈഖ് ദര്‍ഖവി തെക്കേ ആഫ്രിക്കയില്‍ ശാദുലീ ത്വരീഖത്തിന്‍റെ പുതിയ ശാഖ സ്ഥാപിച്ചതായി കാണാനാകുന്നതാണ്. അതുപോലെത്തന്നെ ശൈഖ് അലവി അലവിയ്യ എന്ന പേരില്‍ സൂഫീ സരണി സ്ഥാപിക്കുകയുണ്ടായി. ഈ ത്വരീഖത്തുകളെല്ലാം ഒരേ ചരടില്‍ കോര്‍ത്തെടുക്കപ്പെട്ടത് പോലെ പരസ്പരം ബന്ധമുളളവയാണ്. ആത്മജ്ഞാനത്തിന്‍റെ അവസ്ഥാവിശേഷങ്ങള്‍ തന്നെയാണ് എല്ലാ സൂഫീസരണികളും പങ്കുവെക്കുന്നത്.
ബാഹ്യലോകത്തെ നിറച്ചാര്‍ത്തുകള്‍ക്കപ്പുറം ആന്തരിക ലോകത്തിന്‍റെ സൗന്ദര്യത്തില്‍ നിര്‍വൃതി കണ്ടെത്താനുള്ള വഴികളാണ് ഈ സൂഫീധാരകളെല്ലാം സമര്‍പ്പിച്ചത്. ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്‍റെ ലിഖാഅ് ആണെന്നും അതിലൂടെ ലഭിക്കുന്ന അനുഭൂതിക്കും സുഖത്തിനും വേണ്ടി ഭൗതിക ലോകത്തെ എല്ലാ സുഖങ്ങളും മാറ്റിവെക്കുകയാണ് വേണ്ടതെന്നുമാണ് ഓരോ ത്വരീഖത്തുകളും തങ്ങളുടെ അനുയായികളെ ഉണര്‍ത്തുന്നത്. ചില സൂഫീ സരണികള്‍ അല്‍പ കാലം മാത്രമേ നിലനിന്നിട്ടുള്ളൂ. എന്നാല്‍ മറ്റു ചില ത്വരീഖത്തുകള്‍ വിവിധ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഭേദിച്ച് ഏറെ പ്രശസ്തമായ രീതിയില്‍ ഇന്നും ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ സാധിക്കുന്നതാണ്.
കലീം: ഈ സൂഫീസരണികളില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന ആത്യന്തിക ലക്ഷ്യമെന്താണ്?
നസ്ര്‍: ആദ്യമായി ഒരാള്‍ ഏതെങ്കിലും ത്വരീഖത്തുകളുമായി ബന്ധപ്പെടുന്നതിലൂടെ പ്രവാചകന്‍ (സ)യോട് സ്വഹാബികള്‍ നടത്തിയ ബൈഅത്തുരിള്വാന്‍റെ അതേ അവസ്ഥാവിശേഷമാണ് സംഭവിക്കുന്നത്. അതവാ ജീവിതത്തിലെ സകലതും അല്ലാഹുവിനും റസൂലിനും വേണ്ടി സമര്‍പ്പിക്കാമെന്ന് സ്വഹാബികള്‍ നബി(സ)യോട് നടത്തിയ കരാറിന്‍റെ അതേരീതിശാസ്ത്രമാണ് ഒരാള്‍ ഒരു സൂഫീസരണിയില്‍ അണിചേരുന്നതോടെ സംഭവിക്കുന്നത്. പിശാചിനെതിരെ പ്രതിരോധം തീര്‍ക്കാനും ശരീരത്തെയും ആത്മാവിനെയും ശുചീകരിക്കാനുമുള്ള ഒരു ആത്മീയശക്തി നബി(സ)തന്‍റെ അനുചരര്‍ക്ക് കൈമാറുകയുണ്ടായി. ഓരോ ത്വരീഖത്തുമായും ബൈഅത്ത് ചെയ്യുന്നതിലൂടെയും ഇത്തരമൊരു ആത്മീയ പ്രഭാവത്തിന്‍റെ പ്രഭവ കേന്ദ്രമായി അതിനെ പിന്തുടരുന്നവരുടെ മനസ്സുകള്‍ മാറുന്നു. അതുപോലെത്തന്നെ ത്വരീഖത്തുകള്‍ തങ്ങളുടെ അനുയായികള്‍ക്ക് പ്രത്യേക തരം ശിക്ഷണവും പരിശീലനവും നല്‍കുകയും ഒരു സംരക്ഷണ കവചമായി നിലകൊള്ളുകയും ചെയ്യുന്നു. സൂഫിസത്തിന്‍റെ യഥാര്‍ത്ഥ അധ്യാപനങ്ങളുമായി പൊരുത്തപ്പെട്ടു കഴിയുന്നതിലൂടെ വഴിതെറ്റിപ്പോകാനുള്ള അവസരം കുറയുന്നു. നډയുടെ വഴികളിലേക്ക് ജീവിതത്തെ പറിച്ചുനടാന്‍ ഇതിലൂടെ സാധിക്കുന്നു. എന്നാല്‍ ത്വരീഖത്തുകളില്‍ പ്രവേശിച്ചവര്‍ നൂറ് ശതമാനവും വിജയത്തിന്‍റെ പാതയിലാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. ത്വരീഖത്തിന്‍റെ അനുയായികള്‍ ആയിരുന്നിട്ടുകൂടി വഴിപിഴച്ചു പോയ നിരവധിയാളുകളെ ഇസ്ലാമിക ലോകത്ത് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്.
കാരണം പിശാച് ഒരിക്കലും അലസമായിരിക്കുകയില്ല. അല്ലാഹുവിന്‍റെ വഴിയില്‍ പ്രവേശിക്കുന്നവരെ എങ്ങനെയെങ്കിലും തടയാന്‍ പിശാച് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേയിരിക്കും. എങ്കിലും സൂഫീ സരണികളില്‍ പ്രവേശിക്കുന്നതിലൂടെ പിശാചിനെ പ്രതിരോധിക്കാനുള്ള പ്രത്യേകമായ ആത്മീയ ശക്തിക്കുടമകളായി അതിന്‍റെ അനുയായികള്‍ മാറുന്നതാണ്. സൂഫിസം ജനങ്ങള്‍ക്ക് ആത്മീയമായ ബോധനമാണ് പ്രധാനമായും നല്‍കുന്നത്. ഒരു മനുഷ്യന്‍റെ ജീവിതത്തിന്‍റെ പരമപ്രധാന ലക്ഷ്യവും അത് തന്നെയാണ്. മറ്റേത് മതത്തിലും ഇസ്ലാമിലെ സൂഫിസത്തിന് തുല്യമായ ഒരു സംവിധാനം നമുക്ക് കാണാന്‍ സാധിക്കുകയില്ലെന്നത് സുവിദിതമാണ്. നവോത്ഥാന കാലഘട്ടത്തിന് ശേഷം ക്രിസ്ത്യാനിറ്റിയിലെ മിസ്റ്റിസത്തിന് എന്തു സംഭവിച്ചു എന്നു പരിശോധിച്ചാല്‍ ഇസ്ലാമിലെ സൂഫിസവും മറ്റിതര ദര്‍ശനങ്ങളിലെ ആത്മീയ വാദങ്ങളും തമ്മിലെ അന്തരം നമുക്ക് വ്യക്തമാകുന്നതാണ്.
കലീം: ഇസ്ലാമിലെ ആത്മീയ പാരമ്പര്യത്തിന്‍റെ വളര്‍ച്ചയിലും വികാസത്തിലും സ്ത്രീകള്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്?
നസ്ര്‍: ഇതിനെ രണ്ടു രീതിയില്‍ നമുക്ക് വിലയിരുത്താവുന്നതാണ്. ഒന്നാമത്തേത് സൂഫീസരണികളുടെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ടതാണ്. എല്ലാ സൂഫീത്വരീഖത്തുകളും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. എല്ലാ ആധികാരിക ത്വരീഖത്തുകളിലും പുരുഷന്മാരെപോലെത്തന്നെ സ്ത്രീകളെയും നമുക്ക് കാണാനാകുന്നതാണ്. ഇസ്ലാമിക ശരീഅത്തനുസരിച്ച് അല്ലാഹുവിന്‍റെ മുന്നില്‍ സ്ത്രീ പുരുഷ ഭേദങ്ങളില്ല. എല്ലാവരും ഒരേ കണ്ണോടെയാണ് റബ്ബിന്‍റെ മുന്നില്‍ പരിഗണിക്കപ്പെടുക. പുരുഷന് സ്ത്രീകളെക്കാള്‍ സ്ഥാനം അല്ലാഹു കല്‍പ്പിക്കുന്നില്ല. സൂഫിസത്തിന്‍റെ രീതിശാസ്ത്രവും അതുതന്നെയാണ്. എങ്കിലും പൊതുരംഗത്ത് സൂഫീധാരകളുടെ പേരില്‍ അറിയപ്പെടുന്നത് സ്ത്രീകളെക്കാള്‍ പുരുഷന്മാരായേക്കാം.
എന്നാല്‍ ഇസ്ലാമിക ലോകത്ത് മാത്രമല്ല, പാശ്ചാത്യലോകത്ത് പോലും സയന്‍സ്, ഫിലോസഫി അടക്കമുള്ള പല മേഖലകളിലും സ്ത്രീകളെക്കാള്‍ പുരുഷന്മാരെയാണ് കാണാനാകുന്നത്. ഇംഗ്ലണ്ടില്‍ ആണല്ലോ താങ്കള്‍ ജീവിക്കുന്നത്. എത്ര വനിതാ ഫിലോസഫേര്‍സിനെ നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനാകും?ഒന്നോ രണ്ടോ മാത്രം, എന്നാല്‍ ജോണ്‍ലോക്കെ,റസ്സല്‍,വൈറ്റ്ഹെഡ് തുടങ്ങിയ പുരുഷ ഫിലോസഫേര്‍സിന്‍റെ എത്ര പേരുകള്‍ വേണമെങ്കിലും നമുക്ക് കണ്ടെത്താനാകും.
സൂഫീലോകത്ത് സുരയ്യാ നക്ഷത്രങ്ങളായി വിരാജിക്കുന്ന നിരവധി വനിതകള്‍ ഇസ്ലാമിക ലോകത്തുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് മഹാനായ ഹസനുല്‍ ബസ്വരി(റ)വിന്‍റെ ശിഷ്യയായ റാബിഅത്തുല്‍ അദവിയ്യ(റ). ആത്മജ്ഞാനത്തിന്‍റെ അകക്കാമ്പുകളിലേക്കൂളിയിട്ട് അതിന്‍റെ സുഖാനുഭൂതിയില്‍ ജീവിതം തള്ളിനീക്കിയ റാബിഅ(റ)യുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രമുള്ളതായിരുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്ന നേരത്തിന് വേണ്ടി കൊതിയോടെ കാത്തിരിക്കുകയായിരുന്നു ജീവിതത്തിലുടനീളം മഹതി. അറബിയില്‍ റാബിഅ (റ) തന്‍റെ ആത്യന്തിക ലക്ഷ്യവും സ്നേഹഭാജനവുമായ പ്രപഞ്ച സ്രഷ്ടാവിനെക്കുറിച്ച് രചിച്ച സ്നേഹകാവ്യം ഏറെ പ്രസിദ്ധമാണ്.
അര്‍ത്ഥ ഗര്‍ഭമായ കാവ്യങ്ങള്‍ രചിക്കാന്‍ കഴിവുണ്ടായിരുന്ന മഹതിയുടെ കവിതകള്‍ ഇന്നും അനുവാചക ഹൃദയങ്ങളെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നവയാണ്. അറബി ഭാഷ കണ്ട പ്രസിദ്ധ കവികള്‍ക്കിടയില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു റാബിഅ എന്ന സൂഫീ വനിത.
റാബിഅയെ പോലെത്തന്നെ സൂഫീലോകത്ത് ഏറെ പ്രസിദ്ധകളായ വനിതകളായിരുന്നു നഫീസത്തുല്‍ മിസ്രിയ്യയും റാബിഅ ബിന്‍ത്വീഖയും. ഇതുപോലെ ഗദ്യപദ്യങ്ങളിലൂടെ ബാഹ്യലോകത്തിന്‍റെ നിറച്ചാര്‍ത്തുകള്‍ക്കപ്പുറം നിലനില്‍ക്കുന്ന ആന്തരികാര്‍ത്ഥങ്ങളെക്കുറിച്ച് പാടാനും പറയാനും സമൂഹത്തെ ഉണര്‍ത്താനും രംഗത്ത് വന്ന ഒട്ടനവധി സൂഫീ വനിതകളുണ്ട്. ആത്മീയ രസങ്ങളില്‍ മാത്രമായിരുന്നു അവര്‍ ആനന്ദം കണ്ടെത്തിയിരുന്നത്. സൂഫിസരണികളുടെ പേരില്‍ കൂടുതല്‍ അറിയപ്പെട്ടത് ഒരുപക്ഷേ പുരുഷന്മാരായേക്കാമെങ്കിലും വനിതകളും ഈ രംഗത്ത് സജീവ സാന്നിധ്യങ്ങളായിരുന്നു.
കലീം: അല്‍ഇന്‍സാനുല്‍ കാമില്‍( പൂര്‍ണ്ണമനുഷ്യന്‍) എന്ന സാങ്കേതിക പദം അവതരിപ്പിച്ച സൂഫിയായിരുന്നു ശൈഖ് അബ്ദുല്‍ കരീം അല്‍ ജിലി(റ). അതുമായി ബന്ധപ്പെട്ട് അല്‍പം വിശദീകരണം നല്‍കാമോ?
നസ്ര്‍: അല്‍ ഇന്‍സാനുല്‍ കാമില്‍ എന്നത് അബ്ദുല്‍ കരീം ജിലി(റ) അറബിയില്‍ എഴുതിയ ഒരു ലഘുകൃതിയാണ്. പേര്‍ഷ്യക്കാരനായിരുന്നെങ്കിലും അദ്ദേഹം ജീവിച്ചത് യമനിലാണ്.എഡി പതിനാലാം നൂറ്റാണ്ടില്‍ (ഹിജ്റ:8) ആണ് ഇതിന്‍റെ രചന നടക്കുന്നത്. തസവ്വുഫുമായി ബന്ധപ്പെട്ട ഇബ്നുഅറബിയുടെ അധ്യാപനങ്ങളുടെ രത്നച്ചുരുക്കമാണ് ഇതിലെ പ്രതിപാദ്യം. അല്‍ ഇന്‍സാനുല്‍ കാമില്‍ എന്ന ആശയം കൊണ്ടര്‍ത്ഥമാക്കുന്നത് അല്ലാഹു ആദം നബി(അ)നെ സൃഷ്ടിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഉള്ളില്‍ എല്ലാ ആത്മീയ ഗുണങ്ങളെയും സ്വീകരിക്കാന്‍ പറ്റുന്ന രീതിയിലുള്ള പ്രത്യേകമായ സാഹചര്യവും സൃഷ്ടിക്കുകയുണ്ടായി.
സൂഫികള്‍ ഇതിനെ ആത്മീയ ഗുണങ്ങളും മൂല്യങ്ങളും തെളിയുകയും പ്രതിഫലിക്കുകയും ചെയ്യുന്ന ഹൃദയത്തിനുള്ളിലെ കണ്ണാടിയെന്നാണ് വിളിക്കുന്നത്. എന്നാല്‍ എല്ലാ ആളുകളുടെ മനസ്സും ആത്യന്തികമായ ഈ യാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കുന്നതിന് പര്യാപ്തമായിക്കൊള്ളണമെന്നില്ല. അല്ലാഹുവിന്‍റെ മഹാന്മാരായ പ്രവാചകډാരും റബ്ബിന്‍റെ സ്മരണകളില്‍ ഏതുനേരവും ലയിച്ചു ചേര്‍ന്നവരായ സൂഫികള്‍ക്കുമാണ് ഇത്തരമൊരു അവസ്ഥ കൈവരിക്കാന്‍ സാധിക്കുന്നത്. ഇങ്ങനെ ജീവിതത്തിന്‍റെ പരമമായ യാഥാര്‍ത്ഥ്യം കണ്ടെത്തിയ ഒരാള്‍ക്ക് മാത്രമാണ് അല്‍ ഇന്‍സാനുല്‍ കാമില്‍ എന്ന തലത്തിലേക്ക് ഉയരാന്‍ സാധിക്കുന്നത്.
അതുപോലെത്തന്നെ അല്ലാഹു ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍ അവന്‍റെ വഴിയില്‍ നിന്നും അകന്നുമാറി ഏറ്റവും മോശപ്പെട്ട തലത്തിലേക്ക് താഴുന്നതിനെകുറിച്ചും അബ്ദുല്‍ ഖാദിര്‍ ജീലി (റ) ഉദ്ധൃത കൃതിയിലൂടെ സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും നല്ല രൂപത്തിലും കോലത്തിലുമാണ് (അഹ്സനു തഖ്വീം) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. നേരെത്തെ സൂചിപ്പിച്ച ഉദാത്തമായ ആത്മീയ ഗുണങ്ങള്‍ അല്ലാഹുവിന്‍റെ സഹായത്തോടെയും പ്രവാചകന്‍റെ അധ്യാപനങ്ങളെ പിന്‍പറ്റുന്നതിലൂടെയും സൂഫീസരണികളില്‍ പ്രവേശിക്കുന്നതിലൂടെയും സ്വീകരിക്കാന്‍ പര്യാപ്തമായ രീതിയിലാണത് സംവിധാനിച്ചിരിക്കുന്നത്.
ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്കെത്തിപ്പെടാനുള്ള പ്രത്യേകമായ വഴിയും അവസരവുമാണ് സൂഫിസം നമുക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. സത്യം തേടിയലയുന്നവര്‍ക്ക് മുന്നില്‍ രൂപപ്പെടുന്ന അല്ലാഹുവിലേക്കുളള യഥാര്‍ത്ഥ പാന്ഥാവാണത്. സ്രഷ്ടാവിലേക്ക് മാത്രം എല്ലാം തുറന്നുവെച്ച് ഭൗതിക പ്രതിസന്ധികളില്‍ നിന്നും ആശ്വാസവും അതിനേക്കാളേറെ ആനന്ദവും കണ്ടെത്താന്‍ മനസ്സിനെ പാകപ്പെടുത്തുന്നതിലൂടെ സൂഫിസം, കണ്‍മുന്നില്‍ നമ്മുടെ സത്ത പോലും ഇല്ലാതെയായി അല്ലാഹു മാത്രം നിറഞ്ഞുനില്‍ക്കുന്ന പ്രത്യേകമായ അവസ്ഥയിലേക്ക് മനുഷ്യനെക്കൊണ്ടെത്തിക്കുന്നു.
പ്രപഞ്ചത്തില്‍ അല്ലാഹുവിന്‍റെ സാന്നിധ്യം മാത്രമായി അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഇത്തരമൊരു അവസ്ഥയിലേക്കെത്തിപ്പെടുന്നതിലൂടെ ഇന്‍സാനുല്‍ കാമില്‍ എന്ന പദവിയിലേക്ക് മനുഷ്യന്‍ പരിവര്‍ത്തിപ്പിക്കപ്പെടുന്നു. നമ്മുടെ ഉളളിലുള്ള കണ്ണാടിയില്‍ നമ്മുടെ ശൂന്യതയും അല്ലാഹുവിന്‍റെ സാന്നിധ്യവും മാത്രമാകുന്ന അനുഭവമാണ് ഇവിടെ സംജാതമാകുന്നത്. സൂഫികളുടെ ജീവിതക്രമത്തില്‍ ആത്മനിബന്ധമായ വസ്തുതയാണിത്. ഓരോ സൂഫീസരണിയും ഇത്തരമൊരു രീതിശാസ്ത്രമാണ് തങ്ങളുടെ അനുയായികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്.
കലീം: എ യങ്ങ് മുസ്ലിംസ് ഗൈഡ് റ്റു ദി വേള്‍ഡ് എന്ന താങ്കളുടെ പ്രസിദ്ധമായ പുസ്തകം എന്തു മെസേജാണ് കൈമാറുന്നത്? എല്ലാ നിലക്കും ഭൗതിക വല്‍ക്കരിക്കപ്പെട്ട ആധുനിക സമൂഹത്തില്‍ ആത്മീയമായ ശൂന്യത അനുഭവപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാനാകുന്നു.ഇവിടെ നമുക്ക് ചെയ്യാനാകുന്നത്?
നസ്ര്‍: വളരെ പ്രധാനപ്പെട്ട ഒരു വിഷയാണിത്. ആധുനിക ലോകം നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൗതികവല്‍ക്കരണ പ്രക്രിയയുടെ തോത് ക്രമാധീതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ എല്ലാത്തിന്‍റെയും കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കപ്പെട്ട ലോകത്ത് ദൈവികമായ ചിന്താസരണികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ചിന്തകളും കലകളും ജീവിതം മുഴുവനും മതേതര വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരു മുസ്ലിം യുവാവ് അവന് ദൈവത്തില്‍ വിശ്വാസമുണ്ടെങ്കിലും സാമൂഹികമായ ജീവിതത്തില്‍ അത്തരം ചിന്തകളെ അപ്രധാനമായി കാണുന്നു.
അവന് ചുറ്റിലുമുളള ടെക്നോളജിയും സയന്‍സും ഫിലോസഫിയുമൊന്നും ആദ്ധ്യാത്മികതയെ കുറിച്ച് സംസാരിക്കുന്നില്ല.അതിന്ദ്രീയമായ വിഷയങ്ങളില്‍ വിശ്വസിക്കാനും സംസാരിക്കാനും താല്‍പര്യമില്ലാത്ത അരോചകമായ അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവത്തിന്‍റെ കരങ്ങള്‍ക്ക് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ പങ്കുമില്ലെന്ന രീതിയിലാണ് ആധുനിക തലമുറയുടെ പോക്ക്. ഇത്തരം നടപടിക്രമങ്ങള്‍ മനുഷ്യ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് വരുത്തിവെച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളെ വിശദീകരിക്കാനാണ് ഈ പുസ്തകത്തിലൂടെ ഞാന്‍ എളിയ ശ്രമം നടത്തിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കുന്നതിനുള്ള മാന്വല്‍ സമര്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.
യുവാക്കളുടെ മനസ്സ് മതേതരവല്‍ക്കരിക്കപ്പെടുന്നതിനെ പ്രതിരോധിക്കുക എന്നത് ഇന്നത്തെ പുതിയ സാഹചര്യത്തില്‍ ഏറെ അനിവാര്യമാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന നമ്മുടെ പാരമ്പര്യത്തില്‍ നിന്നുമുള്ള ഇഴപിരിച്ചിലാണ് അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ സംഭവിക്കുന്നത്. ബുദ്ധിപരമായും ആത്മീയപരമായുമുള്ള രീതികളെ കൂട്ടിയിണക്കിക്കൊണ്ടുള്ളതാണ് നമ്മുടെ പാരമ്പര്യം. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്ന് പറയുകയും മനസ്സ് മുഴുവന്‍ പാശ്ചാത്യ ചിന്തകളില്‍ അഭിരമിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം ഏറെ അപകടകരമാണ്. ഇസ്ലാമിന്‍റെയും തൗഹീദിന്‍റെയും ഭദ്രതക്ക് കോട്ടം തട്ടിക്കുന്നതാണ് ഇത്.
നമ്മുടെ ജീവിതത്തില്‍ ഒരു ആത്മീയമായ ഉള്‍പ്രേരണയും പിന്തുണയും അനിവാര്യമാണ്. സൂഫീ സരണികളായാലും മറ്റേത് ആത്മീയമായ വഴികളായാലും അത് ജീവിതത്തില്‍ വലിയ പങ്ക് വഹിക്കാനുതകുന്നതാണ്.
ആന്തരികമായ വെല്ലുവിളികളോടൊപ്പം തന്നെ ബാഹ്യമായ പല വെല്ലുവിളികളും ഇന്ന് ആധുനിക ലോകം അഭിമുഖീകരിക്കുന്നുണ്ട്. പരിസ്ഥിതിയുടെ തകര്‍ച്ച, വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും വംശങ്ങള്‍ക്കിടയിലും നടമാടുന്ന സംഘര്‍ഷങ്ങള്‍. ഭൂരിപക്ഷങ്ങള്‍ക്കിടയിലും ന്യൂനപക്ഷ മുസ്ലിങ്ങള്‍ക്കിടയിലും പല നാടുകളിലും നടമാടുന്ന വിഭാഗീയ സംഘട്ടനങ്ങള്‍ ഇങ്ങനെ പോകുന്നു പ്രശ്നങ്ങളുടെ നീണ്ട നിര.പല മുസ്ലിംകളും അക്രമപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതായി കാണാവുന്നതാണ്. യഥാര്‍ത്ഥ മുസ്ലിങ്ങളെന്ന് സ്വയം അഭിമാനം പറയുന്ന അത്തരക്കാര്‍ സത്യത്തില്‍ ഖുര്‍ആനിക ദര്‍ശനങ്ങള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ യുവാക്കള്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. സ്വന്തം ചെയ്തികള്‍ മൂലം ഇസ്ലാമിന് കോട്ടംവരുത്തുന്ന സമീപനങ്ങളെത്തൊട്ട് അകന്നുനില്‍ക്കുകയും എല്ലാ നിലക്കും ഭക്തനായ മുസ്ലിമായി മാറുകയും ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കണം. ആത്മീയ പാരമ്പര്യത്തോടൊപ്പം ചേര്‍ന്നു സഞ്ചരിക്കുന്നത് അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമേകുന്നതിനും ആത്മാവിന് മോചനമേകുന്നതിനും സഹായിക്കുന്നതാണെന്ന തിരിച്ചറിവിലൂടെ ഇത്തരം വഴികളിലേക്ക് മുന്നോട്ടുവരാന്‍ യുവാക്കളും മറ്റുളളവരും ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. ബാഹ്യലോകത്തിന്‍റെ അനുഭൂതിക്ക് വേണ്ടി ജീവിക്കുമ്പോഴാണ് സമൂഹത്തിനിടയില്‍ വിവിധ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അതിനാല്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കി ആത്മീയമായ സരണികളിലൂടെ വിജയം വരിക്കാനുള്ള ശ്രമങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.
വിവ: എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍
Be the first to comment