ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്ന ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസ്സാകില്ലെന്ന് ഉറപ്പായതോടെ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാന്‍ സന്നദ്ധരായി കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്‍ 2024 ഉം ഡല്‍ഹി, പോണ്ടിച്ചേരി, ജമ്മുകശ്മിര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങള്‍ (ഭേദഗതി) ബില്ലും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് അവതരിപ്പിച്ചത്.
ബില്ല് അവതരിപ്പിക്കാനുള്ള വോട്ടിനിട്ടപ്പോള്‍ 269 പേര്‍ അനുകൂലിച്ചു. 198 പേര്‍ എതിര്‍ക്കുകയുംചെയ്തു. ഭരണപക്ഷത്തിന് കഷ്ടിച്ച് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ ബില്ല് പാസ്സാകില്ലെന്ന് ഉറപ്പായതോടെ സംയുക്തപാര്‍ലമെന്ററി സമിതിക്ക് വിടാന്‍ തയാറാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിനായുള്ള പ്രമേയം അവതരിപ്പിച്ചില്ല. സമിതി അംഗങ്ങളെ തീരുമാനിച്ച ശേഷമാകും പ്രമേയം കൊണ്ടുവരിക. ബില്ലുകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി എടുത്തപ്പോള്‍, വിശദചര്‍ച്ചയ്ക്ക് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതും രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും പ്രതിപക്ഷ എം.പിമാര്‍ ചൂണ്ടിക്കാട്ടി.
പാര്‍ലിമെന്റിന്റെ ഭേദഗതി ചെയ്യാനുള്ള അധികാരത്തിനപ്പുറത്തുള്ളതാണ് ബില്ലെന്ന് അവതരണാനുമതിയില്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ മനീഷ് തിവാരി പറഞ്ഞു. ബില്ലുകള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ബില്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണമാണെന്ന് മുസ്‌ലിംലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്‍ പാസാക്കിയാല്‍ പല സംസ്ഥാനത്തെയും മന്ത്രിസഭയുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ താഴെയായി കുറയുമെന്നും ഇ.ടി പറഞ്ഞു. ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെത്തന്നെ ബാധിക്കുന്നതാണെന്ന് തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിയും പറഞ്ഞു.
നിലവിലെ ബില്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും കാലാവധി തീരുന്ന നിയമസഭകളില്‍ തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച് ബില്ലില്‍ വ്യക്തമായ വ്യവസ്ഥകളില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ബില്‍ അവതരിപ്പിച്ചത് ഫെഡറല്‍ വ്യവസ്ഥകള്‍ക്കും ഭരണഘടനാ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണെന്നുമ അദ്ദേഹം പറഞ്ഞു. സി.പി.എം, ഡി.എം.കെ, സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തു.
പാസ്സാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം
ഭരണഘടനാ ഭേദഗതി ബില്ല് പാസ്സാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് വേണ്ടത്. നിലവില്‍ സര്‍ക്കാരിന് ഇത്രയും ഭൂരിപക്ഷം ലഭിക്കല്‍ അസാധ്യമാണ്. ഇക്കാരണത്താല്‍ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസായേക്കില്ല. ഇന്നലെ ബില്‍ അവതരിപ്പിക്കാനുള്ള അനുമതിക്കായുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ 269 വോട്ടുകള്‍ മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. എതിര്‍ക്കുന്നവര്‍ക്ക് 198 വോട്ട് ലഭിച്ചു. 467 എം.പിമാരാണ് ഇന്നലെ സഭയില്‍ ഹാജരായിരുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 300ല്‍ അധികം എം.പിമാരുടെ പിന്തുണ വേണ്ടിയിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂര്‍, മാണിക്കം ടാഗോര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് വിജയമായാണ് പ്രതിപക്ഷപ്പാര്‍ട്ടികള്‍ കാണുന്നത്. ഭരണഘടനാ ഭേദഗതിയാണെങ്കിലും ബില്ലുകള്‍ അവതരിപ്പിക്കാനും അത് ജെ.പി.സിക്കോ, സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ വിടണമെങ്കിലോ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണ്ടതില്ല. എന്നാല്‍ തുടര്‍ന്ന് ഇരുസഭകളിലും പാസാക്കാന്‍ അതു വേണ്ടതുണ്ടെന്നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പറയുന്നത്. ബില്ലിലേക്കുള്ള ക്ലോസുകളും ഷെഡ്യൂളുകളും പാസാക്കുന്നതിന് കേവല ഭൂരിപക്ഷം മതിയാവും.
ബില്ലുകള്‍ ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലഭൂരിപക്ഷം മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു. സര്‍ക്കാറിന് ഇതുമായി അധികകാലം മുന്നോട്ടുപോകാനാകില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Be the first to comment