റിയാദ്: സഊദി അരാംകോയുടെ ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക യൂണിറ്റിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ കനത്ത നാശ നഷ്ടം ആഗോള എണ്ണവിപണിയെ പിടിച്ചുലക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ സഊദിയുടെ പ്രതിദിന ഉത്പാദനത്തില്‍ അന്‍പത് ശതമാനത്തിലധികമുണ്ടായ ഇടിവാണ് ആഗോള എണ്ണ വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകാന്‍ കാരണം. ക്രൂഡ് ഓയില്‍ വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളര്‍ വരെ എത്തിയിട്ടുണ്ടിപ്പോള്‍.11 ഡോളറിലേറെയാണ് ഇന്നുണ്ടായ വര്‍ദ്ധനവ്. 80 ഡോളര്‍ വരെ വില വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്. ബ്രെന്റ് ക്രൂഡിന് 19.5 ശതമാനം വര്‍ധിച്ച് 71.95 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്‌ള്യു ടി ഐ) 15.5 ശതമാനമാണ് വര്‍ധിച്ചത്. 1998 ജനുവരി 22 ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. ആഗോള എണ്ണവിപണി ഉയര്‍ച്ചക്ക് പിന്നാലെ ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും കൂടിയ ഉത്പാദന ശേഷിയുള്ള പ്ലാന്റിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അരാംകോയുടെ അബ്‌ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്.
പ്രതിദിനം ഏഴു മില്യണ്‍ ബാരല്‍ ഉല്‍പാദന ശേഷിയുള്ള അബ്‌ഖൈഖ് എണ്ണശുദ്ധീകരണ ശാലയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്ലാന്റ് അറ്റകുറ്റ പണികള്‍ക്കായി അടച്ചതോടെയാണ് സഊദി എണ്ണയുല്‍പാദനം പകുതിയായി കുറച്ചത്. സഊദിയുടെ പ്രതിദിന എണ്ണയുല്‍പാദനം 9.85 ദശലക്ഷമായിരുന്നു. പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സഊദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് സഊദി ഒഴുകിയിരുന്നു. ഇതാണ് 5.7 ദശ ലക്ഷമാക്കി കുറച്ചത്. ഇതോടെയാണ് ആഗോള എണ്ണവിപണി കുത്തനെ കൂടിയത്.
അതേസമയം, എണ്ണ വിതരണം പുനസ്ഥാപിക്കുന്നത് നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇതിനായി യു.എസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങിയാതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. എങ്കിലും പ്ലാന്റ് പൂര്‍വ സ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കും എന്നതിനെ ആശ്രയിച്ചാകും വില നിലകൊള്ളുക. അതിനിടെ, അരാംകോ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തങ്ങള്‍ക്കറിയാമെന്നും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഇനി സഊദിയുടെ വിശദീകരണം മാത്രം മതിയെന്നും അമേരിക്ക വ്യക്തമാക്കി. സഊദിക്കെതിരെ നടന്ന നൂറിലേറ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ആഗോള എണ്ണവിപണിയിലെ ഈ കുതിച്ചു ചാട്ടം ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ എണ്ണ വില വര്‍ധനവ് കൂടി വന്നാല്‍ അത് ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഗുരുതര പ്രതിസന്ധിയാണുണ്ടാക്കുക. എണ്ണ വില വര്‍ധിക്കുന്നതോടൊപ്പം രൂക്ഷമായ വിലക്കയറ്റവും അത് മൂലം സാമ്പത്തിക രംഗം കൂടുതല്‍ തകിടം മറിയുമെന്നും വിലയിരുത്തുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ തളര്‍ച്ച പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും ഇതോടെ പാളുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Be the first to comment