ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനിലുയര്‍ത്തി ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥത്തില്‍. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയായ ആഹ്ലാദത്തിലാണ് രാജ്യം. ഇന്നലെ ഉച്ചയ്ക്ക് 2.43ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം വിജയകരമായി നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍- 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പെട്ടു. ഇതോടെ ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് -200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന് വിളിപ്പേരുള്ള ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് പര്യവേക്ഷണ വാഹനത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ 15ന് വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണത്തിന് ഏതാനും മണിക്കൂറുകള്‍ക്കകം ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നു. ചാന്ദ്രപര്യവേക്ഷണമെന്നത് ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഒരാഴ്ച നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ അഭിമാനം ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 3,84,000 കി.മി സഞ്ചരിച്ചാണ് ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ എത്തുക. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. ഭൂമിയുടെ ഭ്രമണ പഥത്തിലെത്തുന്ന ചന്ദ്രയാന്‍-2ന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഐ.എസ്.ആര്‍.ഒ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച പേടകം 23 ദിവസം ഭൂമിയെ വലംവയ്ക്കും. തുടര്‍ന്ന് ഏഴു ദിവസത്തെ യാത്രക്കുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ചന്ദ്രനെ 13 ദിവസം വലം വച്ച ശേഷം 43ാം ദിവസം ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തും. ഇതിനായി ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ ആദ്യം വേര്‍പെടും. തുടര്‍ന്ന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യമാക്കി നീങ്ങും. നാലുമണിക്കൂര്‍ കൊണ്ട് ഘട്ടം ഘട്ടമായി വേഗത കുറച്ചാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ലാന്‍ഡറിന്റെ വാതില്‍ തുറക്കുകയും പ്രഗ്യാന്‍ എന്ന റോവര്‍ ഉപരിതലത്തില്‍ പര്യവേക്ഷണം തുടങ്ങുകയും ചെയ്യും. അതേസമയം സെപ്റ്റംബര്‍ ആറിനോ ഏഴിനോ ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്ന് റോവറിനെ ഇറക്കാനുള്ള നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദൗത്യം ഏറെ നിര്‍ണായകമായിരിക്കും. ഒരു വര്‍ഷം വരെ ഭ്രമണപഥത്തില്‍ തുടരുന്ന ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ചിത്രങ്ങളും പകര്‍ത്തും. 27 കിലോ ഭാരമുള്ള റോവര്‍ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് ഭാഗങ്ങള്‍ ഉള്‍പ്പെട്ട 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2ന്റെ പേടകം നിര്‍മിച്ചത്. വിക്ഷേപണത്തിന് 375 കോടി രൂപയാണ് ചെലവ്. ലോക രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യയുടെ ചരിത്ര ദൗത്യത്തെ നിരീക്ഷിക്കുകയായിരുന്നു. അതിനിടയിലാണ് സങ്കേതിക തകരാര്‍ ഉണ്ടായത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ചാന്ദ്ര പര്യവേക്ഷണത്തില്‍ വിജയക്കൊടി പാറിക്കുന്ന അമേരിക്ക, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും നടന്നു കയറി.
About Ahlussunna Online
1304 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment