ഇന്ത്യയിലെ ഇല്ലാത്ത വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപമായി യു.എസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ച് ആ തുക ഉപയോഗിച്ച് ഇന്ത്യയില്‍ പദ്ധതി ലഭിക്കാന്‍ കൈക്കൂലി കൊടുത്ത കേസില്‍ രാജ്യത്തെ വ്യവസായ ഭീമന്‍ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ സാഗര്‍ അദാനി എന്നിവരടക്കമുള്ള ആറുപേര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ് യു.എസ് കോടതി. അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി കേസെടുത്തിരിക്കുന്നത്. അദാനി ഓഹരി വിപണിയില്‍ നടത്തുന്ന തട്ടിപ്പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണിത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇന്ത്യയില്‍ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും യു.എസില്‍ നിയമവലയില്‍ കുടുങ്ങിയിരിക്കുകയാണ് അദാനി.
ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കി അദാനി ഗ്രൂപ്പ് കരാറുകള്‍ സ്വന്തമാക്കിയെന്നാണു യു.എസിലെ കുറ്റപത്രത്തിലുള്ളത്. യു.എസ് നിയമം മാത്രമല്ല, ഇന്ത്യന്‍ നിയമവും അദാനി ലംഘിച്ചുവെന്ന് വ്യക്തം. എന്നാല്‍, പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിന് ഇന്ത്യയില്‍ അന്വേഷണം നേരിടേണ്ടി വരുമോയെന്നതാണ് പ്രധാനചോദ്യം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനധികൃതമായി വിവിധ കരാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തെന്നും പദ്ധതിവഴി രണ്ട് ദശാബ്ദം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടെന്നും ആരോപിക്കുന്നു.
കൈക്കൂലി നല്‍കിയതും കരാര്‍ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യു.എസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ചു. യു.എസ് ഫെഡറല്‍ ക്രിമിനല്‍ ആന്‍ഡ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷനെ കബളിപ്പിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. അദാനി, കമ്പനിയുടെ സി.ഇ.ഒ വിനീത് ജെയ്ന്‍, യു.എസ് കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിന്റെ മുന്‍ എക്‌സിക്യുട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗര്‍വാള്‍, കനേഡിയന്‍ നിക്ഷേപകരായ സിറിള്‍ കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവരാണ് മറ്റു പ്രതികള്‍. കൈക്കൂലി കൊടുത്തത് ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും അതുവഴി ലക്ഷ്യമിട്ടത് യു.എസില്‍ ഊര്‍ജപദ്ധതിയും അതു ചൂണ്ടിക്കാട്ടി യു.എസ് നിക്ഷേപകരില്‍നിന്ന് മൂലധന സമാഹരണവുമാണ്. ഇടപാടുകള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് പരിധിയിലാണു നടന്നത്. വ്യാജരേഖകള്‍ ചമച്ചാണു യു.എസില്‍ ബോണ്ടിലൂടെ മൂലധന സമാഹരണം നടത്തിയത്. യു.എസ് നിക്ഷേപകരെ കബളിപ്പിച്ച് 17.5 കോടി ഡോളര്‍ (1,500 കോടി രൂപ) സമാഹരിച്ചുവെന്ന് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ മറ്റൊരു കേസുമുണ്ട്.
അദാനിക്കെതിരേ ആദ്യമായി ആരോപണമുയര്‍ന്നത് 2022ല്‍ കൊളംബോയിലാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജപദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയതായി ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ പതിവ് പോലെ നിഷേധിച്ചു. ഒരു വര്‍ഷമായതോടെ വിഷയം എല്ലാവരും മറന്നു. ശ്രീലങ്കയിലെ തുറമുഖത്തിനായി 533 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ അദാനി ഗ്രൂപ്പുമായി അമേരിക്ക പങ്കാളിയായി. ചൈനയെ അകറ്റി നിര്‍ത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു അമേരിക്കയുടേത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരേ കടുത്ത ആരോപണങ്ങളുമായി യു.എസ് ഷോര്‍ട്ട്‌സെല്ലര്‍മാരും നിക്ഷേപ ഗവേഷണസ്ഥാപനവുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തിയത്. വിദേശത്തെ കടലാസ് കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലേക്കു നിക്ഷേപം ഒഴുക്കിയെന്നും അതുവഴി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചശേഷം അവ ഈടുവച്ച് അനധികൃത നേട്ടമുണ്ടാക്കിയെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രധാനമായും ആരോപിച്ചത്.
രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകര്‍ക്കുന്ന നീക്കമായിരുന്നു ഇത്. എന്നിട്ടും കാര്യമായ അന്വേഷമുണ്ടായില്ല. സുപ്രിംകോടതി നിര്‍ദേശപ്രകാരം സെബിയാണ് അന്വേഷണം നടത്തിയത്. സെബി അദാനിക്ക് ശുദ്ധിപത്രം നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദാനിക്കും സെബി മേധാവി മാധബി പുരി ബുച്ചിനുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ആരോപണമുന്നയിച്ചു. അദാനിയുടെ വിദേശത്തെ കടലാസ് കമ്പനികളില്‍ മാധബിക്കും കുടുംബത്തിനും നിക്ഷേപപങ്കാളിത്തമുണ്ടെന്നായിരുന്നു തെളിവ് സഹിതമുള്ള ആരോപണം. ഇതോടെ സെബിയുടെ ശുദ്ധിപത്രവും സംശയത്തിന്റെ നിഴലിലായി. ബിസിനസും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം ഒരു ആഭ്യന്തര പ്രതിഭാസമായി നിലനിന്നിരുന്നിടത്തോളം, നിയമത്തിന്റെ കൈ അദാനിക്ക് നേരെ നീളില്ല. എന്നാല്‍, അദാനിക്കെതിരേ ഒന്നിനെതിരേ ഒന്നായി ആരോപണങ്ങള്‍ ഉയരുന്നത് ചെറിയകാര്യമല്ല. അദാനിയുടെ ഇടപാടുകള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ മാത്രമല്ല, ഇന്ത്യന്‍ ബിസിനസിന്റെ ആഗോള വിശ്വാസ്യതയെും തകര്‍ത്തു.
മോദി നല്‍കുന്ന രാഷ്ട്രീയ പിന്തുണ കൊണ്ട് ഈ വിശ്വാസ്യതയെ തിരിച്ചുകൊണ്ടുവരാനാവില്ല. ഇത് ഇന്ത്യന്‍ വിപണിയെ തകര്‍ക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന ബി.ജെ.പി വക്താവിന്റെ അവകാശവാദം ഈ പ്രശ്‌നത്തിനുള്ള യുക്തിസഹമായ ഉത്തരമല്ലെന്ന് മാത്രമല്ല ജനങ്ങളുടെ സാമാന്യ ബുദ്ധിയെ അപഹസിക്കലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ആഗോള സ്വീകാര്യത കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.
ടാറ്റയെപ്പോലുള്ള ബിസിനസ് ഗ്രൂപ്പുകളും ഇന്‍ഫോസിസ് പോലുള്ള കമ്പനികളും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിന് ശേഷമാണ് ആഗോള ബ്രാന്‍ഡുകളായി സ്വയം സ്ഥാപിച്ചത്. ഒറ്റയടിക്ക് ഗൗതം അദാനി ബ്രാന്‍ഡ് ഇന്ത്യയെ ഗണ്യമായി ദുര്‍ബലപ്പെടുത്തി. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി തുടങ്ങി സിമന്റ് മുതല്‍ മാധ്യമങ്ങള്‍ വരെ നിരവധി മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് താല്‍പര്യങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് അദാനി ഗ്രൂപ്പ്. ഈ സാഹചര്യത്തില്‍ അതിനെതിരായ ആരോപണം സുതാര്യമായും സമയബന്ധിതമായും അന്വേഷിക്കേണ്ടതുണ്ട്.
Be the first to comment