ഫെബ്രുവരി14: ലോകമെമ്പാടുമുള്ള കാമുകീകാമുകന്‍മാര്‍ പ്രണയ നൈരാശ്യത്തിന്‍റെ സന്താപ സന്തോഷങ്ങള്‍ പങ്കുവെക്കുന്ന ഒരു വാലെന്‍റൈന്‍ ഡേ കൂടി കടന്നു വന്നിരിക്കുകയാണ്. പതിവ് പോലെ പൊതു ഇടങ്ങളിലും ക്ലബ്ബുകളിലും ബാറുകളിലും കുടിച്ചും പുകച്ചും ആടിയും പാടിയുമൊക്കെയായിരുന്നു ആഘോഷങ്ങള്‍. കാഞ്ചനയുടെയും മൊയ്തീന്‍റെയും ഐതിഹാസികമായ യാഥാസ്തിക കഥകള്‍ക്കപ്പുറം നൂറ്റാണ്ടുകളുടെ പഴക്കംചെന്ന വീരസ്മരണകളെ ഉത്ബോധനം ചെയ്യുന്ന ധന്യ മുഹൂര്‍ത്ത ദിനമായാണ് പ്രണയിനികള്‍ വാലെന്‍റൈന്‍ ദിനത്തെ കണക്കാക്കപ്പെടുന്നത്. പ്രണയ ദിനമെന്ന നാമത്തില്‍ അറിയപ്പെടുന്ന “ഫെബ്രുവരി 14′ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പോപ്പ് ഗ്ലേഷ്യസാണ് പ്രണയിനികളുടെ ദിനമായി പ്രഖ്യാപിച്ചത്.
പുരാതന റോമിന്‍റെ ആചാരങ്ങളില്‍ നിന്നും വിക്റ്റോറിയന്‍ കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ആചാരങ്ങളിലേക്ക് കടന്ന് കൂടിയ വാലെന്‍റൈന്‍ ഡേ ഇന്ന് ലോകത്തിന്‍റെ അഷ്ടദിക്കുകളിലേക്കും പ്രസരം ചെയ്യപ്പെട്ടിരിക്കുകയാണ്. കാനഡ, മെക്സിക്കോ, യു കെ, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനേഴാം നൂറ്റാണ്ട് മുതല്‍ക്ക് തന്നെ വാലെന്‍റൈന്‍സ് ഡേ അതി വിപുലമായി ആഘോഷിച്ചുവരുന്നുണ്ട്. വര്‍ത്തമാന കാലത്തും പ്രസ്തുത ദിനം സാംസ്കാരിക സാമ്പത്തിക രംഗങ്ങളില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. എങ്കിലും ഈ ദിനത്തിന്‍റെ ചരിത്ര പശ്ചാതലം ഇന്നും പലര്‍ക്കും അജ്ഞമാണ്.
എ ഡി 270 ല്‍ ക്ലൗഡിയസ് രണ്ടാമന്‍ റോം ഭരിച്ചിരുന്ന കാലത്ത് വാലെന്‍റൈന്‍ എന്ന പുരോഹിതനായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ് . വിവാഹം കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് കുടുംബം എന്നരു ചിന്ത മാത്രമെയുള്ളുവെന്നും യുദ്ധത്തിന് അവര്‍ക്കൊരു താത്പര്യവുമില്ലന്നും മനസ്സിലാക്കിയ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിക്കുകയായിരുന്നു. തദനന്തരം ബിഷപ്പ് വാലെന്‍റൈന്‍ പര്സ്പരം സ്നേഹിക്കുന്നവര്‍ തമ്മില്‍ രഹസ്യമായി വിവാഹം നടത്തിക്കൊടുത്തു. വിവരം അറിയാനിടയായ കൗഡിയസ് ചക്രവര്‍ത്തി ബിഷപ്പ് വാലെന്‍റൈനെ കാരാഗ്രഹത്തിലടച്ചു. തദവസരം കാരാഗ്രഹത്തിലെ തന്‍റെ സഹ തടവ് പുള്ളിയും അന്ധയുമായ ഒരു യുവതിയുമായി വാലെന്‍റൈന്‍ സ്നേഹത്തിലാവുകയും അതുകാരണം അവളുടെ കാഴ്ച്ച ശക്തി വീണ്ടെടുക്കാന്‍ സാധിച്ചുവെന്ന വാര്‍ത്ത ആ നാട്ടില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ ചക്രവര്‍ത്തി വാലെന്‍റൈന്‍ന്‍റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. തലവെട്ടാന്‍ വിധിക്കപ്പെട്ട അയാള്‍ തന്‍റെ കാമുകിക്കുവേണ്ടി څഫ്രം യുവര്‍ വാലെന്‍റൈന്‍’ എന്ന കത്ത് കുറിച്ചുവെച്ചു. ഈ ചരിത്ര പശ്ചാത്തത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് വാലെന്‍റൈന്‍ന്‍റെ സ്മരണക്കായി ഇക്കാലമെത്രയും ഫെബ്രുവരി 14 ന് വാലെന്‍റൈന്‍ ദിനമായി ആഘോഷിച്ചുവരുന്നത്.
ഈ ആഘോഷത്തിന്‍റെ ഭാഗമായി പ്രതിവര്‍ഷം 150 മില്ല്യണില്‍പ്പരം വാലെന്‍റൈന്‍ കാര്‍ഡുകളും എണ്ണമറ്റ പൂക്കളും കൈമാറ്റചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2006 ലെ വാലെന്‍റൈന്‍ ദിനത്തില്‍ ഏകദേശം 98373 ആളുകള്‍ അമേരിക്കയില്‍ പൂ വിതരണ കേന്ദ്രങ്ങളില്‍ മാത്രം ജോലിക്കായ് നിയോഗിക്കപ്പെട്ടത് ഇതിന് ഉപോല്‍ ബലമേകുന്നതാണ്. ക്രിസ്തുമസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഏറ്റവും വലിയ ആഘോഷമാണ് ‘വാലെന്‍റൈന്‍ ഡേ’. എന്നാല്‍ ഈ കാര്‍ഡ് കൈമാറ്റത്തിന് ഇതിന്‍റെ ചരിത്രത്തോളം തന്നെ പഴക്കവുമുണ്ട്.
വധശിക്ഷക്ക് വിധിക്കപ്പെട്ട വാലെന്‍റൈന്‍ തന്‍റെ പ്രേയസിക്കായ് എഴുതിയ കത്തിന്‍റെ പ്രതീകമായാണ് പ്രസ്തുത ദിനത്തില്‍ കാര്‍ഡ് കൈമാറ്റം ചെയ്യുന്നത്. ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കം ചെന്ന വാലെന്‍റൈന്‍ കാര്‍ഡ് 1415 ചാള്‍സ് ‘ടവര്‍ ഓഫ് ലണ്ടനില്‍’ തടങ്കിലായിരിക്കേ തന്‍റെ ഭാര്യക്ക് എഴുതിയ ‘ഡ്യൂക്ക് ഓഫ് ഓര്‍ലിയന്‍സ്’ എന്ന കവിതയാണ്. ഇതിന്നും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സുരക്ഷിതമാണ്. ഇത്തരം ചരിത്ര രേഖകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് നവ കോളേജ് കുമാരന്മാരും കുമാരികളും പ്രണയ ദിനത്തിന്‍റെ ഭാഗമായി ഇന്ന് ക്യാമ്പസുകളില്‍ അഴിഞ്ഞാടുകയാണ്.
പ്രണയദിനത്തിന്‍റെ ഭാഗമായുള്ള അശ്ലീല പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് വരുന്ന ചെറുകുട്ടികളില്‍ പോലും ഇന്ന് കണ്ടുവരുന്നുണ്ടെന്നത് ഖേദകരമാണ്. വീട്ടില്‍ നിന്ന് സ്പെഷ്യല്‍ ക്ലാസ്, ട്യൂഷ്യന്‍ ഫീസ് എന്നൊക്കെ മാതാപ്പിതാക്കളോട് കള്ളം പറഞ്ഞ് പണം വാങ്ങുന്ന അവര്‍ വിദ്യാര്‍ത്ഥിത്വത്തിന്‍റെയോ അല്ലങ്കില്‍ ജ്ഞാനത്തിന്‍റെയോ വില മനസ്സിലാ ക്കാതെ പ്രണയാഘോഷങ്ങളിലും മറ്റും ആടിത്തിമര്‍ക്കുകയാണ്. ഗ്രീറ്റിംഗ് കാര്‍ഡിനും പൂക്കള്‍ക്കും പുറമെ പാട്ടും ഡാന്‍സും കൂത്തുമായി വാലെന്‍റൈന്‍ ദിനം തിമര്‍ത്താടുന്ന അവര്‍ക്ക് സ്വത്വബോധം തന്നെ നഷ്ടപ്പെട്ടോ എന്ന് സന്ദേഹപ്പെടുകയാണ്. ഒപ്പം, രാപകല്‍ ഭേദമന്യേ അധ്വാനിച്ച് പണം സമ്പാധിക്കുന്ന ഉപ്പമാരുടെ കൈകളില്‍ നിന്നും പലതിന്‍റെയും പേരില്‍ പണം പറ്റി തന്‍റെ കാമുകന്‍റെ കൂടെ ആനന്ദനിര്‍ത്തം ചവിട്ടുന്ന നവ യുവതികള്‍ ഇസ്ലാമിക സ്ത്രൈണ സംരക്ഷണത്തിന്‍റെ മൂടുപടത്തെ അവമതിച്ചാണ് ഈ തെമ്മാടിത്തരം കാട്ടിക്കൂട്ടന്നതെന്നോര്‍ക്കുന്നതും നന്ന്. ഈ നീച കൃത്യങ്ങള്‍ നിമിത്തമായി എത്രയെത്ര മനുഷ്യജന്മങ്ങള്‍ക്കാണ് മാനനഷ്ടങ്ങളും മൃതിയും സംഭവിച്ചിരിക്കുന്നത്.
ഒരു പക്ഷെ പ്രണയ ദിനമെന്ന പേരില്‍ കാണിച്ച് കൂട്ടുന്ന കോപ്രായത്തരങ്ങള്‍ക്ക് പലപ്പോഴും അറുതി വരുന്നത് മരണത്തോടെയാണ്. 2013 വാലെന്‍റൈന്‍ ദിനത്തില്‍ ‘നദാന്‍ മതോള്‍ഡ്’ അദ്ദേഹത്തിന്‍റെ ഭാര്യ ഡനിസയെ അവളുടെ വീട്ടില്‍ വെച്ച് നിര്‍ദയം വെട്ടിക്കൊലപ്പെടുത്തി. തന്‍റെ ഭാര്യയുടെ മരണവാര്‍ത്തയില്‍ അപരിചിതത്വം പ്രകടിപ്പിച്ച ഇദ്ദേഹത്തെ പോലീസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് 21 വയസ്സുകാരിയായ ഡൊബിലെയ്റ്റെ എന്ന വിദ്യാര്‍ത്ഥിനിക്ക് വേണ്ടി ശിഷ്ടകാലം ഉഴിഞ്ഞ് വെക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്ക്യൂട്ടറായ ജെറി ബ്രോഡി കണ്ടത്തുകയും ചെയ്തു. വാലെന്‍റൈന്‍സ് ഡേ പ്രസന്‍റ് (സമ്മാനം) എന്നായിരുന്നു പ്രോസിക്ക്യൂട്ടര്‍ ഇതിനെ വിശേഷിപ്പിച്ചത്. സത്യത്തില്‍, പ്രണയാനുരാഗത്തിന്‍റെ ചാഞ്ചാട്ടത്തില്‍ ഉപവാസമനുഷ്ടിക്കുന്ന കാമ വീരന്മാര്‍ എത്തിപ്പെടുന്നത് ഇത്തരത്തിലുള്ള അപകടങ്ങള്‍ നിറഞ്ഞ ഗര്‍ത്തങ്ങളിലേക്കാണ്.
2009 ലെ വാലന്‍റൈന്‍ ദിനത്തില്‍ ഹാര്‍ട്ട്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന റ്റിയാന എന്ന വിദ്യാര്‍ത്ഥിനിക്ക് അവളുടെ മുന്‍ കാമുകനില്‍ നിന്ന് കുത്തേറ്റ് മരണം പുല്‍കേണ്ടിവന്നത് ഇതിന് മറ്റൊരുദാഹരണമാണ്. എപിക്ക്യൂറിയന്‍ ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്ന ആരക്കെയോ കെട്ടിയുണ്ടാക്കിയ പ്രണയദിന ആഘോഷങ്ങള്‍ ഇത്തരത്തിലുള്ള നീച കൃത്യങ്ങള്‍ക്കാണ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് വിശുദ്ധ ഇസ്ലാമിന്‍റെ ഈടും ഇണക്കവുമുള്ള പാരസ്പരിക ബന്ധത്തിന്‍റെ സുന്ദര സന്ദേഷങ്ങള്‍ മാനവ സമൂഹം തിരിച്ചറിയേണ്ടതും അനുധാവനം ചെയ്യേണ്ടതും.
ദൈവീക മാര്‍ഗത്തില്‍ സ്നേഹിക്കാനാണ് ജഗനിയന്താവായ അല്ലാഹുവും അവന്‍റെ പ്രവാചകനായ മുഹമ്മദ് നബിയും ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ട്തന്നെ വിവാഹനന്തര പ്രണയമാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. വിവാഹപൂര്‍വ്വ പ്രേമത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മാത്രവുമല്ല, ദുഷ്ചെയ്തികളിലേക്കാണ് അത് നയിക്കുന്നത്. അതിനാല്‍ ഒരു യുവതിയോട് ഒരാള്‍ക്ക് പ്രേമം തോന്നുകയാണെങ്കില്‍ അവളോട് വിവാഹാലോചന നടത്താനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. പൈശാചിക വൃത്തികേടുകളിലേക്കുള്ള വാതാനയത്തെ തടയുക എന്നതാണ് ഇത് കൊണ്ടുള്ള അത്യന്തിക ലക്ഷ്യം.
ഇബ്നു അബ്ബാസ് (റ) പറയുന്നു : ഒരിക്കല്‍ തിരുദൂദരുടെ അടുത്തേക്ക് വന്ന് ഒരുവ്യക്തി പറഞ്ഞു : തിരുദൂദരേ… എന്‍റെ സംരക്ഷണത്തില്‍ ഒരു അനാഥ പെണ്‍കുട്ടിയുണ്ട്. അവള്‍ക്ക് ഇതിനകം രണ്ടു ചെറുപ്പക്കാര്‍ വിവാഹചലോചനയായി വന്നു.അവരില്‍ ഒരാള്‍ സമ്പന്നനാണ്. അപരന്‍ ദരിദ്രനും. ഞങ്ങള്‍ക്ക് താല്‍പര്യം സമ്പന്നനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ്. അവള്‍ക്കാകട്ടെ ഇഷ്ടപ്പെട്ടത് പാവപ്പെട്ടവനെയും. ഇത് കേട്ട് തിരുനബി സ്വ പറഞ്ഞു : പ്രണയ ബന്ധങ്ങള്‍ക്ക് വിവാഹത്തെപോലെ മറ്റൊന്നും അഭിപ്രായപ്പെടാനില്ല. (ഇബ്നുമാജ, ഹാകിം). നിയമ പരമായ വൈവാഹിക ബന്ധത്തിലൂടെ പരസ്പരം സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നുവര്‍ക്ക് ഇഷ്ടപ്പെട്ടവരെ തിരഞ്ഞടുക്കാന്‍ ഇസ്ലാം വഴിയൊരുക്കിക്കൊടുക്കുകയാണിവിടെ. അതാണ് ഉപര്യുക്ത പ്രവാചക വചനത്തിന്‍റെ സാരം.
എന്നാല്‍ വിവാഹപൂര്‍വ്വ ജീവതത്തില്‍ ഇസ്ലാം കല്‍പ്പിക്കുന്നതനുസരിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ല. അതില്‍ ദര്‍ശനവും സ്പര്‍ഷനവും സംഭവിക്കും. ഇത് വ്യഭിചാരത്തിന്‍റെ പ്രഥമഘട്ടമാണ്. വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നത് നിങ്ങള്‍ വ്യഭിചാരത്തോട് അടുക്കരുതെന്നാണ്. അങ്ങനെയിരിക്കേ അന്യസ്ത്രീ പുരുഷന്‍മാര്‍ പരസ്പരം വികാരത്തോടെ ശബ്ദം ശ്രവിക്കല്‍ പോലും ഹറാമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. അന്യസ്ത്രീയിലേക്ക് അറിയാതെ നോക്കിപ്പോയാല്‍ അവളില്‍നിന്നും കണ്ണിനെ തിരിച്ചുകളയാനാണ് പ്രവാചക ശാസ്വന.
ഒരു ദിനത്തിന് വേണ്ടി അല്ലങ്കില്‍ അങ്കുലി പരിമിതമായ ദിനങ്ങള്‍ക്ക് വേണ്ടി സ്നേഹം കൊടുക്കുന്ന കാമുകി കാമുകന്മാര്‍ക്ക് പകരം തങ്ങളുടെ ജീവിതം മുഴുവനായി സ്നേഹിക്കാന്‍ അല്ലാഹു വിവാഹത്തെ നിശ്ചയിച്ചു. അപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജീവിതത്തിലുടനീളം അനുവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കത്തക്കവിധം റബ്ബ് കാര്യങ്ങള്‍ ഒരുക്കിക്കൊടുക്കും തീര്‍ച്ചയാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പരസ്പരം സ്നേഹിക്കുന്ന രണ്ടാളുകളുടെ സ്ഥിതിയും ഇത് തന്നെയാണ്. മുആദ് ബ്നു ജബല്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ അല്ലാഹു പറയുന്നു: ‘എന്‍റെ കാര്യത്തില്‍ പരസ്പരം സനേഹിക്കുന്നവര്‍ക്ക് അമ്പിയാക്കളും ശുഹദാക്കളും ആഗ്രഹിക്കുന്ന പ്രകാശത്തിനാലുള്ള സിംഹാസനങ്ങള്‍ ലഭ്യമാണ്'(തുര്‍മുദി).
ഉദാത്തമായ സ്നേഹത്തിന്‍റെ അതിരുകളില്ലാത്ത മാതൃകകളാണ് ഇസ്ലാം ലോകത്തെ പഠിപ്പിച്ചത്. യഥാര്‍തത്തില്‍ മറ്റേത് മതങ്ങളെക്കാളും അത് സ്നേഹബന്ധത്തിന്‍റെ രാജപാതകള്‍ മാനവര്‍ക്ക് മുമ്പില്‍ തുറന്നിടുന്നു. ഇസ്ലാമിക വൃത്തത്തിലുള്ള സ്നേഹബന്ധത്തിന്‍റെ മധുരിത സന്ദേശങ്ങള്‍ പങ്കുവെക്കുന്ന തിരു ഹദീസുകള്‍ ഇനിയും കാണാന്‍ കഴിയും. അനസ് (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രവാചകാധ്യാപനം കാണൂ :’മൂന്ന് കാര്യം ഒരാളില്‍ സംഗമിച്ചാല്‍ അവന്‍ ഈമാനിന്‍റെ മാധുര്യം എത്തിച്ചു. ഒന്ന് അല്ലാഹുവിനേയും റസൂലിനെുയും മറ്റെന്തിനേക്കാളും സ്നേഹിക്കുന്നവനാവുക. രണ്ട് ്അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടി സ്നേഹിക്കുക. മൂന്ന് അവിശ്വാസത്തിലേക്ക് മടങ്ങുന്നത് തീയിലെറിയും പ്രകാരം അപ്രിയമാവുക'(ബുഖാരി-മുസ്ലിം).
ഈ മൂന്ന് കാര്യങ്ങള്‍ മതി ഒരാള്‍ക്ക് ജീവിതം ആസ്വാദകരമായി നിലനിര്‍ത്താന്‍. ഒന്നാമത്തെയും രണ്ടാമത്തെയും സ്നേഹത്തെ അവന്‍ അനുവര്‍ത്തിച്ച് പോന്നാല്‍ അവന്‍റെ ഭൗതിക പാരത്രിക ജീവിതം രക്ഷപ്പെട്ടു. മുന്നാമത്തേതിന് വിപരീതമായി അവന്‍ പ്രവര്‍ത്തിച്ചാല്‍ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീണുപോകും. അതാണിന്ന് പടിഞ്ഞാറന്‍ സംസ്കാരത്തെ അനുകരിച്ചു പോന്നതിനുള്ള ഏറ്റവും നല്ല മകുടോദാഹരണം.
ചുരുക്കത്തില്‍, കാല കറക്കത്തിനിടയില്‍ മനുഷ്യന്‍റെ ജീവിതവും ജീവതചുറ്റുപാടുകളും ആകെ മാറിക്കൊണ്ടിരിക്കുകയാണ്. ആഭാസകരമായ പലപേക്കൂത്തുകളിലും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലും ജീവിതം കഴിച്ചുകൂട്ടാനാണ് ഇന്ന് പുതുതലമുറ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഇസ്ലാമിന്‍റെ സുന്ദര സന്ദേശങ്ങള്‍ അനുധാവനം ചെയ്ത് സ്നേഹമസൃണ ജീവതം നയിക്കേണ്ട സത്യവിശ്വാസികള്‍ പോലും ഇന്ന് പലതരം പേക്കൂത്തുകള്‍ക്കും അസാന്മാര്‍ഗീകത നിറഞ്ഞ പ്രണയദിനങ്ങെള്‍ക്കുമെല്ലാം കൂട്ടുനില്‍ക്കുന്ന കാഴ്ചയാണെങ്ങും കാണുന്നത്. വിവാഹ പൂര്‍ണ പ്രണയവും പ്രണയദിനാഘോഷങ്ങളും ഒരിക്കലും വിശ്വാസിക്ക് ഭൂഷണമല്ല. മറിച്ച് ഇസ്ലാം വിഭാവനം ചെയ്യുന്ന സ്നേഹ പാഥേയത്തിലൂടെ സഞ്ചരിച്ച് ഈടും ഇണക്കവുമുള്ള ഭാര്യ- ഭതൃ ബന്ധം കെട്ടിപ്പടുക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.
Be the first to comment