ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ അഥവാ വിശ്വാസികളുടെ ഉമ്മമാര്‍. എക്കാലത്തും ചരിത്രത്തിലെ സുഗന്ധവും എല്ലാ കാലത്തേക്കുമുളള മാതൃകകളുമാണവര്‍. വിശ്വസ്തതയോടെയും സല്‍സ്വഭാവത്തോടെയും ജീവിതം നയിച്ച് അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ജീവിത വഴികളിലൂടെ സഞ്ചരിച്ച അവര്‍ ആധുനിക സ്ത്രീ സമൂഹത്തിന് മാതൃകയുമാണ്. മുത്ത് നബി(സ്വ)യുടെ പത്നിമാര്‍ ലോകത്ത് മറ്റേത് മഹിളകളേക്കാളും ശ്രേഷ്ടരും മഹത്വവതികളുമാണെന്നതില്‍ സന്ദേഹമില്ല. തിരുമേനി (സ്വ)ക്ക് വേണ്ടി പ്രത്യേകം അല്ലാഹു തെരഞ്ഞെടുത്തവരാണവര്‍. പ്രസ്തുത വിവാഹങ്ങളും ബഹുഭാര്യത്വവുമായും ബന്ധപ്പെട്ട് റസൂല്‍(സ്വ)യെ വിമര്‍ശന വിധേയമാക്കുന്നവര്‍ നബി ജീവിതവും റസൂലിന്‍റെ വൈവാഹിക പശ്ചാത്തലങ്ങളും യഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിലൂടെ മാത്രമെ സത്യം ഗ്രഹിക്കാന്‍ സാധിക്കകയുളളൂ.
മുഹമ്മദ് നബി(സ്വ) ദൈവമോ മാലാഖയോ ആയിരുന്നില്ല. കാരണം, ദൈവത്തിന്നൊരിക്കലും ഭാര്യസന്താനങ്ങളുണ്‍ാവുകയില്ല. മാലാഖയാണെങ്കില്‍ വൈകാരിക ചിന്തകളില്ലാത്തവരുമാണ്. റസൂല്‍ (സ്വ) ഒരു മനുഷ്യനായത് കൊണ്ട് തന്നെ ഭാര്യസന്താനങ്ങള്‍ ഉളളവരായിരുന്നു. മുന്‍ കഴിഞ്ഞ പ്രവാചന്മാര്‍ക്കു ഭാര്യമാരെയും സന്താന്ങ്ങളേയും നല്‍കിയിട്ടുണ്ടെന്ന് (അഅ്റാഫ്: 38) ഖുര്‍ആനില്‍ കാണാം. ചില നബിമാര്‍ക്ക് ഒരു ഭാര്യമാത്രവും ഇബ്രാഹിം നബി(അ), സുലൈമാന്‍(അ), ദാവൂദ്(അ), യഅ്ഖൂബ്(അ) എന്നീ പ്രവാചകന്മാരെപോലെ ഒന്നലധികം വിവാഹം കഴിച്ചവരുമുണ്ട്.
തിരുമേനി(സ്വ)യുടെ ഭാര്യമാര്‍ പതിമൂന്നീയിരുന്നു. വിവിധ പശ്ചാത്തലങ്ങളിലായിരുന്നു അവിടുത്ത വിവാഹമതികവും അവരില്‍ രണ്ട് പേരോട് വീട്ടില്‍ കൂടുകയോ സമ്പര്‍ക്കമു ണ്ടാവുകയോ ചെയ്തിട്ടില്ല. എന്നാല്‍ റസൂലിന്‍റെ വിവാഹങ്ങളെല്ലാം നടന്നത് അല്ലാഹുവിന്‍റെ കല്‍പനയനുസരിച്ചാണ്.
ഒരിക്കല്‍ റസൂല്‍(സ്വ) പറയുകയുണ്‍ായി. ‘ അല്ലാഹുവിന്‍റെ ദിവ്യസന്ദേശവുമായി ജീബ്രീല്‍(അ) വന്നല്ലാതെ ഞാന്‍ വിവാഹം കഴിക്കുകയോ എന്‍റെ സന്താനങ്ങളെ വിവാഹം ചെയ്യുകയോ ചെയ്തിട്ടില്ല ‘ (ഹദീസ്) നബി(സ്വ) സമ്പര്‍ക്കം പുലര്‍ത്തിയ പതിനൊന്ന് ഭാര്യമായരില്‍ ഖുവൈലിദിന്‍റെ മകള്‍ ഖദീജയും ഖുസൈമതിന്‍റെ മകള്‍ സൈനബയും നബി(സ്വ)യുടെ ജീവിത കാലത്ത് തന്നെ വഫാത്തായി. മറ്റുളള ഒമ്പത് ഭാര്യമാര്‍ ആയിശ, ഹഫ്സ, സൗദ, സ്വഫിയ്യ, മൈമൂന, റംല, ഹിന്ദ്, സൈനബ്, ജൂവൈരിയ (റ) എന്നിവര്‍ റസൂലിന്‍റെ വഫാത്തിന് ശേഷമാണ് വഫാത്തായത്.
ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായി അല്ലാഹു അവരെ ബഹൂമാനിച്ചത് തിരുനബി(സ്വ)യുടെ കൂടെ ഏത് സാഹചര്യത്തിലും പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നടന്നത് കൊണ്ടായിരുന്നു. കാഴ്ചപ്പാടും ദാരിദ്ര്യവും തെരഞ്ഞെടുത്ത അവര്‍ ഉത്തമവും ഉദാത്തവുമായ സ്വഭാവത്തിനുടമകളായിരുന്ന അവരെ ആധുനിക മഹിളകള്‍ മാത്യകയാക്കല്‍ അനിവാര്യമാണ്.
പ്രവാചക പത്നിമാരെ വിശ്വാസികളുടെ ഉമ്മമാരാക്കി പ്രഖ്യാപിക്കുന്ന തിനോടൊപ്പം അവരെ വിവാഹം ചെയ്യലും വിലക്കി. ഖുര്‍ആനില്‍ കാണാം നിശ്ചയം നബി(സ്വ)തങ്ങളുടെ ശരീരത്തേക്കാള്‍ വിശ്വാസികള്‍ക്ക് പ്രധാനമാണ്. നബി(സ്വ)യുടെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാണ്. (അല്‍ അഹ്സാബ്-6)
ഉപയുക്ത ആയത്തിന്‍റെ തഫ്സീഫില്‍ ഇമാം ഇബ്നുകസീര്‍(ര) പറയുന്നു. നബി പത്നിമാരെ സ്വന്തം മാതാക്കളെ പോലെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. എന്നാല്‍ അവരുമായി ഒഴിഞ്ഞിരിക്കള്‍ അനുവദനീയമല്ല. അവരുടെ പെണ്‍മക്കളെയും സഹോദരിമാരേയും മറ്റുളളവര്‍ക്ക് വിവാഹം ചെയ്യാം. (ഇബനു കസീര്‍ 3/465) ലോകത്തുളള മറ്റേത് സ്ത്രീകളേക്കാളും ശ്രേഷ്ടരാണ് പ്രവാചക പത്നിമാര്‍. ഖുര്‍ആന്‍ പറയുന്നു. ഓ പ്രവാചക പത്നിമാരെ നിങ്ങള്‍ ലോകത്ത് മറ്റേത് സ്ത്രീകളെ പ്പോലെയല്ല. അതുകൊണ്ട് തന്നെ അവരുടെ നന്മ തിന്മകളുടെ പ്രിതിഫലം ഇരട്ടിയാണ്. തിരുമേനി(സ്വ)യിലൂടെ അനുഭവവേദ്യമായ ജീവിതം പകര്‍ന്ന് നല്‍കാനും ലോക നാരീ സമൂഹത്തിന് നേതൃത്വം വഹിക്കാനും പ്രാപ്തരായവരാണ് ഉമ്മഹാത്തുല്‍ മുഅ്മിനീന്‍.
ആധുനിക സമൂഹത്തില്‍ ബഹുഭാര്യത്വം വിമര്‍ശനത്തിന് വിധേയമാക്കുകയും റസൂല്‍ (സ്വ)യും അനുയായികളും ലൈംഗികാരാജകത്വത്തിന് വഴിയൊരുക്കുകയാണെന്നും നബി(സ്വ) സ്ത്രീ ലംബടനാണെന്നും കാമ പൂര്‍ത്തീകരണത്തിനാണ് ഇത്രയേറെ വിവാഹം ചെയ്തെന്നുമുളള വാദങ്ങള്‍ മെനഞ്ഞുണ്ടാക്കുന്ന ഇതര മതാനുയായികളുടെ പാശ്ചാത്യന്‍ എഴുത്തുകാരുടെയും ആരോപണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണ്. ഇത്തരത്തിലുളള വക്രബുദ്ധികള്‍ സ്വന്തം ആചാര്യന്മരെയും നബിതങ്ങളെയും താരതമ്യപ്പെടുത്താന്‍ പാടില്ല കാരണം റസൂല്‍(സ്വ)യുടെ ഓരോ വിവാഹ പശ്ചാതലങ്ങളും പഠനവിധേയമാക്കുന്ന വര്‍ക്ക് പ്രസ്തുത പൊളളവാദങ്ങള്‍ നിരത്താന്‍ കഴിയില്ല.
യവ്വനാരംഭത്തില്‍ തന്നെ വിവാഹ ബന്ധത്തിലേര്‍പ്പെടലാണ് അറബികളുടെ പതിവ് കളളും പെണ്ണും മദിരാക്ഷിയും അവരുടെ ജീവിതത്തല്‍ അടയാളങ്ങളായിരുന്ന അറേബ്യയില്‍ തന്‍റെ 25ാം വയസ്സില്‍ മാത്രമാണ് റസൂല്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നത്. ആദ്യപത്നി ഖദീജ (റ) യുടെ വിയോഗാന്തരം തന്‍റെ 53 ാം വയസ്സിന് ശേഷമാണ് മറ്റുളള ഭാര്യമാരെ വിവാഹം ചെയ്തത്.
കൊടിയ പീഢനങ്ങളേറ്റ് മുസ്ലിം സമൂഹം മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കാലത്ത് തന്‍റെ അത്താണി പിതൃവ്യന്‍ അബൂത്വാലിബും പ്രിയ പത്നി ഖദീജാ ബീവിയുടെയും വിയോഗത്താല്‍ വ്യസനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആദ്യകാല മുസ്ലിമും നബിയുടെ പ്രിയങ്കരനുമായിരുന്ന സക്റാന്‍ (റ)ന്‍റെ വിധവ സൗദ(റ) യെ തിരുമേനി (സ്വ) വിവാഹം ചെയ്തു. തന്‍റെ തന്നെ പ്രായമുളള ബീവിയെ വിവാഹം ചെയ്യുന്നതില്‍ കാമാസക്തിയാണെന്ന് പുലമ്പാന്‍ സാമാന്യ ബുദ്ധിയുളളവര്‍ക്ക് സാധ്യമല്ല. പ്രസ്തുത വിവാഹത്തിലൂടെ ഭര്‍ത്താവ് നഷ്ടപ്പെട്ട് ഏക സന്താനവുമായി ദുഃഖ ഭാരത്താല്‍ കഴിയുന്ന സൗദ(റ)ന്‍റെ ജീവിതത്തിന്‍ സന്തോഷമേകുകയായിരുന്നു പുണ്യ റസൂല്‍.
റസൂലിന്‍റെ 54 ാം വയസ്സില്‍ ബദ്റ് രണാങ്കളത്തില്‍ ശഹീദായ ഖുസൈമത്ത് ബ്നു ഹുദൈഫ(റ)ന്‍റെ വിധവയും സയ്യിദുനാ ഉമര്‍(റ)ന്‍റെ പുത്രിയുമായ ഹഫ്സ ബീവി(റ)യെ വിവാഹം ചെയ്തതില്‍ പിരയസുഹൃത്ത് ഉമര്‍(റ)മായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഹേതുകമായി. അതുപോലെ ജീവിതത്തില്‍ രണ്ട് പ്രാവശ്യം വിധവയാകാന്‍ വിധിച്ച സൈനബ് ബിന്‍ത് ഖുസൈമ(റ)യായിരുന്നു റസൂലിന്‍റെ മറ്റൊരു പത്നി. തന്‍റെ ഭര്‍ത്താവ് ഉബൈദ(റ) ഉഹ്ദ് യുദ്ധത്തില്‍ ശഹീദായപ്പോള്‍ പല വിവാഹാലോചനകളും വന്നെങ്കിലും മഹതി അതൊന്നും ഇഷ്ടപ്പെട്ടില്ല. അവസാനം തിരുനബി(സ്വ) മഹതിയെ വിവാഹം ചെയ്തു.
മക്കയില്‍ തൗഹീദിന്‍റെ മന്ത്രധ്വനി മുഴങ്ങിയപ്പോള്‍ ഭര്‍ത്താവ് അബ്ദുല്ലയുടെ കൂടെ ഉമ്മു സലമയും ഇസ്‌ലാം പുല്‍കി. അബ്സീനിയയിലേക്ക് പലായനം ചെയ്യുകയും അവിടുത്തെ ജീവിതം ദൂസ്സഹമായപ്പോള്‍ മക്കയിലേക്ക് മടങ്ങുകയും ചെയ്തു. മക്കയിലും സ്വസ്ഥമായ ജീവിതം ലഭ്യമാകാതെ വന്നപ്പോള്‍ മദീനയിലേക്ക് പലായനം ചെയ്യാനിരിക്കെ കുടുംബാംഗങ്ങള്‍ തടഞ്ഞ് വെച്ചു. കൊടിയ പീഢനങ്ങള്‍ക്കൊടുവില്‍ മദീനയിലെത്തിയ അവര്‍ ഭര്‍ത്താവിനോടൊപ്പം കൂടുതല്‍ കാലം ജീവിക്കാനായില്ല. നാലു കൈകുഞ്ഞുങ്ങളുമായി ഭര്‍ത്താവില്ലാതെ പ്രയാസപ്പെടുന്ന ഉമ്മുസലമ (റ) റസൂലുമായുളള ഈ വിവാഹം ജീവിതത്തിന് പുത്തനുര്‍വ്വേകി.
മുഹമ്മദ് നബി(സ്വ) തന്‍റെ ദത്തുപുത്രന്‍ സൈദുബ്നു ഹാരിഥ(റ)യുടെ വിധവയും തന്‍റെ സഹോദരിയെ പോലെ കണ്ടിരുന്ന സൈനബ് ബിന്‍ത് ജഹ്ശ് (റ)യെ നബി വിവാഹം ചെയ്തതിലൂടെ ദത്തു പുത്രന്‍ യഥാര്‍ത്ഥ പുത്രന്‍റെ വിധിവിലക്കുകള്‍ക്ക് ബാധകമല്ലെന്ന് അല്ലാഹു ലോകരെ പഠിപ്പിച്ചു. തഥൈവ ജുവൈരിയ്യ (റ)യെ വിവാഹം ചെയ്തിലൂടെ മുസ് ഥലഖ് ഗോത്രം മുഴുവന്‍ ഇസ്ലാമാശ്ലേഷണത്തിന്‍ കാരണമായി. ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തപ്പോള്‍ തന്‍റെ പിതാവ് അബൂസുഫ് യാന്‍റെ ഇസ്ലാമിക വിരോധം ലഘൂകരിക്കാനും അതിലൂടെ ഇസ്ലാം പുല്‍കാനും കാരണമായി.
സ്വഫിയ്യ (റ)അടിമയും മൈമൂന(റ) മസ്ഊദ് ബ്നു ആമിര്‍ അസ്സഖ്ഫി യുടെ വിധവയുമായിരുന്നു. മാത്രമല്ല, ഓരോ വിവാഹത്തിന്‍റെയും പശ്ചാത്തലം വ്യതിരിക്ത സന്ദര്‍ഭങ്ങളിലായിരുന്നു. ഇതില്‍ ആയിശ(റ) മാത്രമെ കന്യകയുണ്ടായിരുന്നുളളൂ. മറ്റെല്ലാ പത്നിമാരും വിധവകളോ വൃദ്ധകളോ ആയിരുന്നു എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ വളരെ സ്പ്ഷ്ടമായ ജീവിത പശ്ചാത്തലമായിരുന്നു മുത്ത് റസൂല്‍(സ്വ)യുടെ വിവാഹങ്ങളൊക്കെയും. എന്നിട്ടും മുത്ത് നബി(സ്വ)യുടെ വിവാഹത്തിനെതിരെ ഉറഞ്ഞ് തുളളുന്നവര്‍ സ്വന്തം നേതാക്കന്മാരും ജേതാക്കന്മാരുമായി തോളിലേറ്റിനടക്കുന്നവരുടെ ജീവിതവും ചരിത്രവും മനസ്സിലാക്കുന്നത് ഏറെ നന്നായിരിക്കും.
Be the first to comment