സമൂഹത്തില്‍ നിന്നും അന്തര്‍ധാനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ആത്മീയ മൂല്ല്യങ്ങളെ പുനരുജ്ജീവിപ്പിച്ച അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരാണ് ഔലിയാക്കള്‍.വിശ്വാസ ദൃഢതയാലും കര്‍മ്മസാഫല്ല്യത്താലും ഇലാഹിലേക്ക് പ്രാപിച്ചതിന് പുറമെ ലേകസമൂഹത്തിന് ദിശാബോധം നല്‍കാനും ഭാഗ്യം ലഭിച്ച മഹാത്മാക്കള്‍.അവരില്‍ അധ്യാത്മിക ജ്ഞാനികളുടെ രാജാവ് (സുല്‍ത്താനുല്‍ ആരിഫീന്‍)എന്ന പേരില്‍ വിഖ്യാതമായ ഔലിയാക്കളിലെ പ്രമുഖരാണ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ).ആത്മീയതയുടെ പൊന്‍പ്രഭ വിടര്‍ത്തി ലോകത്താകമാനം ഔന്നിത്യത്തിന്‍റെ കേദാരമായി മാറിയവരാണ് ശൈഖവര്‍കള്‍.തൗഹീദിന്‍റെ വെള്ളി വെളിച്ചവുമായി ഭൂമിയിലേക്ക് അയക്കപ്പെട്ട പ്രവാചകډാരില്‍ അവസാനത്തെ കണ്ണിയായ നബി (സ്വ) യില്‍ നിന്നും ആത്മീയ പ്രകാശം ആവാഹിച്ച് കടന്ന് വന്ന ഔലിയാക്കളില്‍ പരമോന്നതരായിത്തീര്‍ന്ന ശൈഖ് രിഫാഈ(റ)യുടെ ജാജ്ജ്വല്ല്യമാനമായ ആത്മീയ വെളിച്ചം സ്ഥല-കാല-ദേശങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് ലോകത്താകമാനം പ്രഭപരത്തി ക്കൊണ്ടിരിക്കുകയാണിന്ന്.
ലോകമെങ്ങും പരന്ന് കിടക്കുന്ന രിഫാഈ ത്വരീഖത്തിന്‍റെ സ്ഥാപക ഗുരു കൂടിയാണ് ശൈഖ് രിഫാഈ(റ).അവിടുത്തെ ജീവിതത്തെ കുറിച്ച് വര്‍ത്തമാന തലമുറക്ക് പരിചയം തന്നെ കുറവാണ്.ഹിജ്റ 500 റജബ് 27 ന് തിങ്കളാഴ്ച ബത്വാഇഹിലെ ഉമ്മു അബീദ ഗ്രാമത്തിലായിരുന്നു മഹാന്‍റെ ജനനം.സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന്‍ അലി(റ)വിന്‍റെയും ഉമ്മുല്‍ ഫള്ല്‍ ഫാത്തിമ അന്‍സ്വാരിയ്യ ദമ്പതികളുടെ പുത്രനായി ജനിച്ച മഹാന്‍റെ പിതൃ പരമ്പര ചെന്നെത്തുന്നത് അന്ത്യപ്രവാചകരി(സ)ലേക്കാണ്.
ജനനത്തിന് മുമ്പെ അത്ഭുതങ്ങള്‍ കാണിച്ച് കൊണ്ടാണ് ശൈഖ് ഭൂമിയിലേക്ക് ഭൂജാതനാവുന്നത്.മാതാവിന്‍റെ ഉദരത്തില്‍ നിന്ന് തന്നെ സംസാരിക്കുകയും പിറക്കുന്ന സമയത്ത് നിസ്കരിക്കുന്ന ആള്‍ വെക്കുന്ന പോലെ വലത് കൈ നെഞ്ചിന് താഴെയാണ് വെച്ചിരുന്നത്.ഇടത് കൈ ഗുഹ്യസ്ഥാനത്തും.ഈ സംഭവം മഹതി തന്‍റെ സഹോദരനും വലിയ്യുമായ ശൈഖ് മന്‍സൂര്‍(റ)വിനോട് പറയുകയും അദ്ദേഹം കൈ വേര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.അപ്രകാരം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചപ്പോള്‍ കൈ വീണ്ടും ഗുഹ്യസ്ഥാനത്തേക്ക് തന്നെ വെക്കുകയുണ്ടായി.
(അല്‍ഹംദുലില്ലാഹില്ലദീ അള്ഹറ ഫീ ബയ്തിനാ നൂറല്‍ ഹുദല്‍ മുഹമ്മദിയ്യ) മുഹമ്മദീ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന് സര്‍വ്വ സ്തുതിയും.മാത്രമല്ല,ലോകത്തുള്ള ശൈഖന്മാരുടെയെല്ലാം ശൈഖും തന്‍റെ പദവി കൊണ്ട് ലോകമെമ്പാടും പ്രഭപരത്താന്‍ പോകുന്ന അത്ഭുത ശിശുവാണ്. (അര്‍റൗളുന്നളീര്‍ പേജ്; 18) ഈ പ്രവചനം അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു മഹാനര്‍കളുടെ ജീവിതം.
ജന്മദേശമായ ഉമ്മു അബീദയിലാണ് മഹാന്‍റെ പ്രാഥമിക പഠനം.മാതുലനായ ശൈഖ് മന്‍സൂര്‍(റ)ആയിരുന്നു പ്രഥമ ഗുരു.വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുകയും ഒട്ടനവധി വിജ്ഞാന ശാഖകളും പഠിച്ച മഹാന്‍ ധാരാളം ശിഷ്യഗണങ്ങള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കിക്കൊണ്ടിരുന്നു.അവരുടെയെല്ലാം പ്രശ്ന പരിഹാരങ്ങള്‍ക്ക് അത്താണിയായിരുന്നു മഹാന്‍.മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുക അവരുടെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്തുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ രീതി.അതീവ സൂക്ഷമത,സമസൃഷ്ടി സ്നേഹം,കാരുണ്യത്തോടെയുള്ള പെരുമാറ്റം മുതലായവ മഹാന്‍റെ സ്വഭാവ വൈശിഷ്ട്യങ്ങളില്‍ എടുത്തു പറയത്തക്കതാണ്.
സഹനത്തിന്‍റെയും ക്ഷമയുടെയും ഉത്തമ നിദര്‍ശനമായിരുന്നു രിഫാഈ(റ)വിന്‍റെ ജീവിതം.മാത്രമല്ല,അഗതികളേയും അനാഥരേയും അശരണരെയും സഹായിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു.ആഢംബരങ്ങളുടെയും മോടിയെയും അകറ്റി നിര്‍ത്തിയ മഹാന്‍റെ ശിഷ്യന്മാരോടും അത് തന്നെ ഉപദേശിച്ചിരുന്നു.തന്‍റെ ജീവിതം പൂര്‍ണ്ണമായും മറ്റുള്ളവര്‍ക്ക് മാതൃകാപരമായിരുന്നു.
ഒട്ടനവധി അത്ഭുത സംഭവങ്ങള്‍ ദൃശ്യമായ ശൈഖിന്‍റെ ജീവിതത്തില്‍ അനവധി കറാമത്തുകള്‍ ഉണ്ടായിട്ടുണ്ട്.അതില്‍ നിന്ന് ഏറ്റവും ശ്രദ്ധേയമായത് മഹാന്‍ ഹജ്ജിനു പോയ സമയത്ത് പ്രവാചകന്‍റെ റൗളാ ശരീഫ് സന്ദര്‍ശിക്കുകയും നബി(സ്വ)യോട് അസ്സലാമു അലൈകും യാ ജദ്ദീ എന്ന് സലാം പറഞ്ഞു.ഉടനെ തന്നെ നബി(സ്വ)യുടെ ഖബറിടത്തില്‍ നിന്ന് വഅലൈകുമുസ്സലാം യാ വലദീ എന്നു മറുപടിയുണ്ടായെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.പിന്നീട് കണ്ണീരൊലിപ്പിച്ച് ഒരു കീര്‍ത്തനം ആലപിക്കുകയും തിരു ഫുജ്റയില്‍ നിന്ന് നബി(സ്വ)യുടെ വിശുദ്ധ കരം പുറത്തേക്ക് നീട്ടപ്പെട്ടു.ഉടന്‍ ആ കരങ്ങള്‍ ചുംബിക്കുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു.അതു പോലെ തന്‍റെ ശിഷ്യന്മാരില്‍ ഒരാള്‍ക്ക് കാല്‍ വേദനയെ തുടര്‍ന്ന് ശൈഖ് അവറുകളുടെ സന്നിദ്ധിയില്‍ എത്തി.കാര്യം മനസ്സിലാക്കിയ മഹാന്‍ ശിഷ്യനെ ഒന്നു നോക്കി.ആ നോട്ടത്തോടെ വേദനകള്‍ മാറി.
ഉജ്ജ്വലമായ ഒരു വാഗ്വിലാസത്തിന്‍റെ ഉടമ കൂടിയായിരുന്നു ശൈഖ് രിഫാഈ(റ).ജനസഹസ്രങ്ങളെ പിടിച്ചിരുത്തിയിരുന്ന തങ്ങളുടെ പ്രഭാഷണങ്ങള്‍ അമൂല്ല്യജ്ഞാനങ്ങള്‍ കൊണ്ട് അനുഗ്രഹീതമായിരുന്നു. ലക്ഷങ്ങളെ ആത്മീയോന്നതിയിലേക്കുയര്‍ത്തി,നിരുപമ വൈജ്ഞാനിക വിപ്ലവത്തിനു നേതൃത്വം വഹിച്ച് സമൂഹത്തിന്‍റെ മനസ്പഥത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അശ്ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഈ(ഖു സി)ഹിജ്റ 578 ജമാദുല്‍ ഊലാ 12 ന് വ്യാഴാഴ്ച ളുഹ്റിന്‍റെ സമയത്ത് ഭൗതിക ലോകത്തോട് വിട പറഞ്ഞ് ആ മഹിത യാത്ര സമാപിച്ചു. ആ ദീപ സ്തംഭം കുറെയേറെ പ്രകാശ വീചികള്‍ ഇട്ടേച്ച് കെട്ടണഞ്ഞു.അവിടുന്ന് തന്‍റെ ലോകത്തിലേക്ക് നടന്നു പോയി.
Be the first to comment