എം എം ബഷീര്‍ മുസ്ലിയാര്‍(നഃമ): മുസ്ലിം കൈരളിയുടെ ധൈഷണിക വാഹകന്‍

മുഹമ്മദ് റഈസ് ഓമാനൂര്‍

ഇസ്ലാമിക ആശയങ്ങള്‍ക്ക് കീഴില്‍ അടിയുറച്ചുനിന്നും ബിദഈ ആശയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയും ചരിത്രത്തില്‍ ജ്വലിച്ചു നിന്ന മഹാ വ്യക്തിത്വമാണ് എം എം മുഹമ്മദ് ബഷീര്‍ മുസ്ലിയാര്‍(നഃമ). ലോകത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസങ്ങള്‍ക്ക് തറക്കല്ലിട്ടതും, ആ വിദ്യാഭ്യാസ സംഹിത വിപുലീകരിക്കുവാന്‍ കഷ്ടപ്പെട്ടതും ബഷീര്‍ മുസ്ലിയാരുടെ ജീവിതത്തില്‍ ഒരു സുന്ദര അധ്യായമായി നമുക്ക് വായിക്കാനാകും. മാത്രമല്ല,കേരളക്കരയില്‍ രംഗപ്രവേശനം ചെയ്ത ബിദഈ ആശയങ്ങള്‍ക്കെതിരെ ശക്തമായി മറുപടി നല്‍കുകയും അവരുടെ വികലമായ ചിന്തകള്‍ക്കെതിരെ പ്രസംഗത്തിലൂടെയും, സംവാദങ്ങളിലൂടെയും തുരത്തി ഓടിക്കാന്‍ ബഷീര്‍ ഉസ്താദിന് സാധ്യമായിട്ടുണ്ട്. അന്ത്യംവരെ മത നിയമങ്ങളെയും ആദര്‍ശങ്ങളെയും നെഞ്ചിലേറ്റി നാടിന്‍റെ നല്ലൊരു സേവകനായി മാറുവാന്‍ അദ്ദേഹത്തിന് സാധ്യമായിട്ടുണ്ടെന്ന് ചരിത്രം നമുക്ക് പറഞ്ഞ് തരുന്നുണ്ട്.

മലപ്പുറംജില്ലയിലെ ചേറൂരില്‍ പണ്ഡിതനായ വലിയ അഹമ്മദ് മുസ്ലിയാരുടെയും കല്ലന്‍കദിയുമ്മയുടേയും മകനായിട്ടാണ് മഹാനായ എം എം ബഷീര്‍ മുസ്ലിയാര്‍ ജനിക്കുന്നത്. മഹത്വം കൊണ്ടും മഹിമ കൊണ്ടും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ കുടുംബമായിരുന്നു മഹാന്‍റേത്. ബിദഈ ആശയങ്ങളുടേയും,പുത്തന്‍വാദികളുടേയും പ്രചാരണം വ്യാപകമായ സമയത്തിലൂടെയായിരുന്നു മഹാന്മാരുടെ ചെറുപ്പകാലഘട്ടം കടന്നു പോയത്. ബിദഈ ആശയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന തന്‍റെ പിതാവിന്‍റെ ജീവിതരീതിയെയും, ആശയങ്ങളെയും ചെറുപ്പത്തില്‍ തന്നെ ബഷീര്‍ മുസ്ലിയാര്‍ ശക്തമായി എതിര്‍ക്കുകയും ആ വഴിയില്‍ നിന്നും വ്യതിചലിച്ചു മുന്നേറുകയും ചെയ്തു.

ബഷീര്‍ മുസ്ലിയാര്‍ക്ക് ചെറുപ്പകാലത്തു തന്നെ നല്ല വിദ്യാഭ്യാസം കരസ്ഥമാക്കുവാന്‍ പിതാവിലൂടെ അവസരമുണ്ടായി. മതപഠനത്തിന് പുറമേ ഭൗതിക പഠനത്തിന് മഹാന്‍ താല്‍പര്യം കാണിച്ചിരുന്നു. ജീവിതത്തിന്‍റെ ആദ്യകാലത്ത് മതപഠന മേഖലയില്‍ ശ്രദ്ധ ചെലുത്തിയ മഹാന്‍ ഭൗതിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പിതാവിന്‍റെ വിയോഗത്തിന് ശേഷമാണ്. ഖുര്‍ആനിന്‍റെ വ്യാഖ്യാനമായ തഫ്സീറിലും, തര്‍ക്കശാസ്ത്രം,മന്‍ത്വിക് എന്നീ പഠന മേഖലയിലും മഹാന്‍റെ കഴിവ് നിസ്തുലമാണെന്ന് ചരിത്രംരേഖപ്പെടുത്തുന്നു. തന്‍റെ ഗുരുനാഥന്‍മാരെ ബഹുമാനിച്ചും, ആദരിച്ചുമായിരുന്നു മഹാന്‍ വിജ്ഞാനം കരഗതമാക്കിയിരുന്നത്. പഠന വിഷയങ്ങളില്‍ കഠിന പ്രയത്നമായിരുന്നു മഹാന്‍ നടത്തിയിരുന്നത്. കിതാബുകളും,ഭൗതിക വിഷയങ്ങളും വളരെ ഗഹനമായി പഠിക്കുവാന്‍ മഹാന്‍ താല്‍പര്യം കാണിച്ചിരുന്നു. വിജ്ഞാന കുതുകിയായ മഹാന്‍റെ കഠിനാദ്ധ്വാനത്തെക്കുറിച്ച് നിരവധി പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍ കോട്ടുമല ഉസ്താദ് പറഞ്ഞു:”അര്‍ദ്ധരാത്രി വളരെ വൈകി ഏതെങ്കിലും പരിപാടി കഴിഞ്ഞു വരുമ്പോള്‍ ചെറിയ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ കിതാബോതിപഠിക്കുന്ന ബഷീറിനെ ഞാന്‍ കാണാറുണ്ടായിരുന്നു. അവസാനം ഞാന്‍ നിര്‍ബന്ധിച്ചു പറഞ്ഞയക്കാറായിരുന്നു പതിവ്”.

നിരവധി മഹാന്മാരില്‍ നിന്നും എംഎം ബഷീര്‍ മുസ്ലിയാര്‍ വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. 1947-ല്‍ കര്‍മ്മനിരതനും അക്ഷമ പ്രവര്‍ത്തകനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ നിന്നാണ് ഇസ്ലാമിന്‍റെ ബാലപാഠങ്ങള്‍ ഓതിപ്പഠിച്ചത്. 1953 വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുകയും മത ഭൗതിക വിജ്ഞാനം ധാരാളം കരസ്ഥമാക്കുവാനും മഹാന് സാധ്യമായി. ഈ കാലയളവില്‍ നിരവധി ശൈഖുമാര്‍ അവിടെ ഉണ്ടായിരുന്നു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത്, ശൈഖുല്‍ ഹദീസ്, ഹസന്‍ ഹസ്റത്ത് എന്നിവര്‍ അവരില്‍ പ്രമുഖരാണ്.

കാലാന്തരം എം എന്‍ മൊയ്തീന്‍ ഹാജിയുടെ മകള്‍ സൈനബയുമായുള്ള വിവാഹത്തിന് ശേഷം മഹാന്‍ വിദ്യാര്‍ത്ഥി ജീവിതത്തില്‍നിന്നും അധ്യാപന മേഖലയിലേക്ക് കടന്നു വന്നു. വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ ഭാഷയിലുള്ള അധ്യാപനരീതി ആയിരുന്നു മഹാന്‍റേത്. പ്രധാന അധ്യാപക കാലഘട്ടമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിലും, കൊണ്ടോട്ടി പഴയങ്ങാടി ജുമാഅത്ത് പള്ളിയിലും ബഷീര്‍ മുസ്ലിയാരുടെ അധ്യാപനരീതി വളരെ വ്യത്യസ്തമായിരുന്നു. ദര്‍സുകളില്‍ വന്നു ക്ലാസ്സ് എടുക്കുമ്പോള്‍ വലിയ കിതാബുകള്‍ റഫര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് മടുപ്പ് ഉണ്ടാക്കും എന്ന് മനസ്സിലാക്കിയ ബഷീര്‍ മുസ്ലിയാര്‍ ഒരു ചെറിയ പഠനകുറിപ്പുമായിട്ടാണ് ക്ലാസ്സില്‍ വരാറുള്ളത്. പൊതുവിജ്ഞാനം എത്തിപ്പിടിക്കാന്‍ എഴുത്തും, പ്രഭാഷണവും ഒരുപോലെ ആവശ്യമാണെന്ന് മനസ്സിലാക്കിയ മഹാന്‍ അതിനായി പരിശീലന സദസ്സുകള്‍ നടത്തി വിദ്യാര്‍ത്ഥികളുടെ കഴിവുകളെ ഉയര്‍ത്തി എടുത്തു.

വളരെ ഘടനാപരമായ രീതിയിലാണ് മഹാന്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെ കൊണ്ടുപോയത്. ഈ ഒരു വിശാലമായ സിലബസിനെ കുറിച്ച് വലിയ കാഴ്ചപ്പാട് മഹാനുണ്ടായിരുന്നു. ‘റിയാളുസ്വാലിഹീന്‍’ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുകയും അതിനു കീഴില്‍ കയ്യെഴുത്ത് മാഗസിനുകള്‍ പ്രസിദ്ധീകരിക്കുവാനും മഹാന്‍ കുട്ടികളെ പ്രാപ്തരാക്കി. വര്‍ഷാവസാനം മൂല്യ നിര്‍ണയ പരീക്ഷകള്‍ നടത്തുകയും, വിദ്യാര്‍ത്ഥികളുടെ അന്തര്‍ലീനമായ കഴിവുകളെ പുറത്തെടുക്കുകയും ചെയ്തു.

മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ആദ്യാക്ഷരം കുറിച്ച റഹ്മാനിയ കലാലയം കേരളത്തില്‍ ഉയര്‍ച്ച നേടിയത് എം എം ബഷീര്‍ മുസ്ലിയാരുടെ കഠിനപ്രയത്നം കൊണ്ടാണ്. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ പഠനത്തോടൊപ്പം സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് ഭൗതിക പഠനവും, ‘നഹവുല്‍ വാളിഹ് ‘,’ഖിറാഅത്തു റാശിദ’ പോലോത്ത പുതിയ കിതാബുകള്‍ സമന്വയിച്ചതിലൂടെ വലിയ വിജയം കരസ്ഥമാക്കി. ബ്ലാക്ക് ബോര്‍ഡ്, രജിസ്റ്റര്‍ പോലെയുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചതിലൂടെ സമന്വയ വിദ്യാഭ്യാസത്തിന്‍റെ വക്താവ് എന്ന ഖ്യാദി അദ്ദേഹത്തിന് ലഭ്യമായി.

ദീനീരംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങളോടൊപ്പം പൊതുരംഗത്തും കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ മഹാനായ ബഷീര്‍ മുസ്ലിയാര്‍ കാഴ്ചവെച്ചിട്ടുണ്ട്. തന്‍റെ ജډനാടായ ചേറൂരില്‍ നടന്നിരുന്ന പൊډള മൊയ്തീന്‍ മുസ്ലിയാരുടെ ദര്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് ശേഖരണവും,അതിമ്പുറമെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ എന്ന സംഘടന രൂപീകരിച്ച് നടത്തിയ പരിപാടികളും അതിന് ഉദാഹരണങ്ങളാണ്.. കുറേക്കാലമായി തര്‍ക്കത്തില്‍ ആയിരുന്ന ചേറൂരിലെ 2 കുടുംബങ്ങളെ ഒരുമിപ്പിക്കുവാനും മഹാന് സാധ്യമായി. വശ്യമായ ശൈലിയിലൂടെയുള്ള പ്രസംഗങ്ങളും, ഉപദേശങ്ങളും അദ്ദേഹത്തെ സമസ്തയുടെ നേതാവാക്കി. കണിശ നിലപാടുകളിലും, ഉറച്ച തീരുമാനങ്ങളിലും സമസ്തയില്‍ കുറേക്കാലം സേവനം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വേങ്ങര റേഞ്ച് പ്രസിഡന്‍റ്, എസ് വൈ എസ് തിരൂര്‍ താലൂക്ക് പ്രസിഡന്‍റ്, സമസ്ത ജില്ലാ സെക്രട്ടറി, സമസ്ത മുശാവറ മെമ്പര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ മുതലായ ഉയര്‍ന്ന സ്ഥാനങ്ങള്‍ വളരെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാന്‍ മഹാനായിട്ടുണ്ട്.

തന്‍റെ ജീവിതത്തിന്‍റെ സമസ്ത ഭാഗവും പൊതു പ്രവര്‍ത്തനത്തിലും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും കുറേ വര്‍ഷങ്ങള്‍ അദ്ദേഹം മാറ്റിവെച്ചു. കാലാന്തരം പൊതു പ്രവര്‍ത്തന മേഖലയില്‍ നിന്നും ചേറൂരിലെ പള്ളിയില്‍ ഖത്തീബ് സ്ഥാനം ഏറ്റെടുക്കുകയും കുടുംബത്തിന്‍റെ യശ്ശസ് കാത്തു സൂക്ഷിക്കുകയും ചെയ്തു. ജീവിതത്തിന്‍റെ നിഖില മേഖലകളിലും വ്യത്യസ്തമായ ആശയങ്ങള്‍ രൂപപ്പെടുത്തി ജനമനസ്സുകളെ കീഴടക്കിയ ബഷീര്‍ മുസ്ലിയാര്‍ 1987 ലോകത്തോട് വിടപറഞ്ഞു. ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട സ്ഥാപനങ്ങളും പദ്ധതികളും മഹാന്‍റെ സ്മരണകള്‍ ആയി ജനങ്ങളുടെ ഹൃദയത്തില്‍ ഇന്നും നിലനില്‍ക്കുന്നു.. സമസ്തയുടെ മാസ്റ്റര്‍ ബ്രെയിന്‍ ആയ ബഷീര്‍ ഉസ്താദ് നവ കൈരളിയുടെ ധൈഷണികമായ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നു കൊണ്ടിരിക്കുന്നു.

About Ahlussunna Online 725 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*