സഹിഷ്ണുത ഇസ്ലാമിന്‍റെ മുഖമുദ്ര

കെ. എം റഊഫ് കൊണ്ടോട്ടി

തന്‍റെ മതം സത്യമാണെന്ന വിശ്വാസത്തോടു കൂടെ ഇതര മതങ്ങളെ അവഹേളിക്കരുതെന്ന് പ്രഖ്യാപിച്ച മതമാണ് ഇസ്ലാം.ഇന്നലെകളിലെ ഇതര മതസ്ഥരോടുള്ള മുസ്ലിം മനസ്ഥിതിയെ പരിശോധിച്ചാല്‍ ഒട്ടനവധി ചരിത്രച്ചീന്തുകള്‍ കാണാനാവും. മറ്റു മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറാനും അവരെ ബഹുമാനിക്കാനുമാണ് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും പഠിപ്പിക്കുന്നത്. എന്നാല്‍ സമീപ കാലത്ത് ഇസ്ലാമിനെ വര്‍ഗീയതയുടെയും ഭീകരതയുടെയും മതമായി ചിത്രീകരിച്ച്േി ആഗോള തലത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നവാന്തരീക്ഷത്തില്‍ അനസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിനെ താറടിച്ചു കാണിക്കാന്‍ വേണ്ടി പല ഇതര മതാന്ധരും കുത്സിത ശ്രമങ്ങള്‍ നടത്തുമ്പോള്‍ കുഴിച്ചുമൂടപ്പെടുന്നത് മുസല്‍മാന്‍റെ ഇന്നലെകളിലെ പ്രതാപത്തെയാണ്.

അല്ലാഹുവിന്‍റെയടുക്കല്‍ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണെന്ന ബോധം ഉള്‍ക്കൊണ്ടു തന്നെ മറ്റു മതസ്ഥരെയും ഇസ്ലാം മാനിക്കുന്നു. വിശുദ്ധ ഇസ്ലാമിന്‍റെ ഇതര മതസ്ഥരോടുള്ള വീക്ഷണത്തെ തെറ്റായി വ്യാഖ്യാനിച്ചത് പാശ്ചാത്യരാണ്. ഇസ്ലാമിന്‍റെ ഉദയം ലോകത്തെ മാറ്റിമറിച്ചു. തന്‍മൂലം പാശ്ചാത്യരിലും ക്രൈസ്തവരിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. തങ്ങളുടെ മതമായ ക്രൈസ്തവതയെ ഉയര്‍ത്താനും ഇസ്ലാമിനെ ഇകഴ്ത്താനും വേണ്ടി അവരാണ് ഇസ്ലാമിന്‍റെ തനിമയാര്‍ന്ന ആശയാദര്‍ശങ്ങളെ വളച്ചൊടിച്ച് തീവ്രവാദത്തിന്‍റെ മതമായി മുദ്ര കുത്തുന്നത്. ഇന്ന് ഇസ്ലാമിക ലേബലില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ഇല്ലെന്ന് ഒരിക്കലും പറയാനാകില്ല. എന്നാല്‍ ഒരിക്കലും ഇസ്ലാം തീവ്രവാദത്തെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.”ആരെങ്കിലും യാതൊരുവിധ ഹഖും കൂടാതെയോ ഫസാദുണ്ടാക്കാന്‍ വേണ്ടിയോ വല്ലവനെയും കൊല്ലുകയാണെങ്കില്‍ അവന്‍ ഭൂമിയിലെ സകലരെയും വധിച്ചുകളഞ്ഞവനെ പോലെയാണെന്നാണ്.” വിശുദ്ധ ഖുര്‍ആനികാദ്ധ്യാപനം.

ഇസ്ലാമിന്‍റെ പ്രഭവകാലം മുതലുള്ള ഗമന പാതയിലേക്കൊരു ചികഞ്ഞന്വേഷണം നടത്തിയാല്‍ തേജസ്സുറ്റ ഒരുപാട് സഹിഷ്ണുതയുടെ മകുടോദാഹരണങ്ങളുടെ ചരിത്ര സംഭവങ്ങള്‍ തന്നെ കാണാം. സര്‍ തോമസ് അര്‍ണോള്‍ഡ് പറയുന്നു: മുഹമ്മദ് നബി (സ) പല അറബ് ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്ക് അദ്ദേഹം സംരക്ഷണവും സ്വന്തം മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തി. അവരുടെ പുരോഹിതന്മാര്‍ക്ക് കീഴിലുണ്ടായിരുന്ന സവിശേഷാധികാരങ്ങള്‍ പഴയതു പോലെ ഉണ്ടായിരുന്നില്ല. (ഇസ്ലാം പ്രബോധനവും പ്രചാരവും). ഇങ്ങനെ വിശുദ്ധ ഇസ്ലാമിന്‍റെ സഹിഷ്ണുത നിറഞ്ഞ ഉദാഹരണ സംഭവങ്ങള്‍ ധാരാളമുണ്ട്. മക്കാ വിജയത്തിന്‍റെ സമയത്ത് സകല ശത്രുക്കളെയും വധിക്കാനവസരം കിട്ടിയിട്ടും നബി (സ) പറഞ്ഞത് നിങ്ങളിന്ന് സ്വതന്ത്രരാണെന്നാണ്. അതുപോലെ നിന്‍റെ അയല്‍വാസി അമുസ്ലിമാണെങ്കില്‍ പോലും നീ അവനെ ബഹുമാനിക്കുക എന്ന നബി(സ)യുടെ മഹത് വചനത്തെക്കാള്‍ വലിയ മറ്റൊരു വചനാമൃതും ഒരൊറ്റ മര്‍ത്യനും ഭൂവില്‍ മൊഴിഞ്ഞിട്ടില്ല.

അധിനിവേശത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും മതം മാത്രമായി ഇസ്ലാമിനെ വിലയിരുത്തുന്നവര്‍ മനസ്സിലാക്കേണ്ട കാര്യമെന്തെന്നാല്‍ ഇസ്ലാം ഏതെങ്കിലും നാട് പിടിച്ചടക്കാന്‍ വേണ്ടി ശ്രമിക്കുകയാണെങ്കില്‍ (പിടിച്ചടക്കലും അധിനിവേശവും മിക്ക മതത്തിലും പണ്ടുമുതലേ സര്‍വ്വ സാധാരണമായിരുന്നു) അവര്‍ക്കു മുന്നിലേക്ക് മൂന്ന് കാര്യങ്ങള്‍ വെക്കണമെന്നാണ്. മുസ്ലിമാവുക, യുദ്ധത്തിനിറങ്ങുക, കപ്പം (ജിസ്യ) നല്‍കുക എന്നിവയാണവ.

ഇതില്‍ മൂന്നാമത്തെ കാര്യമായ കപ്പം നല്‍കി അവര്‍ ഇസ്ലാമിക ഭരണത്തിനു കീഴില്‍ വസിക്കുകയാണെങ്കില്‍ അവരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മുസ്ലിം ഭരണാധികാരി ഏറ്റെടുക്കേണ്ടതുമുണ്ട്. മുസ്ലിം സൈനിക മേധാവി അബൂ ഉബൈദ ബഅ്ലബക് നിവാസികളുമായി ചെയ്ത കരാറില്‍ ഇങ്ങനെ കാണാം. ബഅ്ലബക് നിവാസികള്‍ക്കെന്നപോലെ അവിടെയുള്ള റോമാക്കാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും അറബികള്‍ക്കും ബാധകമാകുന്നതുമായ പൊതു കരാറാണിത്. നഗരത്തിനകത്തും പുറത്തുമുള്ള അവരുടെ വീടുകള്‍ക്കും ചര്‍ച്ചുകള്‍ക്കും ജീവനും സ്വത്തിന്നും അഭയമുണ്ട്ڈ.

ലോകമെമ്പാടും ഇന്നും സ്മരിക്കപ്പെടുന്ന ഖുദ്സ് വിമോചകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബ്(റ)യെ ക്രൈസ്തവര്‍ മുദ്ര കുത്തിയത് വെറും അക്രമകാരി മാത്രമായിട്ടാണെങ്കില്‍ അതേ ക്രൈസ്തവര്‍ക്കു തന്നെ പലതവണ മാപ്പു നല്‍കുകയും സന്ധിയിലേര്‍പ്പെടുകയും ചെയ്തതും സ്വലാഹുദ്ദീന്‍ അയ്യൂബി (റ) തന്നെയായിരുന്നു.

ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ മതേതരത്വ രാജ്യമായ ഇന്ത്യ ഇന്നും മതേതരത്വ രാഷ്ട്രമായി നിലനില്‍ക്കാന്‍ പ്രധാന കാരണം ഹിന്ദുക്കള്‍ തന്നെയാണെന്ന സത്യം അംഗീകരിക്കപ്പെടേണ്ടതു തന്നെ. ഇതര രാഷ്ട്രങ്ങളെ അപേക്ഷിച്ച് സര്‍വ്വ മതങ്ങളെയും വരവേല്‍ക്കുകയും വിവിധ മതങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത ഭാരത മണ്ണില്‍ ഇസ്ലാമിന്‍റെ വെണ്ണിക്കൊടിയുമായി വന്ന മാലിക് ദീനാര്‍(റ)നെയും സംഘത്തെയും സ്വീകരിച്ചത് ഹൈന്ദവര്‍ തന്നെയായിരുന്നു. എന്നാല്‍ ആ ഹൈന്ദവ മതേതരത്വം ഇന്ന് നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഇതേ ഭാരതത്തിന്‍റെ ഭരണം എഴുനൂറ് വര്‍ഷക്കാലത്തോളം മുസ്ലിം രാജാക്കന്മാരുടെ കയ്യിലായിരുന്നിട്ടും ഹൈന്ദവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയോ അവരെ ഉന്മൂലനം ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാരണം മുസ്ലിം ഭരണത്തിന് കീഴില്‍ ഇന്ത്യ വന്നപ്പോള്‍ ഔറംഗസീബും ഷാജഹാനും ക്ഷേത്രങ്ങള്‍ ധ്വംസിച്ചുവെന്ന് പറഞ്ഞുനടക്കുന്ന ചിലരുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ ക്ഷേത്ര സംരക്ഷകര്‍കൂടിയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഔറംഗസീബിന്‍റെ മത സമീപനം അലക്സാണ്ടര്‍ ഹാമില്ടണ്‍ ഇങ്ങനെ വിലയിരുത്തുന്നു,
ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണ്ണമായ മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നതിനു പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരുന്നപ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ഇപ്പോഴും ആഘോഷിക്കാനുള്ള സൗകര്യങ്ങളുണ്ട്. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവ വിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ത്ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു തര്‍ക്കവും നടക്കുന്നില്ല. ഏതൊരാള്‍ക്കും അയാള്‍ ആഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മതധ്വംസനങ്ങള്‍ അജ്ഞാതമാണ്. (അഹലഃമിറലൃ ഒമാശഹീിേ അ ിലം മരരീൗിേ ീള വേല ഋമെേ കിറശലെ: ഢീഹ1, ജഴ159,162,163)

ഇന്ത്യയില്‍ ടിപ്പുസുല്‍ത്താനെ മതഭ്രാന്തനെന്നും ക്ഷേത്ര ധ്വംസകനെന്നുമൊക്കെ വിവാദ പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഈ ടിപ്പുസുല്‍ത്താന്‍ തന്നെയായിരുന്നു ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായങ്ങള്‍ നല്‍കിയതുമെന്നതെന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു? മലബാറിലാകട്ടെ മമ്പുറം തങ്ങളും ഉമര്‍ ഖാളിയുമൊക്കെ വെച്ചുപുലര്‍ത്തിയ സഹിഷ്ണുതാ മനോഭാവത്തിന്‍റെ തെളിവുകളാണ് ഇന്നും പല അമുസ്ലിംകളും തങ്ങളുടെ ആവശ്യ നിര്‍വ്വഹണത്തിന് വേണ്ടി ഈ മഹാരഥന്മാരുടെ മഖ്ബറകളില്‍ പോകുന്നത്. ഇവിടെ പരാമര്‍ശിച്ച പേരുകള്‍ എല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ഇതെല്ലാം ചരിത്രത്തെ വളച്ചൊടിക്കുന്ന മതഭ്രാന്തന്മാടെ കണ്ണില്‍ പെടാതെ പോയതെന്തുകൊണ്ടെന്നു മാത്രം മനസ്സിലായില്ല.

ഇസ്ലാം വെച്ചുപുലര്‍ത്തുന്ന സഹിഷ്ണുത ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് വലിച്ചിട്ട് ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നാടുകളില്‍ തന്നെയാണ് ഇന്നേറ്റവും കൂടുതല്‍ ഇസ്ലാം പടര്‍ന്നു പന്തലിക്കുന്നതെന്നത് പ്രാപഞ്ചിക സത്യമാണ്. ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്ലാം വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടിന് തെളിവായി ഇനിയും ഖുര്‍ആനില്‍ തന്നെ കാണാം: അല്ലാഹുവിനെ കൂടാതെ അവരാരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ശകാരിക്കരുത് (വി.ഖു 6108)
അന്യോന്യം സഹവര്‍ത്തിത്വവും സഹിഷ്ണുതയും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ സമാനതകളില്ലാതെ അവതരിപ്പിച്ച മതമാണ് ഇസ്ലാമെന്ന് ബുദ്ധിയുള്ള ഏതൊരു മനുഷ്യനും കണ്ടെത്താന്‍ കഴിയുന്ന കാര്യമാണ്. പ്രത്യക്ഷപരമായും പരോക്ഷപരമായും ഇസ്ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകളെ ഇതര മതങ്ങളുമായി തുലനം ചെയ്യുമ്പോള്‍ മറ്റു മതങ്ങളൊക്കെയും ബഹുദൂരം പിന്നിലാണെന്നതാണ് സത്യം.

About Ahlussunna Online 727 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*