റൂമി: ഇലാഹീ പ്രണയത്തിന്റെ തോരാമഴ

റഊഫ് കൊണ്ടോട്ടി

പതിമൂന്നാം നൂറ്റാണ്ടിലെ ആ മാധുര്യ ഈരടികള്‍ ഇന്നും ലോകം ഏറ്റു പാടുന്നുവെങ്കില്‍, സൂഫിസത്തെക്കുറിച്ചു പറയുന്നിടത്തെല്ലാം നിസ്സംശയം അങ്ങയുടെ നാമം സ്മരിക്കുന്നുവെങ്കില്‍ ഏ മൗലാനാ അങ്ങയ്ക്കു മരണമില്ല. ഇലാഹിനെ അറിഞ്ഞ, അവന്റെ ദിവ്യാനുരാഗത്തിന്റെ ചഷകത്തില്‍ അനശ്വരതയുടെ മധുനുകര്‍ന്ന ഖുദാവംദഗര്‍, ലോകരെ സ്വാധീനിച്ച കവികളില്‍ അങ്ങല്ലയോ പരമോന്നതന്‍. മസ്‌നവിയും ഫീഹി മാ ഫീഹിയും തീര്‍ത്ത അലകളെയും ആഴപ്പരപ്പിനെയും ഭേദിക്കാന്‍ ഒരു രണ്ടാം ഖാമൂശ് ഇനി പിറക്കുക തന്നെ അസാധ്യം.

ദിവ്യാനുരാഗത്തിന്റെ തോരാമഴയായി ജനഹൃദയങ്ങളെ കുളിരണിയിപ്പിച്ച പേര്‍ഷ്യന്‍ കവിയാണ് റൂമി (റ). ഒരു കവി എന്നതിനപ്പുറം തികഞ്ഞ സൂഫീവര്യനും ദാര്‍ശനികനും തത്വജ്ഞാനിയുമായിരുന്നു മൗലാന. അദ്ധേഹത്തെ ആഴത്തില്‍ പഠിക്കാത്തവര്‍ കേവലം പ്രണയത്തിന്റെ ഒരു ബ്രാന്‍ഡ് നാമമായിട്ട് മഹാനെ എഴുതിയും പാടിയും നടക്കുമ്പോള്‍ എന്തായിരുന്നു റൂമി(റ)യുടെ പ്രണയമെന്നും ആരായിരുന്നു മഹാന്റെ പ്രേമഭാജനമെന്നും മനസ്സിലാക്കേണ്ടതുണ്ട്.

മജ്‌നുവിന് ലൈലയും സലീം രാജകുമാരന് അനാര്‍ക്കലിയുമായിരുന്നു പ്രണയിനിയെങ്കില്‍ റൂമി (റ) യുടെ പ്രേമഭാജനം ആര്?

ഇബ്‌നു സീനാ പോലുള്ള ദാര്‍ശനികന്‍മാര്‍ക്കും തസവ്വുഫിന് വിശ്വ മഹാമാതൃക കാഴ്ചവെച്ച ഇബ്രാഹീം ബ്‌നു അദ്ഹം, ശഫീഖുല്‍ ബല്‍ഖി തുടങ്ങിയ ത്യാഗിവര്യന്‍മാര്‍ക്കും ജന്മം നല്‍കിയ ചരിത്രപ്രസിദ്ധമായ ഖുറാസാനിലെ ബല്‍ഖ് പട്ടണത്തില്‍ ഹിജ്‌റ 604, എ.ഡി 1207 സെപ്തംബര്‍ 30 നായിരുന്നു മൗലാന ജലാലുദ്ധീന്‍ റൂമി(റ)യുടെ ജനനം. യൗവനാരംഭത്തില്‍തന്നെ കുടുംബം തുര്‍ക്കിയിലെ അതാതോലിയയിലേക്ക് താമസം മാറി. ഇവിടം നേരത്തെ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നതിനാലാണ് റോമാക്കാരന്‍ എന്നര്‍ത്ഥമുള്ള ‘റൂമി’ എന്ന പേരുവരാന്‍കാരണം

മുഹമ്മദ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. ജലാലുദ്ധീന്‍ വിളിപ്പേരാണ്. മൗലാന, മൗലവി, ഖുദാവംദഗര്‍ എന്നീ പേരുകളിലും അറിയപ്പെട്ടു. പിതാവ് ബഹാവുദ്ധീന്‍ വലദില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബുര്‍ഹാനുദ്ധീന്‍ മുഹഖിഖ് എന്ന പണ്ഡിതനില്‍ നിന്ന് തുടര്‍പഠനവും നേടി. മുപ്പത്തിയെട്ടാമത്തെ വയസ്സില്‍ തന്റെ ആത്മീയ ഗുരു ശൈഖ് ശംസ് തബ്രീസിയെ കണ്ടെത്തുന്നതോടെയാണ് മൗലാന റൂമി(റ)യുടെ ജീവിതത്തില്‍ അത്ഭുതകരമായ പരിവര്‍ത്തനം സംഭവിക്കുന്നത്. തുടര്‍ന്നങ്ങോട്ട് റൂമിയുടെ ലോകം വേറിട്ട അനുഭൂതിയുടെയും ഇലാഹീഉണ്‍മാദത്തിന്റെയും പൂന്തോപ്പിലൂടെയായിരുന്നു. റൂമി(റ)യുടെ വരികളില്‍ പ്രണയമുണ്ട്. അല്ല, പ്രണയമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അത് ഇന്ന് ചിലര്‍ കാണുന്ന ലൗകിക പ്രണയമായിരുന്നില്ല. അല്‍ ഹുബ്ബു ഫില്ലാഹ് (പ്രപഞ്ചനാഥനിലുള്ള പ്രണയം) ആയിരുന്നു.

ഇന്നേറെ തെറ്റിദ്ധരിക്കുകയും ദുര്‍വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത റൂമി (റ)ക്കപ്പുറം ഇസ്ലാമിന്റെ അന്തസത്തയെ രുചിച്ചറിഞ്ഞ ജലാലുദ്ധീന്‍ റൂമി (റ) യുണ്ട്.സൂഫീസംഗീതവും സൂഫീനൃത്തവുമെല്ലാം പാശ്ചാത്ത്യ ലോകത്തും മറ്റും ഇന്നേറെ പ്രസിദ്ധമാണ്. മൗലാന റൂമി(റ) പാടുകയും നൃത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്. കാണാകാഴ്ചകള്‍ കണ്ടതിന്റെ ആനന്ദവും മറകളെല്ലാം നീങ്ങി സത്യംകണ്ടതിന്റെ സന്തോഷ ലഹരിയുമായിരുന്നു അത്. അറിവിന്റെ വ്യത്യസ്ത കൈവഴികള്‍ റൂമി(റ)യില്‍ സംഗമിച്ചിരുന്നു. ഇലാഹീ പ്രണയത്തിന്റെ പ്രഭയില്‍ പ്രപഞ്ചത്തിലുള്ള ഓരോ കണികയിലും തന്റെ അനുരാഗിയെ കണ്ടെത്തുകയായിരുന്ന മൗലാന ഒരു ആത്മാന്വേഷിയായി തന്റെ ദാഹം തീര്‍ക്കുകയായിരുന്നു. ‘സമ’ എന്ന അദ്ധേഹം ആവഷ്‌ക്കരിച്ച കറങ്ങുന്ന നൃത്തം ഈ ആത്മീയ യാത്രയെ പ്രതീകവത്കരിക്കുന്നു. എല്ലാ ഉണ്‍മകളും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു എന്ന സത്യത്തെയാണ് നൃത്തത്തിലെ മന്ദഗതിയില്‍ ആരംഭിച്ച് വേഗത കൈവരിക്കുന്ന വട്ടം ചുറ്റല്‍ ഓര്‍മ്മിപ്പിക്കുന്നത്.

ദര്‍വേശ് ധരിക്കുന്ന വെളുത്ത വസ്ത്രം അഹംഭാവത്തിന്റെ ശവകുടീരം. അല്‍പം ചരിഞ്ഞ് വാനിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൈ ദിവ്യാനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നു. ഹൃദയത്തോടു ചേര്‍ത്തുവച്ച ഇടതു കൈയ്യിലൂടെ ആ അനുഗ്രഹങ്ങള്‍ ഭൂമിക്ക് ധാനം ചെയ്യുന്നു. വലത്തു നിന്നു ഇടത്തോട്ട് ഹൃദയത്തിന് ചുറ്റുമാണ് ദര്‍വേശിന്റെ പരിക്രമണം. ഒടുവില്‍ ആത്മീയ നിര്‍വൃതിയില്‍ നിലംപതിക്കുന്നു. നാം കാണാത്ത ലോകത്തെ തന്റെ ആത്മീയ പ്രഭയാല്‍ നെയ്‌തെടുത്ത അന്വേഷിയായിരുന്നു മഹാന്‍. ആത്മീയാനുഭൂതിയുടെ ഉണ്‍മയും ശൂന്യവും രുചിച്ചറിഞ്ഞ മൗലാന 1273 ല്‍ ഇപ്പോള്‍ തുര്‍ക്കിയിലുള്ള ഖുന്‍യയില്‍ വച്ച് ഇഹലോകവാസം വെടിഞ്ഞുവെങ്കിലും തന്റെ രചനാത്ഭുതമികവ് കൊണ്ട് ഇന്നും ജീവിക്കുന്നു.

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

1 Comment

Leave a Reply

Your email address will not be published.


*