സമന്വയ വിദ്യാഭ്യാസത്തിന്‍റെ കേരള മോഡലിന് അരനൂറ്റാണ്ട്

അസാമാന്യ ധൈര്യമാണ് ആ മഹാന്‍ കാണിച്ചത്. നിറഞ്ഞ പള്ളി ദര്‍സുകള്‍ നിലനിന്ന നാട്. അഗ്രേഷുക്കളായ പണ്ഡിതമഹത്തുക്കള്‍ ശോഭിച്ചു നിന്ന ദേശം. പക്ഷേ, ശുഷ്‌ക്കിച്ചു വരുന്ന ദര്‍സുകള്‍ക്കും നവീന ചിന്തകരുടെ കടന്നു കയറ്റത്തിനും തടയിടാന്‍ അദ്ദേഹം ഒരേ ഒരു മാര്‍ഗമാണ് മുന്നില്‍ കണ്ടത്. കാലത്തിന്‍റെ മുന്നേ നടന്ന ആ ചിന്തയുടെ ഫലമാണ് അര നൂറ്റാണ്ട് തികയുന്ന മത ഭൗതിക സമന്വയത്തിന്‍റെ മലയാള മാതൃകയായ ആദ്യ വെള്ളി നക്ഷത്രം കോഴിക്കോട് ജില്ലയിലെ കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്. ഗോള്‍ഡന്‍ ജൂബിലിയുടെ ശോഭയില്‍ അരനൂറ്റാണ്ടിന്‍റെ അത്യപൂര്‍വ്വ ചരിത്ര ഏടുകള്‍ കടമേരി റഹ്‌മാനിയ്യ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആ മഹനിയ്യ സ്ഥാപനമിന്ന് ലോകത്തിന്‍റെ മുമ്പില്‍ അയവിറക്കുകയാണ്.കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രധാനിയും പൗരമുഖ്യനുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ എന്ന സ്വാതികനായ ആ മഹാമനീഷി മതവിജ്ഞാന മേഖലയുടെ ഭാവി ലോകത്തെ റഹ്‌മാനിയ്യയിലൂടെ സ്വപ്നം കാണുമ്പോള്‍ ഇത്തരമൊരു ആലോചന പോലും അസംഭവ്യമായി കാണുന്ന കാലത്താണ് ഉണ്ടായിരുന്നത്. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ഭാവനയില്‍ കാണുന്ന മത സമന്വയ പഠനരീതി അന്ന് ആര്‍ക്കും അത്ര പരിചിതമല്ല. കേരളിയ പരിസരം അതിന്‍ മാത്രം വളര്‍ന്ന വളക്കൂറുള്ള ഭൂമിയായിരുന്നില്ല.എഴുപതുകളുടെ തുടക്കം പലതു കൊണ്ടും ദര്‍സ് മേഖല നിര്‍ജീവമായി വരുന്ന സന്ദര്‍ഭമാണ്. നവീനവാദികള്‍ ഒരു ഭാഗത്തും പുത്തന്‍ ഗള്‍ഫനുഭവങ്ങള്‍ പ്രാരംഭം കുറിച്ച പ്രവാസ മധുരത്തിന്‍റെ മറ്റൊരു ഭാഗവും. ആ ഊഷര ഭൂമിയിലാണ് ആരും ആക്ഷേപിച്ചേക്കാവുന്ന ലക്ഷ്യവുമായി ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ഇറങ്ങുന്നത്.ഇന്ന് തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ മുഴുവന്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങളും ആ അസാമാന്യ ധൈര്യത്തോട് പിന്തുടര്‍ച്ച സ്വീകരിച്ചതിന്‍റെ ജീവിക്കുന്ന സാക്ഷി പത്രങ്ങളാണ്. അവരെത്രയും കടപ്പെട്ടിരിക്കുന്നത് കടമേരി റഹ്‌മാനിയ്യയുടെ ആ സ്ഥാപകനോടാണ്.

തുടക്കം

1972 ജനുവരി 30.
അന്ന് വടകര താലൂക്കിലെ പണ്ഡിതന്മാരും സയ്യിദന്മാരും പൗരപ്രമുഖരും കാരണവന്‍മാരും കടമേരി ജുമുഅത്ത് പള്ളിയില്‍ എത്തിച്ചേര്‍ന്നു. അതി വിപുലമായ ആ ഉലമ-ഉമറ സംഗമത്തിലേക്ക് അവര്‍ ഒഴുകി വരികയായിരുന്നു. അതിനൊരു കാരണം ‘ദീനീ സ്‌നേഹികളെ ഇതിലെ ഇതിലെ’ എന്ന തലക്കെട്ടില്‍ അവര്‍ക്ക് ലഭിച്ച ലഘുലേഖയാണ്. ജ്ഞാനപ്രതിഭകളും മഹാപണ്ഡിതരുമായിരുന്ന ചിറക്കല്‍ അബ്ദുറഹ്‌മാന്‍ മുസ് ലിയാരും കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരും ഒപ്പിട്ട ലഘുലേഖയായിരുന്നു അത്.സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്ന, ചീക്കിലോട്ടോറുടെ വന്ദ്യഗുരു, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗം, മങ്ങിത്തുടങ്ങിയ ദര്‍സിന് പകരം പാരമ്പര്യ മത വിജ്ഞാനങ്ങള്‍ മാറ്റി നിറുത്താത്ത കോളേജ് പഠനത്തിന്‍റെ പുതിയ സാധ്യത വന്നവരെല്ലാം ദൃഢനിശ്ചയം ചെയ്യാന്‍ ഹേതുവായി. അതൊരു വിജയ തുടക്കമായിരുന്നു. ‘റഹ്‌മാനിയ്യ’ എന്ന് പേരിടാന്‍ കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയുടെ നിര്‍ദേശം യോഗത്തിലുയര്‍ന്നു. ചിറക്കല്‍ അബ്ദുറഹ് മാന്‍ മുസ്ലിയാരുടെ പേരിലേക്ക് ചേര്‍ത്തായിരുന്നു അങ്ങനെയൊരു ആലോചന വന്നത്. കണ്‍വെന്‍ഷന്‍ കഴിഞ്ഞതോടെ ചീക്കിലോട്ടോറുടെ ആശയങ്ങള്‍ക്ക് അംഗീകാര പിന്തുണ വര്‍ദ്ധിച്ചു. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ പ്രാര്‍ത്ഥനയും ആശീര്‍വാദവും വാങ്ങി,1972 മെയ് 1-ന് സയ്യിദ് അബ്ദുര്‍റഹ് മാന്‍ ബാഫഖീ തങ്ങളുടെ സാനിധ്യത്തില്‍ പാണക്കാട് പൂക്കോയ തങ്ങളുടെ മഹനിയ്യ കരങ്ങളാല്‍ സ്ഥാപനത്തിന്‍റെ ശിലാസ്ഥാപനവും 1972 നവംബര്‍ 22-ന് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദ് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് കോളേജ് പഠനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാനവും നിര്‍വഹിച്ചതോടെ ഉദ്ദേശ സാഫല്യത്തിന്‍റെ ആത്മനിര്‍വൃതിക്ക് റഹ്‌മാനിയ്യ കുതിപ്പ് തുടങ്ങുകയായിരുന്നു.

ബഷീര്‍ മുസ്ലിയാരും പുതിയ സിലബസും

ശാന്തതയുടെ സ്വസ്ഥമായ അന്തരീക്ഷമല്ല റഹ്‌മാനിയ്യക്ക് ആദ്യ വര്‍ഷം. പക്ഷേ, കലുഷിതവും പ്രക്ഷുബ്ധവുമായ ഒന്നാം അധ്യായന വര്‍ഷം തീര്‍ന്നതോടെ പരിഷ്‌കര്‍ത്താവും ചിന്തകനും സമസ്തയുടെ കമ്പ്യൂട്ടറുമായി അറിയപ്പെട്ടിരുന്ന എം എം ബഷീര്‍ മുസ്ലിയാരെ കോളേജിലെത്തിക്കാന്‍ കുഞ്ഞമ്മദ് മുസ്ലിയാര്‍ക്ക് സാധ്യമായത് റഹ്‌മാനിയ്യയുടെ വഴിത്തിരിവിന് നിദാനമായി.1973 ല്‍ മഹാന്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുതത്തു മുതല്‍ കോളേജിന്‍റെ പുതിയ മുഖം പ്രാവര്‍ത്തികമാക്കാന്‍ തുടക്കമിട്ടു; കടമേരി പള്ളിമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡില്‍ ബഞ്ചും ഡസ്‌കും ബ്ലാക്ക് ബോര്‍ഡും സ്ഥാപിച്ച് മത പഠന രംഗത്ത് അത്രയും കാലം പരിചിതമല്ലാത്ത നവ രീതിക്ക് മഹാന്‍ ചുക്കാന്‍ പിടിച്ചു.സമന്വയ വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രശംസിക്കപ്പെട്ട സിലബസ് പരിഷ്‌കരണം ബഷീര്‍ മുസ്ലിയാര്‍ ആദ്യം കൊണ്ട് വരുന്നതും ഈ ഷെഡിലാണ്. പൗരാണിക ദര്‍സീ കിതാബുകള്‍ നിലനിറുത്തി ആധുനിക വിഷയങ്ങള്‍ സമന്വയിപ്പിക്കുന്ന പരിഷ്‌കരണ രൂപമാണ് ബഷീര്‍ മുസ്ലിയാര്‍ സ്വീകരിച്ചത്.1973-1980 കാലഘട്ടം റഹ്‌മാനിയ്യയുടെ ഔന്നത്യത്തിലേക്കുള്ള പടവുകള്‍ ഒന്നൊന്നായി ചവിട്ടി കയറുകയായിരുന്നു, ബഷീര്‍ മുസ്ലിയാരുടെ കാര്‍മികത്വത്തില്‍. ദേശ-ഭാഷാ വൈജാത്യങ്ങള്‍ക്കതീതമായി പ്രബോധന മേഖലയില്‍ ഇടപെടാനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലത്തെ എല്ലാ ആധുനിക സാങ്കേതിക വിജ്ഞാനങ്ങളും പരിചയിച്ചവരാകാനും ബഷീര്‍ മുസ്ലിയാരുടെ സിലബസ് വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്നതായിരുന്നു.

ബാപ്പു മുസ്ലിയാരും റഹ്‌മാനിയ്യയും

1980 ല്‍ ആക്ടിംഗ് പ്രിന്‍സിപ്പാളായി കോട്ടുമല ബാപ്പു മുസ്ലിയാര്‍ വരുന്നതോടെ പുരോഗതിയില്‍ പുതിയ കാല്‍വെപ്പിന് കാരണമായി. തൊട്ടതെല്ലാം പൊന്നാക്കുന്ന ബാപ്പു മുസ്ലിയാരുടെ ഇടപെടല്‍ സാമ്പത്തികവും വൈജ്ഞാനികവുമായ സ്ഥാപനത്തിന്‍റെ അന്തസ്സ് ഉയരാന്‍ സാധ്യമായി. നാട്ടിലും മറുനാട്ടിലുമുള്ള ദീനിസ്‌നേഹികളെ സ്ഥാപനത്തോട് അടുപ്പിച്ചും അവരുടെ കൂടി കഠിനാധ്വാനം സ്ഥാപന വളര്‍ച്ചയില്‍ കൊണ്ട് വരാനും ബാപ്പു മുസ്ലിയാരുടെ പ്രവര്‍ത്തനം കാരണമായി. ഇത് റഹ്‌മാനിയ്യയുടെ പ്രശസ്തി ഉത്തരോത്തരം വളരുന്നതിനും എല്ലായിടത്തും എത്തുന്നതിനും സഹായവുമായി.

മികവിന്റെ രഹസ്യം

റഹ്‌മാനിയ്യയില്‍ നിന്നും പുറത്തിറങ്ങുന്ന പണ്ഡിതരെ കാലത്തിന്‍റെ ചുവരെഴുത്ത് വായിച്ചു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പര്യപ്തമായവരാണെന്ന് കാലം വിലയിരുത്തിയിട്ടുണ്ട്. ആഴത്തിലുള്ള മത വിജ്ഞാനത്തോടൊപ്പം ആധുനിക ഭൗതിക വിജ്ഞാനങ്ങളിലും സമൂഹത്തിന്റെ നാനോന്മുഖ മേഖലയിലും ധൈര്യമായി ഇടപെടാനും അവര്‍ നൈപുണ്യമുള്ളവരാണ്. റഹ്‌മാനിയ്യിലെ പ്രഗത്ഭരായ അധ്യാപകരാണ് അതിന്റെ രഹസ്യം. പ്രതിഭകളും പ്രഗത്ഭരുമായ പണ്ഡിതരെ അധ്യാപകരായി നിയമിക്കാന്‍ ആദ്യകാലം മുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. എം എം ബഷീര്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, അരീക്കല്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വെളിമണ്ണ അഹ്‌മദ് മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, കോഡൂര്‍ മുഹ് യിദ്ദീന്‍ മുസ്ലിയാര്‍, ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട്, അരീക്കല്‍ ഇബ്‌റാഹീം മുസ്ലിയാര്‍ … സ്ഥാപനത്തില്‍ സേവനം ചെയ്ത ചിലര്‍ മാത്രമാണ്. ബാപ്പു മുസ്ലിയാരുടെ വിയോഗ ശേഷവും എം ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പ്രഗത്ഭ പണ്ഡിതരുടെ സേവനം തന്നെയാണ് റഹ്‌മാനിയ്യയില്‍ നിലവിലുള്ളത്.

വളര്‍ച്ചയുടെ പടവുകള്‍

റഹ്‌മാനിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ എത്തി നില്‍ക്കുമ്പോള്‍ വളര്‍ച്ചയുടെ ഉയരങ്ങള്‍ ആകുവോളം നേടിയിട്ടുണ്ട്. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ സേവന നിരതരായ പണ്ഡിതരെ വാര്‍ത്ത് വിട്ട സ്ഥാപനം ആവശ്യക്കാരുടെ നിര്‍ബന്ധം കാരണം 5 അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു. റഹ്‌മാനിയ്യ സംവിധാനത്തിന് കീഴില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ മദ്‌റസ പഠനവും റെഗുലര്‍ സ്ട്രീമില്‍ സ്‌കൂള്‍ പഠനവും, മെഡിക്കല്‍- എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സി എ, സിവില്‍ സര്‍വീസ് പരിശീലനവും നല്‍കുന്ന ഇന്റര്‍നാഷണല്‍ ലീഡിംഗ് സ്‌കൂളും, ബി എ അറബിക്, ബി എ ഇംഗ്ലീഷ്, എം എ അറബിക് എന്നീ കോഴ്‌സുകള്‍ നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോളേജിന് പുറമെ റാളിയ ബിരുദവും നല്‍കുന്ന വിമന്‍സ് കോളേജും, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ ലീഡിംഗ് സ്‌കൂളില്‍ പഠനത്തോടൊപ്പം മുഴുവന്‍ സൗകര്യങ്ങളും പഠന പരിശീലനങ്ങളും സൗജന്യമായി നല്‍കുന്ന അഗതി വിദ്യാ കേന്ദ്രവും, പബ്ലിക് സ്‌കൂളും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇന്ന് പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ സ്വാദിഖലി തങ്ങള്‍ പ്രസിഡന്റും സി എച്ച് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയും പി മൊയ്തു ഹാജി ട്രഷററുമായ കമ്മിറ്റിയാണ് സ്ഥാപനത്തിന് നേതൃത്വം വഹിക്കുന്നത്.

വിദ്യാര്‍ത്ഥി യൂണിയനും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും

ഏതൊരു സംവിധാനത്തിന്‍റെയും മികവ് അവിടത്തെ ഉല്‍പനങ്ങളിലൂടെയാണ് വിലയിരുത്താറുള്ളത്. റഹ്‌മാനിയ്യ വിദ്യാര്‍ത്ഥി യൂണിയന്‍ ബഹ്ജത്തുല്‍ ഉലമ കാലത്തിന്‍റെ മുമ്പേ നടന്ന ചരിത്രമാണ് കഴിഞ്ഞ കാലത്തുള്ളത്. പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വളര്‍ത്തി എടുക്കുന്നതില്‍ മാതൃകാ യോഗ്യമായ പ്രവര്‍ത്തനങ്ങള്‍ ബഹ്ജത്ത് കാഴ്ച വെക്കുന്നു.കൊട്ടിഘോഷങ്ങളില്ലാതെ സേവന നിരതമായ അടയാളപ്പെടുത്തല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റഹ്‌മാനികളും ചെയ്തു വരുന്നു. ദേശീയ തലത്തില്‍ റഹ്‌മാനീസ് അസോസിയേഷന്‍ നടപ്പിലാക്കിയ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതി (റൂട്ട്) വന്‍ വിജയത്തിലാണ്. ഉത്തര കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ് സിറ്റിയില്‍ റഹ്‌മാനിയ്യ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഏറ്റെടുത്തത് മുന്നേറ്റത്തിലെ പുതിയ മുഖമാണ്. വിശ്വാസ സംരക്ഷണവും സമുദായ ശാക്തീകരണവും മുന്നില്‍ കണ്ട് കേരളത്തിലെ ആദ്യത്തെ തിയോപാര്‍ക് ഒരുക്കുന്നതിന്‍റെ അവസാന മിനുക്ക് പണിയിലാണ് ഇപ്പോള്‍ റഹ്‌മാനികള്‍.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*