നബിയെ, അങ്ങ് ക്ഷമയുടെ പ്രതീകമാണ്

മുഹമ്മദ് റഈസ് ഓമാനൂര്‍

തിരുനബി(സ്വ)യുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി നീക്കിവെച്ചപ്പോള്‍ അവിടുത്തെ സ്വഭാവ മഹിമകളും ജീവിത വിശുദ്ധിയും കണ്ടുകൊണ്ട് നിരവധി പേരാണ് പരിശുദ്ധ ഇസ്ലാമിലേക്ക് രംഗപ്രവേശനം ചെയ്തത്.. അവിടുത്തെ ജീവിതരീതികളില്‍ പ്രധാനമായും മുറുകെ പിടിച്ചിരുന്നത് ക്ഷമയായിരുന്നു. തന്‍റെ പ്രബോധന കാലയളവില്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചപ്പോഴും മഹത്തായ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ നിന്നും അണുകിട വ്യതിചലിക്കാന്‍ നബി തങ്ങള്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ക്ഷമ മുഖമുദ്രയാക്കി മാറ്റിയ നബി തങ്ങള്‍ക്ക് സ്വാബിര്‍ (ക്ഷമാശീലന്‍) എന്ന നാമവും ലഭ്യമായി.

മക്കയില്‍ നിന്നും ജീവിതം നയിക്കുന്ന അവസരത്തില്‍ തിരുനബി(സ്വ)ക്കും അവിടുത്തെ അനുചര വൃന്ദര്‍ക്കും ക്രൂരമായ പീഢനങ്ങള്‍ നേരിട്ടപ്പോള്‍ പ്രതികാരത്തിനു മുതിരാതെ അവര്‍ക്ക് ക്ഷമിക്കുവാനുള്ള ഒരു മനസ്സ് ഒരുക്കിക്കൊടുക്കാന്‍ നബി തങ്ങള്‍ക്കായിട്ടുണ്ട്. നബി തങ്ങള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സാഹചര്യത്തിലും നാഥന്‍റെ പ്രീതി കാംക്ഷിച്ച് ക്ഷമയെ തന്‍റെ ജീവിതത്തോട് ചേര്‍ത്തുവെക്കാനും നബി തങ്ങള്‍ക്കായി. മക്കയില്‍ പീഢനം അനുഭവിച്ച അവസരത്തില്‍ തന്‍റെ കുടുംബക്കാരുടെ അടുത്തു പോയി അവിടെയും വേദനിപ്പിക്കുന്ന സംഭവങ്ങളാണുണ്ടായത്. ചിലര്‍ അവിടുത്തെ പവിത്രമായ ശരീരത്തിലേക്ക് കല്ലെറിഞ്ഞു. അപ്പോള്‍ നാഥന്‍റെ മാലാഖ ഇറങ്ങിവന്നു ചോദിച്ചു: ‘നബിയെ, അങ്ങയെ വേദനിപ്പിച്ച സമുദായത്തെ നശിപ്പിക്കട്ടെയോ?’ അപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: ‘അരുത്, അവര്‍ അജ്ഞരാണ്. അവര്‍ പിന്നീട് സന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്’.


തിരുനബി(സ്വ)യുടെ ക്ഷമയുടെ രീതികളെക്കുറിച്ച് നിരവധി ചരിത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. നബി തങ്ങളുടെ ക്ഷമയിലാകൃഷ്ടരായി നിരവധി പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്ന ചരിത്രങ്ങള്‍ കാണാം.

ഒരിക്കല്‍ നബി തങ്ങളും അലി(റ)വും പുറത്തിറങ്ങിയ സമയത്ത് ഒരു ഗ്രാമീണന്‍ അടുത്തു വന്ന് ഒരു സംഘം ഇസ്ലാം സ്വീകരിച്ചതായി അറിയിച്ചു. അപ്പോള്‍ അവര്‍ക്കുള്ള സഹായം ചെയ്യാന്‍ അറിയിച്ചു. പക്ഷേ, തിരുനബിയുടെയും അലി(റ)ന്‍റെയും കൈവശം ഒന്നും ഇല്ലായിരുന്നു. ഈ കാഴ്ചകളെല്ലാം കണ്ടുനിന്ന യഹൂദിയായ സൈദുബ്നു സഅ്ന നബിയുടെ അടുത്തേക്ക് വന്ന് പറഞ്ഞു: ‘മുഹമ്മദേ, നീ കാരക്ക വില്‍ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഞാന്‍ പണം തരാം. ഇപ്പോള്‍ കാരക്ക വേണ്ട’. അങ്ങനെ നബി തങ്ങള്‍ പണം വാങ്ങുകയും ഗ്രാമീണര്‍ക്ക് കൊടുക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നബി തങ്ങള്‍ വിശ്രമിക്കുന്ന അവസരത്തില്‍ സഅദുബ്നു സഅ്ന കുപ്പായവും തട്ടവും പിടിച്ചു വലിച്ചു. എന്നിട്ട് ഗൗരവത്തോടെ ചോദിച്ചു: ‘മുഹമ്മദേ, എന്‍റെ കാരക്കയെവിടെ?’ ഈ കാഴ്ച കൂടെയുണ്ടായ ഉമര്‍(റ)നെ രോഷാകുലനാക്കി. പക്ഷേ തിരുനബി അവിടെ ഉമര്‍(റ)നോട് ശാന്തമാകുവാനും ആ യഹൂദിക്ക് കുറച്ചധികം കാരക്ക നല്‍കുവാനും കല്‍പിച്ചു. നബിയുടെ ഈ ക്ഷമ യഹൂദിയെ ആശ്ചര്യപ്പെടുത്തുകയും പിന്നീട് ആ യഹൂദി മുസ്ലിമാവുകയും ചെയ്തു.

ഇത്തരത്തിലുള്ള മാതൃകാ പരമായുള്ള ജീവിത നയമായിരുന്നു നബി തങ്ങള്‍ സ്വീകരിച്ചിരുന്നത്. തന്‍റെ ജീവിതം മറ്റുള്ളവര്‍ക്കു കൂടി പിന്‍പറ്റാനുള്ള രീതികള്‍ നബി തങ്ങള്‍ കാണിച്ചുകൊടുത്തു. ജീവിത വെണ്മയിലും സ്വഭാവ ശുദ്ധിയിലും സഹനത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും സുന്ദര പ്രതീകമായി തിരുനബി ഇന്നും നിലനില്‍ക്കുന്നു. അവരെ സ്നേഹിക്കുവാനും അവിടുന്ന് കാണിച്ചുതന്ന ജീവിത രീതികള്‍ ഉള്‍ക്കൊള്ളുവാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ, ആമീന്‍.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*