നബിയെ, അങ്ങ് കരുണയാണ്

റാഫി ടി.എം ഒറ്റപ്പാലം

“നിങ്ങളില്‍ നിന്ന് തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്‍റെ വഴിയില്‍ തന്‍റെ ഉത്തരവാദിത്വ നിര്‍വ്വഹണം കാര്യക്ഷമമാക്കിയിരുന്നു. മൊഴിയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം നിഷ്കളങ്കതയിലൂന്നിയ രീതിയായിരുന്നു. സഹജീവി സ്നേഹവും ആര്‍ദ്രതയും മുഖമുദ്രയാക്കിയ നബി തങ്ങളുടെ ജീവിതം മാലോകര്‍ക്കെന്നും ആവേശവും മാതൃകാപരവുമാണ്’.


തിരുനബി(സ്വ)യുടെ അധരങ്ങള്‍ മൊഴിയുന്നതെല്ലാം ഇലാഹീ സന്ദേശത്തിന്‍റെ വചനപ്പൊരുളുകളായിരുന്നു. അല്ലാഹു തആല തന്നെ പറയുന്നു: “അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്ബോധനം മാത്രമാകുന്നു”. നബി തങ്ങളുടെ സ്വഭാവ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കരുണ കാണിക്കല്‍. റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ പ്രിയപ്പെട്ട ദാസന് കാരുണ്യത്തിന്‍റെ ഒരു കലവറ തന്നെ അല്ലാഹു ഒരുക്കിക്കൊടുത്തിരുന്നു. കാരുണ്യത്തിന്‍റെ വറ്റാത്ത നീരുറവയായിരുന്നു നബി ജീവിതമെന്ന് അവിടുത്തെ ചരിത്രങ്ങള്‍ നമ്മോട് പറഞ്ഞുതരുന്നുണ്ട്.

ആരാധനയില്‍ പോലും റഹ്മത്ത് അനിവാര്യമാണെന്നായിരുന്നു അവിടുത്തെ നിര്‍ബന്ധം. റഹ്മത്തിനോട് പുറംതിരിഞ്ഞുകൊണ്ടുള്ള ആരാധനകളൊക്കെയും അവിടുന്ന് നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. റസൂലിന്‍റെ കൂടെ യാത്ര ചെയ്തിരുന്ന നോമ്പുകാരായ അനുചര വൃന്ദത്തോട് യാത്രയില്‍ നോമ്പ് നോല്‍ക്കരുതെന്ന നിര്‍ദ്ദേശം മുന്നില്‍ വെച്ചുകൊടുക്കുമ്പോള്‍ അവിടെ വെളിവാകുന്നത് ശരീരത്തോട് ഒരു മനുഷ്യന്‍ നീതി കാണിക്കണമെന്നും കാരുണ്യം പ്രകടിപ്പിക്കണമെന്നുമാണ്. അങ്ങനെയല്ലെന്നിരിക്കെ അത്തരം ആരാധനകള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നബി ഭാഷ്യം. ഇത്തരം കാരുണ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ജീവത നയമായിരുന്നു അവിടത്തേത്. തന്‍റെ അടുക്കല്‍ വരുന്ന അനുചരډാരോട് നല്‍കിയത് പോലും കാരുണ്യത്തിന്‍റെ വചസ്സുകളായിരുന്നു. അവിടുത്തെ അരികില്‍ ബൈഅത്ത് ചെയ്യാനും യുദ്ധം ചെയ്യാനും തുടങ്ങിയ ആഗ്രഹങ്ങളുമായി വരുന്നവരോട് പറഞ്ഞത് അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരോട് സഹവാസം ഉറപ്പിക്കാനായിരുന്നു. അവരോടുള്ള നډകള്‍ ജിഹാദും ഹജ്ജും ഉംറയും നിര്‍വ്വഹിച്ചതു പോലെയുള്ള ആരാധനകള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കരസ്ഥമാകുമെന്ന് ഹദീസുകളില്‍ കാണാം. സത്യദീനിന്‍റെ സന്ദേശങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാനുള്ള ജിഹാദിനേക്കാള്‍ മാതാപിതാക്കളോടുള്ള സഹവാസം സുദൃഢമാക്കലിനാലും അവരോട് നډ ചെയ്യുന്നതിലൂടെയുമാണ് ഒരാളുടെ കാരുണ്യത്തിന് പൂര്‍ത്തീകരണം സാധ്യമാകുന്നതെന്ന് റസൂല്‍ (സ്വ) പ്രതിവതിച്ചിട്ടുണ്ട്. ഇങ്ങനെ നബി തങ്ങള്‍ കല്‍പിച്ചതും പ്രവര്‍ത്തിച്ചതുമായ റഹ്മത്തിന്‍റെ മേഖലകള്‍ അതിവിശാലമാണ്.

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സകല മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും കരുണ ചെയ്യുന്നവനാണ്. ഒരു അടിമ തെറ്റു ചെയ്ത് അവന്‍ ഖേദിച്ചു മടങ്ങുമ്പോള്‍ അല്ലാഹു സന്തോഷിക്കും. അങ്ങനെ റബ്ബിന്‍റെ കാരുണ്യത്താലുള്ള തിരുനോട്ടങ്ങള്‍ ഭൂമിയിലേക്കിറങ്ങുമ്പോള്‍ ഓരോ വിശ്വാസിക്കും അത് ഇലാഹീ അനുരാഗത്തിന്‍റെ കരുതല്‍ ഉണ്ടാക്കിത്തീര്‍ക്കും. ഇങ്ങനെ അടിമകളോട് പൊറുത്തുകൊടുത്തു കൊണ്ട് കാരുണ്യം കാണിക്കുന്ന സംഭവങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ നിന്നും കാണാന്‍ സാധിക്കും. അപ്പോള്‍ അല്ലാഹുവുമായുള്ള ബന്ധം വിച്ഛേദിക്കാതിരിക്കലാണ് വേണ്ടത്. റബ്ബിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാവണം ജീവിതത്തില്‍ വേണ്ടത്.

തിരുനബി(സ്വ)യുടെ കാരുണ്യത്തിന്‍റെ അര്‍ത്ഥ തലങ്ങള്‍ തികച്ചും വ്യതിരിക്തമായിരുന്നു. ചതിയുടെയും വഞ്ചനയുടെയും തീച്ചൂളയില്‍ ജീവിച്ച സമുദായത്തിന് സത്യത്തിന്‍റെ പാന്താവ് കാണിച്ചുകൊടുക്കാന്‍ ആ കാരുണ്യവാനായ നബിക്ക് സാധിച്ചിരുന്നു. യഥാര്‍ത്ഥമായ സ്നേഹവും അനുകമ്പയും സേവനങ്ങളുമാണ് കാരുണ്യത്തിന്‍റെ മേഖലയില്‍ വരുന്നതെന്ന് പഠിപ്പിക്കാനായിരുന്നു നബി തങ്ങള്‍ പരിശ്രമിച്ചത്. ഇവകള്‍ പ്രാവര്‍ത്തികമാക്കലോടു കൂടെയാണ് ശിഥിലീകരണങ്ങള്‍ക്ക് വേദിയാവുന്ന ബന്ധങ്ങളെ സുകൃതം വിളയുന്ന കുടുംബ ബന്ധമാക്കി സുദൃഢമാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ പാരസ്പര്യ ബന്ധം പുലര്‍ത്തി ജീവിക്കാനായിരുന്നു നബി തങ്ങള്‍ നിരന്തരം പ്രേരിപ്പിച്ചതും നിര്‍ബന്ധിച്ചിരുന്നതും. കുട്ടികളോടും വലിയവരോടും അയല്‍വാസികളോടും മാന്യമായി പെരുമാറുന്ന രീതിശാസ്ത്രം സാമൂഹിക സൗരഭ്യതയുടെ വിളനിലയങ്ങള്‍ക്ക് വേദിയാകുമെന്നതില്‍ സംശയമില്ലല്ലോ..! അയല്‍വാസികള്‍ക്ക് അനന്തര സ്വത്തില്‍ അവകാശമുണ്ടാകുമോ എന്നുപോലും ഭാവിക്കുന്ന തരത്തില്‍ ജിബ്രീല്‍ (അ) എന്നോട് വസ്വിയ്യത്ത് ചെയ്തുകൊണ്ടേയിരുന്നുവെന്ന നബി വചനം അയല്‍പക്ക ബന്ധത്തോടുള്ള അവകാശങ്ങളിലേക്കും ബാധ്യതകളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. അയല്‍വാസികളെപ്പോലെ തന്നെ കുടുംബ ബന്ധം, സൗഹൃദ ബന്ധം തുടങ്ങിയ ഊട്ടിയുറപ്പിക്കുന്നതില്‍ നബി തങ്ങളുടെ ശക്തമായ പ്രസ്താവനകളുണ്ട്. ഇത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാവാന്‍ പോകുന്ന പ്രതിഫലങ്ങളെക്കുറിച്ചും അവിടുന്ന് വാചാലരായിട്ടുണ്ട്.

ലോകത്തിന് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ലെന്ന ഖുര്‍ആനിക വചനം എത്രത്തോളം അന്വര്‍ത്ഥമാകുന്നുവെന്ന് നമുക്ക് റസൂല്‍(സ്വ)യുടെ ജീവിതത്തില്‍ നിന്നും വായിച്ചെടുക്കാമല്ലോ. കാരുണ്യത്തിന്‍റെ കരസ്പര്‍ശങ്ങള്‍ പുണ്യനബിയുടെ ജീവിതത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ അവിടുത്തെ മഹത്വം നാം ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. നാഥന്‍ തൗഫീഖ് നല്‍കട്ടെ, ആമീന്‍.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*