
ആറാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ ജനതയിലേക്ക് വിജ്ഞാനത്തിന്‍റെ സൂര്യ തേജസ്സായി കടന്നു വന്ന പ്രഭയായിരുന്നു നബി തിരുമേനി(സ്വ).തിരുദൂതരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഅ് മാസം പ്രവാചക പ്രേമികള്‍ക്ക് അനുരാഗ സംഗമമാണ്.അല്ലാഹുവിന്‍റെ ദൂതനോടുള്ള അടങ്ങാത്ത സ്നേഹം ഹൃദയ വസന്തവും വിശ്വാസിയുടെ ഈമാനിന്ന് കരുത്തു പകരുന്നതുമാണ്.അനസ്(റ) ഉദ്ധരിക്കുന്നു:നബി(സ) പറയുകയുണ്ടായി,’സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സര്‍വ്വ ജനങ്ങളെക്കാളും ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളില്‍ ആരും പൂര്‍ണ്ണ വിശ്വാസിയാവുകയില്ല'(സ്വഹീഹുല്‍ ബുഖാരി)
നബി തിരുമേനി(സ്വ)യോടുള്ള അതിരുനിര്‍ണ്ണയിക്കാത്തതും അടങ്ങാത്തതുമായ പ്രേമം വിശ്വാസിയുടെ ഈമാനിക ജീവിതത്തിനെ പ്രശോഭിതമാക്കുന്നതാണ്.മാത്രമല്ല,അത് നമ്മുടെ മേല്‍ നിര്‍ബന്ധവുമാണ്. സൃഷ്ടികളില്‍ അത്യുന്നതനായ മുത്ത് നബി(സ്വ)യെ എങ്ങനെ സ്നേഹിക്കണമെന്നതില്‍ നാം പലരും ആശങ്കയിലാണ്.എന്നാല്‍ നബി(സ്വ)യുടെ അനുയായി വൃന്ദം കളങ്കം തീണ്ടാത്ത സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായിരുന്നു.നബി(സ്വ) എന്തിനാണോ കല്‍പ്പിച്ചത് അതിന്‍റെ അനന്തര ഫലമെന്താണെന്നു പോലും ചിന്തിക്കാതെ അവ അനുസരിച്ചായിരുന്നു സ്വഹാബിമാര്‍ റസൂലിനോട് സ്നേഹം പ്രകടിപ്പിച്ചത്.അമലു കൊണ്ടു ഉയര്‍ന്നില്ലെങ്കിലും മുഹബത്തുകൊണ്ടു,ആരെയാണോ സ്നേഹിക്കുന്നത് അവരോടൊപ്പമാകാന്‍ കഴിയുമെന്ന തിരുവരുള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിയവരാണ് സ്വഹാബിമാര്‍.
ഒരിക്കല്‍ ഒരു സ്വഹാബി റസൂലിനോട് ചോദിച്ചു:അല്ലാഹുവിന്‍റെ ദൂതരേ അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുക? നബി(സ്വ) തിരിച്ചു ചോദിച്ചു.അന്നേക്ക് വേണ്ടി നീ എന്താണ് ഒരുക്കി വെച്ചിരിക്കുന്നത്? ഞാന്‍ ഏറെ നിസ്കാരങ്ങളും വ്രതവും ദാനധര്‍മ്മങ്ങളുമൊന്നും തയ്യാറാക്കി വെച്ചിട്ടില്ല. പക്ഷേ,ഞാന്‍ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സ്നേഹിക്കുന്നു.സ്വഹാബി മറുപടി പറഞ്ഞു.ഇത് കേട്ട് നബി(സ) തുടര്‍ന്നു.നീ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമാണ് .ഈ സംഭവം ഉദ്ധരിച്ച് അനസ്(റ) പറയുന്നു:അന്നേരം സദസ്സിലുണ്ടായിരുന്ന ഞങ്ങള്‍ ചോദിച്ചു? ഞങ്ങളും അങ്ങനെത്തന്നെയാണോ നബിയേ? നബി(സ്വ) അതേ എന്ന് മറുപടി പറഞ്ഞു.അനസ്(റ) തുടര്‍ന്നു.ആ ദിവസം ഞങ്ങള്‍ അത്യധികം സന്തോഷിച്ചു.(ബുഖാരി മുസ്ലിം) അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന റസൂല്‍(സ്വ)യെ നാമും ഇഷ്ടപ്പെടുകയും അവിടുത്തെ പിന്‍പറ്റുകയും ചെയ്യുമ്പോള്‍ മാത്രമേ ഹൃദയം മാലിന്യ മുക്തമാകുന്നതും സ്വര്‍ഗീയ പാത എളുപ്പമാകുന്നതും.
ജീവിതത്തിന്‍റെ അവസാന നാളുകള്‍ വരെ സമുദായത്തിന്‍റെ ശഫാഅത്തിന് വേണ്ടി കണ്ണീര്‍ പൊഴിച്ച ദിനരാത്രങ്ങളായിരുന്നു ആരംഭ റസൂല്‍(സ്വ)യുടേത്.അവിടത്തെ സ്നേഹിക്കാനും ചര്യകളെ പുണരാനും നാം ഒട്ടും മടി കാണിക്കരുത്.സ്വലാത്ത് നബി സ്നേഹത്തിന്‍റെ ഒരു ശക്തമായ ഉപാധിയാണ്.സൂറത്തുല്‍ അഹ്സാബ് 56ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നുണ്ട് സത്യ വിശ്വാസികളേ,നിങ്ങളും നബിയുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക.റസൂലിന്‍റെ മേലിലുള്ള നിതാന്തമായ കാരുണ്യ വര്‍ഷമാണ് അല്ലാഹുവിന്‍റെ സ്വലാത്ത് കൊണ്ടുള്ള വിവക്ഷ.നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാക്കാനുള്ള ഒരു വഴി കൂടിയാണത്.നബി(സ)പറഞ്ഞു,ആരെങ്കിലും അല്ലാഹുവിനെ സംതൃപ്തനായി കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെന്‍റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ(ദൈലമി). പ്രസ്തുത സൂക്തവും ഹദീസും പ്രവാചക പ്രേമികള്‍ക്ക് നബിതിരുമേനിയുടെ ഔന്നത്യവും മഹത്വവും അല്ലാഹുവിന്‍റെ സന്നിധിയില്‍ എത്ര മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതോടൊപ്പം വിശ്വാസിക്ക് സ്നേഹിക്കാനുള്ള ഒരു പാതയും തുറന്നു നല്‍കുന്നു.
നബി(സ്വ)യുടെ മേല്‍ നാം ചൊല്ലുന്ന സ്വലാത്തുകള്‍ അല്ലാഹുവിന്‍റെ കാരുണ്യം ദിനം പ്രതി റസൂലിന്‍റെ മേല്‍ വര്‍ഷിക്കാന്‍ കാരണമാകും.തന്‍റെ സമുദായത്തില്‍ നിന്ന് റസൂലിന്‍റെ സന്നിധിയിലെത്തുന്ന പ്രകീര്‍ത്തനങ്ങള്‍ തിരുദൂതരെ സന്തോഷഭരിതമാക്കുന്നതാണ്.ഒപ്പം നബി(സ്വ)യുടെ പരലോക ഉയര്‍ച്ച ഉമ്മത്തിന് തന്നെയും ഉപകാരപ്രദവുമാണ്.
നിരന്തരമായ ത്യാഗത്തിലൂടെയും പ്രകീര്‍ത്തനത്തിലൂടെയും തിരുദൂതരോടുള്ള പ്രേമം നാം വര്‍ദ്ധിപ്പിക്കണം.തിരു സുന്നത്ത് ജീവിതത്തില്‍ പകര്‍ത്താനും അതുവഴി ജീവിത വിജയം നേടാനും വിശ്വാസി മുന്നിടണം.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു,തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.അതായത് അല്ലാഹുവിനെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക.്(സൂറത്തുല്‍ അഹ്സാബ് 21)അല്ലാഹുവിന്‍റെ പക്കല്‍ ഓരോ സുന്നത്തും ആകാശ ഭൂമിയേക്കാള്‍ വിലയുള്ളതാണ്.
മുത്ത് നബി(സ്വ) കൊണ്ടു വന്ന വഴി മാത്രമാണ് വിജയത്തിന്‍റേത്.തന്‍റെ ഉമ്മത്തിനെ വല്ലാതെ സ്നേഹിക്കുന്നതിലും മാനവ കുലത്തെ മൊത്തമായി തിډയില്‍ നിന്നും കരകയറ്റുന്നതിലും ആ മനസ്സ് എപ്പോഴും കൊതിച്ചിരുന്നു.തിരുദൂതരെ അനുദാവനം ചെയ്താലുണ്ടാവുന്ന വിജയത്തെ വിശേഷിപ്പിച്ച് കൊണ്ട് അല്ലാഹു പറഞ്ഞു:തങ്ങളില്‍ വിശ്വസിക്കുകയും തങ്ങള്‍ക്ക് ശക്തി പകരുകയും തങ്ങളെ സഹായിക്കുകയും തങ്ങളോട് അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ പിന്തുടരുകയും ചെയ്തവര്‍ അവര്‍ മാത്രമാണ് വിജയികള്‍(അല്‍ അഅ്റാഫ് 152).പ്രവാചക സ്നേഹത്തിന്‍റെ സാക്ഷാത്കാരമാവണം നമ്മുടെ സ്വലാത്തുകള്‍.ഇനിയുള്ള നമ്മുടെ പ്രയാണ വീഥികള്‍ തിരു നബി(സ്വ)യോടുള്ള അനുരാഗത്തിന്‍റെ പ്രഭാ വലയത്തില്‍ ജ്വലിക്കുന്നതാവണം.അല്ലാഹു തൗഫീഖ് നല്‍കട്ടെ……
Be the first to comment