മാതാപിതാക്കളുടെ സ്ഥാനം:
മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യലും അവരെ അനുസരിക്കലും മക്കളുടെ നിര്‍ബന്ധബാധ്യതയാണ്. അല്ലാഹു പറയുന്നു: തനിക്കല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്‍റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ഛെ എന്മ്പോലും പറയുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യരുത്. ആദരപൂര്‍ണ്ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വ്വം വിനയത്തിന്‍റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം: രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയത് പോലെ ഇവര്‍ക്കുനീ കാരുണ്യം ചൊരിയേണമേ. നിങ്ങളുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവനാണ് രക്ഷിതാവ്. നിങ്ങള്‍ സദ് വൃത്തരാവുകയാണെങ്കില്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവന്‍ തന്നെയത്രെ അവന്‍(ഇസ്റാഅ് 23.. 25)
ഇമാം സമര്‍കശീ (റ) പറയുന്നു: മാതാപിതാക്കള്‍ക്ക് സേവനം ചെയ്യാന്‍ മടികാണിക്കാതിരിക്കലും അവരെക്കാള്‍ ശബ്ദമുയര്‍ത്താതിരിക്കലും ദേശ്യത്തോടെ അവരിലേക്ക് നോക്കാതിരിക്കലും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതില്‍ പെട്ടതാണ്.
ഇബ്നു മാജ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഒരാള്‍ അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കല്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരെ, എന്‍റെ നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹതപ്പെട്ടത് ആരാണ്? നബി (സ്വ)പറഞ്ഞു: നിന്‍റെ മാതാവ്. അയാള്‍ ചോദിച്ചു: പിന്നെയാരാണ്? നബി(സ്വ) പറഞ്ഞു: നിന്‍റെ മാതാവ്. അയാള്‍ ചോദിച്ചു: പിന്നെയാരാണ്. നബി(സ്വ) പറഞ്ഞു: നിന്‍റെ മാതാവ്. അയാള്‍ ചോദിച്ചു: പിന്നെയാരാണ്? നബി(സ്വ) പറഞ്ഞു: നിന്‍റെ പിതാവ്.
മനുഷ്യന് തന്‍റെ മാതാപിതാക്കളോടുള്ള ബാധ്യതകളും കടമകളും സദാ ഓര്‍മ്മിപ്പിക്കുന്ന ഈ ഹദീസ് പ്രത്യേകിച്ചും ഉമ്മയോടുള്ള ബാധ്യതക്ക് അടിവരയിടുന്നു. ഗര്‍ഭം ചുമന്നും പ്രസവിച്ചും മുലയൂട്ടിയും പരിചരിച്ചും കുട്ടിക്ക് വേണ്ടി ഏറെ പ്രയാസം സഹിക്കുന്നത് ഉമ്മയാണല്ലോ. അതിനാല്‍ അവരോടുള്ള ബാധ്യതകളും കടപ്പാടുകളും നാം പുലര്‍ത്തല്‍ നിര്‍ബന്ധമാണ്.
മാതാപിതാക്കളോടുള്ള കടമകള്‍:
1. അവര്‍ക്ക് ഗുണം ചെയ്യല്‍
അല്ലാഹു പറയുന്നു: ഇസ്രായീല്യരോട് നാം ഉടമ്പടി ചെയ്തത് സ്മരണീയമത്രെ. അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും ദരിദ്രരോടും നന്മയനുവര്‍ത്തിക്കുകയും ജനങ്ങളോട് നല്ലത് പറയുകയും വേണം. നമസ്കാരം യഥാവിധി നിലനിറുത്തുകയും നിര്‍ബന്ധദാനം നല്‍കുകയും ചെയ്യണം. എന്നിട്ടും നിങ്ങള്‍ ഏതാനും പേരൊഴിച്ച് ബാക്കിയെല്ലാവരും അവഗണിച്ച് പിന്തിരിഞ്ഞ് കളഞ്ഞു. (അല്‍ബഖറ 83) ബനൂ ഇസ്രായീല്യരോട് അല്ലാഹു ചെയ്ത ഉടമ്പടിയും കല്‍പ്പനയും പറഞ്ഞേടത്ത് മാതാപിതാക്കളോട് ഗുണം ചെയ്യാന്‍ കല്‍പ്പിച്ചതായി നമുക്ക് കാണാന്‍ സാധിക്കും. അതോടൊപ്പം അല്ലാഹുവിനുള്ള ആരാധനയെ മാതാപിതാക്കളോടുള്ള അനുസരണയുമായി ബന്ധിച്ചതായി നമുക്ക് കാണാന്‍ സാധിക്കും. അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്ക്ചേര്‍ക്കരുത്. മാതാപിതാക്കളോട് നല്ലരീതിയില്‍ വര്‍ത്തിക്കുക(നിസാഅ് 36)
അല്ലാഹുവോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ കല്‍പ്പിച്ചത് ഭൂമിയില്‍ ഏതൊരാളും ജډംകൊള്ളാന്‍ കാരണക്കാര്‍ അവരായത് കൊണ്ടാണ്. അവരോടുള്ള കടമകള്‍ നിര്‍വ്വഹിച്ചശേഷമേ മറ്റുള്ളവര്‍ക്ക് സ്ഥാനം നല്‍കേണ്ടതുള്ളൂ. ഏറ്റവും നല്ല രീതിയിലാണ് അവരോട് സമീപിക്കേണ്ടത്. അല്ലാഹു പറയുന്നു: മതാപിതാക്കളോട് ഉത്തമ സമീപനം വെച്ചുപുലര്‍ത്തണമെന്ന് മനുഷ്യരോട് നാം കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ നിനക്കറിയാത്ത എന്തിനെയെങ്കിലും എന്നോട് പങ്കുചേര്‍ക്കണമെന്ന് നിന്നെയവര്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ തത്സമയം അവരോട് അനുസരണമരുത്. എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ വിവരിച്ച് തരുന്നതാണ്. (അന്‍കബൂത്ത് 8) അനീതിയിലേക്കും അധര്‍മ്മത്തിലേക്കും വഴിനടത്തുന്ന മാതാപിതാക്കളുടെ കല്‍പ്പനകള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി ആയത്തുകള്‍ നമുക്ക് കാണാന്‍ സാധിക്കും. അവരെ ആദരിക്കേണ്ടതിന്‍റെ അനിവാര്യതയും അവര്‍ക്ക് ഗുണം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും അവവിളിച്ചോതുന്നു. മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വ്വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്. അവന്‍റെ മുലയൂട്ടല്‍ നിര്‍ത്തുക രണ്ട് വര്‍ഷം കൊണ്ടത്രെ. അതുകൊണ്ട് എനിക്കും മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം. നിന്‍റെ തിരിച്ചുവരവ് എന്‍റെയടുത്തേക്ക് തന്നെയാണ്.(ലുഖ്മാന്‍ 14). ചെറുപ്പത്തില്‍ ഗര്‍ഭധാരണം നടത്തിയും ഉറക്കൊഴിച്ചും പ്രയാസപ്പെട്ടും കഷ്ടപ്പെട്ടും മാതാവ് സഹിച്ച ത്യാഗവും കുട്ടികളുടെ സന്തോഷസൗഖ്യങ്ങള്‍ക്ക് വേണ്ടി പിതാവ് കൈക്കൊള്ളുന്ന പരിശ്രമവും ഏറെ വലുതാണ്. അതിനാല്‍ അവര്‍ക്ക് പ്രായമാവുമ്പോള്‍ കഴിവിന്‍റെ പരമാവധി അവര്‍ക്ക് നډചെയ്യാന്‍ മക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
2. മാതാപിതാക്കളെ ആദരിക്കുക
മാതാപിതാക്കളെ ആദരിക്കലും ബഹുമാനിക്കലും മക്കളുടെ ബാധ്യതയാണ്. യഅ്ഖൂബ് (അ) ഈജിപ്തിലെത്തിയ സമയം മകന്‍ യൂസുഫ് (അ) സ്വീകരിച്ച സംഭവം ഇതിന് ഉദാത്തമാതൃകയാണ്. അല്ലാഹു പറയുന്നു: അങ്ങനെ അവര്‍ യൂസുഫ് നബി (അ) ന്‍റെ അടുത്ത് എത്തിയപ്പോള്‍ മാതാപിതാക്കളെയദ്ദേഹം ആശ്ലേഷിച്ചു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനപൂര്‍ണ്ണരായി നിങ്ങള്‍ ഈജിപ്തില്‍ പ്രവേശിച്ചുകൊള്ളുക എന്നദ്ദേഹം സ്വാഗതമോതി. മാതാപിതാക്കളെ സിംഹാസനത്തിലിരുത്തി. (യൂസുഫ് 99,100) യൂസുഫ് (അ) തന്‍റെ സഹോദന്‍മാരോട് മുഴുവന്‍ കുടുംബാംഗങ്ങളെയും ഈജിപ്തില്‍ കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. അപ്രകാരം എല്ലാവരും കന്‍ആന്‍ ഉപേക്ഷിച്ച് ഈജിപ്തിലേക്ക് പുറപ്പെട്ടു. അവര്‍ ഈജിപ്തിനടുത്തെത്തിയെന്നറിഞ്ഞപ്പോള്‍ അവരെ സ്വീകരിക്കാന്‍ യൂസുഫ് (അ) പുറപ്പെട്ടു. അവരെ ആശ്ലേഷിക്കുകയും തന്‍റെ സിംഹാസനത്തിലിരുത്തി ആവരെ ആദരിക്കുകയും ചെയ്തു. മറ്റൊരഭിപ്രായത്തില്‍ യൂസുഫ്(അ) തന്‍റെ പിതാവിനെ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു: കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുന്നത് വരെ നിങ്ങള്‍ എനിക്കുവേണ്ടി കരഞ്ഞു. ഖിയാമത്ത് നാളില്‍ നമുക്ക് ഒരുമിച്ചുകൂടാമെന്ന് താങ്കള്‍ക്കറിയില്ലായിരുന്നോ? യഅ്ഖൂബ് (അ) പറഞ്ഞു: എനിക്കറിയാം, പക്ഷെ, നീ മതം മാറുകയും തദ്ഫലമായി നമുക്കിടയില്‍ മറയുണ്ടാവുന്നതിനെയും ഞാന്‍ ഭയന്നു.(കശ്ശാഫ് 3. 325)
മാതാപിതാക്കളെ ആദരിക്കലും ഉന്നതസ്ഥാനത്ത് അവരെ പ്രതിഷ്ഠിക്കലും വിശിഷ്യാ പ്രധാന പരിപാടികളിലും വിശിഷ്ട സദസ്സുകളിലും അവരെ ഉയര്‍ന്ന സ്ഥലത്ത് അവരോധിക്കലും മക്കള്‍ക്ക് നിര്‍ബന്ധമാണ്. പിതാവ് താഴ്ന്ന ജോലിയിലേര്‍പ്പെടുന്നതിന്‍റെ പേരിലോ തന്നെക്കാള്‍ കുറഞ്ഞ ശമ്പളം പറ്റുന്ന കാരണത്താലോ ജോലിയില്ലാതെ വീട്ടിലിരിക്കുന്നതിനാലോ അവരെ അവഗണിക്കുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്യരുത്. തന്‍റെ ഉന്നതിക്കും വളര്‍ച്ചക്കും നിദാനം അവരാണെന്ന് മനസ്സിലാക്കി അവരെ ആദരിക്കുകയും ഉന്നതസ്ഥാനത്ത് ഇരുത്തുകയും ചെയ്യലാണ് മക്കളുടെ ബാധ്യത.
3. മാതാപിതാക്കള്‍ക്ക് സേവനം ചെയ്യല്‍
മദ്യനിലെ വെള്ളത്തിങ്കല്‍ എത്തിയപ്പോള്‍ അദ്ദേഹം അതിന്‍റെ അടുത്ത് ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുന്നതായും അവര്‍ക്കിപ്പുറത്ത് രണ്ടു സ്ത്രീകള്‍(തങ്ങളുടെ ആടുകളെ) തടഞ്ഞുനിറുത്തുന്നതായും കണ്ടു. അദ്ദേഹം ചോദിച്ചു: നിങ്ങളിരുവരുടെയും കാര്യമെന്താണ്? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നത് വരെ ഞങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കുകയില്ല. ഞങ്ങളുടെ പിതാവ് വലിയ വൃദ്ധനാണ് (ഖസ്വസ് 23) മൂസാ നബി(അ) മദ്യനിലെത്തിയ സന്ദര്‍ഭത്തില്‍ അവിടുത്തെ കുടിവെള്ള സ്ത്രോതസിനടുത്ത് ചെന്നു. ആട്ടിടയന്‍മാര്‍ വന്നുചേരാറുള്ള ഒരു കിണര്‍ അവിടെയുണ്ടായിരുന്നു. ഒരു കൂട്ടം ആട്ടിടയന്‍മാര്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരില്‍ നിന്നും മാറി രണ്ട് യുവതികള്‍ തങ്ങളുടെ ആടുകളെ തടഞ്ഞുനിര്‍ത്തി അകലെ നില്‍ക്കുന്നു. മൂസാ (അ) ഇത് കണ്ടപ്പോള്‍ അവരോട് കരുണതോന്നുകയും അവരുടെ വിഷയം അന്വേഷിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ഈ ആട്ടിടയന്‍മാരൊക്കെ പോയശേഷമേ തങ്ങള്‍ക്ക് ആടുകളെ വെള്ളം കുടിപ്പിക്കാന്‍ സാധിക്കൂ. അവരുടെ പിതാവ് വയോവൃദ്ധനായ കാരണത്താലും സഹായിക്കാന്‍ മറ്റാരുമില്ലാത്തതിനാലാണ് അവര്‍ ആടുമേക്കാന്‍ നിര്‍ബന്ധിതരായത്. ഈ സംഭവത്തില്‍ പ്രായാധിക്യമുള്ള പിതാവിന് ആടുമേക്കാനും വെള്ളം കുടിപ്പിക്കാനും സാധിക്കാതെ വന്നപ്പോള്‍ പെണ്‍മക്കള്‍ ആ പ്രയാസം ഏറ്റെടുക്കുകയും അവര്‍ക്ക് സേവനം ചെയ്യുകയും ചെയ്തതായി കാണാം.
ഇക്കാരണത്താല്‍ മാതാപിതാക്കള്‍ക്ക് സേവനം ചെയ്യലും അവരെ പരിപാലിക്കലും വിശേഷിച്ചും വാര്‍ദ്ധക്യാവസരത്തില്‍ മക്കള്‍ക്ക് നിര്‍ബന്ധമാണ്. കാരണം, ആസമയത്താണ് അവര്‍ക്ക് മക്കളില്‍ കൂടുതല്‍ ആവശ്യമുണ്ടാവുന്നത്. അവരെ ചുമന്നും അവര്‍ക്കായി ഉറക്കൊഴിച്ചും ക്ഷീണിച്ചും മക്കള്‍ സേവനം ചെയ്താലും അവര്‍ മക്കള്‍ക്കായി സഹിച്ച ത്യാഗത്തിന്‍റെ നാലയലത്തുപോലും എത്തുകയില്ലെന്നതാണ് വാസ്തവം. അവര്‍ക്ക് ചെയ്യേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തുന്നവന്‍ അവരെ വെറുപ്പിച്ചവന് തുല്യമായി ഗണിക്കപ്പെടും.
മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വ്വഹിക്കാതെ അവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന ചീത്ത സംസ്കാരം വിവരമില്ലായ്മയില്‍ നിന്നുത്ഭവിക്കുന്നതാണെന്നത് തീര്‍ച്ചയാണ്. ഇതവരുടെ അവകാശം നിഷേധം കൂടിയാണ്. ചെറുപ്പത്തില്‍ നമ്മെപോറ്റി വളര്‍ത്തിയത് പോലെ വാര്‍ദ്ധക്യ സമയത്ത് നാം അവരെയും പോറ്റിവളര്‍ത്തിയാലേ നമ്മുടെ ബാധ്യത അവസാനിക്കുന്നുള്ളൂ. തന്‍റെ ബാധ്യതകള്‍ മറ്റൊരാളെ ഏല്‍പ്പിച്ച് തടിയൂരുന്ന സ്വഭാവം സങ്കുചിത മനോഭാവത്തിന്‍റെയും ദുര്‍മനസ്സിന്‍റെയും സൃഷ്ടിയാണ്.
4. മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍
പിതാവ് പ്രതികരിച്ചു: ഇബ്രാഹീമേ എന്‍റെ ദൈവങ്ങളെ നീ അവഗണിക്കുകയാണോ? ഈ നിലപാട് മാറ്റുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്യും. നീണ്ടകാലം എന്നെ വിട്ടുപോകണം നീ. ഇബ്രാഹീം നബി പറഞ്ഞു: താങ്കള്‍ക്കു സാമാധാനം ഭവിക്കട്ടെ. എന്‍റെ നാഥനോടു ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനമര്‍ത്ഥിക്കുന്നതാണ്. എന്നോട് അതീവ ദയാലു തന്നെയാണവന്‍(മര്‍യം : 46,47)
ഇബ്റാഹീം (അ) തന്‍റെ പിതാവിനെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ച സന്ദര്‍ഭത്തില്‍ പിതാവിന്‍റെ പ്രതികരണമാണ് മേല്‍സൂക്തത്തിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. തന്‍റെ ദൈവങ്ങളെ ഇബ്റാഹീ(അ) പരിഗണിക്കുന്നില്ലെന്ന് മനസ്സിലായപ്പോള്‍ കല്ലെടുത്തെറിയുമെന്നും വീട്ടില്‍ നിന്ന് പുറത്ത് പോവണമെന്നും പറഞ്ഞു. പക്ഷെ, ഇബ്രാഹീ (അ) മറുത്തൊന്നും പറയാതെ പിതാവിന്‍റെ സന്‍മാര്‍ഗ്ഗലബ്ധിക്കും പാപാമോചനത്തിനും പ്രാര്‍ത്ഥിച്ചു. ഇസ്ലാമിന്‍റെ പ്രഥമ കാലഘട്ടത്തില്‍ മുസ്ലിങ്ങള്‍ തങ്ങളുടെ കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പൊറുക്കലിനെ തേടിയതായി കാണാം. പിന്നീട് ഇബ്രാഹീം (അ) ഈ പ്രാര്‍ത്ഥനയില്‍ നിന്ന് പിډാറിയിട്ടുണ്ട്. എങ്കിലും മാതാപിതാക്കള്‍ക്ക് നډവരാനും അവര്‍ സത്യപാന്ഥാവിലേക്ക് കടന്നുവരാനും മക്കള്‍ പ്രാര്‍ത്ഥിക്കള്‍ നിര്‍ബന്ധമാണ്. കുടുംബ ബന്ധംപോലോത്തത് ചേര്‍ക്കാത്ത നിസ്കാരം, സകാത്ത്, നോമ്പ് പോലുള്ള അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാത്ത മാതാപിതാക്കള്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം. നബി (സ്വ) പറഞ്ഞു: നിശ്ചയം, ഒരു വ്യക്തിയുടെ സ്വര്‍ഗ്ഗീയ പദവികള്‍ ഉയര്‍ത്തപ്പെടും. അപ്പോള്‍ അദ്ദേഹം ചോദിക്കും: എങ്ങിനെയാണിത് ലഭിച്ചത്? അപ്പോള്‍ പറയപ്പെടും : നിനക്കുവേണ്ടി നിന്‍റെ മക്കള്‍ പൊറുക്കലിനെ തേടിയ കാരണത്താലാണിത്. (ഇബ്നു മാജ)
മരണമടഞ്ഞ വ്യക്തിക്ക് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനം ഉപകരിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
5. മാതാപിതാക്കളെ അല്ലാഹുവിലേക്ക് ക്ഷണിക്കല്‍
ഇബ്റാഹീം നബി പിതാവ് ആസറിനോട് ചോദിച്ച ഘട്ടം സ്മരണീയമാണ്. ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി വരിച്ചിരിക്കുന്നത്? താങ്കളും സ്വജനതയും സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.(അന്‍ആം : 74) ബിംബാരാധന ഉപേക്ഷിക്കാനും അല്ലാഹുവിനെ ആരാധിക്കാനും ഇബ്രാഹിം (അ) തന്‍റെ പിതാവിനെ ക്ഷണിക്കുകയും ആ ദൈവങ്ങളെ ആരാധിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തതായി ഖുര്‍ആന്‍ പറയുന്നുണ്ട്. ഇപ്രകാരം നിസ്കരിക്കാത്ത മാതാപിതാക്കളെ അതിലേക്ക് പ്രേരിപ്പിക്കലും മോഷണം, ചൂതാട്ടം, വ്യഭിചാരം, മദ്യപാനം തുടങ്ങിയ തിډകളിലേര്‍പ്പെടുന്നവരെ തടയലും ധനികരായ മാതാപിതാക്കളെ ദാനധര്‍മ്മങ്ങളിലേക്ക് പ്രേരപ്പിക്കലും മക്കളുടെ കടമയാണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കും.
6. മാതാപിതാക്കള്‍ക്ക് കരുണ ചെയ്യല്‍
കാരുണ്യപൂര്‍വ്വം വിനയത്തിന്‍റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം: രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റി വളര്‍ത്തിയതുപോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയേണമേ(ഇസ്റാഅ്: 24)
മാതാപിതാക്കള്‍ക്ക് വിശിഷ്യാ വാര്‍ദ്ധക്യ സന്ദര്‍ഭത്തില്‍ താഴ്മ ചെയ്യല്‍ മക്കള്‍ക്ക് നിര്‍ബന്ധമാണെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. ഇമാം സമഖ്ശരീ(റ) പറഞ്ഞു: വിനയത്തിന്‍റെ ചിറകുകള്‍ എന്ന് പറഞ്ഞതിന് രണ്ട് രൂപങ്ങളുണ്ട്. ഒന്ന്. അവരിരുവര്‍ക്കും നിന്‍റെ താഴ്ന്ന ചിറകുകള്‍ വിരിച്ച് കൊടുക്കുക. രണ്ട്. അവരിരുവര്‍ക്കും നീ താഴ്മയുടെ ചിറകുകളാവുക.ഇപ്പറഞ്ഞതില്‍ നിന്നും അവരിരുവരോടും അങ്ങേയറ്റം കാരുണ്യവും വാത്സല്യവും കാണിച്ച് ഏറ്റവും വിനയം കാണിക്കണമെന്നും താഴ്മ ചെയ്യണമെന്നും ഗ്രഹിക്കാം. പ്രായാധിക്യം കാരണത്താല്‍ ഇന്നലെ വരെ അവരുടെ ആശ്രിതരായിക്കഴിഞ്ഞിരുന്ന മക്കളുടെ ആശ്രയം ഇന്നവര്‍ക്ക് ആവശ്യമായി വന്നിരിക്കുന്നു. അതിനാല്‍ ഇന്നലെയുടെ നമ്മുടെ വസന്തമായ മാതാപിതാക്കളെ ഇന്നിന്‍റെ ഊഷ്മളതയില്‍ നാം മറക്കാതിരിക്കുക.
മാതാവും പിതാവും മനുഷ്യന്‍റെ സ്വര്‍ഗ്ഗവും നരകവുമാണ്. ഒരാള്‍ നബി (സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, മാതാപിതാക്കളോടുള്ള മക്കളുടെ കടമയെന്താണ്? നബി (സ്വ) പറഞ്ഞു: അവര്‍ നിന്‍റെ സ്വര്‍ഗ്ഗവും നരകവുമാണ്.(ഇബ്നു മാജ)
മാതാപിതാക്കള്‍ക്ക് സേവനം ചെയ്ത് സ്വര്‍ഗ്ഗം നേടാനും അവരെ അവഗണിച്ച് നരകാവകാശിയാവാനും കഴിയുമെന്ന് ചുരുക്കം. മാതാപിതാക്കളുടെ തൃപ്തി കരസ്ഥമാക്കുന്നവരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍
Be the first to comment