കാല്‍നടയായി ഹജ്ജ് യാത്രക്കിറങ്ങിയ ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍;യാത്ര ചൈന വഴി?

പഞ്ചാബ്: കാല്‍നടയായി ഹജ്ജ് ചെയ്യാനിറങ്ങിയ മലയാളി ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാകിസ്താന്‍. നേരത്തെ വിസ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന പാക് എംബസി ശിഹാബ് അതിര്‍ത്തിയിലെത്തിയ സമയത്ത് വിസ നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാത്ര ചൈന വഴി ആക്കിയേക്കുമെന്നും സൂചനയുണ്ട്.ഇതിനായി കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്‌മാനി വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്താന്‍ വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടത്. ഡല്‍ഹിയിലെ പാക് എംബസി ശിഹാബിനെ ചതിക്കുകയായിരുന്നു. നേരത്തെ വിസ നല്‍കാമെന്ന് ഇവര് ഉറപ്പു നല്‍കിയതാണ്. യാത്ര തുടരാനും അതിര്‍ത്തി എത്തുമ്പോള്‍ വിസ നല്‍കാമെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. നേരത്തെ നല്‍കിയാല്‍ വിസാ കാലാവധി കഴിയാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. മൂവായിരം കിലോ മീറ്റര്‍ നടന്ന് അദ്ദേഹം അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ പതിവു പാകിസ്താന്‍ വിസ നിഷേധിച്ചിരിക്കുന്നു- ഇമാം ചൂണ്ടിക്കാട്ടി. ചൈന വഴി പോകാനുള്ള സൗകര്യമൊരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം ചൂണ്ടിക്കാട്ട് മെയില്‍ ചെയ്തിട്ടുണ്ടെന്നും ഇമാം പറഞ്ഞു. അതേസമയം, ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ശിഹാബ്.
കഴിഞ്ഞ ജൂണിലാണ് മലപ്പുറം വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് കാല്‍ നടയായി ഹജ്ജിന് പുറപ്പെടുന്നത്. കുട്ടിക്കാലം മുതലുള്ള ശിഹാബിന്റെ ആഗ്രഹമായിരുന്നു നടന്നുപോയി ഹജ്ജ് ചെയ്യുക എന്നത്. കേട്ടവരെല്ലാം ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പടച്ചോന്റെ കൃപയുണ്ടെങ്കില്‍ യാത്ര വിജയിക്കുമെന്ന് ശിഹാബ് മറുപടി നല്‍കി. ഉമ്മ സൈനബയും ഭാര്യ ഷബ്‌നയും ശിഹാബിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഒന്‍പത് മാസത്തെ ആലോചനയിലൂടെയാണ് യാത്ര ആസൂത്രണം ചെയ്തത്.
8640 കിലോമീറ്റര്‍ ദൂരമാണ് ശിഹാബിന് താണ്ടേണ്ടത്. ഇതില്‍ മൂവായിരം കിലോമീറ്റര്‍ ദൂരം താണ്ടിക്കഴിഞ്ഞു.
വാഗാ അതിര്‍ത്തി വഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സഊദിയിലേക്ക് പ്രവേശിക്കാനായിരുന്നു പദ്ധതി.
ഒരു വര്‍ഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സൗദിയില്‍ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.

പ്ലസ്ടു, അക്കൗണ്ടന്‍സി കോഴ്സുകള്‍ കഴിഞ്ഞശേഷം സഊദിയില്‍ ആറു വര്‍ഷം ജോലി ചെയ്ത ശിഹാബ് അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സഊദിയില്‍നിന്ന് വന്നശേഷം നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി.പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ കൂട്ട്. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റുമാണ് ആശ്രയിക്കുന്നത്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*