ന്യൂഡല്‍ഹി/ കോഴിക്കോട്: നിപ്പ വൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട്ടേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. സംഘം തിങ്കളാഴ്ച കോഴിക്കോട്ടെത്തും.
പേരാമ്പ്രക്കടുത്ത് പന്തിരിക്കര സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിക്കാനിടയായത് നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതുസംബന്ധിച്ച വിവരം ആരോഗ്യ വകുപ്പിന് ലഭിച്ചത്. മരിച്ച മൂന്നുപേരുടെ രക്തസാംപിളിലും നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ നല്‍കുന്ന നിര്‍ദേശങ്ങള്‍
പൊതുജനങ്ങളുടെ ശ്രദ്ധക്ക്
1. അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായിഅടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
2. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങളുള്ളവരെ വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ അരുത്.
3. വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച് ഉപേക്ഷിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്. മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം ഉപയോഗിക്കുക.
4. വവ്വാല്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് മുതലായ പാനീയങ്ങള്‍ കുടിക്കരുത്.
5. രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്‌ക്. ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണം.
6. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഈരോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുകയും ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.
7. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 0495 2376063.
Be the first to comment