മമ്പുറം തങ്ങള്‍; ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം

സിഫാറത്ത് ഹുസൈന്‍ കെ.എസ്

പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അനവധി കുടുംബങ്ങളാല്‍ അനുഗ്രഹീതമായ യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍. പ്രവാചകന്‍റെ പ്രത്യേക പ്രാര്‍ത്ഥനക്ക് ഭാഗ്യം സിദ്ധിച്ച യമനില്‍ നിന്ന് അനേകം പ്രവാചക പൗത്രന്‍മാര്‍ കേരളത്തിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ട സ്ഥാനം കൈവരിക്കാന്‍ തങ്ങള്‍ക്ക് ആയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗര്‍ജിക്കുന്ന സിംഹമായി മാറിയ ആ സൂഫി വര്യന്‍ ആത്മീയതക്കപ്പുറം അധിനിവേശ ശക്തികള്‍ക്കെതിരെ സ്വരാജ്യത്തിനായി പടപൊരുതാനും തയ്യാറായവരായിരുന്നു.

പ്രവാചക പൗത്രന്‍മാരിലെ മൗലദ്ദവീല പരമ്പരയില്‍ ശൈഖ് സയ്യിദ് മുഹമ്മദ് ബിനു സഹല്‍ (റ) ന്‍റെയും മറ്റൊരു പ്രവാചക ഖബീലയായ ജിഫ്രി കുടുംബത്തിലെ സയ്യിദത്ത് ഫാത്തിമ (റ) ടെയും മകനായി ഹിജ്റ 1166 ദുല്‍ഹിജ്ജ 23 ശനിയാഴ്ച രാത്രിയായിരുന്നു മമ്പുറം തങ്ങളുടെ ജനനം. ശൈശവ ദശയിലെ മാതാവും പിതാവും മരണമടഞ്ഞ തങ്ങള്‍ക്കു താങ്ങായും തണലായും നിന്നത് മാതൃസഹോദരി സയ്യിദത്ത് ഹാമിദ ബീവിയാണ്. അവര്‍ തന്നെയായിരുന്നു തങ്ങളുടെ വളര്‍ത്തുമ്മയും. എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ തങ്ങള്‍ അതിവേഗം അറബിഭാഷയില്‍ നൈപുണ്യം നേടി.

കേരളത്തിലേക്കു വന്ന തന്‍റെ മാതുലന്‍ ഹസന്‍ ജിഫ്രി(റ) നെ പറ്റി വളര്‍ത്തുമ്മയില്‍ നിന്നറിയാനായതോടെ മലബാറിലേക്ക് വരാനും മാതുലനെ കാണാനും തങ്ങളുടെ ഹൃദയം വെമ്പല്‍ കൊണ്ടു. അങ്ങനെയിരിക്കെ ആഗ്രഹ സഫലീകരണത്തിന് മാതൃസഹോദരിയുടെ അനുമതി ലഭിച്ചു .ഉടന്‍ തന്‍റെ പതിനേഴാം വയസ്സില്‍ ശഹര്‍ മുഖല്ല തുറമുഖത്തുനിന്ന് യാത്ര തിരിച്ച തങ്ങള്‍ ഹിജ്റ 1183 ന് റമദാന്‍ 19ന് കോഴിക്കോട് കപ്പലിറങ്ങി. തന്‍റെ പ്രിയപ്പെട്ട മാതുലനെ പ്രതീക്ഷിച്ച തങ്ങള്‍ക്ക് അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ വഫാത്തായിപ്പോയി എന്ന വ്യസനകരമായ വാര്‍ത്തയാണ് ലഭിച്ചത്. തങ്ങളെ സ്വീകരിക്കാന്‍ ശൈഖ് ജിഫ്രി (റ)ന്‍റെ നേതൃത്വത്തില്‍ ഏതാനും ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ തങ്ങളെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും സദ്യ ഒരുക്കി സന്തോഷിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് സയ്യിദ് ഹസന്‍ ജിഫ്രി (റ)വിന്‍റെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ അവര്‍ മമ്പുറത്ത് എത്തി.

മമ്പുറത്തെ നാട്ടുകാര്‍ക്കും പ്രമാണിമാര്‍ക്കും സയ്യിദ് അലവി തങ്ങളെ പരിചയപ്പെടുത്തി കൊടുത്തശേഷം മഹാനവര്‍കളെ അവിടെ നിര്‍ത്തി ശൈഖ് ജിഫ്രി (റ) കോഴിക്കോട്ടേക്ക് തിരിച്ചുപോയി. തൊട്ടടുത്ത വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനിടെ കൈയ്യഴിച്ചു ഒറ്റക്ക് ളുഹര്‍ നിസ്കരിച്ച തങ്ങളില്‍ നിന്നും അന്നത്തെ ഇമാം ഒരു പശുവിനെ ആലോചിച്ചു കൊണ്ടാണ് നിസ്ക്കാരത്തിന് നേതൃത്വം നല്‍കിയതെന്ന സത്യവും കറാമത്തും വെളിവായി. ഇത് ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വീകാര്യത പൂര്‍വ്വോപരി വര്‍ധിപ്പിക്കുകയുണ്ടായി.

കേരളത്തിലേക്കു വന്ന അതേവര്‍ഷം തന്നെ തങ്ങള്‍ ഒരു കുടുംബനാഥനായി മാറി. അഥവാ തന്‍റെ മാതുലന്‍ ഹസന്‍ ജിഫ്രി (റ) വിന്‍റെ മകള്‍ ഫാത്തിമ ബീവിയെ വിവാഹം ചെയ്തു. ദാമ്പത്യത്തില്‍ തങ്ങള്‍ക്ക് രണ്ട് മക്കള്‍ പിറന്നു. അധികം താമസിയാതെ മഹതി ഇഹലോകവാസം വെടിഞ്ഞു. പിന്നീട് മൂന്ന് വിവാഹങ്ങള്‍ കൂടി ചെയ്ത തങ്ങള്‍ക്ക് ധാരാളം മക്കളുണ്ടായി. തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ ആദ്യ മൂന്ന് ഭാര്യമാരും മരണപ്പെട്ടിരുന്നു.വാഫാത്തകുമ്പോള്‍ ഇന്തോനേഷ്യക്കാരിയായ സ്വാലിഹ എന്ന പത്നി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു.

ആത്മീയ ലോകത്തെ വെള്ളിനക്ഷത്രമായി വിരാജിച്ച മമ്പുറം തങ്ങള്‍ ഖുതുബുസ്സമനായിരുന്നു .പുറമേ, ഉത്തമ കുടുംബനാഥനും, ജനങ്ങള്‍ നെഞ്ചേറ്റിയ വീര പോരാളിയുമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ യാതൊരു വൈമനസ്യവും അവിടുന്ന് കാണിച്ചില്ല. കേരളക്കരക്ക് പരിചയമുള്ള മഖ്ദൂമിയ്യന്‍ നിലപാടാണ് തങ്ങള്‍ സ്വീകരിച്ചിരുന്നത്. മതപരമായ കാര്യങ്ങളില്‍ തങ്ങള്‍ കര്‍ക്കശക്കാരനായിരുന്നു. അധ്യാത്മിക ചൈതന്യത്തില്‍ സാമൂഹികപരിവര്‍ത്തനം സാധ്യമക്കലായിരുന്നു തങ്ങളുടെ ഉദ്ദേശം. ഇതില്‍ ഒരു തടസ്സമായി അക്കാലത്ത് ഉടലെടുത്ത വിഘടന വാദികളായ കൊണ്ടോട്ടി തങ്ങന്മാരെ മുളയിലെ നുള്ളി കളയാനും തങ്ങള്‍ക്കായിട്ടുണ്ട്.

സാഹചര്യത്തിന്‍റെ അനിവാര്യതകള്‍ തിരിച്ചറിഞ്ഞ് ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുകയും മതമൈത്രിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മഹാനായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യവുമായി കേരളക്കരയിലേക്ക് വന്ന ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ ആ സൗഹൃദങ്ങള്‍ ഉപകരിക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നു. ഹിന്ദു മുസ്ലിം മത മൈത്രി നഷ്ടപ്പെട്ടാല്‍ നാശമായിരിക്കും ഫലമെന്നും തങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി.

ബ്രിട്ടീഷ് ഭരണകൂടം മലബാറില്‍ നടപ്പാക്കിയ ഭാരിച്ച നികുതിയും, പുകയില,തടി, തുടങ്ങിയവയിലെ കുത്തക വ്യാപാരവും മുതലാളിമാരുടെ പീഡനവും ജനജീവിതം ദുസ്സഹമാക്കി. ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് അണമുറിയാതെ കേള്‍ക്കാനിടയായതോടെ തങ്ങള്‍ നേരിട്ട് രംഗത്തിറങ്ങി. ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്ലിം ജനതയെ ഒറ്റക്കെട്ടാക്കി നിര്‍ത്തിയ തങ്ങള്‍ ഇത് ജിഹാദ് ആണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചു .യുവാക്കളും വയോധികരും ഒരുപോലെ തങ്ങളുടെ പിന്നില്‍ രക്തസാക്ഷിത്വമാഗ്രഹിച്ച് ഉറച്ചുനിന്നു. എന്തിനും തയ്യാറായ മാപ്പിള മക്കള്‍ തങ്ങള്‍ക്കൊപ്പവും അല്ലാതെയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതാന്‍ തുടങ്ങി. പലയിടത്തും കലാപങ്ങള്‍ അരങ്ങേറി.വിറച്ചുപോയ ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുസ്ലിം മനസ്സുകളില്‍ ബ്രിട്ടീഷ് വിരുദ്ധ നയത്തിന് ഇളക്കം തട്ടിക്കാന്‍ അവര്‍ക്കായില്ല. തങ്ങളുടെ വിയോഗ ശേഷം മകന്‍ സയ്യിദ് ഫസല്‍ തങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ നയിച്ചവരായിരുന്നു.

ധാരാളം കറാമത്തുകള്‍ മമ്പുറം തങ്ങളുടെ ജീവിതത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട് .ഒരിക്കല്‍ പള്ളി നിര്‍മാണത്തിന് കുറ്റിയടിക്കാന്‍ വന്ന പ്രമുഖ ആശാരിമാരോട് യഥാര്‍ത്ഥ സ്ഥാനം കണ്ടെത്താന്‍ പറഞ്ഞ് തങ്ങള്‍ ഒരു സ്ഥലത്ത് പായവിരിച്ചിരുന്നു. മറ്റുള്ളവര്‍ പലയിടങ്ങളിലും സ്ഥാനം തപ്പുന്നതിനിടയില്‍ ഒരു ആശാരി മാത്രം വന്ന് തങ്ങള്‍ ഇരുന്ന സ്ഥലമാണ് ശരിയായ സ്ഥാനമെന്നറിയിച്ചു. അയാളെ അഭിനന്ദിച്ചുകൊണ്ട് തങ്ങള്‍ പറഞ്ഞു ‘ഇജ്ജാണ് ശരിയായ ആശാരി’അഥവാ ആദ്യമേ തങ്ങള്‍ക്കറിയാമായിരുന്നു എവിടെയാണ് യഥാര്‍ത്ഥ സ്ഥാനമെന്ന്. കൂടാതെ

ഇന്ന് റഷ്യയിലും ചൈനയിലും തുടങ്ങി നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ശക്തമായി നിലകൊള്ളുന്ന കമ്മ്യൂണിസത്തിന്‍റെ ആവിര്‍ഭാവത്തെ പറ്റി മഹാനവര്‍കള്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു.ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമോ?… എന്ന ചോദ്യത്തിന് അവര്‍ ഇന്ത്യ വിടുമെന്ന് മാത്രമല്ല രാജ്യം വിഭജിക്കപ്പെടുന്നും, പട്ടിണിയാല്‍ ജനം ദുരിതത്തിലാകുമെന്നും തങ്ങള്‍ കാലേകൂട്ടി പറയുകയും ചെയ്തു എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

കേരള മുസ്ലിം നവോത്ഥാന മേഖലയുടെ നട്ടെല്ലായി ഏറെക്കാലം വര്‍ത്തിച്ച തങ്ങള്‍ പ്രായമേറുന്തോറും വീര്യം കൂടിവരുന്ന പ്രകൃതക്കാരനായിരുന്നു. വാര്‍ധക്യകാലത്ത് പടനയിക്കുന്നതിനിടെ ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നേറ്റ വെടി കാരണത്താല്‍ രോഗങ്ങള്‍ പിടിപെട്ടു. ദിനംപ്രതി മൂര്‍ച്ഛിച്ചു വന്ന രോഗത്തിന് പാലേരി വൈദ്യന്‍ എന്നറിയപ്പെട്ട പുത്തൂര്‍ സ്വദേശി അഹമ്മദ് കുട്ടി വൈദ്യന്‍ നല്‍കിയ മരുന്ന് താല്‍ക്കാലിക ശമനം മാത്രമേ നല്‍കിയുള്ളൂ. അതിവേഗം തങ്ങളുടെ ശരീരം ക്ഷീണിച്ചു പോയിരുന്നു. താമസിയാതെ ഹിജ്റ 1260 (1845) മുഹറം ഏഴിന് ഞായറാഴ്ച രാത്രി തന്‍റെ തൊണ്ണൂറ്റിനാലാം വയസ്സില്‍ ആ പുണ്യാത്മാവ് ലോകത്തോട് വിട പറഞ്ഞു.ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസമായി ജ്വലിച്ച് നിന്ന സൂര്യതേജസ്സ് അസ്ഥമിക്കുകയായിരുന്നു. ലേകത്ത് നിന്ന് മാഞ്ഞിട്ടും മറയാതെ ഇന്നും ജനങ്ങള്‍ക്ക് ആത്മീയ നേതൃത്വം നല്‍കി ആ പുണ്യാത്മാവ് ജന മനസ്സുകളില്‍ ജീവിക്കുന്നു.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*