
കഴിഞ്ഞ കുറെ നാളായി മീഡിയകളിലും നാലാള്‍ കൂടുന്നിടത്തൊക്കെ ചര്‍ച്ചാ വിഷയം ജോളിയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആറുകൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ സ്ത്രീയുടെ ക്രിമിനല്‍ പാടവം കേരള ജനതയെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അടിച്ചുപൊളിക്കാന്‍ സ്വന്തം ഭര്‍ത്താവിനെയും ഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും കുടുംബത്തിലെ മറ്റു മൂന്നുപേരേയും ഭക്ഷണത്തില്‍ സയനൈഡ് നല്‍കി അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍തൃമതിയായ ജോളിയുടെ ചെയ്തികള്‍ പ്രബുദ്ധ കേരളം ചര്‍ച്ചചെയ്യുമ്പോള്‍ വിശ്വാസിനികളായ കുടുംബനികളോട് സ്നേഹപൂര്‍വ്വം ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുകയാണിവിടെ.
വിവാഹ ബന്ധത്തിലൂടെ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന ഓരോ കുടുംബിനികളും ലക്ഷ്യമിടുന്നത് സംതൃപ്തകരവും സന്തോഷകരവുമായ ജീവിതമാണ്. എന്നാല്‍ സ്വന്തം ജീവിതം മാത്രം ആസ്വാദകരമാവല്‍ കൊണ്ട് ജീവിതം സന്തുഷ്ടകരമാവുമോ….?. ഒരിക്കലുമില്ല. ഒരു ഭര്‍തൃമതിയാവുമ്പോള്‍ അവളുടെ ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും ജീവിതം കൂടി സൗഖ്യമുള്ളതാവുമ്പോഴാണ് അവളുടെ ജീവിതം സന്തോഷകരമാവുന്നത്.
കുടുംബ ജീവിതത്തിലെ ഇണക്കുരുവികളാണ് ഭാര്യ ഭര്‍ത്താക്കന്‍മാര്‍. അവരുടെ പരസ്പര ധാരണകളും വികാരങ്ങളും ഒന്നായിച്ചേര്‍ന്ന് സ്നേഹത്തോടെ ജീവിത ലക്ഷ്യത്തിലേക്ക് പ്രയാണം നടത്തുമ്പോഴാണ് ജീവിതം സന്തോഷദായകമാവുന്നത്. പങ്കാളികള്‍ ഇരുവരും പരസ്പരം കടമകള്‍ തിരിച്ചറിഞ്ഞ് നിര്‍വ്വഹിച്ച് മനപ്പൊരുത്തത്തോടെ ജീവിക്കല്‍ ഇതിനാവശ്യമാണ്.
ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവ് അവളുടെ സ്നേഹ ഭാജനമാകണം. സദാസമയവും തന്‍റെ ഭര്‍ത്താവിനെക്കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മുഴുകി അദ്ദേഹത്തെ സംതൃപ്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ മനോമുകുരത്തില്‍ മെനഞ്ഞു കൊണ്ടിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഓരോ ഭാര്യമാരും ജീവിതത്തില്‍ പകര്‍ത്തേണ്ടത്. കാര്‍ക്കശ്യക്കാരനായ ഭര്‍ത്താവായാല്‍ പോലും ഈ രീതിയാണ് ഭാര്യമാര്‍ അവലംബിക്കേണ്ടത്. ഒപ്പം ഭര്‍തൃ മാതാപ്പിതാക്കളെയും സന്താനങ്ങളെയും വേണ്ട വിധം പരിപാലിക്കുകയും പരിചരിക്കുകയും വേണം. നല്ല കുടുംബിനികളുടെ ലക്ഷണമാണിത്.
ഭാര്യ ഭര്‍ത്താവിന് വേണ്ടി ചെയ്യേണ്ടാവുന്ന പ്രഥമ ബാധ്യത അനുസരണയാണ്. ശറഇന് വിരുദ്ധമല്ലാത്ത ഏത് കാര്യമായാലും ഭര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കണം. ഇതിലൂടെ ഭര്‍ത്താവിന്‍റെ തൃപ്തി കരസ്ഥമാക്കുകയും വേണം. സ്വര്‍ഗത്തില്‍ കടക്കാനുള്ള കുറുക്കു വഴി കൂടിയാണത്. നബി (സ്വ) പറയുന്നു : ‘ഭര്‍ത്താവിന്‍റെ തൃപ്തിയിലായി മരണപ്പെട്ട ഏതൊരു സ്ത്രീയും സ്വര്‍ഗത്തില്‍ പ്രവേശിച്ചവളാണ്.’. (തുര്‍മുദി)
നബി (സ്വ) യുടെ കാലത്ത് ഒരാള്‍ ഒരു ദീര്‍ഘ യാത്രക്കിറങ്ങി. വീടിന്‍റെ രണ്ടാം നിലയില്‍ താമസിക്കുന്ന ഭാര്യയോട് അദ്ദേഹം അവിടെ നിന്ന് താഴോട്ട് ഇറങ്ങരുതെന്ന് കല്‍പ്പിച്ചു അദ്ദേഹം യാത്രപോയി. അവരുടെ പിതാവ് വീടിന്‍റെ താഴെ നിലയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് തന്‍റെ പിതാവിന് രോഗം ബാധിച്ചപ്പോള്‍ പിതാവിനെ കാണാന്‍ താഴോട്ട് ഇറങ്ങുന്നതിന് അവള്‍ നബിയോട് സമ്മതം ചോദിച്ചു. നബി (സ്വ) യുടെ മറുപടി ഇപ്രകാരമായിരുന്നു :നിന്‍റെ ഭര്‍ത്താവിന്‍റെ കല്‍പന പാലിക്കുക. പിന്നീട് പിതാവ് മരണപ്പെട്ടു. താഴോട്ട് ഇറങ്ങാന്‍ നബിയോട് സമ്മതം ചോദിച്ചു. നബി (സ്വ) മറുപടി ആവര്‍ത്തിച്ചു. നിന്‍റെ ഭര്‍ത്താവിന്‍റെ കല്‍പ്പന പാലിക്കുക. അവള്‍ മുകളില്‍ തന്നെ നിന്ന് ഭര്‍ത്താവിനെ പൂര്‍ണമായി വഴിപ്പെട്ടു. അക്കാരണത്താല്‍ അല്ലാഹു ആ പിതാവിന്‍റെ മുഴുവന്‍ ദോഷവും പൊറുത്തുക്കൊടുത്തു എന്ന സന്തോഷവാര്‍ത്ത അറിയിക്കാന്‍ നബി (സ്വ) ആളെ വിട്ടു. (ത്വബ്റാനി)
ഭാര്യമാരുടെ സ്നേഹവും സാമീപ്യവും സദാസമയവും കൊതിക്കുന്നവരാണ് ഓരോ ഭര്‍ത്താക്കന്മാരും. അവര്‍ വീട്ടില്‍ നിന്നും ജോലിക്കോമറ്റോ പുറത്ത് പോയാല്‍ പോലും ഭാര്യമാരേയും കുടുംബത്തേയും സംബന്ധച്ച് ആലോചനകളില്‍ മുഴുകുന്നവരായിരിക്കുമവര്‍.
ഭാര്യയില്‍ നിന്നും എപ്പോഴും നിലക്കാത്ത സ്നേഹ പ്രവാഹവും മനസ്സു നിറക്കുന്ന പുഞ്ചിരിയും മറ്റു സമീപനങ്ങളും ലഭിക്കണമെന്നാണവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഭര്‍ത്താവിന്‍റെ പ്രീതിക്കൊത്തുയരാതെ അദ്ദേഹത്തിന്‍റെ കാര്യങ്ങളില്‍ ശ്രദ്ധയില്ലാതെ തൊട്ടതിനും പിടിച്ചതിനും പരാതി പറഞ്ഞു കലഹിക്കുന്ന ചില ഭാര്യമാരെ സമൂഹത്തില്‍ കാണാം. അത്തരക്കാരാവാന്‍ നാം ശ്രമിക്കരുത്. ഭര്‍ത്താക്കന്മാരോട് നാം ചെയ്യുന്ന നന്ദികേടുകള്‍ നമുക്ക് ആഖിറത്തിലും ദുനിയാവിലും ദോശമായി ഭവിച്ചേക്കാം.
ഒരിക്കല്‍ നബി (സ്വ) പറഞ്ഞു : ‘ നരകത്തെ ഞാന്‍ കാണുകയുണ്ടായി. അവിടെ കൂടുതല്‍ സ്ത്രീകളാണുള്ളത്. സ്വഹാബികള്‍ കാരണം തിരക്കിയപ്പോള്‍ നബി പറഞ്ഞു അവരുടെ നന്ദികേടാണ് കാരണം. സ്വഹാബികള്‍ ചോദിച്ചു. അവര്‍ അല്ലാഹുവിനെ നിഷേധിക്കുന്നുവെന്നോ ?. നബി (സ്വ) പറഞ്ഞു. അവര്‍ ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു. ഭര്‍ത്താവ് ചെയ്ത കാര്യങ്ങള്‍ക്ക് നന്ദികാണിക്കുന്നില്ല.ആയുഷ്കാലമത്രയും ഒരു ഭാര്യക്ക് നന്മയും ഉപകാരവും ചെയ്താലും നിന്നില്‍ അവര്‍ക്ക് അതൃപ്തമായ ഒരു കാര്യമുണ്ടായാല്‍ അവര്‍ പറയും നിങ്ങളില്‍ ഞാനൊരു നന്മയും കണ്ടിട്ടില്ല. നിങ്ങളെനിക്ക് ഒരു കാര്യവും ചെയ്തു തന്നിട്ടുമില്ല. എന്‍റെ മാതാപിതാക്കളുടെ അടുത്തായിരുന്നെങ്കില്‍ എന്‍റെ സ്ഥിതി ഇതാകുമായിരുന്നില്ല. (ബുഖാരി).
ഹുസൈദു ബ്നു മുഹ്ദമി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്‍റെ പിതൃവ്യ ഒരിക്കല്‍ പ്രവാചക സന്നിധിയലെത്തി. നബി അവരോട് ചോദിച്ചു. നീ ഭര്‍ത്താവുള്ളവളാണോ ? അവള്‍ പറഞ്ഞു : അതെ റസൂലേ. നബി (സ്വ) വീണ്ടും ചോദിച്ചു. നീയും ഭര്‍ത്താവും തമ്മിലുള്ള പെരുമാറ്റം എങ്ങനെയാണ്. ? വിനയത്തോടു കൂടെയാണോ നീ ഭര്‍ത്താവിനോട് പെരുമാറാറുള്ളത്. അവള്‍ പറഞ്ഞു. ഞാന്‍ ബാധ്യതകള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഇരുട്ടും അസ്വസ്ഥതയും വെന്ന് ചേരുമ്പോള്‍ മാത്രമെ വല്ല വിഴ്ച്ചയും വന്ന് പോവാറുളളു. നബി തിരുമേനി വീണ്ടും ചോദിച്ചു. നിന്‍റെ ഭര്‍ത്താവ് നിന്നെക്കുറുച്ച് പൂര്‍ണമായും സംതൃപ്തി ഉള്ളവനാണോ ? ഭര്‍ത്താവ് നിന്‍റ സ്വര്‍ഗവും നരകവുമാണെന്ന് നീ മനസ്സിലാക്കണം. ഭര്‍ത്താവിനെയനുസരിച്ചും തൃപ്തിപ്പെടുത്തിയും നീ ജീവിച്ചാല്‍ ഭര്‍ത്താവ് നിന്‍റെ സ്വര്‍ഗമാണ്. മറിച്ചായാല്‍ നിന്‍റെ നരകവുമാണ്.
ഭാര്യയുടെ കടമയെക്കുറിച്ച് ഇമാം ഗസ്സാലി(റ) പറയുന്നു. ഒരു ഭര്‍ത്താവിനോട് ഭാര്യക്ക് പല ഉത്തരവാദിത്തങ്ങളുമുണ്ട്. അവയില്‍ സുപ്രധാനമായത് അവളുടെ ദേഹത്തെ അന്യരില്‍ നിന്ന് മറക്കുകയും സംരക്ഷിക്കുകയും ചെയ്യലാണ്. അനാവശ്യമായി അവനോടെന്നും ചോദിക്കാതരിക്കലും ഹറാമായ ജോലി ചെയ്യുന്നതില്‍ നിന്ന് അവനെ അകറ്റുകയും വേണം.
അന്യപുരുഷന്‍മാര്‍ക്ക് ശരീരം പ്രദര്‍ശിപ്പിക്കുന്നതും അത് വഴി ഭര്‍ത്താവിനെ വഞ്ചിക്കുന്നതും ഇസ്ലാം നിശിദ്ധമാക്കിയ കാര്യമാണ്. ഹജ്ജത്തുല്‍ വിദാഇന്‍റെ ദിവസത്തില്‍ നബി (സ്വ) പറഞ്ഞു : നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്ക് ചെയ്ത് തരേണ്ട അവകാശങ്ങള്‍ എന്താണെന്ന് അറിയുമോ ? നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിപ്പിക്കാതെരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അത്തരക്കാര്‍ നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുകയോ വരിപ്പില്‍ സ്പര്‍ശിക്കകയോ അരുത്. (തുര്‍മുദി.)
ഭര്‍ത്താവ് ഭാര്യമാരെ ഏത് സമയത്ത് വിരിപ്പിലേക്ക് ക്ഷണിച്ചാലും അവള്‍ അനിഷ്ടം പ്രകടിപ്പിക്കാന്‍ പാടില്ല. ജോലിത്തിരിക്കിലാണെങ്കില്‍ പോലും. നബി (സ്വ) പറയുന്നു. ഒരാള്‍ തന്‍റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചു. അവള്‍ വഴങ്ങിയില്ല. അവളില്‍ ഭര്‍ത്താവ് അതൃപ്തനായി കഴിഞ്ഞുകൂടി. എന്നാല്‍ പുലരും വരെ മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടേയിരിക്കുന്നതാണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ശാരീരിക വേഴ്ച്ചക്ക് ഇസ്ലാം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. വികാരം മാനുഷിക പ്രകൃതിയാണ്. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും ശാരീരിക ബന്ധങ്ങളില്‍ പരിഗണിച്ചില്ലങ്കില്‍ ഒരു പക്ഷെ അവിഹിത ബന്ധങ്ങളിലേക്ക് ചെന്നു പെടുന്ന ദുരവസ്ഥയുണ്ടാവും. അതൊഴിവാക്കാനാണ് ഭാര്യയുടെ ബാധ്യതയായി ഇസ്ലാം ഇതിനെ നിഷ്കര്‍ശിച്ചത്.
വിവാഹം കഴിഞ്ഞ് ഭര്‍തൃ വീട്ടിലേക്ക് എത്തിയ ഏതൊരു സ്ത്രീയും ഭര്‍ത്താവിന്‍റെ സഹധര്‍മിണി എന്നതിലപ്പുറം ആവീടിന്‍റെ ഭരണാധിപ കൂടിയാണ്. ഭര്‍ത്താവിന്‍റെയതും രക്ഷിതാക്കളുടെയും സന്ദാനങ്ങളുടെയും ഗൃഹ സംബന്ധമായ എല്ലാ കാര്യങ്ങളും അവളിലാണ് നിക്ഷിപ്തമായിരിക്കുകയാണ്. അത് വേണ്ട വിധം കൈകാര്യം ചെയ്തില്ലങ്കില്‍ ആഖിറത്തില്‍ അതിനെക്കുറിച്ച് ചോദി ക്കപ്പെടുക തന്നെ ചെയ്യും. നബി (സ്വ) പറയുന്നു. ‘ എല്ലാവരും ഭരണാധികാരികളാണ്. അവരുടെ ഭരണീയരെക്കുറിച്ചു അല്ലാഹു ചോദിക്കും. സ്ത്രീ ഭര്‍തൃ ഗൃഹത്തിന്‍റെയും സന്ദാനങ്ങളുടെയും ഭരണകര്‍ത്രിയാണ്. അവളുടെ ഭരണീയരെക്കുറിച്ചും ചോദിക്കപ്പെടുന്നതാണ്.(ബുഖാരി, മുസ്ലിം.)
ഭര്‍ത്താവിന്‍റെ ജീവിതാന്ത്യം വരെയുള്ള പങ്കാളിയും കുട്ടുകാരിയുമാണ് ഓരോ ഗൃഹനാഥയും. അവള്‍ സ്വാലിഹത്താകുമ്പോഴാണ് ഇരുലോകത്തും വിജയപ്രദമാകുന്ന ജീവിതാന്തരീക്ഷം കുടുംബത്തിലുണ്ടാവുന്നത്. നബി (സ്വ) പറഞ്ഞു :’ തഖ്വ സമ്പാദിച്ചു കഴിഞ്ഞാല്‍ പിന്നീട് സ്ത്രീകള്‍ക്ക് നേടിയെടുക്കാനുള്ള സമ്പത്ത് സ്വാലിഹത്തായ ഭാര്യ എന്ന പദവിയാണ്. ഭര്‍ത്താവിനോട് അനുസരണ കാണിക്കുക, അവളെക്കാണുന്നത് പോലും ഭര്‍്ത്താവിന് സന്തോഷം നല്‍കുന്നതാവുക. ഏറ്റെടുത്ത കാര്യങ്ങള്‍ നിര്‍വഹിക്കുക. ഭര്‍ത്താവിന്‍റെ അഭാവത്തില്‍ അവന്‍റെ സമ്പത്തും അവളുടെ ചാരിത്ര ശുദ്ധിയും കാത്തു സൂക്ഷിക്കുക’ .(ഇബ്നുമാജ)
ചുരുക്കത്തില്‍ ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്‍റെ താങ്ങും തണലുമായി വര്‍ത്തിക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് ഓരോ സ്ത്രീക്കുമുള്ളത്. അവ പരസ്പര സൗഹാര്‍ദത്തോടെ ഭര്‍ത്താവിന്‍റെ മനസ്സറിഞ്ഞുകൊണ്ട് ഭാര്യ നിറവേറ്റിയാല്‍ കുടുംബ ജീവിതം സന്തുഷ്ടമായിത്തീരുന്നതാണ്. അല്ലാതെ ജോളിയെപ്പോലെ നൈമിശിക സുഖാസ്വാദനങ്ങള്‍ക്കായി ഭര്‍ത്താവിനെയും കുടുംബത്തിനേയും വഞ്ചിച്ചാല്‍ ദുനിയാവും ആഖിറവും ദുരന്തപൂര്‍ണ്ണമായിരിക്കും, തീര്‍ച്ച.
Be the first to comment