ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും; സാഹിത്യ നഗര പദവി ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നടത്തും.

ആനക്കുളം സാംസ്‌ക്കാരിക നിലയമാണ് സാഹിത്യ നഗരത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുക. ലോകമെമ്പാടുമുള്ള 53 സാഹിത്യ നഗരികള്‍ക്കൊപ്പമാണ് കോഴിക്കോടിന്റെ പേരും അടയാളപ്പെടുത്തുക. 10 ഏഷ്യന്‍ നഗരങ്ങളാണ് സാഹിത്യ നഗരം പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. രണ്ടുവര്‍ഷം വീതം നീണ്ടുനില്‍ക്കുന്ന നാലു ഘട്ടങ്ങളിലായാണ് സാഹിത്യനഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളില്‍ ബ്രാന്‍ഡിങ്, സാഹിത്യ സംവാദങ്ങള്‍ക്കുള്ള ഇടങ്ങള്‍ കണ്ടെത്തല്‍, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ജനകീയ ഇടപെടല്‍ വര്‍ധിപ്പിക്കുക എന്നിവയ്ക്കും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളില്‍ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഊന്നല്‍ നല്‍കുക. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്നരീതിയില്‍ പ്രാദേശികതലത്തിലും അന്തര്‍ദേശീയതലത്തിലും വിവിധ പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കും.

നഗരത്തിലെ പൊതു ഇടങ്ങളില്‍ സാഹിത്യ ആവാസ ഒരുക്കുന്നതിന്റെ ഭാഗമായി മാനാഞ്ചിറ, ബീച്ച്, കുറ്റിച്ചിറ, തളി ക്ഷേത്രം, ലയണ്‍സ് പാര്‍ക്ക് തുടങ്ങിയ പൊതു ഇടങ്ങളും പാര്‍ക്കുകളും സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇടങ്ങള്‍ കൂടി ആക്കി മാറ്റും.

സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന പുസ്തക മേളകള്‍, സഞ്ചരിക്കുന്ന പുസ്തക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 2021 ഡിസംബര്‍ മുതല്‍ സാഹിത്യനഗരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ ആരംഭിച്ചിരുന്നു. പ്രഖ്യാപന ചടങ്ങില്‍ കോര്‍പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് എം.ബി രാജേഷ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശവും വെബ് സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തും. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*