ഖദീജ ബിന്‍ത്ത് ഖുവൈലിദ്(റ) ഈമാനിക പ്രഭ പരത്തിയ സൗഗന്ധികം.

ഇര്‍ശാദ് എം വേങ്ങര

ഇസ്ലാമിക ചരിത്രവീഥികള്‍ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായമാണ് ഖദീജ(റ).വിശ്വകുലത്തിന് പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷയുടെ കാവലേകുന്ന സ്മരണീയ ജീവിതം.ആരും സഹായിക്കാനില്ലാത്ത കാലത്ത്, ഒറ്റപ്പെടലിന്‍റെ ഭീതികള്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ഇസ്ലാമിന്‍റെ നിലനില്‍പ്പിന് വേണ്ടി മുഴുവന്‍ സമ്പത്തും നാഥന്‍റെ വഴിയില്‍ ചെലവഴിച്ച് ചരിത്രത്തിലെ ത്യഗസമ്പൂര്‍ണതയുടെ നിത്യഹരിതസാനിധ്യമാണ് മഹതി.

മനസ്സിനെ കീഴ്പ്പെടുത്തിയ സത്യത്തെ ഉയര്‍ത്തിപിടിക്കാന്‍ ദാരിദ്ര്യത്തെ സ്വയം വരിക്കാന്‍ മഹതി തയ്യാറായി.പണത്തിനേക്കാള്‍ വലുത് ആദര്‍ശസംരക്ഷണമാണെന്ന തെളിയിച്ച ജീവിതമായിരുന്നു മഹതിയുടേത്.പ്രവിചകന്‍ മാനസ്സികമായി തളരുമ്പോള്‍ സാന്ത്വനത്തിന്‍റെ പ്രതിരൂപമായും സാമ്പത്തികമായി വിശമാവസ്ഥയിലാകുമ്പോള്‍ സഹായഹസ്തവുമായും മഹതി പ്രത്യക്ഷപ്പെടും.ഇസ്ലാം ആര്‍ക്ക് മുമ്പിലും തലകുനിക്കെരുതെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു മഹതിക്ക്. എണ്ണിയാല്‍ അവസനാക്കാത്ത സേവനകര്‍മങ്ങളും സ്വഭാവസവിശേഷതകളും മഹതിയെ ഉന്നതസ്ഥാനീയയാക്കി. വിശ്വാസദാര്‍ഢ്യം, ആര്‍ജ്ജവം, സത്യസന്ധത, മഹനീയപെരുമാറ്റം  തുടങ്ങിയ ഗുണങ്ങള്‍ ഖദീജ ബീവി എന്നും ജീവിതത്തില്‍ കാത്തുസൂക്ഷിച്ചു.

ഇസ്ലാമിന്‍റെ ദിവ്യവെളിച്ചവുമായി സാമുഹ്യസംസ്കരണത്തിന് പ്രവാചകനെ അല്ലാഹു തെരെഞ്ഞെടുത്തപ്പോള്‍  അതിനെ ഇദംപ്രഥമമായി മനസ്സ് കൊണ്ടും ശരീരം കൊണ്ടും സര്‍വാത്മനാ അംഗീകരിച്ചത് ഖദീജബീവിയാണ്.അധാര്‍മികത ആധിപത്യം സ്ഥാപിച്ച സമൂഹത്തില്‍ നിന്ന് ദിവ്യസരണയിലേക്ക് കടന്ന് വരാന്‍ മഹതിക്ക് പ്രചോദനം നല്‍കിയത് ജീവിതത്തില്‍ സത്യത്തോട് ഇഴചേര്‍ന്ന് നിലക്കാനുള്ള ഉല്‍ക്കടമായ അഭിലാഷമാണ്.അതിന്‍റെ പ്രതിഫലമായി അല്ലാഹുവിന്‍റെ പ്രത്യേക അഭിവാദനം( സലാം )ജിബ് രീല്‍ മുഖേനെ ലഭിച്ച അപൂര്‍വ്വഭാഗ്യത്തിന്  മഹതിയുടെ ജീവിതം വേദിയായി.

ക്രിസ്താബ്ദം 556ന് മക്കയില്‍ ജനനം.പിതാവ് ഖുവൈലിദ് ബ്നു അസദും മാതാവ് ഫാത്തിമ ബിന്‍ത്ത് സൈദുമാണ്.മഹതിയുടെ പിതാവ് ഖുറൈശിഗോത്രങ്ങള്‍ക്കിടയില്‍ പേരുകേട്ട തറവാടിയും കച്ചവട നിപുണനുമായിരുന്നു.വിവിധയിടങ്ങളില്‍ നടത്തിയ കച്ചവടത്തിലൂടെ ഭീമമായ ലാഭം കൊയ്ത് അറേബ്യയിലെ വലിയ സമ്പന്നനും കുടിയായിരുന്നു അദ്ധേഹം.ഈ പാടവം പിതാവില്‍ നിന്ന് ഖദീജബീവി സ്വായത്തമാക്കിയിരുന്നു.ജാഹിലിയ്യ കാലത്ത് ഖുറൈശികള്‍ക്കിടയിലും ഖൈസ് അലൈാനുമിടയില്‍ നടന്ന ഫുജ്ജാര്‍ യുദ്ധത്തില്‍ അദ്ധേഹം കൊല്ലപ്പെട്ടു.

സമ്പന്നതയുടെയും ആഢംബരത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും ശീതളഛായയിലാണ് ഖദീജ ബീവിയുടെ ജനനവും വളര്‍ച്ചയും.മലാക് ബ്നു നബാശ് ബ്നു സറാഹ് ബ്നു അത്തമീമിയെ ഖദീജബീവി വിവാഹം കഴിച്ചു.ആ ദാമ്പത്യത്തില്‍ ഹലാല,ഹിന്ദ് എന്നീ രണ്ട് കുട്ടികള്‍ ജനിച്ചു.ഭര്‍ത്താവിനെ നാട്ടിലെ വലിയൊരു പണക്കാരനായി നാട്ടില്‍ അറിയപ്പെടണമെന്ന് ഖദീജ ബീവി ആഗ്രഹിച്ചു.ബൃഹത്തായ ബിസിനസ്സ് സംരംഭം തുടങ്ങാന്‍ ഖദീജ ബീവി വലിയ സംഖ്യ അദ്ധേഹത്തിന് നല്‍കി.പക്ഷെ, ഈ ആഗ്രഹം സഫലമാകുന്നതിന് മുമ്പ് അദ്ധേഹം മരണമടഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഖദീജ ബീവി അത്തിഖ് ബ്നു ഐത്ത് ബ്നു അബ്ദുല്ല അല്‍മഖ്സൂമിയെ വരനായി സ്വീകരിച്ചു.എന്നാല്‍ ഈ ബന്ധത്തിന് അധികകാലം നീണ്ടുനിന്നില്ല..അവര്‍ തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ വിവിഹ മോചനത്തിലേക്ക് നയിച്ചു.അതില്‍ ഹിന്ദ് എന്ന പേരുള്ള മറ്റൊരു കുട്ടി ജനിച്ചു.വേര്‍പിരിയലിന് ശേഷം മഹതി കുട്ടികളെ പരിപാലിക്കുന്നതിലും പിതാവ് ബാക്കിവെച്ച കച്ചവടരംഗത്തെ പരിപോഷിപ്പിക്കുന്നതിലും മുഴുവന്‍ ശ്രദ്ധയും പതിപ്പിക്കാന്‍ തുടങ്ങി.നാട്ടിലെ പണക്കാരും പ്രമാണിമാരും കല്ല്യാണാലോചനയുമായി  സമീപിച്ചെങ്കിലും മഹതി ചെവികൊടുത്തില്ല.

കച്ചവടത്തിലെ പാടവവും സൂക്ഷമതയും അറേബ്യയിലെ വലിയകച്ചവടക്കാരിയായി മഹതിയെ വളര്‍ത്തി.കച്ചവടത്തില്‍ എല്ലാവരെക്കാളും ഒരുപടിമുന്നിലായിരുന്നു ഖദീജബീവി.വലിയ വലിയ കച്ചവടശൃംഖലകള്‍ മഹതിക്ക് കീഴില്‍ വളര്‍ന്ന് പന്തലിക്കാന്‍ തുടങ്ങി.കച്ചവടത്തിന് നേരിട്ട് പോവാതെ സാധനങ്ങളുമായി മറ്റുള്ളവരെ അങ്ങാടികളിലേക്ക് അയക്കുകയായിരുന്നു മഹതിയുടെ രീതി.

കഠിനാദ്ധ്വാനശീലം,സത്യസന്ധത,വിവേചനബുദ്ധീ എന്നീ വിശേഷണങ്ങള്‍ ഒരുമിച്ച് കൂടിയ വ്യക്തികളെ മാത്രമായിരുന്നു ഖദീജ(റ) കച്ചവട സംഘങ്ങളുടെ നായകരായി തെരെഞ്ഞെടുക്കാറ്.ആശയ വിനിമയ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്ന ആ കാലത്ത് ദൂരെദിക്കുകളിലേക്ക് ചരക്കുമായി പോകുന്ന യാത്രസംഘത്തിന്‍റെ നായകസ്ഥാനം സത്യസന്ധതയുള്ളവരെ ഏല്‍പ്പിക്കേണ്ടത് അത്യവശ്യമായിരുന്നു.സിറിയ പോലോത്ത ആറേബ്യയില്‍ നിന്നും ഏറെ വിദൂരത്തുള്ള ചന്തകളിലേക്ക് മഹതി കച്ചവടചരക്കുകള്‍ കയറ്റിഅയക്കാറുണ്ടായിരുന്നു.മക്കയില്‍ ലഭ്യമല്ലാത്ത വസ്തുക്കള്‍ മറ്റു ചന്തകളില്‍ നിന്ന് കൊണ്ട് വന്ന് ഇവിടെ വില്‍ക്കുന്നതും മഹതിയുടെ കച്ചവടത്തിന്‍റെ ഭാഗമായിരുന്നു.

അന്ന് മക്ക വലിയ വ്യാപാര കേന്ദ്രമായിരുന്നു.കച്ചവടസംഘങ്ങളും വ്യപാരികളുടെയും സ്വപ്നഭൂമി.വിവിധസ്ഥലങ്ങളിലെ വ്യാപാര കേന്ദ്രങ്ങള്‍ മക്കയുമായി കോര്‍ത്തിണക്കപ്പെട്ടത് കച്ചവടക്കാരെ അവിടേക്ക് ആകര്‍ശിച്ചൂ.അന്ന് മക്കയിലെ വ്യാപാര മേഖലയില്‍ വലിയ മേല്‍കോയ്മ ഖദീജാബീവിക്കുണ്ടായിരുന്നു.മറ്റു രാജ്യങ്ങളിലെ ചന്തകളില്‍ നിന്ന് കൊണ്ട് വരുന്ന ചരക്കുകള്‍ വന്‍.തോതില്‍ വിറ്റഴിയുകയും അതിലൂടെ വന്‍ ലാഭം മഹതിക്ക് ലഭിക്കാറുമുണ്ട് .കച്ചവടലാഭത്തിന്‍റെ പകുതി മഹതിയുടെ അതത് വ്യാപരമേഖലകളെ നിയന്ത്രിക്കുന്ന മേല്‍നോട്ടക്കാര്‍ക്കായിരുന്നു.ഈ കണ്ണഞ്ചിപ്പിക്കുന്നആനുകൂല്ല്യം പലരെയും മഹതിയുടെ വ്യാപാരശൃംഖലയിലേക്ക് ആകര്‍ഷിപ്പിച്ചു.

അതിനിടയില്‍ പ്രവാചകന്‍റെ ജീവിതവിശുദ്ധിയും സല്‍സ്വഭാവവും വിശ്വസ്തതയും ആത്മനിഷ്ടയും ഖദീജ ബീവി അറിയാനിടയായി.അവരെ തന്‍റെ കച്ചവടപങ്കാളിയാവാന്‍ ക്ഷണിച്ച് കൊണ്ട് മഹതി ദൂതനെ അയച്ചു.ഈ ക്ഷണം വലിയൊരു അംഗീകാരമായി പ്രവാചകന്‍ കണ്ടു.

 പിതാവ് അബ്ദുല്ലയുടെ വഫാത്തിന് ശേഷം പ്രവാചകന്‍റെ പരിചരണം ഏറ്റെടുത്ത അബൂ ത്വലിബ് പറഞ്ഞു: ‘ സഹോദരപുത്രനെ!ഞാന്‍ സാമ്പത്തികമായി പരിതാവസ്ഥയിലാണ്.ദാരിദ്രം നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.വറുതിയുടെ കാലഘട്ടമാണ് നമുക്ക് വരാനിരിക്കുന്നത്.ഈ വിപത്തിനെ അതിജയിക്കാന്‍ നമ്മുടെയടുത്ത് സാമ്പത്തിക സ്രോതസ്സോ മറ്റു വരുമാനമാര്‍ഗ്ഗങ്ങളോ ഇല്ല.ഖദീജ നമ്മുടെ ഗോത്രത്തില്‍ നിന്ന് ആളുകളെ കച്ചവടചരക്കുകളുമായി ശാമിലേക്ക് അയക്കാറുണ്ട്.വലിയ ലാഭവുമായി അവര്‍ തിരികെ വരികയും ചെയ്യും.ഈ പ്രാവശ്യത്തെ കച്ചവടസംഘം ശാമിലേക്ക് പുറപ്പെടാനുള്ള സമയം അടുത്തെത്തിയിട്ടുണ്ട്.

ജീവിതത്തില്‍ നീ കാത്തുസൂക്ഷിക്കുന്ന വിശ്വാസ്യതയും സല്‍ഗുണങ്ങളും ഖദീജയില്‍ നിന്നെ കുറിച്ച് മതിപ്പുളവാക്കും.നിന്നെ തനിച്ച് ശാമിലേക്ക് കച്ചവടത്തിനയക്കുന്നതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്.ശത്രുക്കള്‍ വഴികളില്‍ കൊള്ളയടിക്കാന്‍ പതിയിരിപ്പുണ്ടാവും.പക്ഷെ നമ്മെ വരിഞ്ഞ് മുറുക്കിയ സാമ്പത്തിക പരാതീനധയെ മറികടക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ല.ആത്മസംതൃപ്തിയോട് കൂടെ പ്രവാചകന്‍ കച്ചവടസംഘത്തെ നയികുന്ന ജോലി ഏറ്റെടുത്തു.

ഖദീജബീവി പ്രവാചകനെ കച്ചവടചരക്കുകളുമായി സിറിയയിലേക്ക് അയച്ചു. യാത്രക്കിടയിലെ സേവനത്തിനായി ദീര്‍ഘകാലം തന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന വിശ്വസ്തനായ മൈസറിനെയും ഖദീജബീവി നല്‍കി.ഈ യാത്ര ഖദീജബീവിയുടെയും മൈസറിന്‍റെയും ജീവിതത്തില്‍ നിര്‍ണായക വഴിത്തിരവുകള്‍ സമ്മാനിച്ചാണ് അവസാനിച്ചത്.പ്രവാചകന്‍റെ അസാധാരണവ്യക്തിത്വം അരകെട്ടുറപ്പിക്കുന്നത് കൂടിയായാിരുന്നു ഈ ശാം യാത്ര.

കച്ചവടത്തില്‍ വലിയസംഖ്യ ലാഭമായി ലഭിച്ചു.ഇത് വരെ നടത്തിയ കച്ചവടത്തിനേക്കാള്‍ പതിന്മടങ്ങ് ലാഭം.സഞ്ചാരത്തിനിടയില്‍ മൈസര്‍ ദൃസാക്ഷിയായ ദൈവിക അത്ഭുതങ്ങള്‍ അവരെ അമ്പരിപ്പിച്ചുപ്രവാചകന്‍റെ സത്യസന്ധതയും പെരുമാറ്റ രീതിയിലെ ആകര്‍ഷണീയതയും അചഞ്ചല ആദര്‍ശബോധവും,സ്വഭാവവൈശിഷ്ട്യവും മൈസറിനെ ആഴത്തില്‍ സ്വാധീനിച്ചു.സറിയയില്‍ നിന്നും കച്ചവടം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ചു വരുന്ന വഴിമധ്യേ,പ്രവാചകന്‍ അല്‍പ്പ നേരം വിശ്രമിക്കാന്‍ ഒരു മരചുവട്ടില്‍ വാഹനമിറങ്ങി കിടന്നു.തദവസരത്തില്‍ ജൂതസന്യാസിയായ നെസ്റ്റോറ അതു വഴി കടന്നുവന്നു. മതകീയവിഷയത്തില്‍ അപാരജ്ഞാനിയായിരുന്നു അദ്ധേഹം. മൈസറിനോട് പ്രവാചകനെ കുറച്ച് കാര്യങ്ങള്‍ ആരാഞ്ഞു.’

പ്രവാചകന്‍റെ സ്വഭാവസവിശേഷതകള്‍ മൈസര്‍ അദ്ധേഹത്തിന്‍റെ മുമ്പില്‍ സവിസ്തരം വിശദീകരിച്ചു.മൈസറിന്‍റ മറുപടി കേട്ട ശേഷം അദ്ധേഹം പറഞ്ഞു: ‘ ഭാവിയില്‍ ഈ മനുഷ്യന്‍ പ്രവാചകത്ത്വതിലേക്ക് ഉയര്‍ത്തപ്പെടും.ആ കാണുന്ന പ്രത്യേക മരത്തിന്‍റെ ചുവട്ടില്‍ പ്രവാചകന്‍മാരല്ലാതെ വിശ്രമിക്കാനെത്തുകയില്ല.’ മറ്റൊരു ദൈവികദൃഷ്ടാന്തത്തിനും ഈ യാത്രയില്‍ മൈസറ ദൃസാക്ഷിയായി. കനത്തസൂര്യതാപത്തില്‍ തിളച്ചമറിയുന്ന സൈകതഭൂമികയിലൂടെയാണ് മുഴുനീളെ യാത്ര.എന്നാല്‍, അസഹനീയമായ സൂര്യതാപത്തില്‍ നിന്നും തണലും തണുപ്പും ഒരുക്കി കൊടുത്ത് രണ്ട് മാലാഖമാര്‍ പ്രവാചകന്‍റെ ശിരസ്സിന് മീതെ മേഘം വിരിച്ചുകൊടുക്കുന്ന അത്ഭുതമായിരുന്നു അത്.

മൈസര്‍ ഈ യാത്രയിലുടനീളം പ്രവാചകനെ അനുഗമിച്ചു.യാത്രക്കിടെ സംഭവിച്ച അനിതരപ്രതിഭാസങ്ങള്‍ അദ്ധേഹത്തിന്‍റെ അത്ഭുതങ്ങള്‍ കോറിയിട്ടു.അമാനുഷികകഴിവിനുടമയായ പ്രവാചകന്‍റെ കൂടെ സന്തതസഹയാത്രികനായി സേവനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ അദ്ധേഹം കൃതാര്‍ത്ഥനായി.യാത്ര കഴിഞ്ഞ് മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ യജാമനത്തിയായ ഖദീജ ബീവിയെ കണ്ട് യാത്രക്കിടയില്‍ പ്രവാചകനില്‍ നിന്നും അനുഭവേദ്യമായ അതുല്ല്യ സംഭവങ്ങളെ വിവരിച്ചുകൊടുത്തു.പ്രവാചകന്‍റെ അത്ഭുതസിദ്ധി ഖദീജബീവിയുടെ മനസ്സില്‍ ആശ്ചര്യവും അതോടൊപ്പം അനുരാഗത്തിന്‍റെ ഹിമകണങ്ങളും പകര്‍ന്നു.അത് ബീവിയെ വീണ്ടുമൊരു  കല്ല്യാണാലോചനയിലേക്ക് ചെന്നത്തിച്ചു.

പക്ഷെ ഈ ആഗ്രഹം എങ്ങനെ അദ്ധേഹത്തിന്‍റെ മുമ്പില്‍ അവതിരിപ്പിക്കുമെന്നതില്‍ ആശയകുഴപ്പത്തിലായി ബീവി.പ്രതാപവും അന്തസ്സും തറവാടിത്തവും സമ്പന്നതയും ഒത്തിണങ്ങി നിരവധി പേര്‍ കല്ലാണാലോചനയുമായി സമീപിച്ചെങ്കിലും അതെല്ലാം ഖദീജബീവി തള്ളി കളഞ്ഞിരുന്നു.ദരിദ്രനായ മുഹമ്മദിനെ ഭര്‍ത്താവായി സ്വീകരിക്കുന്നതിനോട്  തന്‍റെ ഗോത്രം ഏത് രീതിയില്‍ പ്രതികരിക്കും തന്‍റെ കുടുംബം എന്ത് തീരുമാനം എടുക്കും  തന്‍റെ കല്ല്യാണാലോചന ഈ അവിവാഹിതനായ യുവാവ് സ്വീകരിക്കുമോ തുടങ്ങി ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യശരങ്ങള്‍ മഹതിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങികൊണ്ടിരുന്നു.അവസാനത്തെ ശങ്കയായിരുന്നു മഹതിയെ കൂടുതല്‍ കുഴക്കിയത്.

ചിന്തകള്‍ മനസ്സില്‍ പരസ്പര സംഘട്ടനം തീര്‍ക്കുന്നതിനിടയില്‍  ഒരു രാത്രി ഉറക്കത്തിനിടയില്‍  ഖദീജ ബീവി സ്വപ്നം കണ്ടു.വെട്ടി തിളങ്ങുന്ന സൂര്യന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മഹതിയുടെ വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങിവന്ന് വീടിന്‍റെ പരിസരം പ്രകാശമാനമാക്കുന്നു.ഉടനെ ഉറക്കത്തില്‍ നിന്ന് എണീറ്റ് സഹോദരമകനായ വര്‍ക്കത്ത് ബ്നു നൗഫലിന്‍റെ സന്നിഹിതിയിലേക്ക് സ്വപ്നവ്യഖ്യാനം തേടി ദൂതനെ അയച്ചു.വറക്ക ബ്നു നൗഫല്‍ തൗറാത്തിലും ഇന്‍ജീലിലും അഗാധപാണ്ഡിത്യം കരസ്ഥമാക്കിയിരുന്നു.കഴ്ച്ച ശക്തി നഷ്ടപ്പെട്ട അദ്ധേഹം സ്വപ്നവ്യഖ്യാനത്തിലും അതി നിപുണനായിരുന്നു.ഖദീജബീവിയുടെ സ്വപ്നദര്‍ശനം കേട്ടപ്പോള്‍ അദ്ധേഹം ശാന്തമായി ചിരിച്ചു.അതിന്‍റെ പൊരുള്‍ മനസ്സിലാക്കിയതിന് ശേഷം വറക്കത്ത് ബ്നു നൗഫല്‍ വിശദീകരിക്കാനാരംഭിച്ചു:’ ഇതില്‍ പരിഭ്രമിക്കാനൊന്നുമില്ല.ഉദയ സൂര്യന്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങിവന്നത് തൗറാത്തിലും ഇന്‍ജീലിലും മുന്‍കൂട്ടി വരവിനെ പ്രവചിക്കപ്പെട്ട പ്രവാചകനെയാണ് സൂചിപ്പിക്കുന്നത്.അദ്ധേഹം ഖദീജബീവിയുടെ ഭവനത്തെ ദീപ്ത്തമാക്കുകയും അദ്ധേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് ഖദീജബീവി ഒരുപാട് നേട്ടങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യും’.

നൗഫല്‍ ബ്നു വറക്കയുടെ സംസാരം പ്രവാചകനെ കല്ല്യാണം കഴിക്കാനുള്ള താല്‍പര്യം ഖദീജബീവിയുടെ മനസ്സില്‍ വര്‍ദ്ധിപ്പിച്ചു.പക്ഷെ ഈ ആഗ്രഹം എങ്ങനെ അവതരിപ്പിക്കുമെന്നതില്‍ മഹതി ആലോചനനിമഗ്നനയായി.അടുത്ത കൂട്ടുക്കാരിയായ നഫീസ ബിന്‍ത്ത് മന്‍ബഅക്ക് മഹതിയുടെ ഉല്‍ക്കടമായ ഈ ആഗ്രഹത്തെ കുറിച്ച് നന്നായി അറിയാമായിരുന്നു.ഖദീജ(റ) ന്‍റെ ആധിയും ആശയകുഴപ്പവും കണ്ടപ്പോള്‍ സമാധാനിപ്പിക്കാനായി  അവള്‍ പറഞ്ഞു: ‘ നിങ്ങളെ അലട്ടുന്ന പ്രശ്നം അത്ര ഗുരുതരമല്ല.അതിന്‍റെ പരിഹാരം ഞാന്‍ കണ്ടെത്തി തരും’.

ഉടനെ പ്രവാചകന്‍റെ സമീപത്ത് ചെന്ന് സ്വകാരകാര്യം അറിയിക്കുന്നതിന് വേണ്ടി നഫീസ സമ്മതം ചോദിച്ചു.പ്രവാചകന്‍ അവള്‍ക്ക് സമ്മതം നല്‍കി.അവള്‍ ചോദിച്ചു: ‘ നിങ്ങള്‍ എന്താ ഇത് വരെ കല്ല്യാണം കഴിക്കാത്തത്. പ്രവാചകന്‍ മറുപടി കൊടുത്തു: ‘ സമ്പത്തികമായ പോരായ്മകളാണ് അതിന്‍റെ കാരണം’.കൂലീനവും സമ്പന്നരുമായ ഒരു കുടുംബത്തിലെ സുന്ദരിയായ ഒരുവളെ നിങ്ങള്‍ കല്ല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?.

‘ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത്’

‘ഖദീജ’

പ്രവാചകന്‍ സമ്മതമാണെന്ന രൂപത്തില്‍ തലകുലുക്കി.

ഈ സംഭാഷണം മഹതിയെ ആഹ്ലാദഭരിതയാക്കി.പ്രവാചകന്ന് ഇരുപതിയഞ്ചും ഖദീജബീവിക്ക് നാലപതുമായിരുന്നു പ്രായം.കല്ല്യാണകാര്യങ്ങള്‍ ഔദ്യോഗികമായി തീരുമാനിക്കാന്‍ പ്രവാചകന്‍റെ രണ്ട് പിതൃവ്യരായ ഹംസ(റ) അബൂ ത്വാലിബ് എന്നിവര്‍ ഖദീജ ബീവിയുടെ പിതൃവ്യനായ ഉമര്‍ ബ്നു അസദിനെ സമീപിച്ചു.കല്ല്യാണകാര്യം തീരുമാനിക്കുകയും തിയ്യതി നിശ്ചയിക്കുകയും ചെയ്തു

.    ഇരു കൂട്ടരും കല്ല്യാണത്തിന് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കുന്നതില്‍ വ്യാപൃതരായി.തീരുമാനിച്ചുറപ്പിച്ച തിയതിയില്‍ ക്ഷണിക്കപ്പെട്ട കൂട്ടുകുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ച് കൂടി മംഗല്ല്യം മംഗളമായി നടന്നു.പ്രവാചകനെ ചെറുപ്രായത്തില്‍ പോറ്റിവളര്‍ത്തിയ ഹലീമ സഅദീയ്യയായിരുന്നു കല്ല്യാണദിനത്തിലെ പ്രത്യേക അതിത്ഥി.മഹതിയുടെ ഗ്രാമത്തില്‍ നിന്ന് മക്കയിലേക്ക് കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചു.കല്ല്യാണആരവങ്ങളോക്കെ അവസാനിച്ചതിന് ശേഷം ഹലീമ ബീവി സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കവെ , ഖദീജബീവി കുറച്ച്  ഗൃഹോപകരണങ്ങളും ഒരു ഒട്ടകവും നാല്‍പ്പത് ആടുകളും സമ്മാനമായി നല്‍കി.ഭര്‍ത്താവിനെ ചെറുപ്പത്തില്‍ മുലകൊടുത്ത് പരിപാലിച്ചതിനുള്ള ഉപഹാരമായിരുന്നു അത്.

കല്ല്യാണം കഴിഞ്ഞതിന് ശേഷം ഖദീജബീവിയുടെ മനസ്സില്‍ സന്തോഷം അലതല്ലി.ഈ ദാമ്പത്യവല്ലരിയില്‍ ആറ് കുട്ടികള്‍ പിറന്നു.രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍മക്കളും.ഖാസിം,അബ്ദുല്ല,സൈനബ,റുഖുയ്യ,ഉമ്മു കുല്‍സൂം,ഫാത്തിമ എന്നിവര്‍.ജീവിതം സന്തോഷത്തിലും സംതൃപ്തിയിലും നീങ്ങി.പരസ്പരസൗഹാര്‍ദ്ദത്തിന്‍റെയും സഹവര്‍ത്തിത്തന്‍റെയും പ്രതീകമായി അവരുടെ ദാമ്പത്യം വാഴ്ത്തപ്പെട്ടു.

ഭൗതികാനുഭൂതിയുടെ സോപാനങ്ങള്‍ കാല്‍കീഴിലായെങ്കിലും ആത്മീയമായ അപര്യപ്തത പ്രവാചകന്‍റെ മനസ്സിനെ വേട്ടയാടി.ജീവിതത്തിന്‍റെ അര്‍ത്ഥതലം അപൂര്‍ണമായി അനുഭവപ്പെട്ടു.ആത്മീയഉണര്‍വ് ആര്‍ജിച്ചെടുക്കാന്‍ ഹിറാഹുഗയില്‍ ധ്യാനത്തിലും ഏകാന്തതയിലും പ്രവാചകന്‍ ഒരു മാസം കഴിച്ച്കൂട്ടി.ധ്യാനനിരതനായിരിക്കെ,മാലാഖ ജിബ് രീല്‍ വിശുദ്ധ ഖുര്‍ആന്‍റെ ദിവ്യമായവചനങ്ങളുമായി പ്രവാചകനെ സമീപിച്ചു.നിരക്ഷരനായ പ്രവാചകനെ ശക്തിയായി കൂട്ടിപിടിച്ച് വൈജ്ഞാനിക ലോകത്തിന്‍റെ സാഗരമൂഴിയിലേക്ക് ഊളിയിടാനുള്ള ദൈവിക ആജ്ഞ പുറപ്പെടുവിച്ചു.അക്ഷരജ്ഞാനത്തിന്‍റെ ബാലപാഠങ്ങള്‍ കൈവശമില്ലാത്ത പ്രവാചകന്‍ ആദ്യം പതറി.പിന്നീട് ആവര്‍ത്തിച്ചുള്ള ആജ്ഞാപനം പ്രവാചകനെ പ്രഥമചുവട് വെക്കാന്‍ നിര്‍ബന്ധിതനാക്കി.

ഖുര്‍ആനിലെ ആദ്യ ആയത്തുക്കള്‍ അവതരിപ്പിച്ചതിന് ശേഷം ജിബ് രീല്‍ വാനലോകത്തേക്ക് മടങ്ങി.ഈ അസാധാരണഅനുഭവത്തിന് ശേഷം,പേടിച്ചരണ്ട പ്രവാചകന്‍ വീട്ടിലേക്ക് ധൃതിയില്‍ ഓടി.ശരീരം നന്നായി വിറക്കുകയും വിയര്‍ക്കകയുംചെയ്യുന്നുണ്ടായിരുന്നു.വീട്ടിലെത്തിയ ഉടന്‍ ഖദീജബീവിയെ വിളിച്ച് പുതപ്പ് കൊണ്ട് ശരീരം മൂടാന്‍ ആവശ്യപ്പെട്ടു.അല്‍പ്പ സമയം കിടന്നപ്പോള്‍ തൊല്ലെരാശ്വാസം പ്രവാചകന് ലഭിച്ചു.ശരീരത്തിലെ വിറയലും മനസ്സിലെ ഭീതിയും അകന്നപ്പോള്‍ ഭാര്യ ഖദീജബീവിയെ വിളിച്ച് സംഭവത്തിന്‍റെ നിജസ്ഥതി വിവരിച്ചുനല്‍കി.പ്രവാചകന്‍റെ തപിക്കുനകന ഹൃദയത്തെ സ്വന്തനപ്പെടുത്തി മഹതി പറഞ്ഞു: ‘ അല്ലാഹു എല്ലാഅപകടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണവലയം പ്രദാനം ചെയ്യും.നിങ്ങളെ അധിക്ഷേപിക്കാന്‍ ഒരാളെയും അല്ലാഹു സമ്മതിക്കില്ല.കാരണം സമാധാനവും അനുരജ്ഞനവും എപ്പോഴും ആഗ്രഹിക്കുന്നവ്യക്തിയാണ് താങ്കള്‍.മാത്രമല്ല,നിങ്ങളുടെ സൗഹൃദത്തിന്‍റെ കണ്ണികള്‍ എപ്പോഴും സുദൃഢമായിരിക്കും.നിങ്ങള്‍ ഒരിക്കലും കളവ് പറയാറില്ല.ആതിത്ഥ്യമര്യാദയില്‍ മറ്റുള്ളവരെക്കാള്‍ മുന്‍പന്തിയിലാണ് നിങ്ങള്‍.മറ്റുള്ളവരുടെ പ്രരാബ്ധങ്ങളെ ഏറ്റെടുക്കാനും അവരെ സന്ദര്‍ഭോചിതമായി സഹായിക്കാനും നിങ്ങള്‍ സദാ സന്നദ്ധമാവാറില്ലേ’. ഖദീജബീവിയുടെ ഹൃദയസ്പൃക്കായ വാക്കുകള്‍ പ്രവാചകനില്‍ അനിര്‍വചനീയ മാനസികോത്തോചനവും ആത്മവിശ്വാസവും ജനിപ്പിച്ചു.

ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥപൊരുള്‍ ആറിയാന്‍ വേണ്ടി  പ്രവാചകനെയും കൂട്ടി വറക്കത്ത് ബ്നു നൗഫലിന്‍റെ അടുത്തേക്ക് ഖദീജബീവി ചെന്നു.ക്രിസ്ത്യാനിയായ അദ്ധേഹത്തിന്  ഇന്‍ജീലില്‍ വലിയ അവഗാഹംമുണ്ടായിരുന്നു.വാര്‍ദ്ധക്യം പിടിപ്പെട്ടതിനാല്‍ കാഴ്ച്ച ശക്തി മങ്ങിതുടങ്ങിയിരുന്നു.

വര്‍ക്കത്ത് ബ്നു നൗഫിലിനോട് ഖദീജബീവി പറഞ്ഞു: ‘നിങ്ങള്‍ ഇദ്ദേഹത്തിന് പറയാനുള്ളത് കേള്‍ക്കുക’

വറക്കത്ത് ബ്നു നൗഫല്‍ ചോദിച്ചു: ‘ എന്താണ് നിങ്ങള്‍ക്ക് സംഭവിച്ചത്?’

പ്രവാചകന്‍ ഹിറാഗുഹയില്‍ ഉണ്ടായ അസാധാരണസംഭവത്തെ അദ്ധേഹത്തിന്‍റെ മുമ്പില്‍ വിശദീകരിച്ചു കൊടുത്തു.

അദ്ധേഹം പറഞ്ഞു: ഹിറാ ഗുഹായിലേക്ക് വന്നത് ജിബ് രീല്‍ ആണ്.നിങ്ങളുടെ മുന്‍ഗാമിയായ മുസനബിയുടെ അടുക്കല്‍ ജിബ് രീല്‍ ദിവ്യസന്ദേശങ്ങളുമായി വരാറുണ്ടായിരുന്നു’.

അദ്ധേഹം അതിനിടെ ഭാവിയില്‍ വരാനിരിക്കുന്ന അപകടത്തെ കുറിച്ചും മുന്നറിയിപ്പ് നല്‍കി. ‘ നിങ്ങള്‍ ഇതിനെ പ്രചരിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ യുവാവായി നിങ്ങളുടെ കൂടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.നിങ്ങളുടെ സമുദായം നിങ്ങളെ ആട്ടിപുറത്താക്കുമ്പോള്‍ സഹായിക്കാന്‍ ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല’.

അദ്ധേഹത്തിന്‍റെ വാക്കുകള്‍ പ്രവാചകന്‍റെ മനസ്സില്‍ ഇടിതീ പോലെ പതിച്ചു.’ എന്നെ അവര്‍ പുറത്താക്കുമോ

‘അതെ! നിങ്ങളെ പോലെ സത്യദീനിനെ പ്രചരിപ്പിക്കാനെത്തിയ മുന്‍ഗാമികളെയെല്ലാം അവരുടെ സമുദായം ആട്ടിപുറത്താക്കിയിട്ടുണ്ട്.ഞാന്‍ അന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ നിങ്ങളെ ഞാന്‍ സംരക്ഷിക്കും’

ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ മന്ദമാരുതനായി മക്കസമൂഹത്തിന്‍റെ ഹൃദയത്തിലൂടെ അടിച്ചൂവീശി.ഒരുപാട് ആളുകള്‍ ഈ വഴിത്താരയെ പുല്‍കി.പ്രചാരണം രഹസ്യമാണെങ്കിലും ദ്രുതഗതിയിലുള്ള ഇസ്ലാമിന്‍റെ വളര്‍ച്ച ശത്രുക്കളുടെ മനസ്സില്‍ കല്ല് കടിയായി.ഇസ്ലാം വളരുന്നത് പരമ്പരാഗതമായി കൈവശപ്പെടുത്തിയ അധികാരവും സ്ഥനാമനങ്ങളും കടപുഴകുമെന്ന് അവര്‍ കണക്ക്കൂട്ടി.ദിവസവും ഇസ്ലാമിലേക്ക് വരുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരുന്നു.

ഈ പുതിയ മതത്തിന്‍റെ പ്രയാണത്തില്‍ തടസ്സം സൃഷ്ടിക്കാന്‍ ശത്രുക്കള്‍ തലപുകഞ്ഞാലോചിച്ചു.അവസാനമായി,ബനൂ ഹാഷിം ഗോത്രത്തിന്‍റെ മേല്‍ സാമ്പത്തികവും രാഷ്ട്രിയവുമായ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.നുബൂവത്തിന്‍റെ ഏഴാം വര്‍ഷമായിരുന്നു ശത്രുക്കളുടെ ഈ പൈശാചിക നടപടി . ‘ ശിഅബ് അബീ ത്വാലിബ് ‘ എന്ന പേരിലാണ് ഈ ക്രൂരത ചരിത്രത്തില്‍ അറിയപ്പെടുന്നത്.

ബനൂ മുത്വലിബ്,ബനൂ ഹാഷിം എന്നിവരുമായുള്ള കല്ല്യാണബന്ധങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞ് നില്‍ക്കുക,അവരില്‍ നിന്ന് ഒരു സാധനവും വില്‍ക്കാതിരിക്കുകയും വാങ്ങാതിരിക്കുകയും ചെയ്യുക.സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങളില്‍ നിന്ന് അവരെ ബഹിഷ്കരിക്കുക,അല്ലെങ്കില്‍ മുഹമ്മദിനെ വിട്ട്നല്‍കുക എന്നീ ഉപരോധനടപടികളായിരുന്നു ഖുറൈശികള്‍ മുന്നോട്ട് വെച്ചത്.എന്നാല്‍ ഈ കാടത്തത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.

ഉപരോധം മൂന്ന് വര്‍ഷം നീണ്ടു നിന്നു.സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വിശന്ന് കരഞ്ഞു.ഖുറൈശികളിലെ ചിലര്‍ക്കെല്ലാം മനസ്സില്‍ അലിവ് തോന്നിയെങ്കിലും നേതാക്കന്മാരുടെ പിടിവാശിക്ക് മുമ്പില്‍ അവരും പിന്മാറി.വിശപ്പിന്‍റെ കാഠിന്യത്താല്‍ മരത്തിന്‍റെ ഇലകള്‍ വരെ ബനൂ ഹാഷിം ഗോത്രക്കാര്‍ പറിച്ച് തിന്നു.ഈ ദുരന്തങ്ങള്‍ക്ക് നടുവില്‍ സഹായകമായി അവര്‍ക്ക് തണലേകിയത് ഖദീജബീവിയുടെ ഔദാര്യ മനസ്ഥിതിയായിരുന്നു. സാമ്പത്തിക പളപളപ്പില്‍ ജീവിച്ച മഹതി അവരുടെ സംരക്ഷണത്തിന് വേണ്ടി എല്ലാ സമ്പത്തും വാരികോരി ചിലവഴിച്ചു.

 ഇത്രയും ക്രൂരമായ നടപടിക്ക് വിധേയമായിട്ടും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഒരാളും തയ്യാറായില്ല.ശത്രുക്കളുടെ ഉപരോധം ഉദ്ദിഷ്ടഫലം കാണാതെ പോയി.വിശ്വാസകരുത്തിന് മുമ്പില്‍ അവരുടെ ഉപരോധം നിര്‍വീര്യമായി.

പ്രവാചകന്‍ ഖദീജബീവിയുടെ വീട്ടിലായിരുന്നു താമസമാക്കിയത്.അതോടെ മഹതിയുടെ വസതി ആത്മീയപ്രകാശത്തില്‍ ജാജ്വല്ല്യമായി.പ്രവാചകനും ജീബ് രീലും തമ്മിലുള്ള സമാസംഗമങ്ങള്‍ക്ക് പലപ്പോയും ഖദീജബീവിയുടെ വീട് വേദിയായി.നിരവധി ഖുര്‍ആനികസൂക്തങ്ങള്‍ ഇവിടെ വെച്ച് ഇറക്കപ്പെട്ടു.യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക പ്രസരണത്തിന്‍റെ കേന്ദ്രമായി ആ വീട് മാറി.ഇസ്ലാമിനെ കുറിച്ചറിയാനും പുല്‍കാനും നിരവധിയാളുകള്‍ ഖദീജബീവിയുടെ വസതിയിലെത്തുക പതിവായി.

മദീനയിലേക്ക് പ്രവാചകന്‍ ഹിജ്റ പോയതിന് ശേഷം, അലി(റ) ന്‍റെ സഹോദരന്‍റെ കൈവശമായിരുന്നു ഖദീജബീവിയുടെ വീട്.കുറച്ച് കാലങ്ങളക്ക് ശേഷം, അബൂ സുഫ് യാന്‍റെ മകനായ മുആവിയ്യ ആ വീട് വിലക്ക് വാങ്ങി.അതിന് ശേഷം, ആ സ്ഥലത്ത് വിശ്വാസികള്‍ക്കായി അദ്ധേഹം പള്ളി നിര്‍മിച്ചു.ഇന്നും മഹതിയുടെ വീട് ആരാധനഗേഹമായി നിലകൊള്ളുന്നു.

ഇസ്ലാമിക ശരീഅത്തില്‍ നിസ്ക്കാരം നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ ഖദീജബീവി രാവിലെയും വൈകുന്നേരവും നിസ്കരിക്കാറുണ്ടായിരുന്നു.ഇസ്ലാമിലേക്ക് വന്നതിന് ശേഷം മഹതി ആരാധനകര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി.മറ്റു ഭൗതികസൗകര്യങ്ങളേക്കാള്‍ ഇതിലൂടെ ലഭിക്കുന്ന മാനസിക അനുഭൂതിയാണ് ഖദീജബീവിയെ നിസ്കാരത്തിലേക്ക് ആകൃഷ്ടയാക്കിയത്.

അഫീഫ് കിന്‍ദി റിപ്പോര്‍ട്ട് ചെയ്യുന്നു:ഇദ്ദേഹം അബ്ബാസ് ബ്നു അബീ ത്വാലിബിന്‍റെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയും കൂടിയായിരുന്നു.സുഗന്ധദ്രവ്യകച്ചവടം നടത്തിയിരുന്ന അവര്‍.’ഒരിക്കല്‍, മിനയില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍,സുന്ദരനായ ഒരു പുരുഷന്‍ നടന്ന് വരുന്നത് അവരുടെ ദൃഷ്ടിയില്‍ പെട്ടു.കൈകാലുകള്‍ നന്നായി കഴുകിയതിന് ശേഷം വളരെ ആദരപൂര്‍വ്വം കൈകള്‍ നെഞ്ചില്‍ വെച്ച് ഒരു ഭാഗത്ത് നിന്നു.ഉടനെ,നല്ല വസ്ത്രങ്ങളണിഞ്ഞ സുന്ദരിയായ സ്ത്രീ അദ്ധേഹത്തിന്‍റെ ചാരത്ത് ചെന്ന് നിന്നു.അവരെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ അഫീഫിന് തിടുക്കമായി.അദ്ധേഹം അബ്ബാസ് (റ) നോട് ചോദിച്ചു: ‘ അവരെന്താ ചെയ്യുന്നത് ! പുതിയ വല്ല അനുഷ്ടാനവുമാണോ

അബ്ബാസ് (റ) മറുപടി പറഞ്ഞു: ‘ ആ സുന്ദരനായ യുവാവ് എന്‍റെ സഹോദരന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്.അരികത്ത് നില്‍ക്കുന്ന യുവതി അദ്ധേഹത്തിന്‍റെ ഭാര്യ ഖദീജ.അവള്‍ വലിയ സാമ്പത്തിന്‍റെ ഉടമയും ധാര്‍മികബോധത്തോടെ ജീവിക്കുന്നവരുമാണ്..അവര്‍ തമ്മില്‍ അഭേദ്യമായ ഇണക്കത്തിലും രജ്ഞിപ്പിലും കഴിഞ്ഞ് കൂടുന്നു.മുഹമ്മദ് പഴയമതങ്ങളില്‍ നിന്നും വിഭിന്നമായി ഇസ്ലാം എന്ന പേരില്‍ പുതിയ മതത്തെ അവതരിപ്പിക്കുകയും അതിന്‍റെ പ്രചരണ വക്താവായി  പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.’

കുറച്ച് കാലങ്ങള്‍ക്ക് ശേഷം, അഫീഫ് ഇസ്ലാം പുല്‍കി.പക്ഷെ, ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച് ആദ്യമായി അബ്ബാസ് (റ) ല്‍ നിന്ന് കേട്ടപ്പോള്‍ പ്രവാചകന്‍റെ കൂടെ ആ നിമിഷം ആരാധനയില്‍ പങ്ക് ചേരാന്‍ സാധിച്ചിലെന്ന ദുഃഖബോധം അദ്ധേഹത്തെ എന്നും അലട്ടിയിരുന്നു.

പ്രവാചകന്‍ മദീനയിലേക്ക് ഹിജ്റ പോവുന്നതിന്‍റെ മൂന്ന് വര്‍ഷം മുമ്പാണ് ഖദീജബീവി ഈ ലോകത്തോട് വിടപറയുന്നത്.വഫാത്താകുമ്പോള്‍ മഹതിക്ക് അറുപത്തിയഞ്ച് വയസ്സായിരുന്നു പ്രായം.ഇരുപത്തിയഞ്ച് വര്‍ഷം പ്രവാചകന്‍റെ കൂടെ ജീവിച്ചു.അതോടൊപ്പം ഈലകാലയളവില്‍ മഹതി ഗണ്യമായി ഇസ്ലാമിക വളര്‍ച്ചക്ക് സംഭാവന നല്‍കി.

മഹതി മരണവേദനയില്‍ പിടയുമ്പോള്‍,പ്രവാചകന്‍ തന്‍റെ പ്രിയതമയുടെ അടുക്കല്‍ നിന്നു.സമാശ്വാസത്തിന്‍റെ മൊഴിമുത്തുകള്‍ പ്രവാചകന്‍റെ അധരത്തില്‍ വീണുകൊണ്ടിരുന്നു ‘ ഇത് അല്ലാഹുവിന്‍റെ അലംഘനീയമായ വിധിയാണ്. അനുഭവിച്ച ത്യഗങ്ങളും സല്‍പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്‍റെ അടുക്കല്‍ വലിയ സ്ഥാനം നിങ്ങള്‍ക്ക് നല്‍കും ‘.

പ്രവാചകന്‍റെ സമാധാനവാക്കുകള്‍ മരണത്തിന്‍റെ വേദനക്കിടയിലും ആശ്വാസത്തിന്‍റെ കുളിര്‍തെന്നേലേകി.ആത്മ സമതൃപ്തിയോടെ പ്രവാചകന്‍റെ മുഖത്തേക്ക് ഇമവെട്ടാതെ മഹതി നോക്കിനിന്നു.കണ്ണുകളിലൂടെ സന്തോഷം ഹൃദയത്തിലേക്ക് പ്രസരിക്കവെ മഹതി പരലോകത്തേക്ക് യാത്രയായി.മക്കയുടെ അടുത്തുള്ള ഹുജ്ജൂന്‍ എന്ന പ്രദേശത്ത് മഹതിയുടെ ഖബര്‍ ഒരുക്കി.പ്രവാചകന്‍ ഖബറിന്‍റെ അവസ്ഥ നിരീക്ഷിച്ചു.പ്രവാചകന്‍റെ പുണ്യകരങ്ങള്‍ കൊണ്ട് മഹതിയുടെ ശരീരം ഖബറിലേക്ക് ഇറക്കിവെച്ചു.അതോടെ മുഅ്മിനീങ്ങളുടെ മാതാവ് യാത്രയായി.

അതേ വര്‍ഷം,തന്‍റെ ദൗത്യത്തെ കൂടുതല്‍ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന അബൂ ത്വാലിബും വഫാത്തായി.മസങ്ങള്‍ക്കിടയിലുണ്ടായ സന്തതസഹാചാരികളും അഭ്യുദയകാംക്ഷികളുമായവരുടെ വിയോഗം പ്രവാചകനെ ദുഃഖത്തിലാഴ്ത്തി.ഇസ്ലാമിക പ്രചരണത്തിന് വേണ്ടി സമൂഹത്തിലേക്കിറങ്ങി തിരിച്ചപ്പോള്‍ മക്കാമുശ് രിക്കീങ്ങളില്‍ നിന്നേല്‍ക്കേണ്ടി വന്ന പീഢനങ്ങളെ ഒരു പരിധിവരെ അതില്‍ നിന്നും ആശ്വാസമേകിയത് അബൂ ത്വാലിബായിരുന്നു.ശത്രുക്കള്‍ പരിഹസിച്ച് ചിരിച്ചപോയും അക്രമണങ്ങള്‍ കൊണ്ട് തളര്‍ത്തിയപ്പോയും ആശ്വാസത്തിന്‍റെ നീരുറവയായി നിന്നത് ഖദീജബീവിയുമായിരുന്നു.

മഹതിയുടെ മരണ ശേഷം പ്രവാചകനെ സമാശ്വസിപ്പിക്കാന്‍ ഖൗല ബിന്‍ത്ത് ഹാകിം(റ) വീട്ടിലെത്തി.പ്രവാചകന്‍റെ മുഖത്ത് സങ്കടവും വിരഹ ദുഃഖവും തളം കെട്ടിനില്‍കുന്നതായി ഖൗല(റ) കണ്ടു.ഈ ദുഃഖഭാരത്തില്‍ നിന്ന്  മോചിപ്പിക്കാന്‍ മഹതി ആശ്വാസവാക്കുകള്‍ കൊണ്ട് പ്രവാചകനെ പൊതിഞ്ഞു.പ്രവാചകന്‍ പറഞ്ഞു: ‘ ഈ ദുഃഖം മനുഷ്യസഹചമാണ്.അവളുടെ അസാനിധ്യം എന്നെ വല്ലാതെ അലട്ടുന്നു.കാരണം എനിക്ക് നഷ്ടമായത് എന്‍റെ സന്താനങ്ങളുടെ സ്നേഹനിധിയായ മാതാവും എന്‍റെ രഹസ്യസൂക്ഷിപ്പ്ക്കാരിയുമാണ്.ബുദ്ധിമുട്ടുകള്‍ എന്നെ വേട്ടയാടിയ സമയത്ത് തണലായി നിന്നവളായിരുന്നു ഖദീജ.

പ്രവാചകന്‍റെ ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തുവെച്ച ആദ്യസഖിയാണ് ഖദീജ ബീവി.മഹതിയുടെ മരണം വരെ പ്രവാചകന്‍ മറ്റൊരു വിവാഹം ചെയ്തില്ല.ആ ദാമ്പത്യം രമ്യതയിലും ഐക്യത്തിലും ഊഷ്മളമായി.ഇരുപത്തിനാല് വര്‍ഷം ആ ദാമ്പത്യം നീണ്ടുനിന്നു.

പ്രവാചകജീവിതത്തിലെ വഴിതിരിവായിരുന്നു ഖദീജാബീവിയുടെ കടന്നുവരവ്.ദൈവദൂതുമായി ജീബ് രീല്‍ പ്രവാചകനെ സമീപിക്കുന്നതിന് ഖദീജബീവി പലപ്രാവശ്യം സാക്ഷിയായിട്ടുണ്ട്.ഇസ്ലാമിക പ്രബോധനവുമായി സമൂഹമധ്യത്തിലേക്ക് ഇറങ്ങിതിരിച്ച അവസരത്തില്‍ ഉപരോധവുമായി പ്രവര്‍ത്തനഗോഥയില്‍ ശത്രുക്കള്‍ വിഘ്നങ്ങള്‍ നിറച്ചപ്പോള്‍ കൂടെ നിന്ന് പ്രവാചകന് അതിജീവന്നത്തിനുള്ള ആത്മബലം പകരാന്‍ ഖദീജബീവി സര്‍വ്വസവും ത്യജിച്ചു.

ബീവിയുടെ വിയോഗം പ്രവാചകന്‍റെ മനസ്സില്‍ സൃഷ്ടിച്ച വേദനയുടെ കാഠിന്യം ചെറുതായിരുന്നില്ല.കലുഷിതരംഗങ്ങളില്‍ സ്വാന്തനത്തിന്‍റെ മാധുര്യം തന്ന് വേദനകള്‍ ദൂരീകരിച്ച് തന്ന സന്തതസഹചാരിയായുടെ വേര്‍പ്പാട് പ്രവാചകനെ ദുഃഖത്തിലാഴ്ത്തി.ഖബര്‍ ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രവാചകന്‍ സ്വയം മേല്‍നോട്ടം വഹിച്ചു.മഹതിയുടെ ചേതനയറ്റശരീരം ഖബറിലേക്ക് ഇറക്കിവെച്ചതും പ്രവാചകന്‍ തന്നെ.

വിശേഷണങ്ങള്‍ക്കതീതമാണ് ആ വ്യക്തിത്വപ്രഭാവം.ഉത്തമരായ മഹതികളുടെ കൂട്ടത്തില്‍ പ്രഥമപദവി മഹതിയാണ് വഹിക്കുന്നത്. അബ്ദുല്ല ബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ പ്രവാചകന്‍ ഭൂമിയില്‍ നാല് വരകള്‍ വരച്ചു.ശേഷം സ്വഹാബത്തിനോട് ചോദിച്ചു:’ഈ നാല് വരകള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നറിയമോ

അവര്‍ മറുപടി പറഞ്ഞു: ‘അല്ലാഹുവിനും തിരുദൂതര്‍ക്കുമറിയാം’

പ്രവാചകന്‍ വിശദീകരിച്ചു തുടങ്ങി: ഈ  വരകള്‍ പ്രപഞ്ചത്തിലെ ഉന്നതസ്ഥാനീയരായ നാല് മഹതികളെയാണ് പ്രതിനിധീകരിക്കുന്നത്.ഖദീജ ബിന്‍ത്ത് ഖുവൈലിദ്,ഫാത്തിമ ബിന്‍ത്ത് മുഹമ്മദ്,മര്‍യ്യം ബിന്‍ത്ത് ഇംറാന്‍,ആസിയ ബിന്‍ത്ത് മസാഹിം എന്നിവരാണവര്‍.

 

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*