
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ ബീഡിത്തൊഴിലാളി സുരേന്ദ്രന്‍ കെ.പട്ടേല്‍ ഇനി അമേരിക്കയില്‍ ജില്ലാ ജഡ്ജി. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240ാം ജില്ലാ കോടതിയിലെ ജഡ്ജിയായാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയാകുകയായിരുന്നു.
മലയാളിയായ ഒരാള്‍ ഈ പദവിയിലെത്തുന്നത് ആദ്യം. അതൊന്നുമല്ല കഥയുടെ ട്വിസ്റ്റ്. പത്താം ക്ലാസില്‍ കഷ്ടിച്ച് പാസായ ആളാണ് ഈ പദവിയിലെത്തിയിരിക്കുന്നതെന്നും കഷ്ടപ്പാടുകൊണ്ട് പല തവണ പഠനം അവസാനിപ്പിക്കേണ്ടിവന്നയാളാണ് നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ടുമാത്രം ഈ പദവി കയ്യെത്തി പിടിച്ചിരിക്കുന്നതെന്നതുമാണ്.
സ്‌കൂള്‍ വിട്ടുവന്നാല്‍ നേരേ പോയിരുന്നത് ബീഡി തെറുക്കാനാണ്. ഇരുട്ടുന്നതുവരെ ആ പണി തുടര്‍ന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കല്‍പ്പണികൊണ്ടാണ് ജീവിച്ചത്. സിമിന്റും മണ്ണും ചുമന്നു. നിയമത്തിന് പഠിക്കുമ്പോള്‍ ഹോട്ടലില്‍ പാത്രം കഴുകി. പാതിരാത്രി വരെ ആ പണി തുടര്‍ന്നു. എന്റെ നിശ്ചയദാര്‍ഡ്യം എന്നെ ഇവിടെയെത്തിച്ചു. അദ്ദേഹം പറയുന്നു. നിങ്ങളൊരു തീരുമാനമെടുത്ത് മുന്നോട്ടുപോയാല്‍ പിന്നെ ആര്‍ക്കും നിങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ.പട്ടേല്‍ ജോലിയില്‍ ജോയന്റ് ചെയ്യും മുമ്പ് നാട്ടില്‍ തിരിച്ചെത്തി. അമ്മയെ കാണാനായിരുന്നു ആ വരവ്. ഈ സമയം നാട്ടിലെ അഭിഭാഷകരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലെ അദ്ദേഹത്തിന്റെ വൈകാരികപ്രസംഗത്തില്‍ കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാന്‍ തുടങ്ങിയത്. പത്താംതരം കഷ്ടിച്ചു പാസായി. അടുത്തവര്‍ഷം പഠിക്കാനെ പോയില്ല. പൂര്‍ണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജില്‍ പ്രീഡിഗ്രിക്കും പയ്യന്നൂര്‍ കോളേജില്‍ ബിരുദത്തിനും പഠിക്കുന്ന കാലത്ത് നാടന്‍പണി ചെയ്തു.
എല്‍എല്‍.ബി.ക്ക് കോഴിക്കോട് ലോ കോളേജിലായിരുന്നു. അന്ന് ഹോട്ടലിലായിരുന്നു ജോലി. പാതിരാത്രിയോളം നീണ്ടപണി. പാത്രം കഴുകണം, ഹോട്ടല്‍ കഴുകണം.
എല്‍.എല്‍.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടന്‍ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായിരിക്കെ വിവാഹിതനായി.. ഭാര്യ ശുഭയ്ക്ക് ന്യൂഡല്‍ഹിയില്‍ നഴ്‌സായി ജോലി കിട്ടി. അഭിഭാഷകജീവിതം അതോടെ ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.
Be the first to comment