
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്.പ്രവാചകന്മാരുടെ ദീനീ പ്രബോധനമെന്ന ദൗത്യം പണ്ഡിതരിലാണ് ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. പ്രവാചക ശ്രേഷ്ഠരായ മുഹമ്മദ് നബി(സ്വ) ഈ കാര്യം നമ്മെ പഠിപ്പിച്ചതാണ്. എന്‍റെ മാര്‍ഗമായ ദീനുല്‍ ഇസ്ലാമിനെ നിങ്ങള്‍ പ്രബോധനം ചെയ്യണമെന്ന് നമ്മോട് കല്‍പിക്കുകയും ചെയ്തു. മഹാനായ പ്രവാചകന്‍റെ പ്രബോധന കാലഘട്ടം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞ ആ കാലഘട്ടത്തില്‍ പോലും ദൗത്യനിര്‍വ്വഹണത്തില്‍ നബി(സ്വ) പരിപൂര്‍ണമായി വിജയിച്ചുവെന്നതാണ് ചരിത്രം.
അന്ധവിശ്വാസത്തിന്‍റെയും അനാചാരത്തിന്‍റെയും ആളുകളായിരുന്ന ഒരു വിഭാഗത്തെ സത്യവിശ്വാസത്തിന്‍റെയും സദാചാരത്തിന്‍റെയും വക്താക്കളാക്കി മാറ്റാന്‍ മുഹമ്മദ് നബി(സ്വ)ക്ക് ചുരുങ്ങിയ കാലയളവില്‍ സാധിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു റസൂല്‍(സ്വ)യുടെ മുമ്പിലുണ്ടായിരുന്നത്. പക്ഷേ, അതൊന്നും തങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. ഏറ്റവും ആദരണീയമായ വ്യക്തിത്വമായിരുന്നു തങ്ങളുടേത്. സ്വഭാവം, സംസാരം, പ്രവൃത്തി… എല്ലാം മാതൃകായോഗ്യമായിരുന്നു. അതുകൊണ്ടാണ് മറ്റുള്ളവര്‍ ഏറെ ആകര്‍ഷിക്കപ്പെട്ടത്. പറയുന്നത് ചെയ്യുക, ചെയ്യുന്നത് പറയുക. അതായിരുന്നു പ്രവാചകന്‍റെ ജീവിത ശൈലി. ഈ ജീവിത വിശുദ്ധി തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. തങ്ങളെ കാണാന്‍ സാധിക്കാത്ത ഹിറക്കല്‍ ചക്രവര്‍ത്തിക്കുപോലും അവിടത്തെ സ്വഭാവഗുണങ്ങളും വിശുദ്ധിയും കേട്ട് മനസ്സിലാക്കിയപ്പോള്‍ തങ്ങളുടെ ശിഷ്യത്വം സ്വീകരിക്കാനും ഇസ്ലാം അംഗീകരിക്കാനും ഒരുവേള തയ്യാറായതും അതുകൊണ്ടുമാത്രമാണ്. ഈ വിശുദ്ധ ജീവിതം പകര്‍ത്തിയവരായിരുന്നു അവിടുത്തെ സ്വഹാബ കിറാം. അവരേയും മറ്റുള്ളവര്‍ സ്വീകരിക്കാനും അനുകരിക്കാനും തയ്യാറായി. പിന്നീടുള്ള എല്ലാ കാലഘട്ടങ്ങളിലും ഇവരെ മാതൃകയാക്കി വരുന്ന ഒരു പണ്ഡിത പരമ്പര നിലനിന്നുവരികയാണ്. ഓരോ കാലഘട്ടങ്ങളിലും അവര്‍ തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ തയ്യാറാവുകയും ചെയ്തു. അതുകൊണ്ടാണ് പരിശുദ്ധ ഇസ്ലാം ഈ സമുദായത്തില്‍ സുരക്ഷിതമായി ഇന്നും നിലനില്‍ക്കുന്നത്.
ഈ പ്രബോധന ദൗത്യം ഇന്ന് നമ്മളിലെത്തിയിരിക്കുകയാണ്. പ്രബോധന രംഗത്ത് പൂര്‍വ്വീകരെ പോലെ നമുക്കും വിജയിക്കാന്‍ സാധിക്കണം. പരാജയപ്പെട്ട് കൂടാ. ഭൗതികതയുടെ കടന്നുകയറ്റവും സുഖസൗകര്യങ്ങളുടെ വേലിയേറ്റവും സമുദായത്തെ പിടിച്ചൊതുക്കിയിരിക്കുകയാണ്. പൈശാചികമായ പ്രതിഭാസങ്ങളുടെ അഴിഞ്ഞാട്ടമാണ് എവിടെയും കാണുന്നത്. നിഷിദ്ധമായ പല കാര്യങ്ങളും ഇന്ന് വിശുദ്ധമായിരിക്കുന്നു. മതകീയ ജീവിതം തന്നെ സമുദായത്തില്‍നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. പഴയ ജാഹിലിയ്യാ കാലഘട്ടം അനുസ്മരിക്കുംവിധമാണ് ഇന്ന് അധിക മുസ്ലിംകളുടെയും ജീവിത രീതി. ഇത് സമുദായത്തെ നാശത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഇതില്‍നിന്നും മുസ്ലിം ഉമ്മത്തിനെ നാം പിന്തിരിപ്പിക്കാതിരുന്നാല്‍ ഇതിന്‍റെ ദോഷവശങ്ങള്‍ അവരെ പഠിപ്പിക്കാതിരുന്നാല്‍ പ്രതികരണശേഷിയില്ലാത്ത വെറും പണ്ഡിതവേഷം നാം സ്വീകരിച്ചാല്‍ അല്ലാഹുവിന്‍റെ ശാപം ഏല്‍ക്കേണ്ടിവരും; തീര്‍ച്ച.
എത്ര നീരസമുള്ളതായി തോന്നിയാലും സത്യം പറയാന്‍ മടിക്കരുതെന്നതാണല്ലോ നമ്മള്‍ പഠിച്ചിട്ടുള്ളത്. ഒരു ചീത്ത കാര്യം കണ്ടാല്‍ അതിനെ കൈകൊണ്ട് തടയട്ടെ, സാധിക്കാത്തപക്ഷം നാവുകൊണ്ട് എതിര്‍ക്കട്ടെ, അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് വെറുക്കട്ടെ എന്നാണ് തിരുനബി(സ്വ) കല്‍പിച്ചിട്ടുള്ളത്.
ഇതെല്ലാം മനസ്സിലാക്കി കൊണ്ടാവണം നാം ജീവിതം നയിക്കേണ്ടത്. പണ്ഡിതന്മാര്‍ നന്നായാല്‍ സമുദായം നന്നാകുമെന്നപോലെ, പണ്ഡിതന്മാര്‍ ചീത്തയായാല്‍ സമുദായം ചീത്തയാകുമെന്ന കാര്യം നാം മറക്കരുത്. സമുദായം നന്നാകാനും ചീത്തയാകാനും കാരണക്കാരാകുന്നത് നാമാണ്. അവരെ നന്നാക്കാനും ചീത്തയാക്കാനും പണ്ഡിതര്‍ക്ക് സാധിക്കും. ഇതിനനുസരിച്ച് പ്രവര്‍ത്തനമേഖല കരുപിടിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. യാതൊരുവിധ സ്വാര്‍ത്ഥതയും ഉണ്ടാവരുത്. സ്വന്തമായ ലാഭവും നഷ്ടവും നോക്കരുത് സമുദായത്തിന്‍റെ ഗുണകാംക്ഷികളാവണം. അങ്ങനെ വന്നാലേ പ്രവാചകരുടെ അനന്തരാവകാശികളാവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അത്തരം പണ്ഡിതന്മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ- ആമീന്‍.
Be the first to comment