സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി പരീക്ഷ; വിരമിക്കുന്ന അധ്യാപകർക്ക് കെണിയാകും

വടക്കഞ്ചേരി: വിരമിക്കുന്ന അധ്യാപകർക്ക് സർവിസ് പൂർത്തീകരിക്കാൻ കഴിയാത്ത രീതിയിൽ ഹയർ സെക്കൻഡറി പരീക്ഷ. മധ്യവേനലവധിക്ക് സ്കൂൾ അടച്ചാലും ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷ ബാക്കിയാണ്. അക്കാദമിക് കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങൾ മാർച്ച് 28ന് വേനൽ അവധിക്ക് അടയ്ക്കും. എന്നാൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവന്നപ്പോൾ ഇംഗ്ലിഷ് പരീക്ഷ നടക്കുന്നത് മാർച്ച് 29നു ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്.

പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടികളോടൊപ്പം ബഹുഭൂരിപക്ഷം പ്ലസ്ടു കുട്ടികൾ ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലിഷ് വിഷയത്തിലാണ് അന്നേ ദിവസം പരീക്ഷ. പരീക്ഷയിൽ കൂടുതൽ പേർ എഴുതുന്ന പരീക്ഷയും അവസാന ദിവസത്തേതാണ്. എസ്.എസ്.എൽ.സി പരീക്ഷകളടക്കം 28നു മുൻപ് അവസാനിച്ച് സ്കൂൾ അടയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ 29നു പരീക്ഷ നിശ്ചയിച്ച് ടൈംടേബിൾ പുറത്തുവന്നതിലെ അനൗചിത്യം അധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 31നു ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള പൊതുഅവധി നേരത്തെ രേഖപ്പെടുത്തിയതിനാലാണ് 28നു സ്കൂൾ അടയ്ക്കാൻ തീരുമാനിച്ച് അക്കാദമിക് കലണ്ടർ പുറത്തിറക്കിയത്.

സ്കൂൾ അടച്ചാൽ അധ്യാപകർ സ്കൂളുകളിൽ വരേണ്ടതില്ല. മാർച്ച് 31നു വിരമിക്കുന്ന അധ്യാപകർ സർവിസ് പൂർത്തീകരിച്ച് മടങ്ങുന്നതും അന്നാണ്. എന്നാൽ പരീക്ഷാ ഡ്യൂട്ടിയിലുള്ളവർ വിരമിച്ചാലും 29നു പരീക്ഷാ ജോലി ചെയ്യേണ്ടി വരും. സ്കൂളിൽ അവസാനദിവസം ഒപ്പു രേഖപ്പെടുത്തി മടങ്ങാൻ വിരമിക്കാനിരിക്കുന്നവർക്കു കഴിയില്ല. 4.15ന് പരീക്ഷ അവസാനിച്ച ശേഷം പേപ്പറുകൾ എണ്ണിത്തിരിച്ച് പായ്ക്ക് ചെയ്യാൻ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരും.

ശനിയാഴ്ചയായതിനാൽ ഉത്തരക്കടലാസ് കെട്ട് പോസ്റ്റ് ചെയ്യാനും കഴിയില്ല. തുടർന്നുവരുന്ന പൊതുഅവധി ദിവസങ്ങളായ ഞായറും തിങ്കളും കഴിഞ്ഞേ പോസ്റ്റ് ചെയ്യൽ സാധ്യമാകൂ. അതുവരെ ഉത്തരക്കടലാസ് സ്കൂളിൽ സൂക്ഷിക്കേണ്ട ബാധ്യത ചീഫ് സൂപ്രണ്ടിനാവും. ഡെപ്യൂട്ടി ചീഫിന്റെ വിടുതൽ ഉൾപ്പെടെയുള്ളവയും ബുദ്ധിമുട്ടിലാകും. നിരവധി സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമാകുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് അധ്യാപകർക്കുള്ളത്.

About Ahlussunna Online 1360 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*