ആദരണീയനായ സൂഫിവര്യൻ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന ഹരജിയിൽ ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും രാജസ്ഥാൻ സർക്കാരിനും നോട്ടിസയച്ചിരിക്കുകയാണ് അജ്മീർ കോടതി. ദർഗ നിലനിൽക്കുന്ന പ്രദേശത്ത് സങ്കട് മോചൻ മഹാദേവക്ഷേത്രം നിലനിന്നിരുന്നുവെന്നും ദർഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാർഥിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റുമായ വിഷ്ണു ഗുപ്തയാണ് ഹരജിക്കാരൻ. വിഷയം ഡിസംബർ 20ന് പരിഗണിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. യു.പിയിൽ ജനിച്ച് ഡൽഹിയിലേക്ക് താമസം മാറ്റിയ അറിയപ്പെടുന്ന ഹിന്ദുത്വവാദി ക്രിമിനലുകളിലൊരാളാണ് വിഷ്ണു ഗുപ്ത.
2014 ജനുവരിയിൽ, ജമ്മു കശ്മിരിൽ സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ച് ജനഹിത പരിശോധന നടത്തണമെന്ന അന്നത്തെ എ.എ.പി നേതാവ് പ്രശാന്ത് ഭൂഷന്റെ ആവശ്യത്തെത്തുടർന്ന് ഗാസിയാബാദ് കൗശാമ്പിയിലെ ആം ആദ്മി പാർട്ടി ഓഫിസ് തകർക്കുകയും പ്രശാന്ത് ഭൂഷനെ ചേംബറിൽ കയറി മർദിക്കുകയും ചെയ്തത് വിഷ്ണു ഗുപ്തയാണ്. 2015 ഒക്ടോബറിൽ ന്യൂഡൽഹിയിലെ കേരള ഹൗസ് കാന്റീനിൽ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് അവിടെ തള്ളിക്കയറി അതിക്രമം കാട്ടിയ കേസിൽ വിഷ്ണു ഗുപ്തയെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ജനുവരിയിൽ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ ഓഫിസ് നശിപ്പിച്ച കേസിലും അറസ്റ്റിലായി. ഈ വർഷം ജനുവരിയിൽ ഡൽഹിയിലെ ബാബർ റോഡിലെ സൈൻ ബോർഡുകൾക്ക് മുകളിൽ അയോധ്യ മാർഗ് എന്നെഴുതിയ സ്റ്റിക്കറുകൾ ഒട്ടിച്ച് വികൃതമാക്കി.
ഇവിടെ പ്രധാന പ്രശ്‌നം ഹരജിക്കാരന്റെ ക്രിമിനൽ പശ്ചാത്തലമല്ല. വിഷ്ണു ഗുപ്തയെപ്പോലുള്ള ഒരാളുടെ ഇത്തരം ഹരജിയിൽ അതിശയിക്കാനൊന്നുമില്ല. ഒന്നിനു പിറകെ ഒന്നായി ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഹിന്ദുത്വ ക്രിമിനൽ സംഘങ്ങളെ ആർക്കും തടയാനുമാവില്ല. താജ്മഹൻ തേജോമഹാലയമെന്ന ഹിന്ദുക്ഷേത്രമാണെന്ന അവകാശവാദവുമായൊരാൾ നേരത്തെ ആഗ്ര സിവിൽ കോടതിയെയും പിന്നാലെ അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, ഇത് തള്ളിക്കളയാനുള്ള ന്യായയുക്ത വിവേകം ഇരു കോടതികളും കാട്ടി. ഖുതുബ് മിനാറിലെ പള്ളിയും ക്ഷേത്രമാണെന്ന് അവകാശപ്പെട്ടുള്ള രണ്ടു ഹരജികൾ ഡൽഹി സിവിൽ കോടതി 2021ൽ തള്ളി. 1991ലെ ആരാധനാലയ നിയമത്തിന്റെ ലക്ഷ്യവും രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞ കോടതി, മുളയിലേ നുള്ളിക്കളയേണ്ട തർക്കങ്ങളാണിവയെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. എന്നാൽ ഇൗ വിവേകമാണ് അജ്മീർ കോടതിക്ക് ഇല്ലാതെപോയത്.
ബാബരി മസ്ജിദ് വിധിയിൽ നിയമപരമായ പിഴവുകളുണ്ടായിട്ടും അതോടെ മന്ദിർ-_മസ്ജിദ് തർക്കങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 1949ൽ മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ ഒളിച്ചുകടത്തി സ്ഥാപിച്ചുവെന്നും രാമക്ഷേത്രം തകർത്താണ് ബാബരി നിർമിച്ചതെന്നതിന് തെളിവൊന്നുമില്ലെന്നും പ്രഖ്യാപിച്ച വിധിന്യായം, എങ്കിലും ഭൂമി ഹിന്ദുപക്ഷത്തിന് കൊടുക്കാൻ വിധിച്ചത് ഒറ്റത്തവണ നടപടിയായാണ്. എല്ലാ മതങ്ങളുടെയും സമത്വവും മതേതരത്വവും ഉയർത്തിപ്പിടിക്കാനുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ ബാധ്യത ഓർമിപ്പിച്ച് 1991ലെ ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിന്റെ ഭരണഘടനാസാധുത അഞ്ചംഗ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു.
ഇതോടെ എല്ലാം അവസാനിക്കുമെന്ന പ്രതീക്ഷകൾ മാസങ്ങൾക്കുള്ളിൽ തകർന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും വാരണസിയിലെ ഗ്യാൻവാപി മസ്ജിദിനും അവകാശം ഉന്നയിച്ച് പുതിയ കേസുകൾ ഫയൽ ചെയ്തു. അടുത്തിടെ, സംഭലിലെ ഷാഹി ജുമാ മസ്ജിദിനെതിരേയും കേസ് ഫയൽ ചെയ്തു. അതിൽ വിചാരണ കോടതി തിടുക്കത്തിൽ മറുഭാഗത്തിന്റെ വാദം കേൾക്കാതെ അഭിഭാഷക കമ്മിഷനെ അയക്കുകയും അത് ആറുപേരുടെ ജീവൻ അപഹരിച്ച സംഘർഷത്തിലെത്തുകയും ചെയ്തു. ഇപ്പോൾ ഉത്തരേന്ത്യയിലെ പല പള്ളികൾക്കും ദർഗകൾക്കുംമേൽ സമാന കേസുണ്ട്. ആരാധനാലയ നിയമമുണ്ടായിട്ടും കോടതികൾ എന്തിനാണ് ഇത്തരം തർക്കങ്ങൾ രൂക്ഷമാകാൻ അനുവദിക്കുന്നത് എന്നതാണ് ഉയർത്തേണ്ട ചോദ്യം. ആരാണ് കോടതികൾക്ക് വിവേകം ഉപദേശിച്ചു കൊടുക്കേണ്ടത്.
2022 മെയിൽ സുപ്രിംകോടതിയിൽ ഗ്യാൻവാപി കേസിന്റെ വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 1991ലെ ആരാധനാലയ നിയമം ഒരു വസ്തുവിന്റെ മതപരമായ സ്വഭാവം പരിശോധിക്കുന്നതിനെ തടയുന്നില്ലെന്ന അപകടകരമായൊരു നിരീക്ഷണം നടത്തി. ഈ നിരീക്ഷണത്തിന്റെ ആദ്യത്തെ പരിണത ഫലമായിരുന്നു ഗ്യാൻവാപി പള്ളിയുടെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവ്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസിലും ആരാധനാലയ നിയമം ഇതിന് പിന്നാലെ നോക്കു കുത്തിയാക്കപ്പെട്ടു. രാജ്യത്തെ തീയണക്കാനുള്ള അവസരമാണ് ഒറ്റനിരീക്ഷണത്തോടെ ജസ്റ്റിസ് ചന്ദ്രചൂഡ് പാഴാക്കിയത്. ആരാധനാലയ നിയമത്തിന്റെ ഈ ദുർവ്യാഖ്യാനം നിയമത്തിന്റെ അക്ഷരത്തിനും ആത്മാവിനും നേരെയുള്ള ആക്രമണമാണ്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റെന്തോ ആണെന്ന് പരിശോധിക്കുന്നത് കുഴപ്പങ്ങൾക്കുള്ള വാതിലുകൾ തുറക്കലാണ്
മതപരമായ ഒരു സ്ഥലത്തെച്ചൊല്ലി തർക്കം ഉന്നയിച്ച് ആർക്കും പ്രശ്‌നമുണ്ടാക്കാം. അത് ഒരു മിടുക്കൊന്നുമല്ല, നശീകരണ പ്രവണതയാണ്. അങ്ങനെ വാദിച്ച് വർഗീയ കലാപങ്ങളുണ്ടാക്കുകയും ചെയ്യാം. രാജ്യത്ത് മതം ആഴത്തിൽ വൈകാരികമാണ്. അതിനാൽ കോടതികൾ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. കേസുകളുടെ യഥാർഥ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓർമിക്കണം. ഇത് ഒരു സാധാരണ സിവിൽ വ്യവഹാരമല്ല. രാജ്യത്തിന്റെ സാമുദായിക ഘടന അപകടത്തിലാണ്. അമിതാവേശമോ അശ്രദ്ധമോ ആയ ഒരു കോടതി ഉത്തരവ് വർഗീയതയുടെ തീ ആളിക്കത്തിച്ചേക്കാം.
സംഭൽ സംഭവം ജുഡീഷ്യറിക്ക് ഉണർവേകണം. മതപരമായ സ്വഭാവം നിർണയിക്കുന്നതിന്റെ മറവിൽ ആരാധനാലയ നിയമത്തെ മറികടക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതി നിർണായക പ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ വിഭാഗങ്ങൾക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു മതേതര രാഷ്ട്രമാണ് ഇന്ത്യയെന്ന മഹത്തായ തിരിച്ചറിവാണ് കോടതികളെ നയിക്കേണ്ടത്.
Be the first to comment