കൊച്ചി: ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുകളുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാതെ കേസുകള്‍ കോടതികള്‍ അനിശ്ചിതമായി മാറ്റിവയ്ക്കുന്ന നടപടി ഗൗരവത്തോടെ കാണുമെന്ന് ഹൈക്കോടതി. സ്റ്റേ ഉണ്ടെന്ന് അറിയിച്ചാല്‍ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനോ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന സെപ്റ്റംബര്‍ 23ലെ ഉത്തരവ് പാലിക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ കോടതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേ ഉത്തരവോ സത്യവാങ്മൂലമോ ലഭിച്ചാല്‍ മാത്രമേ കേസുകള്‍ മാറ്റിവയ്ക്കാവൂ.മുന്‍ ഉത്തരവ് കൃത്യമായി പാലിക്കാന്‍ കോടതികള്‍ ബാധ്യസ്ഥരാണെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവില്ലെങ്കിലും സ്റ്റേയുണ്ടെന്ന് കക്ഷികള്‍ വാക്കാല്‍ അറിയിക്കുമ്പോള്‍ വിചാരണാ കോടതികള്‍ തുടര്‍നടപടികള്‍ വര്‍ഷങ്ങളോളം നീട്ടിവയ്ക്കുന്ന സ്ഥിതി വിലയിരുത്തിയായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായത്.
ഉത്തരവ് ലോ ജേര്‍ണലുകളിലും പത്രങ്ങളിലുമടക്കം പ്രസിദ്ധീകരിച്ചിട്ടും ഉത്തരവോ സത്യവാങ്മൂലമോ ലഭിക്കാതെ തന്നെ സ്റ്റേയുണ്ടെന്ന വാക്കാല്‍ പരാമര്‍ശത്തിന്റെ പേരില്‍ കേസ് മാറ്റിവച്ച ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പിന് കാരണമായത്. 2019 മാര്‍ച്ച് 14ന് ഹൈക്കോടതി 10 ദിവസത്തേക്കു മാത്രം തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ട കേസായിരുന്നു ഇത്.
എന്നാല്‍ 2019 മാര്‍ച്ച് 14 നുശേഷം ഈ വര്‍ഷം നവംബര്‍ 13 വരെ കേസ് ബന്ധപ്പെട്ട കോടതി പരിഗണിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി നിര്‍ദേശം നിലവിലിരിക്കെ ഇത്തരമൊരു നടപടിയുണ്ടായതിന്റെ കാരണം വ്യക്തമാക്കി ജില്ലാ ജുഡിഷ്യറി രജിസ്ട്രാര്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടുകയും നടപടി സ്വീകരിക്കുകയും വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Be the first to comment