നിരനിയായി നില്‍ക്കുകയാണ്. ഓരോ കച്ചവടക്കാരും തങ്ങളുടെ ചരക്കുകള്‍ ആ ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ടിരിക്കുന്നു.വലിയൊരു ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ തുടക്കം. ഭൂലോക ഭൂപടത്തില്‍ ആരോ വരച്ചിട്ട അതിര്‍ വരമ്പുകള്‍ പോലെ നീണ്ടുകിടക്കുന്ന ആ ജീവികള്‍ പ്രപഞ്ച സ്രഷ്ടാവിന്‍റെ അനിര്‍വ്വചനീയ അനുഗ്രഹമാണ്. വെള്ളവും ഭക്ഷണവുമില്ലാതെ ചൂടിനെയും തണുപ്പിനെയും വെല്ലാതെ മരുഭൂമികള്‍ മുറിച്ചു കടക്കാന്‍ അവയ്ക്കു കഴിയും. ഒരു പക്ഷേ അതിനു വേണ്ടി മനുഷ്യനെ സഹായിക്കുവാന്‍ സൃഷ്ടിക്കപ്പെട്ടതാവാം ഈ മരുക്കപ്പലുകളെ. മക്കാ ചരിത്രത്താളുകള്‍ ഭൂലോക ശ്രദ്ധ പിടിച്ചു പറ്റിയത് കച്ചവടത്തിലൂടെയായിരുന്നു.
അധികമൊന്നും കയറ്റുവാനില്ല. വ്യാപകമായുള്ളത് ഈത്തപ്പഴമാണ്. കാരക്കയുടെയും മറ്റും വിവിധയിനങ്ങളുമുണ്ട്. അതുമാത്രമല്ലേ ആ നാട്ടില്‍ വിളയുന്നുള്ളൂ. പിന്നെയുള്ളത് അടിമകളെക്കൊണ്ടും മറ്റും ഉണ്ടാക്കിക്കുന്ന വട്ടിയും കുട്ടയും ആണ്. ഉള്ളതെല്ലാം അടിമകള്‍ കയറ്റി. ഒരു കച്ചവട യാത്രക്കൊരുങ്ങുകയാണ് ഖുറൈശികളുടെ കച്ചവട സംഘം.
മക്കയിലെ ഈ പ്രധാന കച്ചവട ഖാഫില ശാമിലെ സിറിയയിലേക്കാണ് പോകുന്നത്. മക്കയുടെ ജീവന്‍ തുടിപ്പാണ് കച്ചവടം. മക്കാ സാമൂഹികതയുടെ നേര്‍ പകുതിയിലൂടെയാണ് സാമ്പത്തിക രേഖ കടന്നുപോകുന്നത്. രേഖയുടെ മുകളിലും താഴെയുമായി വിഭജിക്കപ്പെട്ടിരിക്കുകയാണ് സമൂഹം- സമ്പന്നരും ദരിദ്രരുമായി. ഉള്ളവര്‍ കച്ചവടം ചെയ്ത് ജീവിക്കുന്നു. അവര്‍ വീണ്ടും വീണ്ടും സമ്പന്നരാകുന്നു. പാവങ്ങളാകട്ടെ കന്നുകാലികളും മേയ്ച്ച് ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ പെടാപാട് പെടുന്നു. സാമ്പത്തികമായി ഇങ്ങനെ രണ്ട് വിഭാഗമല്ലാതെ മറ്റൊരു വിഭാഗം മക്കയിലില്ല. മക്കയിലെ കച്ചവട നേതാക്കളില്‍ പ്രമുഖര്‍ ഖുറൈശിയിലെ ബനൂമുത്വലിബ് തന്നെ അവരുടെ കച്ചവട സംഘമാണ് പുറപ്പെടാനിരിക്കുന്നത്. ഇപ്രാവശ്യം അബൂത്വാലിബ് കൂടുതല്‍ സന്തോഷവാനാണ്. കാരണം സഹോദര പുത്രന്‍ മുഹമ്മദ് കൂടി കച്ചവട സംഘത്തിലുണ്ട് എന്നതു തന്നെ. മുഹമ്മദിനോട് അത്രയ്ക്ക് സ്നേഹമാണ് അബൂത്വാലിബിന്. അല്ലെങ്കിലും സര്‍വ്വരുടെയും സ്നേഹ ഭാജനമാണ് മുഹമ്മദ്. അതിനു പല കാരണങ്ങളുമുണ്ട്. അവയിലൊന്ന് മുഹമ്മദ് ഒരനാഥനാണെന്നുള്ളതാണ്. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് അബ്ദുല്ല മരണപ്പെട്ടു. എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു അബ്ദുല്ലയുടേത്. അതിനാല്‍ തന്നെ അബ്ദുല്ലയുടെ മരണം എല്ലാവര്‍ക്കും ഒരു വേദനയായി. മരണപ്പെടുമ്പോള്‍ ഭാര്യ ആമിന ഗര്‍ഭിണിയായിരുന്നു. ആ ഗര്‍ഭം പ്രസവിക്കുന്നത് കൗതുക പൂര്‍വ്വം എല്ലാവരും കാത്തിരിക്കുകയായിരുന്നു. ആ കുഞ്ഞാണല്ലോ മുഹമ്മദ്. അതിനാല്‍ തന്നെ മുഹമ്മദ് എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു.
പിന്നെ മുഹമ്മദിന്‍റെ സൗന്ദര്യം മുതല്‍ സ്വഭാവ വൈശിഷ്ട്യം വരെയുള്ള ഘടകങ്ങള്‍. അതെല്ലാം എല്ലാവരെയും ആകര്‍ഷിച്ചു. അങ്ങനെയിരിക്കെ മാതാവ് ആമിന(റ) മരണപ്പെട്ടു. തീര്‍ത്തും അനാഥത്വത്തിലേക്ക് പിറന്നുവീണെങ്കിലും ആ കുട്ടിക്ക് താങ്ങായും തണലായും അബ്ദുല്‍ മുത്വലിബ് എന്നുമുണ്ടായിരുന്നു. എട്ടാം വയസ്സില്‍ ആ തണലും ഇല്ലാതെയായി. ഈ വികാരങ്ങളൊക്കെ കുമിഞ്ഞുകൂടിയ സമയത്തായിരുന്നു മുഹമ്മദിന്‍റെ രക്ഷാകര്‍തൃത്വം അബൂത്വാലിബിന്‍റെ കയ്യിലെത്തിയത്. അദ്ദേഹത്തിന് ജീവിനായിരുന്നു സഹോദര പുത്രനായ മുഹമ്മദ് (സ). അലി, ജഅ്ഫര്‍ തുടങ്ങി ഒട്ടേറെ പേരുടെ പിതാവാണ് അബൂത്വാലിബ്. അവരോടൊന്നുമില്ലാത്ത ഒരു പ്രത്യേക സ്നേഹം മുഹമ്മദിനോട് അബൂത്വാലിബിനുണ്ടായിരുന്നു.
സാമ്പത്തികമായി അത്ര മെച്ചപ്പെട്ട ആളായിരുന്നില്ല അദ്ദേഹം. എന്നിട്ടും അതൊന്നുമറിയിക്കാതെ അദ്ദേഹം മുഹമ്മദിനെ വളര്‍ത്തി. മുഹമ്മദ് വന്നതിനു ശേഷം ആ വീടൊരു സ്വര്‍ഗ്ഗമായി അദ്ദേഹത്തിനു തോന്നി. മുഹമ്മദിന്‍റെ സാന്നിദ്ധ്യം അനുഗ്രഹത്തിന്‍റെ പെയ്ത്തായിരുന്നു. അതുകൊണ്ടായിരുന്നു ഭക്ഷണം കഴിക്കാന്‍ അദ്ദേഹം മുഹമ്മദ് വരട്ടെ എന്ന് പറയാറുണ്ടായിരുന്നത്. പില്‍ക്കാലത്ത് മക്ക ഒരിളകിയ കടന്നല്‍ കൂടുപോലെ നബി(സ)യെ വലയം ചെയ്തപ്പോള്‍ മാറു വിരിച്ചു നിന്ന് സംരക്ഷണം നല്‍കിയത് അബൂത്വാലിബായിരുന്നു. കച്ചവട സംഘം തയ്യാറായി.
എല്ലാവരും തങ്ങളുടെ വാഹനങ്ങളില്‍ കയറി. അബൂത്വാലിബ് തന്‍റെ വാഹനത്തില്‍ തന്നെയാണ് മുഹമ്മദിനെ കയറ്റിയത്. അവന്‍റെ സാമീപ്യം വേണം എന്നതിലുപരി അവന് വേണ്ട സുരക്ഷ താന്‍ തന്നെ നേരിട്ടു നോക്കണം എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. മാസങ്ങള്‍ നീളുന്ന യാത്രയാണ്. ദുര്‍ഘടമായ വഴിയും താഴ്വരകളും കാലാവസ്ഥയും പിന്നിട്ടു വേണം പോകുവാനും വരുവാനും. ഖുറൈശികളുടെ ആ കച്ചവട ഖാഫില മക്കയില്‍ നിന്നും പുറപ്പെട്ടു. ഉസ്ഫാന്‍ വഴി മദീനയുടെ അരിക് ചേര്‍ന്ന് ഖൈബറും തബൂക്കും കടന്നാണ് സംഘത്തിന്ന് ശാമിലേക്കെത്തേണ്ടത്. പ്രധാന സ്ഥലമായ സിറിയയിലെത്തുവാന്‍ ബുസ്റ വഴിയാണ് പോകേണ്ടത്. സംഘത്തില്‍ മുഹമ്മദ് എന്ന പന്ത്രണ്ടുകാരന്‍ തന്‍റെ ആദ്യയാത്ര ആസ്വദിക്കുകയായിരുന്നു.
Be the first to comment