ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

കൽപ്പറ്റ: വയനാട്ടിലെ ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമാണെന്ന് വിദഗ്ധ സമിതിയുടെ പുതിയ റിപ്പോർട്ട്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ക്രോഡീകരിച്ച് സർക്കാരിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വാസയോഗ്യമല്ലെന്ന് പറഞ്ഞിരുന്ന പ്രദേശങ്ങൾ സുരക്ഷിതമാണെന്ന രീതിയിലാണ് ക്രോഡീകരിച്ചു നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

പുന്നപ്പുഴക്ക് ഇരുകരയിലും പുഞ്ചിരിമട്ടത്തിന് മുകളിലേക്ക് 50 മീറ്റർ ദൂരത്തിന് അപ്പുറവും പുഞ്ചിരിമട്ടത്തിന് താഴെ ഭാഗത്ത് 30 മീറ്ററിന് അപ്പുറവും വാസയോഗ്യമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഉരുൾ ദുരന്തത്തിന് മുൻപ് 15 മുതൽ 30 മീറ്റർ വരെ വീതിയുണ്ടായിരുന്ന പുഴ നിലവിൽ കൈത്തോട് പോലെയാണ്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാൽ ഉരുളെടുത്ത ഭൂമിയിൽ ഭൂരിഭാഗവും വാസയോഗ്യമാകും.

റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ നിലവിൽ മാറിത്താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും തിരികെ ദുരന്തഭൂമിയിലെത്തേണ്ടി വരുമെന്ന ആശങ്കയും ഇതോടെ ഉയർന്നിട്ടുണ്ട്. സർക്കാർ നിലവിൽ നൽകുന്ന വാടക അടക്കമുള്ള കാര്യങ്ങളെയും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ബാധിക്കുമെന്നും അതിജീവിതർ ആശങ്കപ്പെടുന്നുണ്ട്.

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാസയോഗ്യമല്ലാതായ ഭൂമിയുടെ അതിർത്തി നിർണയിക്കാൻ ഒരു സംഘത്തെ ജില്ലാകലക്ടർ നിയോഗിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ, സർവേ ഡെപ്യൂട്ടി ഡയരക്ടർ, ഹസാർഡ് അനലിസ്റ്റ്, വൈത്തിരി തഹസിൽദാർ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, അഞ്ച് പഞ്ചായത്ത് ജീവനക്കാർ, 10 റവന്യൂ ജീവനക്കാർ അടങ്ങുന്നതാണ് ഫീൽഡ് പരിശോധനക്ക് നിർദേശിക്കപ്പെട്ടിരിക്കുന്ന സംഘം. സർവേ ഇന്ന് തുടങ്ങി 16ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

അതേസമയം പുഞ്ചിരിമട്ടത്തെ ആദിവാസി സെറ്റിൽമെന്റ് അടക്കമുള്ള പ്രദേശങ്ങൾ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാസയോഗ്യമാണെന്നാണ് പഞ്ചായത്ത് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന.
പ്രാഥമിക റിപ്പോർട്ടിൽ ചൂരൽമല അങ്ങാടിയും സ്‌കൂൾ റോഡും അടക്കം പുഴയുടെ ഇരുകരകളും സുരക്ഷിതമല്ലെന്നായിരുന്നു. ഇവിടെ വീടുപണിയുന്നത് സുരക്ഷിതമല്ലെന്നും ഈ ഭാഗം വെറുതെയിടണമെന്നുമായിരുന്നു ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നത്.

About Ahlussunna Online 1294 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*