ആഞ്ഞടിച്ച് തിരിച്ചുവരവ്

പ്രതിപക്ഷ നേതാവെന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ആദ്യപ്രസംഗം രണ്ടുകാര്യങ്ങൾ രാജ്യത്തോട് പറയുന്നുണ്ട്. കഠിനകാലം പിന്നിട്ട് രാഹുൽ, നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് എതിരിടാൻ ശേഷിയുള്ള നേതാവായി വളർന്നിരിക്കുന്നു എന്നതാണ് ആദ്യത്തേത്. പാർലമെന്റിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നത് രണ്ടാമത്തേതും. സർക്കാരിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനാളുണ്ട്. അവർക്ക് ധൈര്യവും ലക്ഷ്യബോധവും ഇച്ഛാശക്തിയുമുണ്ട്. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നിർത്താൻ രാഹുലിനായാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധികാരംകൂടി പിന്നാലെയെത്തും.

 
രാജ്യം ആവേശത്തോടെ ശ്രദ്ധിച്ചതായിരുന്നു രാഹുലിന്റെ പ്രസംഗം. ഒന്നര മണിക്കൂർ നീണ്ട പ്രസംഗം കഴിഞ്ഞ 10 വർഷം കൊണ്ട് മോദി സർക്കാർ രാജ്യത്തെ എത്തിച്ചതെവിടെയെന്ന് വ്യക്തമായി വരച്ചുകാട്ടുന്നതായിരുന്നു.  ജനാധിപത്യവിശ്വാസികളുടെ മനസിലുണ്ടായിരുന്ന ഒരു ചോദ്യവും രാഹുൽ മോദിയുടെ മുഖത്ത് നോക്കി ചോദിക്കാതെ പോയില്ല. രാജ്യം എങ്ങനെ നയിക്കണമെന്ന ആശയം വ്യക്തമായി പങ്കുവയ്ക്കപ്പെടാതെ പോയില്ല. കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ചും ഇടയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സ്പീക്കർ ഓംബിർലയെയും പരിഹസിച്ചും രാഹുൽ നൽകിയത്, വരുന്ന നാളുകൾ സർക്കാരിന് കാര്യങ്ങൾ എളുപ്പമാകില്ലെന്നതിന്റെ സൂചനയാണ്. പ്രസംഗത്തിനിടെ പരമശിവൻ, ഗുരുനാനാക്ക്, യേശുക്രിസ്തു എന്നിവരുടെ ചിത്രങ്ങളും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പ്രാർഥനയുടെ ചിത്രവും ഉയർത്തിക്കാട്ടി മതങ്ങൾ നൽകുന്ന നിർഭയത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം സഭയിൽ നൽകിയത്. രാഹുൽ നൽകുന്ന സന്ദേശം വ്യക്തമായിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും ആർ.എസ്.എസും അക്രമവും വിദ്വേഷവും വെറുപ്പുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു.
ബി.ജെ.പിയുടെ ജയ്ശ്രീറാം വിളിക്ക്, അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽനിന്ന് വിജയിച്ച സമാജ് വാദി പാർട്ടി എം.പി അവധേഷ് പ്രസാദിനെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ മറുപടി നൽകിയത്. അവധേഷ് പ്രസാദിനെ കൂടെയിരുത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്നു കരുതി പിൻമാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബി.ജെ.പി തോറ്റു. അയോധ്യയിൽ വിമാനത്താവളമുണ്ടാക്കാൻ നിരവധി പേരുടെ ഭൂമി കവർന്നു. അവർക്ക് ഒരു നഷ്ടപരിഹാരവും നൽകിയില്ല. സാധാരണക്കാരുടെ നിരവധി സ്ഥാപനങ്ങളും വീടുകളും തകർത്തു. ഒന്നും നൽകാതെ അവരെ തെരുവിലാക്കി. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.

 18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം അറിയപ്പെടുക രാഹുൽ എന്ന ശക്തനായ പ്രതിപക്ഷ നേതാവിന്റെ ഉയർച്ചയുടെ പേരിലായിരിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ആദ്യ ചുവട് രാഹുൽ ഭംഗിയായി പൂർത്തിയാക്കിയിരിക്കുന്നു. ആദ്യമായി ഭരണഘടനാ പദവി ഏറ്റെടുക്കുന്ന രാഹുലിന് വലിയ ഉത്തരവാദിത്വമാണ് വഹിക്കേണ്ടി വരുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള പ്രധാന പദവികളിലേക്കുള്ള നിയമനത്തിന് പ്രധാനമന്ത്രിക്കും രാഹുലിനും ഒന്നിച്ചിരിക്കേണ്ടി വരും. പ്രതിപക്ഷ നേതാവെന്ന നിലയിൽ സി.എ.ജി റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയർമാനും രാഹുൽ ആയിരിക്കാം.

 പാർലമെന്റിന്റെ സഭകൾ വർഷത്തിൽ 100 ദിവസം സമ്മേളിക്കണമെന്നും ആഴ്ചയിൽ ഒരു ദിവസം പ്രതിപക്ഷം നിർദേശിക്കുന്ന അജൻഡയ്ക്കുവേണ്ടി നീക്കിവയ്ക്കണമെന്നും കോൺഗ്രസിന്റെ ‘ന്യായ് പത്ര’ വിഭാവനം ചെയ്യുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, സഹകരണം അനിവാര്യമാണ്. ചർച്ചകൾക്കും സംവാദങ്ങൾക്കും കൂട്ടായ തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള വേദിയാണ് പാർലമെന്റ്. ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ വഴിവിളക്കായി പ്രവർത്തിക്കുന്ന ഒരു റിപ്പബ്ലിക്കായി ഇന്ത്യക്ക് മാറാൻ കഴിയണം.
പാർലമെന്റിൽ ജനാധിപത്യം പുലർന്നുവെന്ന് നമ്മൾ കരുതുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ് ലിംകൾക്കെതിരായ അതിക്രമങ്ങൾ നിർബാധം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽ മുസ് ലിംകളെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി പശു സംരക്ഷകർ എന്ന് വിളിക്കപ്പെടുന്ന ഗുണ്ടകൾ കൊലപ്പെടുത്തി. അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ മണ്ഡ്ലയിൽ ഫ്രിഡ്ജിൽനിന്ന് ബീഫ് കണ്ടെടുത്തുവെന്നാരോപിച്ച് 24 മണിക്കൂറിനുള്ളിൽ മുസ് ലിംകളുടെ പതിനൊന്ന് വീടുകൾ തകർത്തു. മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ലഖ്നൗവിലെ അക്ബർനഗറിൽ നദീതീരത്തിന്റെ നിർമാണത്തിനുവേണ്ടി ആയിരത്തിലധികം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രിയുടെ പാർപ്പിട പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരുടെ ഭവന സമുച്ചയത്തിൽ ഒരു മുസ് ലിം സ്ത്രീക്ക് ഫ്‌ളാറ്റ് അനുവദിച്ചതിനെതിരേ അയൽപക്കത്തെ ഹിന്ദു സമുദായത്തിൽപെട്ട ആളുകൾ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.

ഹിമാചൽ പ്രദേശിലെ നഹാനിൽ ബലിപെരുന്നാൾ ദിനത്തിൽ പശുവിനെ ബലികൊടുത്തുവെന്നാരോപിച്ച് ഒരു മുസ് ലിമിന്റെ കട കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാൾക്കെതിരേ കേസും രജിസ്റ്റർ ചെയ്തു. സംഭവത്തെത്തുടർന്ന് പട്ടണത്തിലെ മറ്റ് 16 മുസ് ലിം കടയുടമകളും പലായനം ചെയ്യാൻ നിർബന്ധിതരായി. ഡൽഹിയിലെ സംഗം വിഹാറിൽ, ആരാധനാലയത്തിന് സമീപം പശുവിന്റെ ജഡം കണ്ടെടുത്തതിനെ തുടർന്ന് ഹിന്ദുത്വ സംഘടനകളുടെ അംഗങ്ങൾ നടത്തിയ പ്രകോപന പ്രസംഗങ്ങളെത്തുടർന്ന് പ്രദേശവാസികൾ പലായനം ചെയ്തു. ജാർഖണ്ഡിലെ കോദർമ ജില്ലയിൽ ഹിന്ദു സ്ത്രീ യാത്ര ചെയ്തിരുന്ന ഓട്ടോയിൽ ബൈക്കിടിച്ചതിനെത്തുടർന്ന് ബൈക്കോടിച്ചിരുന്ന പള്ളി ഇമാമിനെ ആൾക്കൂട്ടം മർദിച്ചു കൊന്നു.

 രാജ്യത്ത് മുസ് ലിംകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ പാർലമെന്റിൽ ഉയർത്തിക്കൊണ്ടുവരാനും ഈ അക്രമങ്ങൾക്ക് അന്ത്യം കുറിക്കാനും കൂടി പ്രതിപക്ഷത്തിന് കഴിയണം. എങ്കിൽ മാത്രമേ ഇന്ത്യ ജനാധിപത്യത്തിന്റെ മാർഗത്തിൽ തിരിച്ചെത്തുകയുള്ളൂ.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*