രാഹുല്‍ നയിക്കുമോ പ്രതിപക്ഷത്തെ? ചര്‍ച്ചകള്‍ സജീവം, പ്രതീക്ഷയും

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ സര്‍ക്കാര്‍ രൂപീകരണത്തേക്കള്‍ പ്രതിപക്ഷത്തെ ആര് നയിക്കും എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും കരുത്താകുമെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു. 

2014ലും 19ലും അവകാശപ്പെടാനില്ലാതിരുന്ന പ്രതിപക്ഷ നേതാവ് സ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. 
2014ലും 2019ലും സീറ്റുകള്‍ കുറഞ്ഞ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനു പോലും അര്‍ഹമല്ല എന്ന പഴികളും കേട്ടിരുന്നു. എന്നാല്‍ ഇത്തവണ ഇന്‍ഡ്യാ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് മാറി. 99 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. രാഹുല്‍ അതിനു തയ്യാറാകുമോ എന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏറെ പഴികളും പരിഹാസങ്ങളും കേട്ടിട്ടുണ്ട് രാഹുല്‍. പരാജിതനായ പപ്പു എന്ന ചാപ്പ കുത്തി ബി.ജെ.പിയുടെ ഐ.ടി സെല്ലുകള്‍ ആഘോഷിച്ചു. 2019ല്‍ പാര്‍ട്ടിക്ക് ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.  ഔദ്യോഗിക പദവികള്‍ നിന്നെല്ലാം മാറിനിന്നു. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനവും അധിര്‍ രഞ്ജന്‍ ചൗധരിക്ക് നല്‍കി. എന്നാല്‍ ഈ പിന്‍മാറ്റമെല്ലാം കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനായിരുന്നു എന്ന് അദ്ദേഹം തെളിയിച്ചു. 

തകര്‍ന്നടിഞ്ഞു പോയ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യം സ്വയം ഏറ്റെടുത്തു. ശിഥിലമായിപ്പോയ രാജ്യത്തെ ചേര്‍ത്തു വെക്കാന്‍ ഒറ്റക്കൊരു മനുഷ്യന്‍ നടന്നു. ഭാരത് ജോഡോ യാത്ര എന്ന് പേരിട്ട്  4000ത്തില്‍ അധികം കിലോമീറ്ററുകള്‍ രാഹുല്‍ നടന്നു. ഒരു കയ്യില്‍ ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം ജനങ്ങളോട് സംവദിച്ചു. അവരുടെ അവകാശങ്ങളെ കുറിച്ച്. അധികാരങ്ങളെ കുറിച്ച്. അവര്‍ ഉണര്‍ന്നിരിക്കേണ്ടതിനെ കുറിച്ച്. പാര്‍ലമെന്റിനകത്തും പുറത്തും നരേന്ദ്ര മോദി  അദാനി ബന്ധവും, ബി.ജെ.പിയുടെ വര്‍ഗീയ ചേരിതിരിവിനെയും തുറന്നു കാട്ടി രാഹുല്‍ തീയായി. അങ്ങനെ വെറുപ്പിനും വിദ്വേഷത്തിനും മേല്‍ സ്‌നേഹം വിതറി പൊരിവെയിലില്‍ പൊള്ളിയും പെരുമഴയില്‍ നനഞ്ഞു കോടമഞ്ഞില്‍ പുതഞ്ഞും ആ ചെറുപ്പക്കാരന്‍ ഇന്ത്യന്‍ ജനതയുടെ ഹദയങ്ങളിലേക്ക് നടന്നു കയറി. പ്രതീക്ഷയുടെ പുതിയ തിരിനാളമായി. ആ തിരിനാളം ആളിക്കത്തി ഒരു പ്രകാശഗോപുരമാകണമെങ്കില്‍ രാഹുല്‍ തന്നെ വേണം എന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ വേണം എന്നത് പാര്‍ട്ടിയുടെ മാത്രമല്ല രാജ്യത്തിന്റെ കൂടി ആവശ്യമാണ് എന്നതാണ് യാഥാര്‍ഥ്യം.

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*