ബംഗളുരു: ചന്ദ്രയാൻ രണ്ടിലെ തെറ്റുകൾ തിരുത്തി ആകാശത്ത് പുതിയ ചരിത്രം കുറിക്കാൻ ഇസ്റോ (ഐഎസ്ആർഒ) യുടെ ചാത്രദൗത്യം ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം. ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ച വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. വിക്ഷേപണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇതുവരെ അനുകൂലമാണെന്നാണ് വിവരം.
ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ തേടിയാണ് ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ചന്ദ്രയാൻ-3 കുതിച്ചുയരുക. കരുത്തേറിയ റോക്കറ്റ് എൽവിഎം 3 (ലോഞ്ച് വെഹിക്കിൾ മാർക്ക്-3) ആണ് ചന്ദ്രയാനുമായി കുതിച്ചുയരുക.
ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് മൂന്നാമത്തെ തവണയാണ് ഇന്ത്യ കുതിച്ച് പറക്കാൻ പോകുന്നത്. 2008 ഒക്ടോബർ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാൻ ഒന്ന്. ചാന്ദ്രദൗത്യത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറാൻ ചാന്ദ്രയാൻ ഒന്നിന് കഴിഞ്ഞു.
എന്നാൽ, 2019 ജൂലൈ 22 ന് നടത്തിയ രണ്ടാം ദൗത്യം പരാജയമായി മാറുകയായിരുന്നു. വിക്ഷേപണം വിജയമായിരുന്നെങ്കിലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ ദൗത്യം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ്വെയർ തകരാർ കാരണമെന്നായിരുന്നു ഐഎസ്ആർഒയുടെ കണ്ടെത്തൽ. ഇതിന് ശേഷം മൂന്നാം ദൗത്യത്തിനുമായുള്ള ഒരുക്കത്തിലായിരുന്നു ഇസ്റോ
Be the first to comment