തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഇനിയും പ്രവേശനം ലഭിക്കാത്തവർക്കായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഒമ്പത് മണിയോടെ പ്രസിദ്ധീകരിക്കും. ശേഷം രാവിലെ പത്ത് മുതൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. https://hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സീറ്റുകൾ പരിശോധിക്കേണ്ടതും അപേക്ഷ നൽകേണ്ടതും.
ഓരോ സ്കൂളുകളിലും വിവിധ കോമ്പിനേഷനുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണമാണ് ഇന്ന് പ്രസിദ്ധപ്പെടുത്തുക. ഇത് പരിശോധിച്ച് വേണം പുതുതായി ഓപ്‌ഷൻ നൽകാൻ. ജൂലൈ 12 ബുധനാഴ്ചയാണ് അപേക്ഷ നൽകാനുള്ള അവസാന തിയതി. ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ ചേർക്കുകയാണ് ചെയ്യേണ്ടത്.
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ മാറ്റി പുതുക്കി വേണം അപേക്ഷ നൽകാൻ.
ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല?
1.നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക്
2.നേരത്തെ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്ക്
3.മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്ക്
4.ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്ക്
അതേസമയം, പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽ സീറ്റ് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഈ ജില്ലകളിൽ മാത്രം ഇനിയും ആവശ്യമുള്ളത് 43,000 സീറ്റുകളാണ്. ഇതിൽ മുപ്പതിനായിരത്തോളം സീറ്റുകൾ മലപ്പുറം ജില്ലയിൽ മാത്രം കുറവാണ്.
Be the first to comment