മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുണ്യ നഗരികളിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യ നഗരികളിൽ ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും കുറ്റമറ്റതാക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് അധികൃതർ. ഹജ്ജ് സമയത്ത് ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന മിന താഴ്‌വാരത്തെയും, മുസ്‌ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ സൗകര്യങ്ങൾ ഏറ്റവും നൂതനമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ഹജ് അനുബന്ധ പുണ്യസ്ഥലങ്ങളിലെ ടാറിംഗ് പ്രതലങ്ങൾ തണുപ്പിക്കുന്നതിനുള്ള നടപടിയും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സഊദി റോഡ് അതോറിറ്റി നടത്തിയ റിസേർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പൽ ഗ്രാമവിസന മന്ത്രാലയവുമായി സഹകരിച്ച് ടാറിംഗ് ഉപരിതലങ്ങൾ തണുപ്പിക്കന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന ഹജ്ജ് സമയത്ത് പുതിയ സംവിധാനം അന്തരീക്ഷ ചൂട് ഗണ്യമായി കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഹാജിമാരുടെ സുരക്ഷയും ആരോഗ്യവും പരിഗണിച്ച് പ്രഥമ ഘട്ടമെന്നോണം ജംറയോട് ചേർന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ച് നിർത്തുക, താമസ സ്ഥലങ്ങളും കെട്ടിടങ്ങളും തണുപ്പിക്കുന്നതിനാവശ്യമായി വരുന്ന ഊർജ നഷ്ടം തടയുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം പദ്ധതി വഴി നേടാനാകും. നേരത്തെ, റോഡ് അതോറിറ്റി മുമ്പ് പദ്ധതിയുടെ ട്രയൽ റിയാദ് നഗരത്തിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പദ്ധതി മക്കയിലും പുണ്യ നഗരികളിലും ഒരുക്കുന്നത്.
അതേസമയം, ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തുന്ന ഹാജിമാരുടെ വരവ് തുടരുകയാണ്. ഇതിനകം പന്ത്രണ്ട് ലക്ഷത്തിലധികം ഹാജിമാർ വിവിധ രാജ്യങ്ങളിൽ നിന്ന് പുണ്യ ഭൂമിയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂൺ ജൂൺ 26 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ഇതിന് മുന്നോടിയായി വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ എത്തിച്ചേരും. ഇന്ത്യൻ ഹാജിമാരുടെ ഏകദേശം അന്തിമ ഘട്ടത്തിൽ എത്തിയിട്ടുണ്ട്.
Be the first to comment