ചണ്ഡീഗഡ്: 15 വയസും അതില്‍ കൂടുതലുമുള്ള മുസ്‌ലിംകള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുവദിച്ചു.
ഹരിയാനയിലെ പഞ്ച്കുളയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന പതിനാറുകാരിയായ ഭാര്യയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ജാവേദ് (26) നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് ജസ്റ്റിസ് വികാസ് ബഹലിന്റെ ബെഞ്ച് തീര്‍പ്പാക്കിയത്.
വിവാഹസമയത്ത് തന്റെ ഭാര്യക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരുന്നെന്നും അവരുടെ സ്വതന്ത്രമായ തീരുമാനപ്രകാരം യാതൊരു സമ്മര്‍ദവുമില്ലാതെയാണ് വിവാഹം നടത്തിയതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. ഇരുവരും മുസ്‌ലിംകളാണെന്നും ജൂലൈ 27ന് മണി മജ്‌റയിലെ പള്ളിയില്‍ വെച്ച് നിക്കാഹ് നടത്തിയെന്നും ഹര്‍ജിക്കാരന്‍ തന്റെ അഭിഭാഷകന്‍ മുഖേന ബോധിപ്പിച്ചിരുന്നു.
യൂനുസ് ഖാന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ ഹൈക്കോടതിവിധി മുന്‍നിര്‍ത്തിയാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് വാദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരജിതള്ളണമെന്ന് ആവശ്യപ്പെടുകയും പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആഷിയാന ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കുകയാണെന്നും ബോധിപ്പിച്ചു.
എന്നാല്‍ യൂനുസ് ഖാന്‍ കേസില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ പ്രകാരം 15 വയസ്സ് ഒരു മുസ്‌ലിം സ്ത്രീയുടെ പ്രായപൂര്‍ത്തിയായ പ്രായമാണെന്നും ഈ പ്രായത്തില്‍ അവളുടെ സന്നദ്ധതയോടും സമ്മതത്തോടും കൂടി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും വിധിച്ചിട്ടുള്ളതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. മേല്‍പ്പറഞ്ഞ വിധിയില്‍ പറഞ്ഞിരിക്കുന്ന നിയമം നിലവിലെ കേസിന്റെ വസ്തുതകള്‍ക്ക് ബാധകമായിരിക്കുമെന്ന് ജഡ്ജി തന്റെ ഉത്തരവില്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടയക്കാന്‍ ജഡ്ജി അനുമതി നല്‍കി.
Be the first to comment