ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ വിഷയത്തില്‍ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥികള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.അഭയാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ പാര്‍പ്പിടമൊരുക്കുന്നതായി കേന്ദ്ര നഗര കാര്യ മന്ത്രി ഹര്‍ദിക് പുരിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.
ഇക്കാര്യം വ്യക്തമാക്കുന്ന പത്രക്കുറിപ്പ് മന്ത്രാലയം ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.ബക്കര്‍വാലയില്‍ 250 ഫ്‌ളാറ്റുകളടങ്ങുന്ന സമുച്ചയമാണ് 1100 അഭയാര്‍ഥികള്‍ക്കായി സജ്ജീകരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമീഷന്റെ തിരിച്ചറിയല്‍ രേഖയും ഡല്‍ഹി പൊലീസിന്റെ 24 മണിക്കൂര്‍ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.നിലവില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഡല്‍ഹിയിലെ മണ്ഡന്‍പൂര്‍ ഖാദറിലാണ് താമസിക്കുന്നത്. മുമ്പ് പാര്‍പ്പിച്ചിരുന്നിടത്ത് തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് മണ്ഡന്‍പൂരിലേക്ക് മാറ്റുകയായിരുന്നു.
മതം, വര്‍ഗം എന്നിവ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ പരിഗണിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ലെന്നും ഹര്‍ദീപ് സിങ് അറിയിച്ചു.രാജ്യ സുരക്ഷയില്‍ റോഹിങ്ക്യകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുകയും 2019ല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവര്‍ക്ക് അഭയം നിഷേധിക്കുകയും ചെയ്തിരുന്നു. റോഹിങ്ക്യകള്‍ വ്യാജ തിരിച്ചറിയല്‍ രേഖകളും പാന്‍ കാര്‍ഡുകളും മറ്റും ഉണ്ടാക്കുന്നതായി 2021ല്‍ ഉത്തര്‍ പ്രദേശ് പൊലിസ് റിപ്പോര്‍ട്ട് ചെയ്തത് കൂടുതല്‍ അന്വേഷണത്തിനിടയാക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്നതായി സര്‍ക്കാര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. റോഹിങ്ക്യകളെ പണം നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട്ബാങ്ക് ആക്കുന്നത് പതിവാകുന്നതായി എ.ഡി.ജി.പി പ്രശാന്ത് കുമാറും വെളിപ്പെടുത്തിയിരുന്നു.
ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും പീഡിതരായ ന്യൂനപക്ഷമാണ് റോഹിങ്ക്യകള്‍. മ്യാന്മര്‍ സൈന്യത്തില്‍നിന്ന് രക്ഷനേടാന്‍ ഇവര്‍ 2017ല്‍ പലായനം ചെയ്യുകയായിരുന്നു. അതിക്രമങ്ങളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും രക്ഷനേടാനായി ബുദ്ധമതസ്ഥര്‍ കൂടുതലുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ഇവര്‍ ഒഴിവാക്കി. 1951ലെ യു.എന്‍ അഭയാര്‍ഥി കരാറില്‍ ഭാഗമല്ലാത്ത ഇന്ത്യയാണ് റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കിയ രാജ്യങ്ങളിലൊന്ന്.
Be the first to comment