തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് ഉത്തരവായി പുറത്തിറങ്ങിയത്. വനാതിര്‍ത്തിയോടു ചേര്‍ന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ സര്‍ക്കാര്‍ ഉത്തരവ് പുതിയ ഉത്തരവോടെ റദ്ദാകും.
പരിസ്ഥിതിലോല വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ നടപടികള്‍ക്കായി വനംവകുപ്പിനെ ചുമതലപ്പെടുത്തി.
കഴിഞ്ഞ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 2019ല ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്. ബഫര്‍ സോണ്‍ ഒരു കിലോ മീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി വലിയ ആശങ്ക ഉയര്‍ത്തിയപ്പോഴാണ് സംസ്ഥാനത്തിന്റെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്.
വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാന്‍ തീരുമാനിച്ചത്.
Be the first to comment