മഴശക്തമാകുന്നു; ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്; അടിയന്തര സഹായങ്ങള്‍ക്കായി 1077 എന്ന ജില്ലാ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിച്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കേണ്ടതുണ്ട്.
ലയങ്ങള്‍, പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍, ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ഉള്ളവര്‍ മഴ സാഹചര്യം കണക്കിലെടുത്തു മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടില്ല. ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളില്‍, പുഴകളുടെ കരകളില്‍, കായലില്‍, കുളങ്ങളില്‍ വിനോദ സഞ്ചാരം, കുളിക്കല്‍, തുണി കഴുകല്‍, ചൂണ്ട ഇടല്‍ എന്നിവ ഒഴിവാക്കണം. എല്ലാ വീടുകളിലും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.
ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
കേരളത്തില്‍ ആഗസ്ത് 4വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളില്‍ വെക്കേണ്ടതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് അഭ്യര്‍ത്ഥിക്കുന്നു. അടിയന്തര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1077ല്‍ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*