യജമാനനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അടിയരിൽ നിര്‍ലോഭം ചൊരിയുന്ന മാസമാണ് വിശുദ്ധ റജബ്.
ഇതര മാസങ്ങൾക്കിടയില്‍ റജബ് മാസത്തിനുള്ള പവിത്രതയും പുണ്യവും മറ്റു സമുദായങ്ങള്‍ക്കിടയില്‍ എന്റെ സമുദായത്തിനുള്ള മഹത്വം പോലെയാണെന്ന് നബി (സ) പറഞ്ഞിരിക്കുന്നു.
ഇസ് ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മാസം എന്നതാണ് റജബിനെ ഇത്ര മേല്‍ മഹത്വ മേറിയതാക്കുന്നത്. യുദ്ധ നിഷിദ്ധമായ ഈ മാസം അമ്പിയാക്കളുടെ നിയോഗങ്ങളെയും തുടര്‍ന്ന് വരുന്ന റമളാനിന്റെ മുന്നൊരുക്കത്തേയും ഓര്‍മ്മപ്പെടുത്തുന്നു.
ഏഴ് ആകാശങ്ങളും കടന്ന് ചെന്ന്, സിദ്റത്തുല്‍ മുന്‍തഹായും ബൈത്തുല്‍ മഹ്മൂറും സന്ദര്‍ശിച്ച് ,അല്ലാഹുവുമായി കൂടിക്കാഴ്ച നടത്തി,സ്വര്‍ഗ്ഗ-നരഗങ്ങളടക്കമുള്ള അവന്‍റെ സൃഷ്ടി വൈഭവങ്ങളും ഒട്ടേറെ ദൃഷ്ടാന്തങ്ങളും നേരില്‍ ദര്‍ശിച്ച് പ്രസ്തുത രാവില്‍ തന്നെ മക്കയില്‍ തിരിച്ചെത്തിയ പുണ്യ റസൂലിന്‍റെ രാപ്രയാണമായ ഇസ്‌റാഉും മിഅ്റാജും നടന്നതും ഈ മാസത്തിലാണ്. അതുല്യമായ ഈ കുടിക്കാഴ്ചയ്ക്കുശേഷം അമുല്യവും അനുപമവുമായ ഒരു പാരിതോഷികവുമായാണ് മുത്തുനബി (സ്വ) മക്കയില്‍ തിരിച്ചെത്തിയത്. അതാണ് നിസ്കാരം. സൃഷ്ടികളിലെ ഉന്നതസ്ഥാനീയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പുറമെ ഈയൊരവസരം സഹസൃഷ്ടികള്‍ക്കും അനുഭവവേദ്യമാക്കുകയാണ് നിസ്കാരത്തിലൂടെ സൃഷ്ടികര്‍ത്താവ് ഉദ്ദേശിക്കുന്നത് .
നിസ്കാരമെന്ന രഹസ്യ സംഭാഷണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭേദ്യമായ ബന്ധം ബലപ്പെടുകയും അതുവഴി ഈമാന്‍റെ സുരക്ഷിതത്വം സാധ്യമാവുകയും ചെയ്യുന്നു. നിസ്കാരം ഉപേക്ഷിക്കുന്ന വ്യക്തിയില്‍ നിന്നും അവന്‍റെ വിശ്വാസത്തിന്‍റെ അപൂര്‍ണ്ണതയും ബലഹീനതയുമാണ് പ്രകടമാകുന്നത് ഇത് ഏറെ അപകടമാണ്.
Be the first to comment