ഹിജ്റ 145 റബീഉൽ അവ്വൽ 11 ന് മക്കയിൽ ജനിച്ചു എട്ടു വയസ്സ് തികയുമ്പോഴേക്കും ഖുർആൻ മനഃപാഠമാക്കി. യാത്രയിൽ ജീവിതം മാതാപിതാക്കളോട് കൂടെ മദീനയിലേക്ക് പറിച്ചു നട്ടപ്പോൾ അറിവിൻറെ മഹാ ലോകത്തേക്ക് കാലെടുത്തു വെക്കുകയായിരുന്നു മഹതി നഫീസ ബീവി
കേൾക്കുന്ന വാക്കുകളിലെ ആഴവും വ്യാപ്തിയും മദീനാ പള്ളിയുടെ ചാരത്തെ അറിവ് നുകരാനായി മഹതിയെ അടുപ്പിച്ചു. വിവാഹപ്രായമാകുന്നതിനു മുമ്പ് തന്നെ “അറിവിൻറെ മൂല്യം” എന്ന വിശേഷണ നാമം ആ മഹതി കരസ്ഥമാക്കി.
ജീവിത പങ്കാളിയായി ജാഫർ സ്വാദിഖ് (റ) ന്റെ പുത്രനായ ഇസഹാഖ് അൽ മുഅത്തമീനും, കാസിം ഉമ്മുകുൽസൂം എന്ന രണ്ടു മക്കളും കടന്നുവന്നപ്പോഴും നിത്യജീവിതത്തിലെ ആരാധനയിലും സൽ പ്രവർത്തിയിലും ഒട്ടും കോട്ടയം സംഭവിച്ചിട്ടില്ല എന്നത് കുടുംബജീവിതത്തിന്റെ പരിശുദ്ധിയെ വ്യക്തമാക്കുന്നുണ്ട്.
മുപ്പതിലേറെ ഹജ്‌ജുകൾ നിർവഹിച്ച മഹതി അതിലധികവും കാൽ നടയായാണ് ചെയ്തു തീർത്തത്.
ഹറമിൽ ദീർഘ നേരം ചിലവഴിച്ചിരുന്ന നഫീസ ബീവിയുടെ മുഖ്യ ലക്ഷ്യം പരലോകം ആയതിനാൽ ബീവി സ്വന്തം വീട്ടിൽ ഖബർ കുഴിക്കുകയും അതിൽ ഇറങ്ങി ഏറെനേരം നമസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.
40 വർഷത്തോളം പിതൃവ്യ പുത്രി നഫീസക്കായി സേവനം ചെയ്ത സഹോദര പുത്രി സൈനബ (റ) വിവരിക്കുന്നത് ഇങ്ങനെയാണ് “ഖുർആൻ ഹൃദ്യസ്ഥമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്ന മഹതി ഖുർആൻ പാരായണം ചെയ്യുമ്പോൾ കരയുന്നത് പതിവായിരുന്നു, അയ്യാമുത്തശ്രീഖ്ന്നും രണ്ടു പെരുന്നാളിനും മാത്രമാണ് നോമ്പ് ഉപേക്ഷിച്ചിരിക്കുന്നത്.
അധിക ദിവസവും രാത്രിയിലെ ഉറക്കം ആരാധനാകർമങ്ങൾക്ക് വേണ്ടി മാറ്റി വെക്കൽ പതിവായിരുന്നു.”
ചരിത്ര സ്മാരകങ്ങൾ പലതും ഉറങ്ങി കിടക്കുന്ന ഈജിപ്തി ൻറെ മണ്ണിൽ ഹിജ്റ 193 ലേ റമളാൻ 26 ന് നഫീസ ബീവി കടന്നുവന്നത് ഇസ്ലാമിക ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന അധ്യായങ്ങളിൽ ഒന്നാണ്.
ഒരു തരത്തിൽ ജീവിതം പറിച്ചുനടൽ ആയിരുന്നു അത്. കൈറോയിൽ എത്തിയ ബീവിയെ ആദരവോടെയും അഭിമാനത്തോടെയും തക്ബീർ മുഴക്കിയാണ് അന്നാട്ടുകാർ സ്വീകരിച്ചാനയിച്ചത് .
വിജ്ഞാനവും പ്രതിവിധികളും ബീവിയുടെ സാമീപ്യത്തിൽ നിന്ന് ആയതോടുകൂടി അണമുറിയാതെ അധികരിച്ചു വന്ന ജനസമൂഹത്തോട് ഇലാഹിലേക്കുള്ള തൻറെ സാമീപ്യത്തിന് കോട്ടം തട്ടാതിരിക്കാൻ മഹതി നടത്തിയ പ്രഖ്യാപനം ജനങ്ങളിൽ ആശങ്ക പരത്തി.
“നിങ്ങളുടെ ഇടയിൽ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഞാൻ വലിയ യോഗ്യതയുള്ള ഒരു സ്ത്രീ അല്ല. ജനങ്ങളുടെ നിരന്തരമായ വരവ് എന്നെ ദിക്റുകളിൽ നിന്നും പ്രാർത്ഥനകളിൽ നിന്നും പരലോകത്തേക്കുള്ള വിഭവം കണ്ടെത്തുന്നതിൽ നിന്നും അകറ്റിയിരിക്കുന്നു. പിതാമഹനായ മുത്ത് നബിയുടെ അടുക്കലേക്ക് എത്താൻ ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ”
ഈ സംഭവം മഹതിയുടെ ജീവിത ചുറ്റുപാടുകളെ മാറ്റിമറിച്ചു. അവിടെ നിന്നും പുറത്തു പോകുന്നതിന് ജനങ്ങൾ വിസമ്മതിച്ചു. മദീനയിലെ ഗവർണർ ഇടപെട്ട് വലിയ വീട് സൗകര്യപ്പെടുത്തി കൊടുക്കുകയും വിജ്ഞാനത്തിനും ഉപദേശങ്ങൾക്കുമായി ആഴ്ചയിൽ രണ്ടു ദിവസം ജനങ്ങൾക്ക് അവിടെ സന്ദർശിക്കാം എന്ന നിബന്ധനയും നിശ്ചയിച്ചു.
മറ്റു ദിവസങ്ങളിൽ ഇബാദത്തിൽ കഴിയുന്ന മഹതിയുടെ ജീവിതം ഇതിനകം ഈജിപ്തുകാർക്കിടയിലും ഭരണാധികാരികൾക്കിടയിലും ഏറെ ചർച്ചാവിഷയമായിരുന്നു.
നഫീസത്തുൽ ഇൽമ് എന്ന വിശേഷണത്തിലൂടെയാണ് പിന്നീട് മഹതി അറിയപ്പെട്ടത്.
Be the first to comment