പ്രമുഖ ജര്‍മന്‍ നഗരമായ കൊലോണില്‍ ഇതാദ്യമായി മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് അനുമതി. വെള്ളിയാഴ്ചകളില്‍ മാത്രമാണ് അഞ്ചു മിനിറ്റ് ബാങ്ക് വിളിക്കായി അനുവദിക്കുക. നഗരത്തിലെ 35 പള്ളികളില്‍ ബാങ്കുവിളി പ്രക്ഷേപണം ചെയ്യാനും അനുമതിയുണ്ട്.
ബാങ്കുവിളി പ്രക്ഷേപണം ചെയ്യാന്‍ ഓരോ പള്ളികളും പ്രത്യേകം പ്രത്യേകം പെര്‍മിറ്റിനായി അപേക്ഷിക്കണം. ശബ്ദപരിധി അംഗീകരിക്കുകയും അയല്‍വീട്ടുകാരെ മുന്‍കൂട്ടി അറിയിക്കുകയും വേണം.
ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ മുസ് ലിംകള്‍ താമസിക്കുന്ന നഗരമാണ് കൊലോണ്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ പള്ളിയാ കൊലോണ്‍ സെന്‍ട്രല്‍ മോസ്‌ക് സ്ഥിതി ചെയ്യുന്നതും കൊലോണിലാണ്.
മികച്ച വാസ്തുശില്‍പ ഭംഗിയോടെ കൊലോണ്‍ നഗരത്തില്‍ പണിത സെന്‍ട്രല്‍ മോസ്‌ക് നല്ലൊരു ആകര്‍ഷണ കേന്ദ്രം കൂടിയാണ്. പള്ളി പണിയുന്ന സമയത്ത് ചില ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാവുകയും, സാധാരണ പോലെ അഞ്ചുനേരെ ഉച്ചത്തിലുള്ള ബാങ്കുവിളിയുണ്ടാവില്ലെന്ന ധാരണയോടെ പണി പൂര്‍ത്തീകരിക്കുകയുമായിരുന്നു.
55 മീറ്റര്‍ ഉയരത്തിലുള്ള മിനാരത്തോടു കൂടിയ പള്ളി പൂമൊട്ടിന്റെ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. 2017ല്‍ പണി പൂര്‍ത്തിയാക്കി പ്രാര്‍ഥനയ്ക്കായി തുറന്ന പള്ളി, 2018 സെപ്റ്റംബറില്‍ ടര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ഉദ്ഘാടനം ചെയ്തത്.
പള്ളി നിര്‍മാണത്തിനെതിരെ തീവ്ര വലതുപക്ഷ സംഘങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബാങ്കുവിളിക്ക് അനുമതിക്കായി അപേക്ഷിച്ചാല്‍ രണ്ടുവര്‍ഷത്തേക്കാണ് പെര്‍മിറ്റ് നല്‍കുക. ഇത് പിന്നീട് നീട്ടിനല്‍കും. മുസ്‌ലിം വിഭാഗവും കൊലോണ്‍ സിറ്റി അധികൃതരും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമുണ്ടായത്.
അതേസമയം, ജര്‍മനിയില്‍ എല്ലായിടത്തും ക്രിസ്ത്യന്‍ പള്ളികളില്‍ ദിനേന മണി മുഴക്കാറുണ്ട്. പള്ളികളില്‍ ബാങ്ക് വിളിക്ക് അനുമതി നല്‍കിയുള്ള തീരുമാനത്തെ എതിര്‍ത്ത് ചിലര്‍ രംഗത്തെത്തിയതോടെ, വിശദീകരണവുമായി മേയര്‍ പ്രസ്താവനയിറക്കി. ബാങ്കുവിളിക്ക് അനുമതി നല്‍കുന്നത് ബഹുമാനത്തിന്റെ അടയാളമാണ് മേയര്‍ ഹെന്റിറ്റെ റേക്കര്‍ പറഞ്ഞു.ചര്‍ച്ചുകളിലെ മണി മുഴക്കത്തിനൊപ്പം ബാങ്കുവിളി കൂടി നമ്മള്‍ കേള്‍ക്കും. ഇത് കൊലോണിലെ വൈവിധ്യത്തെ കാണിക്കുന്നു.
Be the first to comment