കോട്ടയം : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് 64 കാരനില്‍ കണ്ടെത്തി. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തിലെത്തി അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുന്ന രോഗമാണിത്. അതിരമ്പുഴ സ്വദേശിയായ ആളിനാണ് രോഗം സ്ഥിരീകരിച്ചത്. എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിനു കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സുജിത് ചന്ദ്രന്‍ അറിയിച്ചു രോഗിയെ ഇന്ന് വിട്ടയയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാനത്ത് ഇതിനു മുന്‍പ് രണ്ട് പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്‌ട്രോന്‍ജൈലസ് കന്റൊനെന്‍സിസ്) ജീവി ആണ് ഇസ്‌നോഫിലിക്ക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് വീണതും ഒച്ചിന്റെ സാന്നിധ്യമുള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വെള്ളത്തിലൂടെ ശരീരത്തില്‍ എത്തുന്ന വിരകള്‍ രക്തത്തില്‍ പ്രവേശിക്കുകയും പിന്നീട് ഇവ തലച്ചോറിനുള്ളിലെ ആവരണത്തില്‍ എത്തി അണുബാധ ഉണ്ടാക്കുകയുമാണ്. അതിരമ്പുഴ സ്വദേശിയുടെ വീട്ടില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായിരുന്നു. അങ്ങനെ വിരകള്‍ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്. പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സി.ടി സ്‌കാന്‍, എം.ആര്‍.ഐ, എ.ആര്‍.വി സ്‌കാന്‍ പരിശോധനകള്‍ നടത്തിയെങ്കിലും രോഗനിര്‍ണയം സാധ്യമായില്ല.
തുടര്‍ന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ഇസ്‌നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തി. ഇത്രയും ഇസ്‌നോഫോലിയ സ്രവത്തില്‍ കാണുന്നത് അപൂര്‍വമാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. ഡോ. സുജിത്ത് ചന്ദ്രന്‍, ഡോ. അരുണ്‍ ജോര്‍ജ്, ഡോ. സന്തോഷ് സ്‌കറിയ എന്നിവരാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Be the first to comment