*പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24നു സ്വീകരിച്ചു തുടങ്ങും*.
നാളെ (16-08-21)മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് 24ലേക്കു മാറ്റിയത്.
കഴിഞ്ഞ വർഷത്തെ പോലെ വിദ്യാർഥികളില്ലാത്ത ഹയർ സെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതു സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ. ഏതൊക്കെ ജില്ലകളിൽ സീറ്റ് കുറവുണ്ടെന്നും കുട്ടികൾ ഇല്ലാതെ ഉണ്ടെന്നും അറിയണമെങ്കിൽ പ്ലസ് വൺ അപേക്ഷയുടെ ഓൺലൈൻ സമർപ്പണം പൂർത്തിയാക്കണം. കഴിഞ്ഞവർഷം പത്തനംതിട്ട ജില്ലയിലും മറ്റും പഠിക്കാൻ കുട്ടികളില്ലാത്ത കോഴ്സുകൾ മലബാർ ജില്ലകളിലേക്ക് താൽക്കാലികമായി മാറ്റിയിരുന്നു. ചില ജില്ലകളിൽ പഠിക്കാൻ കുട്ടികളില്ലാത്തപ്പോൾ മറ്റു ചില സ്ഥലങ്ങളിൽ പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. കുട്ടികളില്ലാത്ത സ്കൂളിൽ അധ്യാപകരെ നൽകാനാവില്ല. സീറ്റില്ലാത്തിടത്തു പുതിയ കോഴ്സ് അനുവദിക്കാൻ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ ഇത്തവണയും പ്രാദേശികമായി ക്രമീകരണം ഉണ്ടാകും.
Be the first to comment