ന്യൂഡല്‍ഹി: രാജ്യത്ത് വകഭേദം വന്ന കൊറോണ കേസുകള്‍ 14 എണ്ണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയിലെ കൊളറോഡോയില്‍ 20കാരന് രോഗം റിപ്പോര്‍ട്ട് ചെയ്തു. 24 മഇക്കൂറിനിടെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ അഞ്ചുലക്ഷത്തിലേറെയാണ്. 5,96,000 ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഹൈദരാബാദ് ആന്ധ്ര പൂനെ ഡല്‍ഹി കൊല്‍ക്കത്ത ബംഗളൂരു എന്നിവിടങ്ങളിലാണ് കേസ് കണ്ടെത്തിയത്. അതിനിടെ കൊവിഡ് സ്ഥിരീകരിച്ച ആന്ധ്ര യുവതി ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് രക്ഷപ്പെട്ട ട്രെയിനില്‍ യാത്ര ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തിന് തയാറെടുത്തിരിക്കെ രാജ്യത്തു വകഭേദം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത് വാക്സിന്‍ വിതരണ നടപടിയെ അട്ടിമറിക്കില്ലെന്ന കണക്കുകൂട്ടലില്‍ വിദഗ്ധര്‍. വാക്സിന്‍ വരുന്നതോടെ കൊവിഡിനെതിരായ പോരാട്ടം വിജയത്തിലേക്കടുക്കുന്നു എന്ന പ്രതീക്ഷയിലിരിക്കെയാണ് യു.കെയില്‍ നിന്ന് കൊവിഡിന്റെ വകഭേദം കണ്ടെത്തിയതായ വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നാലെ ആറു പേര്‍ക്ക് രാജ്യത്ത് പുതിയ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ആറു പേരും യു.കെയില്‍ നിന്നെത്തിയവരാണ്. മൂന്നെണ്ണം ബംഗളൂരു നിംഹാന്‍സ് ലാബിലും രണ്ടെണ്ണം ഹൈദരാബാദ് സി.സി.എം.ബിയിലും ഒന്ന് പൂനെ എന്‍.ഐ.വിയിലും നടത്തിയ പരിശോധനകളിലാണ് കണ്ടെത്തിയത്.
പുതിയ കൊവിഡ് നിലവിലുള്ള വൈറസിനെക്കാള്‍ പകരാന്‍ 70 ശതമാനം കൂടുതല്‍ സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തല്‍. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്‍പതിനും 22നുമിടയില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതില്‍ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ജനിതക ശ്രേണീകരണം നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Be the first to comment