ഒരു കാര്യത്തിനു വേണ്ടി സമരം ചെയ്യുമ്പോള്‍ അഹിംസ മറക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഏതു കാര്യത്തിന്റെ പേരിലായാലും സമരം ചെയ്യുന്ന യുവാക്കള്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച അഹിംസ എന്ന സമ്മാനം മറക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭരണഘടന വിഭാവനം ചെയ്യുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതു പൗരന്‍മാരുടെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടി. ഒരു സ്വതന്ത്ര ജാനാധിപത്യ രാജ്യമെന്ന നിലയില്‍ ഭരണഘടന പൗരന്‍മാര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കുന്നുണ്ട്.

നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും മനസില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഭരണഘടനാ മൂല്യങ്ങള്‍ അനായാസം സംരക്ഷിക്കാനാകും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഗാന്ധിജിയുടെ 150ാം ജന്‍മദിനാഘോഷങ്ങള്‍ക്ക് അര്‍ഥവത്തായ ഒരു മാനം നല്‍കാന്‍ കഴിയുമെന്നും ഗാന്ധിയുടെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാവിന്റെ സത്യം, അഹിംസ എന്നീ ആശയങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നാം ആത്മപരിശോധന നടത്തണം. ജനാധിപത്യ വ്യവസ്ഥയില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഗാന്ധിയുടെ ‘മന്ത്രങ്ങള്‍’ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവ രാജ്യത്തിന്റെ മൂന്ന് അവയവങ്ങളാണ്. പക്ഷേ, അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.