ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത അടക്കമുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുക. രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന നിയമം സ്റ്റേ ചെയ്യണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കോടതി ഇന്ന് പരിഗണിക്കും.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍നിന്നു 2014 ഡിസംബര്‍ 31ന് മുന്‍പ് രാജ്യത്തെത്തിയ മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമം. പൗരത്വ നിയമ ഭേദഗതി പ്രകാരം ഈ രാജ്യങ്ങളില്‍നിന്നു ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം അനുവദിക്കുക. ഭേദഗതിക്കു മുന്‍പ് രാജ്യത്ത് 11 വര്‍ഷം താമസിച്ചവര്‍ക്കായിരുന്നു പൗരത്വം അനുവദിച്ചിരുന്നത്. ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രം വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
കേരള സര്‍ക്കാര്‍, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ എം.പി മഹുവ മൊയിത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരടക്കം 140ല്‍ അധികം ഹരജികളാണ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കുന്നവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേസില്‍ ജനുവരി ആദ്യ പകുതിയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു.
Be the first to comment