ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് വടക്കുള്ള അല്‍ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രി എട്ടു റോക്കറ്റുകള്‍ പതിച്ചത്. കവാടത്തില്‍ കാവല്‍ നിന്ന മൂന്ന് പേര്‍ക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്. യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ആരംഭിച്ചതേയുള്ളൂവെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ അമേരിക്കക്ക് വലിയ വെല്ലുവിളിയായി. താക്കീത് മുന്‍നിര്‍ത്തി സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്തിയിരുന്നു. ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നേരത്തെ തന്നെ എഫ് 16 യുദ്ധവിമാനങ്ങളുടെ മുഖ്യകേന്ദ്രമായിരുന്ന അല്‍ ബലദില്‍ നിന്ന് ഭൂരിഭാഗം സൈനികര്‍ക്കൊപ്പം വിമാനങ്ങളും മാറ്റിയിരുന്നു.
ഇറാനിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് ട്രംപ് പൂര്‍ണ എക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമായി. ഇറാനിലെ പ്രക്ഷോഭകരെ കൊല്ലരുതെന്നും അമേരിക്ക എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. യുക്രെയ്ന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ഇറാന്റെ കുറ്റസമ്മതം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചത്.
Be the first to comment