ന്യൂഡല്‍ഹി: മോദിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി നാളെ നടക്കാനിരിക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍ പിന്‍മാറി. കശ്മീരിലേക്ക് തങ്ങളുടെ പ്രതിനിധി സംഘത്തെ ഒരു ഗൈഡ് ടൂറെന്ന നിലക്ക് അയക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊരവസരത്തില്‍ തങ്ങള്‍ അവിടെ പോയി കാണേണ്ടവരെ കാണുമെന്നും യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍ ഒരു ദേശീയ ചാനലിന് നല്‍കിയ മറുപടിയില്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ പ്രതിനിധികളും സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ഇ.യു, ഓസ്‌ട്രേലിയ എന്നിവരെ കൂടാതെ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇ.യുവില്‍ നിന്നുള്ള പാര്‍ലമെന്ററി അംഗങ്ങള്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. പ്രത്യേക സ്വയംഭരണാവകാശങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശേഷം മൂന്ന് മാസം പിന്നിട്ടപ്പോഴായിരുന്നു ഇത്.
ഇതിനുസമാനമായി രീതിയിലായിരുന്നു ഈ സന്ദര്‍ശനവം പ്ലാന്‍ ചെയ്തിരുന്നത്. ഒരു ഗൈഡിന്റെ നിയന്ത്രണത്തിലുള്ള സന്ദര്‍ശനം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വതന്ത്രമായി അവിടെ ചെന്ന് തങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളുമായി സംസാരിക്കാനുള്ള സാഹചര്യങ്ങളാണ് വേണ്ടതെന്നും ഇ.യു പ്രതിനിധികള്‍ സൂചിപ്പിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ കാണാന്‍ സംഘം ആഗ്രഹിക്കുന്നതായും സൂചനയുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ മാസങ്ങളായി തടവിലിട്ടിരിക്കുന്നതും ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിച്ഛേദിച്ച സംഭവങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയപ്പെട്ടതിന് പിന്നാലെയാണ് കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും രാജ്യങ്ങള്‍ പിന്‍മാറിക്കൊണ്ടുള്ള പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്.
Be the first to comment